സ്വന്തം മരണത്തെ വീട്ടുകാരെക്കൊണ്ടു പോലും വിശ്വസിപ്പിച്ചു മുങ്ങി ഭീകരതയ്ക്കൊപ്പം ചേർന്നവൻ. ലോകത്തിനു മുന്നിൽ യുഎസിനെ നാണം കെടുത്തി എഫ്ബിഐയുടെ കണ്ണിൽ കരടായ ഭീകരൻ. മറ്റു ഭീകരസംഘടനകൾ പോലും ചെയ്യാതെ മാറിനിൽക്കുന്ന തരം ആക്രമണങ്ങൾക്കു നേതൃത്വം കൊടുക്കുന്നവൻ. മനഃസ്സാക്ഷിയില്ലാത്തവനെന്ന് അൽ ഖായിദ അംഗങ്ങൾ തന്നെ വിളിക്കുന്നവൻ. അൽ സവാഹിരിയുടെ മരണത്തിനിപ്പുറം യുഎസിന്റെ വേട്ട ഇനി ഈ കൊടുംഭീകരനെ തേടിയാണ്..

സ്വന്തം മരണത്തെ വീട്ടുകാരെക്കൊണ്ടു പോലും വിശ്വസിപ്പിച്ചു മുങ്ങി ഭീകരതയ്ക്കൊപ്പം ചേർന്നവൻ. ലോകത്തിനു മുന്നിൽ യുഎസിനെ നാണം കെടുത്തി എഫ്ബിഐയുടെ കണ്ണിൽ കരടായ ഭീകരൻ. മറ്റു ഭീകരസംഘടനകൾ പോലും ചെയ്യാതെ മാറിനിൽക്കുന്ന തരം ആക്രമണങ്ങൾക്കു നേതൃത്വം കൊടുക്കുന്നവൻ. മനഃസ്സാക്ഷിയില്ലാത്തവനെന്ന് അൽ ഖായിദ അംഗങ്ങൾ തന്നെ വിളിക്കുന്നവൻ. അൽ സവാഹിരിയുടെ മരണത്തിനിപ്പുറം യുഎസിന്റെ വേട്ട ഇനി ഈ കൊടുംഭീകരനെ തേടിയാണ്..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വന്തം മരണത്തെ വീട്ടുകാരെക്കൊണ്ടു പോലും വിശ്വസിപ്പിച്ചു മുങ്ങി ഭീകരതയ്ക്കൊപ്പം ചേർന്നവൻ. ലോകത്തിനു മുന്നിൽ യുഎസിനെ നാണം കെടുത്തി എഫ്ബിഐയുടെ കണ്ണിൽ കരടായ ഭീകരൻ. മറ്റു ഭീകരസംഘടനകൾ പോലും ചെയ്യാതെ മാറിനിൽക്കുന്ന തരം ആക്രമണങ്ങൾക്കു നേതൃത്വം കൊടുക്കുന്നവൻ. മനഃസ്സാക്ഷിയില്ലാത്തവനെന്ന് അൽ ഖായിദ അംഗങ്ങൾ തന്നെ വിളിക്കുന്നവൻ. അൽ സവാഹിരിയുടെ മരണത്തിനിപ്പുറം യുഎസിന്റെ വേട്ട ഇനി ഈ കൊടുംഭീകരനെ തേടിയാണ്..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇറാനിൽ ‘വീട്ടുതടങ്കലിലായിരുന്നു’ സെയ്ഫ് അൽ അദേൽ കുറേക്കാലം. കൃത്യമായി പറഞ്ഞാൽ 2001ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനു ശേഷം. അഫ്ഗാന്റെ മുക്കുംമൂലയും യുഎസ് സൈന്യം അരിച്ചുപെറുക്കിയപ്പോൾ നിൽക്കക്കള്ളിയില്ലാതെ മുങ്ങിയതാണ് അദേലും സംഘവും. അതിനു മുൻപേ തന്നെ, യുഎസ് രഹസ്യാന്വേഷണ സംഘടനയായ എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഈ അൽ ഖായിദ ഭീകരന്‍ ഇടംപിടിച്ചിരുന്നു. 2001ൽ അഫ്ഗാനിൽനിന്ന് ഇറാനിലേക്ക് കടക്കുന്നതിനിടെയായിരുന്നു ഇറാനിയൻ സുരക്ഷാ വിഭാഗത്തിന്റെ പിടിയിൽ അദേലും സംഘവും പെട്ടത്. എന്നാൽ ഇക്കാര്യം ഇന്നേവരെ ഇറാനിയൻ സർക്കാർ സമ്മതിച്ചിട്ടില്ല. പക്ഷേ സിഐഎയ്ക്ക് കൃത്യമായ വിവരം ലഭിച്ചിരുന്നു. ജോർജ് ബുഷ് ഭരണകൂടം ഇറാനെതിരെ ഉപരോധം ഏർപ്പെടുത്തിയിരുന്ന സമയം കൂടിയായിരുന്നു അത്. യുഎസുമായി വിലപേശലിന് അദേലിനെ ഇറാൻ ഉപയോഗിക്കുമെന്ന സംശയവും ആ സമയത്തുയർന്നിരുന്നു. പക്ഷേ ഒന്നും സംഭവിച്ചില്ല. മാത്രവുമല്ല, ഇറാനിലെ ഇയാളുടെ വീട്ടുതടങ്കൽ എപ്രകാരമായിരുന്നു എന്നത് ഇന്നും വ്യക്തമല്ല. അൽ ഖായിദ നേതൃത്വവുമായി ഇയാൾ ഇറാനിൽനിന്ന് ആശയവിനിമയം നടത്തിയിരുന്നുവെന്നതു പക്ഷേ വ്യക്തം. അതിന്റെ തെളിവാണ്, അൽ ഖായിദ തലവൻ അയ്മൻ അൽ സവാഹിരി കൊല്ലപ്പെട്ടതിനു തൊട്ടുപിന്നാലെ സെയ്ഫ് അൽ അദേലിന്റെ പേര് നേതൃസ്ഥാനത്തേക്ക് ഉയർന്നു വന്നത്. ഒരിക്കൽ സ്വന്തം മരണത്തെ വീട്ടുകാരെക്കൊണ്ടു പോലും വിശ്വസിപ്പിച്ചു മുങ്ങി ഭീകരതയ്ക്കൊപ്പം ചേർന്നവനാണ് അദേൽ. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ തന്ത്രം ഓർമപ്പെടുത്തും അദേലിന്റെ ആ ‘മരണ കെട്ടുകഥ’. ഇന്ന് യുഎസിനു പോലും അറിയില്ല ഇയാൾ എവിടെയാണെന്ന്. പക്ഷേ ലോകത്തിനു മുന്നിൽ യുഎസിനെ നാണം കെടുത്തിയ സംഭവത്തോടെ എഫ്ബിഐയുടെ കണ്ണിൽ കരടായ ഭീകരനാണ് അദേൽ. മറ്റു ഭീകരസംഘടനകൾ പോലും ചെയ്യാതെ മാറിനിൽക്കുന്ന തരം ആക്രമണങ്ങൾക്കു നേതൃത്വം കൊടുക്കുന്നവൻ. മനഃസ്സാക്ഷിയില്ലാത്തവനെന്ന് അൽ ഖായിദ അംഗങ്ങൾ തന്നെ വിളിക്കുന്നയാൾ. യുഎസിനും ഇന്ത്യയ്ക്കുമുൾപ്പെടെ ഭീഷണിയായാണ് അൽ ഖായിദ തലപ്പത്തേക്ക് ഇയാൾ ഉയർന്നു വരുന്നത്. ആരാണ് സെയ്ഫ് അൽ അദേൽ? എങ്ങനെയാണ് ഇയാൾ ഭീകരതയ്ക്കൊപ്പം ചേരുന്നത്? യുഎസിന്റെ ഹിറ്റ്‌ലിസ്റ്റിലെ മുൻനിരയിൽ ഇയാളുടെ പേര് എങ്ങനെ ഇടംപിടിച്ചു? അൽ സവാഹിരിയുടെ മരണത്തിനിപ്പുറം യുഎസ് ഇനി വേട്ടയാടാൻ ലക്ഷ്യമിട്ടിരിക്കുന്ന കൊടുംഭീകരന്റെ ജീവിതകഥയിലേക്ക്...

