എന്റെ ഭാര്യയുടെ സ്വത്ത് വിവരങ്ങൾ വരെ ചോദിച്ചിട്ടുണ്ട്. അവർ വിദേശത്താണ്. ഞാൻ എങ്ങനെയാണ് അതെല്ലാം അറിയുന്നത്. ഏറെക്കാലമായി ഞങ്ങൾ വേർപിരിഞ്ഞാണ് ജീവിക്കുന്നത്. ഇതൊന്നും ഇഡിക്ക് അറിയാത്തതല്ല. അവരെ വെറും മണ്ടന്മാരായി ഞാൻ കരുതുന്നില്ല. അറിഞ്ഞു കൊണ്ടു തന്നെ ആളുകളെ ബുദ്ധിമുട്ടിക്കാൻ നോക്കുന്നതാണ്. കോടതിയെ സമീപിക്കാൻ അതുകൊണ്ടാണ് തീരുമാനിച്ചത്. T.M Thomas Issac

എന്റെ ഭാര്യയുടെ സ്വത്ത് വിവരങ്ങൾ വരെ ചോദിച്ചിട്ടുണ്ട്. അവർ വിദേശത്താണ്. ഞാൻ എങ്ങനെയാണ് അതെല്ലാം അറിയുന്നത്. ഏറെക്കാലമായി ഞങ്ങൾ വേർപിരിഞ്ഞാണ് ജീവിക്കുന്നത്. ഇതൊന്നും ഇഡിക്ക് അറിയാത്തതല്ല. അവരെ വെറും മണ്ടന്മാരായി ഞാൻ കരുതുന്നില്ല. അറിഞ്ഞു കൊണ്ടു തന്നെ ആളുകളെ ബുദ്ധിമുട്ടിക്കാൻ നോക്കുന്നതാണ്. കോടതിയെ സമീപിക്കാൻ അതുകൊണ്ടാണ് തീരുമാനിച്ചത്. T.M Thomas Issac

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്റെ ഭാര്യയുടെ സ്വത്ത് വിവരങ്ങൾ വരെ ചോദിച്ചിട്ടുണ്ട്. അവർ വിദേശത്താണ്. ഞാൻ എങ്ങനെയാണ് അതെല്ലാം അറിയുന്നത്. ഏറെക്കാലമായി ഞങ്ങൾ വേർപിരിഞ്ഞാണ് ജീവിക്കുന്നത്. ഇതൊന്നും ഇഡിക്ക് അറിയാത്തതല്ല. അവരെ വെറും മണ്ടന്മാരായി ഞാൻ കരുതുന്നില്ല. അറിഞ്ഞു കൊണ്ടു തന്നെ ആളുകളെ ബുദ്ധിമുട്ടിക്കാൻ നോക്കുന്നതാണ്. കോടതിയെ സമീപിക്കാൻ അതുകൊണ്ടാണ് തീരുമാനിച്ചത്. T.M Thomas Issac

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാമ്പത്തികശാസ്ത്ര അവഗാഹവും  പ്രായോഗിക രാഷ്ട്രീയ വൈഭവവും ഒത്തുചേർന്ന നേതാവ് എന്നതാണ് മുൻ ധനകാര്യമന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഡോ: ടി.എം. തോമസ് ഐസക്കിനെ മറ്റു പലരിൽ നിന്നും വേറിട്ടു നിർത്തുന്നത്. പുതിയ ആശയങ്ങളും പുതിയ കാഴ്ച്ചപ്പാടുകളും അവതരിപ്പിച്ച് പ്രയോഗപഥത്തിൽ എത്തിക്കാനുളള ഐസക്കിന്റെ സാമർഥ്യത്തിന് തെളിവാണ് അദ്ദേഹം ധനമന്ത്രി ആയിരിക്കെ തുടങ്ങിയ കിഫ്ബി. എന്നാൽ അതേ കിഫ്ബിയുടെ പേരിൽ ഐസക് ഇന്ന്  എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണത്തിന് വിധേയനാണ്. ചോദ്യം ചെയ്യാനായി എത്തിച്ചേരണമെന്ന് ആവശ്യപ്പെട്ട് രണ്ടു സമൻസുകളാണ് തോമസ് ഐസക്കിന് ഇഡി അയച്ചിരിക്കുന്നത്. അതിനെതിരെ ഹൈക്കോടതിയെ സമീപിച്ച ഐസക് ശ്രദ്ധ ആകർഷിക്കുന്ന ഒരു നിയമയുദ്ധത്തിനും തുടക്കമിട്ടിരിക്കുന്നു. തനിക്കും കിഫ്ബിക്കും എതിരേ നടക്കുന്ന ഇഡി നീക്കങ്ങൾക്ക് പിന്നിൽ എന്താണെന്ന് ഐസക് ഇവിടെ തുറന്നു പറയുന്നു. ഐസക്കിന്റെ കാര്യശേഷി രണ്ടാം പിണറായി സർക്കാരിന് നഷ്ടപ്പെട്ടെന്ന് ആകുലപ്പെടുന്നവർക്കും അദ്ദേഹത്തിന് മറുപടിയുണ്ട്. സിപിഎമ്മും സർക്കാരും സഞ്ചരിക്കുന്ന പുതിയ പരിഷ്കരണ പാതയെക്കുറിച്ചുള്ള സങ്കൽപങ്ങളും ഐസക് പങ്കുവയ്ക്കുന്നു. മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ് ഫയറി’ൽ തോമസ് ഐസക് സംസാരിക്കുന്നു. 