∙ കുപ്രസിദ്ധം ‘ബ്ലാക്ക് ഹോക്ക് ഡൗൺ’

ADVERTISEMENT

1993ല്‍ സൊമാലിയയിൽ 18 അമേരിക്കൻ സൈനികരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിനു പിന്നിൽ അദേലിന്റെ കൈകളുണ്ടെന്നു മനസ്സിലായതോടെയാണ് യുഎസ് ഇന്റലിജൻസ് റഡാറിനു കീഴിൽ അദേലിന്റെ ‘ചിത്രം’ പതിയുന്നത്. ലോകത്തിനു മുന്നിൽ അമേരിക്കയുടെ മാനം കെടുത്തിയ സംഭവമായിരുന്നു ‘ബ്ലാക്ക് ഹോക്ക് ഡൗൺ’ എന്ന പേരിൽ കുപ്രസിദ്ധമായ ആക്രമണം. യുഎൻ സമാധാന സേനയ്ക്കൊപ്പം സൊമാലിയയിലെ ആഭ്യന്തര കലാപത്തിൽ ഇടപെടാനെത്തിയ യുഎസ് സൈന്യത്തിലെ 18 പേരെയാണ് വിമതർ കൊലപ്പെടുത്തിയത്. ബ്ലാക്ക് ഹോക്ക് ഹെലികോപ്ടറുകളെ വെടിവച്ചിട്ട വിമതർ അതിലുണ്ടായിരുന്ന യുഎസ് സൈനികരുടെ മൃതദേഹം തെരുവിലൂടെ വലിച്ചിഴച്ചു. ആ കാഴ്ച ലോകമെമ്പാടും ടെലിവിഷന്‍ദൃശ്യമായെത്തുകയും ചെയ്തു. അന്ന് വിമത വിഭാഗമായ സൊമാലിയൻ നാഷനൽ അലയൻസിന് (എസ്എൻഎ) അദേലിന്റെ സഹായമുണ്ടായെന്നാണ് യുഎസ് കണ്ടെത്തിയത്.

പിന്നീട് 1998 ഓഗസ്റ്റിൽ കെനിയയിലെയും ടാൻസാനിയയിലെയും യുഎസ് എംബസികളിൽ നടന്ന ബോംബാക്രമണത്തോടെയാണ് യുഎസ് ഇയാൾക്കായി വല വിരിച്ചത്. ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ അദേലായിരുന്നു. അന്ന് ഇരുനൂറോളം പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 2001ൽ എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ അദേലെന്ന പേര് ഇടംപിടിക്കുകയും ചെയ്തു. 50 ലക്ഷം ഡോളറായിരുന്നു അന്നു തലയ്ക്കു വിലയിട്ടിരുന്നത്. വർഷങ്ങൾക്കിപ്പുറം തിരച്ചിൽ നോട്ടിസ് പുതുക്കിയപ്പോൾ ആ തലയ്ക്ക് വില ഒരു കോടി ഡോളറായി (ഏകദേശം 78 കോടി രൂപ). രണ്ടരക്കോടി ഡോളറായിരുന്നു (ഏകദേശം 196 കോടി രൂപ) സവാഹിരിയുടെ തലയ്ക്ക് യുഎസ് ഇട്ട വില. സവാഹിരിയുടെ മരണശേഷം അൽ ഖായിദ തലപ്പത്തെത്തിയാൽ ഇനി യുഎസിന്റെ ഹിറ്റ്‌ലിസ്റ്റിലെ ഒന്നാമത്തെ പേരായിരിക്കും അദേലിന്റേത്. പക്ഷേ ഇന്നും എഫ്ബിഐയ്ക്കും സിഐഎയ്ക്കും മുന്നിലെ ‘അജ്ഞാതനായി’ തുടരുകയാണ് അദേൽ!

∙ ബിൻ ലാദന്റെ ‘ശത്രു’

എംബസികൾ പോലുള്ള അതീവ സുരക്ഷാ മേഖലകൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് ബോംബ് സ്ഫോടനം നടത്തുന്നതിൽ വിദഗ്ധനാണ് അദേൽ. മുഹമ്മദ് ഇബ്രാഹിം അൽ–മക്കാവി എന്നൊരു പേരും ഇയാൾക്കുള്ളതായി എഫ്ബിഐ രേഖകളിലുണ്ട്. ഈജിപ്ഷ്യൻ സൈന്യത്തിലും സേവനമനുഷ്ഠിച്ചിട്ടുള്ളതിനാൽ സൈനികപരമായ കഴിവുകളിലും വിദഗ്ധൻ. 1980കളിൽ സോവിയറ്റ് യൂണിയന്റെ അഫ്ഗാൻ അധിനിവേശകാലത്ത് സോവിയറ്റ് പട്ടാളത്തിനെതിരെ പോരാടാനും ഇയാൾ നിയോഗിക്കപ്പെട്ടിരുന്നു. അൽ ഖായിദയുടെ അന്തർചർച്ചകളിലെല്ലാം സജീവ പങ്കാളിയായിരുന്നു അദേൽ. എന്നാൽ മുൻ തലവന്മാരായ ബിൻ ലാദനുമായും അൽ സവാഹിരിയുമായും അത്ര രസത്തിലായിരുന്നില്ല ഇയാളെന്നാണ് യുഎസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ‌

ADVERTISEMENT

‘അവരു തമ്മിൽ എന്നും തർക്കമായിരുന്നു. ഒരു മുൻ സൈനികനെന്ന നിലയിൽ അദേലിനെ ബിൻലാദനോ സവാഹിരിയോ അംഗീകരിച്ചിരുന്നില്ല. സവാഹിരിയാകട്ടെ തന്റെ തലവന്മാരെ സാധാരണക്കാരായാണു കണ്ടിരുന്നതും’– അൽ ഖായിദയിൽനിന്ന് പിന്മാറി ഈജിപ്തിൽ രാഷ്ട്രീയ അഭയം തേടിയ ഒരാൾ പിൽക്കാലത്ത് ‘വാഷിങ്ടൻ പോസ്റ്റി’നോടു പറഞ്ഞതാണിത്. പക്ഷേ 2002 മുതൽ അൽ ഖായിദയുടെ നിർണായക തീരുമാനങ്ങളുമായി ബന്ധപ്പെട്ടെല്ലാം അദേലിന്റെ പേരുയർന്നു കേട്ടിരുന്നു. ഇയാളുടെ പേരിൽ പല ആഹ്വാനങ്ങളും കത്തുകളും പുറത്തുവന്നു. പലതും ഇന്റർനെറ്റിലൂടെ പ്രചരിക്കപ്പെട്ടു.

അൽ സവാഹിരിയും ബിൻ ലാദനും. ചിത്രം: AFP

അതിനിടെ സൗദിയിൽ ഉൾപ്പെടെ ഭീകരാക്രമണത്തിന് ഇയാൾ പദ്ധതിയിട്ടതും സിഐഎ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ ഇയാളെപ്പറ്റിയുള്ള കുറച്ചു വിവരങ്ങളെങ്കിലും പുറത്തുവരുന്നത് 2006ലാണ്. അദേലിന്റെ ബന്ധു ഒരു പത്രത്തിനു നൽകിയ അഭിമുഖത്തിൽ, ഇയാൾ ഇറാന്റെ പിടിയിലാണെന്നു വെളിപ്പെടുത്തുകയായിരുന്നു. അദേലിനൊപ്പം മറ്റു ചിലരും ഇറാനിയന്‍ റെവല്യൂഷനറി ഗാർഡ്സിന്റെ പിടിയിലാണെന്നും അന്നു ബന്ധു പറഞ്ഞിരുന്നു. പക്ഷേ, ഏതാനും വർഷം മുൻപ് സവാഹിരി കൊല്ലപ്പെട്ടുവെന്ന വിവരം പ്രചരിച്ചതിനു പിന്നാലെ അൽ ഖായിദയുടെ തലപ്പത്തേക്ക് അദേൽ എത്തിയെന്ന വാർത്ത രാജ്യാന്തര മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്തു. ഈജിപ്തിലെ പ്രാദേശിക ഭീകര സംഘടനയിൽനിന്ന് അൽ ഖായിദയുടെ ആഗോള നെറ്റ്‌വർക്കിലേക്ക് അദേൽ എത്തിയത് എങ്ങനെയാണ്?