∙ മസാല ബോണ്ടിന്റെ പേരിൽ താങ്കളെ ചോദ്യം ചെയ്യാനുള്ള ഇഡിയുടെ നീക്കമാണല്ലോ സജീവ ചർച്ചാവിഷയം. ഇഡിയുടെ ആ സമൻസ് എത്രമാത്രം അപ്രതീക്ഷീതമായിരുന്നു. കിഫ്ബിക്കെതിരെയുള്ള ഇഡി നീക്കം കുറച്ചു നാളായി നടക്കുന്നുണ്ടല്ലോ?

ADVERTISEMENT

കിഫ്ബിക്കെതിരെ നടപടികൾ തുടങ്ങിയപ്പോൾ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഇടപെടലാണ് അത് എന്നാണ് ഞാൻ വിചാരിച്ചത്. പക്ഷേ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും കിഫ്ബിയുടെ ഉദ്യോഗസ്ഥരെ ഓരോന്നു പറഞ്ഞു വിളിച്ചുവരുത്തുന്നത് തുടർന്നു. ഒരു വനിതാ ഉദ്യോഗസ്ഥയെ അങ്ങനെ വിളിച്ചിട്ട് അവരോട്  ഒരു ചോദ്യവും ചോദിച്ചില്ല. വൈകിട്ട് വരെ ഇരുത്തിയിട്ട് വീണ്ടും വിളിപ്പിക്കും എന്നു പറഞ്ഞ് തിരിച്ചയച്ചു. കാര്യങ്ങൾ വലിച്ചു നീട്ടിക്കൊണ്ടു പോയതിലൂടെ ഇത് കിഫ്ബിയിൽ നിർത്താൻ ഉള്ള ഉദ്ദേശ്യമില്ല എന്ന് എനിക്കു തോന്നി. അതുകൊണ്ട് സമൻസ് അപ്രതീക്ഷിതമായിരുന്നില്ല. എന്നാൽ അപ്രതീക്ഷിതമായത് എന്നോട് സമർപ്പിക്കാൻ ആവശ്യപ്പെട്ട നീണ്ട കാര്യങ്ങളുടെ നീണ്ട പട്ടികയാണ്.  

∙ സമൻസിലെ ആ ആവശ്യങ്ങൾ അതിശയം ഉയർത്തുന്നതാണ്. വ്യക്തിപരമായ വിവരങ്ങളും തേടിയിരിക്കുന്നു. താങ്കളെ  വ്യക്തിപരമായി വേട്ടയാടാനുളള ശ്രമവും ഇതിലുണ്ടോ? 