∙ സവാഹിരിയെ ‘തലവനാക്കിയ’ ഭീകരൻ

2001ലാണ് ഭീകരസംഘടനയായ ഈജിപ്ഷ്യൻ ഇസ്‌ലാമിക് ജിഹാദ് (ഇഐജെ) അൽ ഖായിദയുമായി ചേരുന്നത്. സവാഹിരിയായിരുന്നു അതിന്റെ തലവൻ. ഇരുവരും തമ്മിലുള്ള ബന്ധവും അതിശക്തമായി. 2011 മേയിൽ കൊല്ലപ്പെടുന്നതിനു മുൻപേതന്നെ ബിൻ ലാദന്‍ തന്റെ പിൻഗാമിയായി സവാഹിരിയെ തീരുമാനിച്ചിരുന്നു. എന്നാൽ ലാദന്റെ മരണശേഷം സവാഹിരി നിർണായകമായ ഒരു പ്രതിസന്ധിയിൽപ്പെട്ടു. അപ്പോഴും ഇഐജെയെ അംഗീകരിക്കാത്തവർ അൽ ഖായിദ ഭരണ സമിതിയിലുണ്ടായിരുന്നു. ഇവരുടെ കൂടി പിന്തുണ ലഭിച്ചാലേ ഭീകര സംഘടനയുടെ തലപ്പത്തേക്ക് സവാഹിരിക്ക് എത്താനാവുകയുള്ളൂ. ആ അംഗീകാരം നേടിയെടുക്കുന്നതിനായി സവാഹിരിയെ സഹായിക്കാൻ ഒരാളേ ഉണ്ടായിരുന്നുള്ളൂ–അദേലായിരുന്നു അത്.

അയ്മാൻ അൽ സവാഹിരി (Photo by SITE INTELLIGENCE GROUP / AFP)
ADVERTISEMENT

അൽ ഖായിദയിലെയും ഇഐജെയിലെയും അംഗങ്ങൾക്ക് ഒരുപോലെ സമ്മതനായിരുന്നു അദേൽ. 2002–03 മുതൽ ഇറാനിലായിരുന്നു ഇയാളെന്ന് ഇന്റലിജൻസ് വിവരങ്ങൾ സ്ഥിരീകരിച്ചിരുന്നതാണ്. 2010ഓടെ പക്ഷേ വടക്കൻ പാക്കിസ്ഥാനിലെ വസീറിസ്ഥാനിലേക്കു പോകാൻ അനുമതി ലഭിച്ചു. അക്കാലത്ത് അൽ ഖായിദയുടെ പ്രധാന പ്രവർത്തന കേന്ദ്രമായിരുന്നു അത്. അതിനിടെയായിരുന്നു ലാദനെ യുഎസ് കൊലപ്പെടുത്തിയത്. യുഎസിന്റെ മാത്രമല്ല, തന്റെയും ‘ശത്രു’ മരിച്ചതോടെ ഭീകര സംഘടനയിൽ മുൻപെങ്ങുമില്ലാത്ത വിധം സ്വാധീനം ഇയാൾക്കു ലഭിച്ചു. പുതിയ തലവനാകാൻ അൽ സവാഹിരിയും അദേലിന്റെ സഹായം തേടിയതോടെ ഇയാളുടെ ശക്തി പിന്നെയും വർധിച്ചു. മാത്രവുമല്ല, സവാഹിരിയും അദേലും ഈജിപ്തുകാരായിരുന്നു.

അൽ ഖായിദയുമായി ചേരും മുൻപേ ഇഐജെ എന്ന ഭീകര സംഘടന നന്നേ ശോഷിച്ചിരുന്നു. അൽ ഖായിദയിൽ ചേരുന്ന സമയത്ത് സവാഹിരിക്കൊപ്പം പത്തോളം പേർ മാത്രമേ അവശേഷിച്ചിരുന്നുള്ളൂവെന്നാണ് റിപ്പോർട്ടുകൾ. ഒരു ഘട്ടത്തിൽ അദേൽ ഈ നീക്കത്തെ എതിർക്കുക പോലുമുണ്ടായി. എന്നാൽ പിന്നീട് നിലപാട് മാറ്റി. സോവിയറ്റ് അധിനിവേശ കാലം മുതൽ അഫ്ഗാൻ ഭീകരതയുടെ ബലവും ദൗർബല്യങ്ങളും കണ്ടിട്ടുള്ളയാളെന്ന നിലയ്ക്ക് അൽ ഖായിദയിലെ അവസരങ്ങൾ എങ്ങനെ ഉപയോഗപ്പെടുത്താനാകുമെന്ന് അതിനോടകം അയാൾ മനസ്സിലാക്കിയിരുന്നു.

സെയ്‌ഫ് അൽ–അദേൽ.

സവാഹിരിക്കു വേണ്ടിയുള്ള പിന്തുണ ഭരണ സമിതിയിൽനിന്ന് നേടിയെടുക്കാൻ ആറാഴ്ചത്തെ സമയം മാത്രമേ അദേലിനു വേണ്ടിവന്നുള്ളൂ. സമിതിയിലെ ഒരാളുടെയൊഴികെ എല്ലാവരുടെയും അംഗീകാരം നേടിയെടുക്കുകയും ചെയ്തു. വിട്ടുനിന്ന ഒരാള്‍ പക്ഷേ അൽ അദേലിന്റെ മുൻ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഹാരുൺ ഫസൂൽ ആയിരുന്നു. കിഴക്കൻ ആഫ്രിക്കയിലെ അൽ ഖായിദ തലവനായ ഹാരൂൺ, അൽ സവാഹിരിയുടെ കനത്ത വിമർശകനായിരുന്നു. സവാഹിരി അധികാരമേറ്റതിനു തൊട്ടുപിന്നാലെ പക്ഷേ ഇയാൾ കൊല്ലപ്പെട്ടു. അൽ ഖായിദയുടെ സൊമാലിയ വിഭാഗമായ അൽ ഷബാബ് ആണ് ഹാരുണിനെ കൊലപ്പെടുത്തിയതെന്നാണ് കരുതപ്പെടുന്നത്. അതിനു പിന്നിൽ സവാഹിരിയാണോ അതോ അദേലാണോയെന്നതിന് ഇന്നും ഉത്തരമില്ല. അദേലായിരിക്കും എന്നു വിശ്വസിക്കുന്നവരാണ് ഏറെ– തനിക്ക് അഹിതമായി കാര്യങ്ങൾ ചെയ്യുന്നവരെ കൊല്ലാക്കൊല ചെയ്യുന്ന അയാളുടെ രീതി അറിയാവുന്നവർക്ക് അങ്ങനെയേ ചിന്തിക്കാനാവുമായിരുന്നുള്ളൂ.

∙ ഭീകരപ്പട്ടികയിലെ ‘എട്ടാമൻ’

സവാഹിരിയുടെ ഭരണം തുടങ്ങി പിന്നീട് കുറച്ചു കാലം അദേലിനെപ്പറ്റി ആരും കേട്ടില്ല. അതിനിടെ വീണ്ടും ഇറാന്റെ ‘പിടിയിൽപ്പെട്ടതായി’ വാർത്തകളും വന്നു. ചിലപ്പോൾ ജയിലിൽ, ചിലപ്പോഴൊക്കെ വീട്ടുതടങ്കലിൽ. പക്ഷേ അപ്പോഴും എവിടെയൊക്കെയോ യുഎസിന്റെ കണ്ണുംവെട്ടിച്ച് ഇയാൾ കഴിഞ്ഞിരുന്നു. അതിനിടെ അൽ സവാഹിരി കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത വാർത്തകളും പുറത്തുവന്നു. അപ്പോഴും യുഎസ് തേടിയത് അദേലിനെയായിരുന്നു. കാരണമുണ്ട്. 2001ൽ അഫ്ഗാനിലേക്കു കടന്നുകയറിയ യുഎസ് സൈന്യം അൽ ഖായിദയുമായി ബന്ധപ്പെട്ട വിവരങ്ങളടങ്ങിയ ആയിരക്കണക്കിനു രേഖകളാണ് പിടിച്ചെടുത്തത്. ഭീകരസംഘടനയുടെ ചരിത്രവും ഘടനയും അംഗങ്ങളുടെ വിവരവുമെല്ലാം അങ്ങനെയാണു ലഭിക്കുന്നത്. അന്ന് അൽ ഖായിദയിലെ ഏറ്റവും സ്വാധീനമുള്ള 170 പേരുടെ പട്ടികയും യുഎസിനു ലഭിച്ചു. അതിൽ ഒന്നാം സ്ഥാനത്ത് ലാദനായിരുന്നു. എട്ടാം സ്ഥാനത്ത് അൽ അദേലും!

ചിത്രം: AFP

ലാദനോടു ശത്രുതയുണ്ടായിരുന്നെങ്കിലും അൽ ഖായിദ തലവനെന്ന നിലയ്ക്ക് അയാളോട് അദേൽ കാണിച്ച വിധേയത്വം യുഎസിന് വ്യക്തമായിരുന്നു. മറ്റു പലരും ഭീകര സംഘടന വിട്ട് അഫ്ഗാനിൻനിന്ന് ആഫ്രിക്കയിലേക്കു കടന്നപ്പോൾ ലാദനൊപ്പം നിലയുറപ്പിച്ചവരിൽ ഒരാളായിരുന്നു അദേൽ. ഒരു ഘട്ടത്തിൽ ലാദന്റെ സുരക്ഷയുടെ മുഖ്യ ചുമതലക്കാരനായും മാറി. അതിനിടയിൽ ‘ശത്രുത’ മറന്ന് ലാദനും അദേലിനെ വിശ്വസിക്കാൻ തുടങ്ങിയിരുന്നു. 2001 സെപ്റ്റംബർ 11 ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണം നടക്കുന്ന സമയത്ത് അൽ ഖായിദയിലെ നാലാം സ്ഥാനക്കാരനായിരുന്നു അദേൽ. ഒന്നാം സ്ഥാനത്ത് ലാദൻ, രണ്ടാമതായി സവാഹിരി, മൂന്നാമതായി സൈനിക തലവൻ അബു ഹഫിസ് അൽ–മസ്റിയും. എന്നാൽ പിന്നീട് അദേലിനും മുകളിലായി അബു മുഹമ്മദ് അൽ–മസ്റിയെയും അബു അൽ–ഖായിർ അൽ മസ്റിയെയും നിയോഗിച്ചത് അസ്വാരസ്യങ്ങൾക്കിടയാക്കിയിരുന്നു. എന്നാൽ ഈ പട്ടികയിൽ ഇന്ന് ജീവനോടെ അവശേഷിക്കുന്ന ഒരേയൊരാൾ അദേൽ മാത്രമാണ്!