എന്താണ് ഞാൻ ചെയ്ത കുറ്റം എന്നു പറയുന്നില്ല. അതു ചെയ്യാതെ എന്റെ ജീവിതവുമായി ബന്ധപ്പെട്ട മുഴുവൻ കണക്കുകളും ചോദിക്കുന്ന സ്ഥിതി! രണ്ടു മൂന്നു പേരെ ഒരു മാസം പണിയെടുപ്പിച്ചാൽ മാത്രമെ ആ വിവരങ്ങൾ  എനിക്ക് ശേഖരിക്കാൻ തന്നെ കഴിയൂ. ഞാൻ ഡയറക്ടറായ മുഴുവൻ കമ്പനികളുടെയും സാമ്പത്തിക വിവരങ്ങൾ ചോദിച്ചിട്ടുണ്ട്. അതു ഡൗൺലോഡ് ചെയ്ത് എടുക്കാമെന്ന് കരുതാം. ആ സ്ഥാപനങ്ങളുടെ വിദേശവരുമാനം എത്ര, എത്രപേർക്ക് തൊഴിൽ കൊടുത്തു?.. ഇതെല്ലാം എങ്ങനെയാണ് കൊടുക്കുന്നത്? അപ്പോൾ അതിന് പിന്നിൽ ഒരു ഗൂഢോദ്ദേശ്യമുണ്ട്. ഇഡി എന്നല്ല, ഏത് അന്വേഷണ ഏജൻസിയോടും സഹകരിക്കുന്നതിൽ തെറ്റില്ല. രാജ്യത്തെ നിയമ വ്യവസ്ഥതിയെ മാനിക്കുന്ന ഒരു പൗരൻ അതു ചെയ്തേ പറ്റൂ. പക്ഷേ ആ ഏജൻസികളും നിയമത്തിന് അതീതരല്ല. ഈ പ്രക്രിയയിൽ എന്നിൽ ആരോപിക്കപ്പെട്ട കുറ്റം എന്തെന്ന് പറയാൻ അവർക്ക് ബാധ്യതയുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ അവർ ആവശ്യപ്പെടുന്ന ചോദ്യങ്ങൾക്ക് ഉത്തരം ഞാനും പറയണം. അതല്ലാതെ വെറുതെ എന്റെ  സ്വകാര്യജീവിതത്തിലേക്ക് കടന്നുകയറാൻ ആർക്കും അവകാശമില്ല. 

ഡോ. ടി.എം. തോമസ് ഐസക് (ഫയൽചിത്രം).

∙ അതുകൊണ്ടാണോ ആദ്യ സമൻസ് വന്നതിൽ നിന്നും വ്യത്യസ്തമായ നിലപാട് രണ്ടാമത് താങ്കളിൽ നിന്ന് ഉണ്ടായത്? 

ADVERTISEMENT

എന്റെ ഭാര്യയുടെ സ്വത്ത് വിവരങ്ങൾ വരെ  ചോദിച്ചിട്ടുണ്ട്. അവർ വിദേശത്താണ്. ഞാൻ എങ്ങനെയാണ് അതെല്ലാം അറിയുന്നത്.  ഏറെക്കാലമായി ഞങ്ങൾ വേർപിരിഞ്ഞാണ് ജീവിക്കുന്നത്. ഇതൊന്നും ഇഡിക്ക്  അറിയാത്തതല്ല. അവരെ വെറും മണ്ടന്മാരായി ഞാൻ കരുതുന്നില്ല. അറിഞ്ഞു കൊണ്ടു തന്നെ ആളുകളെ ബുദ്ധിമുട്ടിക്കാൻ നോക്കുന്നതാണ്. കോടതിയെ സമീപിക്കാൻ അതുകൊണ്ടാണ് തീരുമാനിച്ചത്. അപമാനിക്കാൻ നോക്കിയാൽ അത് അംഗീകരിക്കാൻ കഴിയില്ല. ഇത്രയും വിവരങ്ങൾ വാങ്ങണമെങ്കിൽ അരോപിക്കപ്പെടുന്ന കുറ്റം എന്താണെന്ന് പറയണമെന്നാണ് കോടതിയും അതോടെ വ്യക്തമാക്കിയത്. കുറ്റാന്വേഷണ ഏജൻസിയാണ് എന്ന് കരുതി എന്തു വിവരവും വെറുതെ ചോദിക്കാൻ കഴിയില്ല. ഈ പ്രശ്നം വളരെ സജീവമായി നിർത്താനാണ് ഇഡി  ആഗ്രഹിക്കുന്നത് എന്നതാണ് ഞാൻ എത്തിച്ചേർന്ന നിഗമനം. കിഫ്ബി  ആകെ കുഴപ്പമാണ് എന്ന പൊതുബോധ്യം അതുവഴി സൃഷ്ടിക്കുകയാണ് ലക്ഷ്യം. അങ്ങനെ മാത്രമേ കേരളത്തിന്റെ സാമ്പത്തികസ്ഥിതിയെ കേന്ദ്രസർക്കാരിന് ഉലയ്ക്കാൻ കഴിയൂ. സംസ്ഥാനങ്ങൾക്ക് വായ്പ അനുവദിക്കുന്നതിൽ കേന്ദ്രസർക്കാരിന് ഇടപെടാൻ കഴിയും. വായ്പയുടെ അനുപാതം അവരാണ് നിശ്ചയിക്കുന്നത്. ബാക്കി ഉള്ളതെല്ലാം സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകിയേ തീരൂ. കിഫ്ബിക്ക് ഈ വർഷവും വലിയ തോതിൽ വായ്പ എടുക്കേണ്ടി വരും. കോവിഡ് കഴി‍ഞ്ഞ് നിർമാണ പ്രവർത്തനങ്ങൾ സജീവമാണ്. ആ വായ്പ എല്ലാം  സർക്കാരിന്റെ വായ്പ ആണെന്ന് പറഞ്ഞ് സർക്കാരിനുള്ള വായ്പ അവർക്ക് വേണമെങ്കിൽ വെട്ടിക്കുറയ്ക്കാം. ഗണ്യമായി അതു വെട്ടിയാൽ  സംസ്ഥാനം കുഴപ്പത്തിലാകും. അതിനു വേണ്ടിയുള്ള അന്തരീക്ഷ സൃഷ്ടിയാണ് ഇപ്പോൾ നടക്കുന്നത്.  

∙ ബംഗാളിൽ മന്ത്രി പാർഥ ചാറ്റർജിയെ ഇഡി അറസ്റ്റു ചെയ്തു. ആ ചാറ്റർജിയും ഈ ഐസക്കും തമ്മിൽ ഒരു ബന്ധവും ഇല്ലെന്ന് രാഷ്ട്രീയം പിന്തുടരുന്നവർക്ക് മനസ്സിലാകും. പക്ഷേ ഒരു പൊതുബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി താങ്കൾക്കെതിരെയുള്ള നീക്കം കാണാമോ? 

അതെ. ഇതൊരു പൊതു ബോധം സൃഷ്ടിക്കലാണ്. ഒന്നരവർഷമായി കിഫ്ബിയിൽ കണ്ടെത്താത്ത എന്തു കാര്യമാണ് എന്നെ വിളിച്ചു വരുത്തി ചോദ്യം ചെയ്തിട്ട് കണ്ടെത്താൻ പോകുന്നത്?  അവർക്ക് കിഫ്ബി  ഇങ്ങനെ പുകഞ്ഞുകൊണ്ടിരിക്കണം. വലിയ പാതകമാണ് അവർ ചെയ്യുന്നത്. ആ സ്ഥാപനം രാജ്യത്ത്  പ്രകീർത്തിക്കപ്പെട്ട ഒരു മോഡലാണ്. ഒരു ധനകാര്യസ്ഥാപനത്തിന്റെ  വിഭവ സമാഹരണം അതിന്റെ വിശ്വാസ്യതയെ ആശ്രയിച്ചിരിക്കുന്നു. ഇത് ഇല്ലാതാക്കാനാണ്  ഈ ശ്രമം. 

പാർഥ ചാറ്റർജി (ചിത്രം: എഎൻഐ, ട്വിറ്റർ)

∙ രാജ്യത്താകെ ഇഡിയുടെ ചോദ്യം ചെയ്യലുകളും അറസ്റ്റും വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമാകുന്നു. എന്നിട്ടും അവർക്ക് കൂടുതൽ അധികാരം നൽകുകയാണല്ലോ സുപ്രീം കോടതി ചെയ്തത്