ഭീകര സംഘടനയിലെ പ്രശ്നങ്ങൾ തീർക്കുന്നതിൽ കൃത്യമായ ഇടപെടൽ നടത്തുന്നതിനാൽ മികച്ച ‘നയതന്ത്രജ്ഞനായാണ്’ അൽ ഖായിദ അംഗങ്ങൾ അദേലിനെ കാണുന്നത്. സൈനികനാണ്, വിദ്യാഭ്യാസവുമുണ്ട്. നല്ലപോലെ ഇംഗ്ലിഷ് സംസാരിക്കും. എന്നാൽ തനിക്ക് ഇഷ്ടമില്ലാത്ത ഒരാളെ ഇല്ലാതാക്കാൻ തക്ക വിരോധം മനസ്സിൽ സൂക്ഷിക്കുന്ന, കോപക്കാരനായാണ് ഇയാളെ കണക്കാക്കുന്നത്. മനഃസ്സാക്ഷിയെന്നത് തരിമ്പും അവശേഷിക്കാത്ത ക്രൂരൻ. അതിനാൽത്തന്നെ അതിമാരക ക്രൂരകൃത്യങ്ങളാൽ കുപ്രസിദ്ധൻ. 1998 ഓഗസ്റ്റിലെ എംബസി ആക്രമണങ്ങളിൽ സാധാരണക്കാരെ ഉൾപ്പെടെയാണ് ഇയാൾ നിഷ്കരുണം ഇല്ലാതാക്കിയത്. മറ്റു ഭീകര സംഘടനകൾ അറച്ചു നിൽക്കുന്ന ക്രൂരതയ്ക്കു പോലും തയാറാകാന്‍ ഇയാൾക്കൊരു മടിയില്ലെന്നും ‘കോംബാറ്റിങ് ടെററിസം സെന്ററിന്റെ’ ഒരു പഠനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂടെയുള്ള ഒരാളെപ്പോലും വിശ്വാസവുമില്ല ഇയാൾക്ക്. പിൽക്കാലത്ത് ഇസ്‌ലാമിക് സ്റ്റേറ്റ് ആയി മാറിയ ഭീകര സംഘടനയുടെ ആദ്യകാല രൂപം സ്ഥാപിച്ച ജോർദാനിയൻ ഭീകരൻ അബു മുസാബ് അൽ സർഖാവിയുടെ ‘വഴികാട്ടി’യായിരുന്നതും അദേലായിരുന്നു!

∙ മരണം ‘മറച്ച’ കൊടുംഭീകരൻ

വർഷങ്ങളോളം തന്റെ വ്യക്തിത്വം മറച്ചു വച്ച കഥയും അദേലിനെപ്പറ്റിയുണ്ട്. എഫ്ബിഐ ഉൾപ്പെടെ കരുതിയിരുന്നത് ഈജിപ്ഷ്യൻ സൈന്യത്തിലുണ്ടായിരുന്ന മുഹമ്മദ് ഇബ്രാഹിം മക്കാവി എന്ന വ്യക്തി തന്നെയായിരുന്നു അൽ അദേൽ എന്നായിരുന്നു. ഇതേ പേരിൽ ഈജിപ്ഷ്യന്‍ സ്പെഷൽ ഫോഴ്സിൽ ഒരു കേണലുണ്ടായിരുന്നു. അദേലും ഇതേ സ്ഥാനത്തുണ്ടായിരുന്നു. രേഖകളിൽ ഇരുവരുടെയും ജന്മസ്ഥലം ഒരിടത്തായിരുന്നു. ഇരുവരും ഭീകരതയുമായി ബന്ധപ്പെട്ട ആശയങ്ങളിൽ ആകൃഷ്ടരുമായിരുന്നു. ഇരുവരും ഈജിപ്ത് വിട്ടോടിയവരുമാണ്. ഇതാണ് അദേൽ തന്നെയാണ് ഇബ്രാഹിം മക്കാവി എന്ന ചിന്തയിലേക്ക് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തെ എത്തിച്ചത്. എന്നാൽ അങ്ങനെയായിരുന്നില്ലെന്ന് 2012ൽ ‘യഥാർഥ’ മഖാവി കയ്റോ രാജ്യാന്തര വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോഴാണു തെളിഞ്ഞത്.

സെയ്‌ഫ് അൽ–അദേൽ

രൂപത്തിൽ പോലും മഖാവിയും അദേലും തമ്മിൽ സാമ്യമില്ലായിരുന്നു. ഇരുവർക്കുമിടയിൽ 10 വയസ്സിന്റെ വ്യത്യാസവുമുണ്ടായിരുന്നു. നിറവും വ്യത്യാസം. മഖാവിയെ പിടികൂടിയതിനു പിന്നാലെ, അദേലെന്ന ഭീകരനെ കണ്ടെത്തിയെന്നു ലോകത്തോടു വിളിച്ചു പറഞ്ഞ ഈജിപ്ഷ്യൻ അധികൃതർ പക്ഷേ മണിക്കൂറുകൾക്കകം പ്രസ്താവന പിൻവലിച്ചു. മഖാവിയെ വെറുതെവിടുകയും ചെയ്തു. അപ്പോഴും ചോദ്യം ബാക്കി. എവിടെയാണ് അദേൽ?