ADVERTISEMENT

തികച്ചും നിർഭാഗ്യകരമായിപ്പോയി. മൗലിക അവകാശങ്ങളുടെ മേൽ കടന്നു കയറാൻ ഒന്നും ഇഡിക്ക് അധികാരമില്ല. ആ വിധി നിയമപരമായി തന്നെ എതിർക്കപ്പെടും എന്നത് ഉറപ്പാണ്. കിഫ്ബിയുടെ കാര്യത്തിൽ ഓൺലൈൻ ആയിട്ടല്ലാതെ ഒരു പണവും കൈമാറ്റം ചെയ്യപ്പെടുന്നില്ല. ആരും പണം കൈകൊണ്ട് തൊടുന്നില്ല. പൊതു മേഖലാ ബാങ്കുകളിലൂടെയും പൊതു മേഖലാസ്ഥാപനങ്ങൾ വഴിയുമാണ് ഇടപാടുകൾ നടക്കുന്നത്. പണം തട്ടിച്ചു എന്ന് ആരോപിക്കുന്നതിൽ കേവല യുക്തി പോലും ഇല്ല. ബോണ്ട് വിൽക്കുന്നതിന് കമ്മിഷൻ കിട്ടും എന്ന്  സാമ്പത്തിക കാര്യങ്ങളുടെ അടിസ്ഥാനം അറിയുന്ന ആരും ആരോപിക്കില്ല. നമ്മളാണ് ആവശ്യക്കാർ, അവരാണ് വാശിക്കാർ. അങ്ങോട്ട് വല്ലതും കൊടുക്കേണ്ടി വന്നാൽ അല്ലാതെ, ഇങ്ങോട്ട് എന്ത് കിട്ടാനാണ്! വിവരം ഇല്ലാത്ത ആരൊക്കെയോ പറഞ്ഞ് ഉണ്ടാക്കുന്നതാണ് പലതും. 

∙ സുപ്രീം കോടതി വിധി കൂടി കണക്കിലെടുക്കുമ്പോൾ ഹൈക്കോടതി ഉത്തരവ് ആശ്വാസമാണല്ലോ? 

കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിന്റെ ലംഘനം ആണെന്ന്  കോടതിയിലും അവർ ആരോപിച്ചിട്ടില്ല. വിദേശനാണ്യ വിനിമയ ചട്ട(ഫെമ) ലംഘനമാണ് പറയുന്നത്. എങ്കിൽ റിസർവ് ബാങ്കിനെ വിളിച്ചു വരുത്തി ചോദിച്ചാൽ മതിയല്ലോ. ആ ചട്ടം ലംഘിച്ചിട്ടുണ്ടോ എന്ന് അവരോട് ആരാഞ്ഞാൽ മാത്രം മതി. റിസർവ് ബാങ്ക് അതു പറഞ്ഞിട്ടില്ലല്ലോ. വിവാദം  വന്നപ്പോൾ റിസർവ് ബാങ്ക് അവരുടെ മാർഗരേഖ മാറ്റിയിട്ടുണ്ട്. കോർപറേറ്റ് സ്ഥാപനങ്ങളിൽ നിന്നു മാത്രമേ മസാല ബോണ്ടിന്റെ ഭാഗമായി വായ്പ എടുക്കാൻ പാടുള്ളു എന്നതാണ് മാറിയ നിബന്ധന. അപ്പോഴും അതുവരെ എന്തെങ്കിലും അനധികൃതമായി നടന്നതായി റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടിയിട്ടില്ല. ഈ കേസിൽ ഒടുവിൽ എന്തായി? ഞാൻ ചെയ്ത കുറ്റം എന്താണെന്ന് ഇഡിക്ക് എന്നെ അറിയിക്കാൻ ഒരാഴ്ച കൂടി വേണമെന്നാണ് കോടതിയോട് പറഞ്ഞത്. ഇതിൽപ്പരം എന്ത് നാണക്കേടാണ്! ഒന്നരവർഷം ആ സ്ഥാപനത്തിന്റെ  പിന്നാലെ നടന്നു, ഒടുവിൽ എന്നെ പോലെ ഒരാളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ഇതെല്ലാം കഴിഞ്ഞ് പറയുകയാണ് കാരണം അറിയിക്കാൻ ഒരാഴ്ച കൂടി വേണമെന്ന്! ആരും ചിരിച്ചു പോകുന്ന സന്ദർഭം!

∙ മസാല ബോണ്ട് ഇറക്കിയത് റിസർവ് ബാങ്കിന്റെ അനുമതിയോടെ ആയിരുന്നു. എന്നിട്ടു പോലും ഇഡി നടപടിക്ക് ഒരുങ്ങുന്നു. ഇഡിയുടെ ഇടപെടൽ ഭയന്നിട്ടാകണമല്ലോ റിസർവ് ബാങ്ക് നിയന്ത്രണം കൊണ്ടുവന്നത്. റിസർവ് ബാങ്ക് അനുമതിക്ക് അപ്പുറം മസാല ബോണ്ട് ഇറക്കുന്നതിനു മുൻപ് നിയമ ഉപദേശമോ മറ്റോ കൂടി തേടേണ്ടതായിരുന്നോ? 

നിയമപരമായി ചെയ്യാവുന്ന കാര്യങ്ങൾ മാത്രമേ നമ്മൾ ചെയ്തിട്ടുള്ളൂ. കിഫ്ബി കൈകാര്യം ചെയ്യുന്ന പണത്തിന്റെ നിസാരഭാഗം മാത്രമാണ് മസാലബോണ്ടിൽ ഉള്ളത്. അത് എടുത്തില്ലെങ്കിൽ ഇതു പൊളിഞ്ഞുപോകും എന്ന് ആരും കരുതില്ല. അന്ന് ആഭ്യന്തര പലിശ നിരക്ക് കൂടുതലായിരുന്നു. കോവിഡ് വരുമെന്നും അതിന്റെ ഭാഗമായി ലോകത്ത് ആകെ  പലിശ നിരക്ക് കുറയുമെന്നും ആരും വിചാരിക്കില്ലല്ലോ. വിദേശത്ത് നിന്ന് മസാലബോണ്ടിലൂടെ വായ്പ എടുക്കാനുള്ള തീരുമാനംവലിയ സന്ദേശം നൽകലായിരുന്നു. രാജ്യാന്തര ധനവിപണിയിൽ ഇടപെടാൻ കഴിവുള്ള സ്ഥാപനമാണ് കിഫ്ബി എന്നാണ് അതു പറഞ്ഞുവച്ചത്. പക്ഷേ അപ്രതീക്ഷിതമായി കോവിഡ് വന്നു. വിചാരിച്ച പണം നമ്മുക്ക് വേണ്ടിവന്നില്ല. ഇതിൽ  ബിസിനസ് ഉണ്ടല്ലോ. അപ്പോൾ ‘റിസ്ക്കും’ കൂടെ  ഉണ്ടാകും. ഒരു വിശ്വാസത്തിന്റെ പുറത്ത് എടുക്കുന്ന തീരുമാനങ്ങളാണ്. എല്ലാം ചർച്ച ചെയ്ത് മതി എന്നാണെങ്കിൽ പിന്നെ ഇതിനൊന്നും ഇറങ്ങിപ്പുറപ്പെടരുത്. സർക്കാർ എന്നാൽ പേനയുന്തുകാരായി  ഇരിക്കാം.   

∙ സിഎജിയുടെ കിഫ്ബിക്കെതിരായ കണ്ടെത്തലുകളെ നിയമസഭയിൽ പ്രമേയം പാസാക്കിയും വിവാദ പരാമർശങ്ങൾ വെട്ടിനീക്കിയും രാഷ്ട്രീയമായി നേരിടാൻ ഒന്നാം പിണറായി സർക്കാരിനു കഴിഞ്ഞു. എന്നാൽ ഇപ്പോൾ താങ്കൾ  മന്ത്രിയല്ല. ഇഡിയുടെ ഇടപെടലിനെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയുമോ എന്ന  ആശങ്കയുണ്ടോ? 

ഞാൻ അല്ലല്ലോ ഇതൊന്നും കൈകാര്യം ചെയ്യുന്നത്.സർക്കാർ തന്നെയാണ്. കിഫ്ബിയും കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നെ വിളിച്ചുവരുത്തി അർഥമില്ലാത്ത ചോദ്യങ്ങൾ ഉന്നയിച്ചുള്ള ഏർപ്പാടാണെങ്കിൽ അത് അനുവദിക്കില്ല എന്നതു മാത്രമാണ് എന്റെ വിയോജിപ്പ്, നിലപാട്. 

തോമസ് ഐസക്

∙ ഇഡിയെ കോടതിയിൽ നേരിടാനാണല്ലോ ശ്രമം. എന്നാലും അന്വേഷണവുമായി സഹകരിക്കേണ്ട സാഹചര്യം വരാനല്ലേ സാധ്യത? 

വേണ്ടിവരുമല്ലോ. പക്ഷേ അന്വേഷണം ഇനി നടത്തണമെങ്കിൽ കുറ്റം എന്താണെന്ന് പറയണം. സാക്ഷി ആണെങ്കിലും അതു പറയേണ്ടേ? അതിനായി ഒരാഴ്ച ഇനിയും ചിന്തിക്കണം എന്ന് അവർ പറഞ്ഞാൽ അതു വിഡ്ഢിത്തമാണ്. യശസ്സുള്ള സ്ഥാപനത്തിന്റെ പൊതു അംഗീകാരം തകർക്കാനുള്ള കളിയാണ് തുടങ്ങിവച്ചതെങ്കിൽ അത് അനുവദിക്കാൻ കഴിയില്ല. ആ രാഷ്ട്രീയക്കളിയുടെ ആയുധമായി ഇഡി മാറരുത്. ചോദ്യം ചെയ്യപ്പെടും.  