അൽ ഖായിദയുടെ രാജ്യാന്തര പ്രവർത്തനങ്ങൾ ശക്തമാക്കാനും ലോകമെമ്പാടും ഭീകരാക്രമണത്തിനും സെയ്‌ഫ് അൽ–അദേൽ പദ്ധതികൾ തയാറാക്കുകയാണ്.

അദേലിന്റെ മൂന്നേ മൂന്ന് ഫോട്ടോകളാണ് ഇന്നുവരെ ലഭിച്ചിട്ടുള്ളത്. 1960കളിൽ ഈജിപ്തിലാണു ജനനം. യഥാർഥ പേര് മുഹമ്മദ് സലാഹുദ്ദീൻ സെയ്ദാന്‍. ബിസിനസിൽ ബിരുദമെടുത്തു. പഠനത്തിനു ശേഷമായിരുന്നു സൈന്യത്തിലേക്ക് ആകൃഷ്ടനാകുന്നത്. പാരച്യൂട്ടിൽ പറന്നിറങ്ങിയുള്ള പോരാട്ടത്തിലായിരുന്നു (Military Free Fall-MFF) സ്പെഷലൈസേഷൻ. ഇന്റലിജൻസ് വിവരങ്ങള്‍ എങ്ങനെ ശേഖരിക്കുമെന്നും സ്ഫോടകവസ്തുക്കൾ എങ്ങനെ തയാറാക്കാമെന്നും പഠിക്കുന്നത് സൈനിക സേവന കാലത്തായിരുന്നു. സൈനിക സേവനത്തിനു ശേഷം നല്ലൊരു ഭാവി തേടി സൗദിയിലേക്കു പറക്കുമെന്ന് അദേൽ കുടുംബാംഗങ്ങളോടു പറഞ്ഞിരുന്നു. അതുപോലെത്തന്നെ 1987ൽ കയ്റോ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്നതാണ്, പിന്നീട് അദേലിനെപ്പറ്റി ആരും കേട്ടിട്ടില്ല.

ഒരു വർഷം കഴിഞ്ഞപ്പോൾ അദേലിന്റെ വീട്ടിലേക്ക് ഒരാളെത്തി. കയ്യിൽ അദേലിന്റെ ജായ്ക്കറ്റുമുണ്ടായിരുന്നു. അതു വീട്ടുകാർ തിരിച്ചറിയുകയും ചെയ്തു. സൗദിയിൽ അദേൽ ജോലി കണ്ടെത്തിയെന്നും എന്നാൽ ഒരു കാറപകടത്തിൽ കൊല്ലപ്പെട്ടെന്നുമായിരുന്നു വന്നയാൾ പറഞ്ഞത്. സംഭവത്തെപ്പറ്റി അന്വേഷിക്കാൻ കുടുംബം ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. വൈകാതെ അദേൽ മരിച്ചതായി സ്ഥിരീകരിച്ച് കുടുംബാംഗങ്ങൾ തിരച്ചിൽ അവസാനിപ്പിച്ചു. എല്ലാവരോടും സൗഹൃദത്തോടെ പെരുമാറിയിരുന്ന മുഹമ്മദ് സലാഹുദ്ദീൻ സെയ്ദാന്‍ എന്ന യുവാവ് ആ കാറപകടത്തിൽ കൊല്ലപ്പെട്ടുവെന്നതാണു സത്യം. പക്ഷേ സെയ്ഫ് അൽ അദേൽ എന്ന പേരിൽ ഭീകരതയിലേക്ക് അയാൾ പുനർജനിക്കുകയായിരുന്നു.

തന്റെ മരണവാർത്ത കുടുംബാംഗങ്ങളെപ്പോലും വിശ്വസിപ്പിച്ച് ഭീകരതയ്ക്കൊപ്പം ചേരുകയായിരുന്നു അദേൽ. സൗദിയിലേക്കല്ല, അയാൾ പോയത് അഫ്ഗാനിലേക്കായിരുന്നു. സോവിയറ്റ് യൂണിയനെതിരെ പോരാടുന്നതിന് അഫ്ഗാനിൽ മുജാഹിദീനുകൾക്ക് യുഎസ് ആയുധങ്ങൾ നൽകിയിരുന്ന സമയം കൂടിയായിരുന്നു അത്. സൈനിക പശ്ചാത്തലമുണ്ടായിരുന്നതിനാൽത്തന്നെ ആയുധ പരിശീലനം നൽകാനും ഇയാൾ മുന്നിട്ടിറങ്ങി. ആ പരിശീലകനാണ് വർഷങ്ങൾക്കിപ്പുറം ഇപ്പോൾ അല്‍ഖായിദയുടെ തലപ്പത്തെത്തിയിരിക്കുന്നത്. മുഹമ്മദ് ഇബ്രാഹിം മക്കാവി എന്ന പേര് ഇപ്പോഴും അദേലിന്റെ പ്രൊഫൈലിനൊപ്പം എഫ്ബിഐ ചേർത്തിട്ടുണ്ട്, ഒപ്പം ഇബ്രാഹിം അൽ–മദാനി എന്ന പേരും.

∙ ഇനി ലക്ഷ്യം അദേൽ

2021 ജനുവരിയിൽ പ്രസിഡന്റ് ബൈഡൻ അധികാരത്തിലേറുന്നതിന് ഒരാഴ്ച മുൻപ്, അന്നത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ നടത്തിയ പ്രസംഗത്തിലും അദേലിനെപ്പറ്റി പരാമർശിച്ചിരുന്നു. ‘രാജ്യാന്തര പ്രവർത്തനങ്ങൾ ശക്തമാക്കാനും ലോകമെമ്പാടും ഭീകരാക്രമണത്തിനും അദേൽ പദ്ധതികൾ തയാറാക്കുന്നു’ എന്നായിരുന്നു അത്. സവാഹിരിയെ അപേക്ഷിച്ച്, ആക്രമണങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്ന രീതിയാണ് അദേലിന്റേത്. സവാഹിരിക്ക് ലാദന്റെ പിൻഗാമിയെന്ന പേരു മാത്രമായിരുന്നു ഉണ്ടായിരുന്നത്. ചിതറിക്കിടന്നിരുന്ന അംഗങ്ങളെ ഒന്നാക്കി, ലോകത്തിലെ ഏറ്റവും മാരക ഭീകര സംഘടന എന്ന നിലയിലേക്ക് അൽ ഖായിദയെ എത്തിച്ചത് അദേലാണെന്നാണു പറയപ്പെടുന്നത്. അദേലിന്റെ ഈ ഭീകരതാ രീതി തുടരുമെന്നും നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.

അതിനു കാരണവുമുണ്ട്. അദേലിനു മുന്നിൽ രണ്ടു ലക്ഷ്യങ്ങളാണ്– അൽ ഖായിദയുടെ ശക്തി നഷ്ടപ്പെട്ടിട്ടില്ലെന്ന് ലോകത്തെ അറിയിക്കുകയും ഇസ്‌ലാമിക് സ്റ്റേറ്റിന്റെ വിവിധ ഘടകങ്ങളിലേക്ക് അൽ ഖായിദ അംഗങ്ങൾ വിട്ടുപോകുന്നതു തടയുകയും. അൽ ഖായിദ വിട്ടുപോയ ഭീകരരെ തിരികെയെത്തിക്കുക എന്ന ലക്ഷ്യവും അദേലിനുണ്ടെന്നു പറയുന്നു അൽ ഖായിദ വിഷയവിദഗ്ധനായ അലി സൗഫാൻ (അൽ ഖായിദയെപ്പറ്റി ‘അനാട്ടമി ഓഫ് ടെറർ: ഫ്രം ദ് ഡെത്ത് ഓഫ് ബിൻ ലാദൻ ടു ദ് റൈസ് ഓഫ് ദ് ഇസ്‌ലാമിക് സ്റ്റേറ്റ്’ എന്ന പുസ്തകം എഴുതിയ വ്യക്തിയാണ് അലി).

യുഎസ് പൗരന്മാർക്ക് ജീവഹാനിയുണ്ടാക്കി, യുഎസിന്റെ സ്വത്തുവകകൾക്ക് നാശനഷ്ടമുണ്ടാക്കി, യുഎസിന്റെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ആക്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണ് അദേലിനെതിരെയുള്ള തിരച്ചിൽ നോട്ടിസിൽ എഫ്ബിഐ ചേർത്തിരിക്കുന്നത്. ഇയാളിപ്പോൾ ഇറാനിലാണോ അഫ്ഗാനിലാണോ എന്നതും അധികമാര്‍ക്കും അറിയില്ല. ഇറാനിലാണെന്നാണ് വലിയൊരു വിഭാഗം വിശ്വസിക്കുന്നത്. അപ്പോഴും, ഇയാളുടേതെന്ന പേരിൽ വരുന്ന നിർദേശങ്ങൾക്ക് എത്രമാത്രം വിശ്വാസ്യതയുണ്ടെന്ന ചോദ്യങ്ങളും അൽ ഖായിദ അംഗങ്ങളിൽ പലരും ഉയർത്തുന്നു. ഇതിനെല്ലാം ആക്രമണങ്ങളിലൂടെ ഉത്തരം കണ്ടെത്താനായിരിക്കും അദേൽ ശ്രമിക്കുക. അതിനു മുൻപേ, ഒരു പ്രഭാതത്തിൽ, ലാദന്റെയും അൽ സവാഹിരിയുടെയും ഐഎസ് തലവൻ ബാഗ്ദാദിയുടെയുമൊക്കെ മരണം പോലെ ഇയാളുടെ മരണവാർത്തയും ലോകമറിഞ്ഞേക്കാം. അതിനുള്ള ഒരുക്കങ്ങളിലേക്ക് യുഎസ് കടന്നുവെന്നത് പോംപെയോയുടെ വാക്കുകളിൽത്തന്നെ വ്യക്തം. അത് എന്നായിരിക്കുമെന്നാണ് ഇനി ലോകം ഉറ്റുനോക്കുന്നത്.

English Summary: The Unknown Story of Saif al-Adl, the Possible Successor of Al-Qaeda's Ayman al-Zawahiri

വിവരങ്ങൾക്ക് കടപ്പാട്: Anatomy of Terror: From the Death of bin Laden to the Rise of the Islamic State (Book by Ali Soufan)