∙ ലാഭകരമല്ലാത്ത പദ്ധതികൾക്ക് വായ്പ എടുക്കുന്നതിന് കേന്ദ്രം വിലക്കു കൊണ്ടു വരികയാണ്. അപ്പോൾ കിഫ്ബിക്ക് പല പദ്ധതികളും നടപ്പാക്കാൻ കഴിയാതെ വരും. ഇതു നിലനിൽപ്പിനെ  ബാധിക്കില്ലേ? 

അത് കിഫ്ബി ആലോചിക്കേണ്ട കാര്യമാണ്. നമ്മളോടല്ല, ബാങ്കുകളോടാണ് റിസർവ് ബാങ്ക് അത് നിഷ്കർഷിക്കുന്നത്. സർക്കാരും സ്വകാര്യസ്ഥാപനങ്ങളും ബാങ്കിൽ നിന്ന് വായ്പ എടുക്കുന്നു. ആരു വായ്പ എടുത്താലും എന്ത് വ്യത്യാസമാണ്? ബാങ്കിൽ ഉള്ള പണം പുറത്തേക്ക് വരുന്നു. സർക്കാർ എടുത്താൽ വലിയ കുഴപ്പം, കോർപറേറ്റ് എടുത്താൽ ഒരു കുഴപ്പവും ഇല്ല എന്ന മനോഭാവം ശരിയാണോ? സർക്കാരിനേക്കാൾ കാര്യശേഷി കോർപറേറ്റുകൾക്കാണ് എന്ന ഊഹമാണ് അവരെ നയിക്കുന്നത്. കേരളത്തിൽ മറിച്ചൊരു സ്ഥാപനം ഉണ്ടെന്ന് കിഫ്ബിയിലൂടെതെളിയിക്കുകയാണ് നമ്മൾ  ചെയ്തത്. ഇന്ത്യയിൽ തന്നെ ഏറ്റവും റേറ്റിങ് ഉള്ള സംസ്ഥാന ധനകാര്യസ്ഥാപനമായി കിഫ്ബി മാറി. മസാല ബോണ്ടിലൂടെ ഉദ്ദേശിച്ചതും അതു തന്നെ.

വി.ഡി.സതീശൻ (Photo: JOSEKUTTY PANACKAL, Manorama)

∙ ഇഡിക്കെതിരെയുള്ള പോരാട്ടത്തിൽ അപ്രതീക്ഷിത കോണിൽ നിന്ന് താങ്കൾക്ക് പിന്തുണ ലഭിച്ചല്ലോ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പിന്തുണ. എന്താണ് പ്രതികരണം? 

അങ്ങനെ വേണം. സതീശന്റെ ആ നിലപാടിൽ എനിക്ക് വളരെ സന്തോഷമുണ്ട്. രാഷ്ട്രീയമായി ഞങ്ങൾക്ക്  പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസമുണ്ട്. കിഫ്ബിയെ വി.ഡി. സതീശൻ നിയമസഭയിൽ പല തവണ വിമർശിച്ചിട്ടുണ്ട്, ഞാൻ മറുപടിയും നൽകിയിട്ടുണ്ട്. ഓരോ വിഷയവും അതിന്റെ മെറിറ്റിൽ എടുക്കണം. വിമർശനങ്ങൾ നിലനിൽക്കുമ്പോൾ തന്നെ അതു ചെയ്യാം. അങ്ങനെ മെറിറ്റിൽ ഇക്കാര്യം അവർ വിലയിരുത്തി. അത് ഇഡിയെ കുറച്ച് പ്രയാസപ്പെടുത്തും. കേരളത്തിലെ ഭരണ–പ്രതിപക്ഷങ്ങൾ ഒരുമിച്ചാണെന്നു വരുമ്പോൾ ഈ വിഷയത്തിൽ ഇഡിക്ക്  ഈ നാട്ടിലെ ആരുടെയും പിന്തുണ ഇല്ലെന്നാണ് വ്യക്തമാകുന്നത്.   

∙ സംസ്ഥാനം അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് നീങ്ങുകയാണെന്ന് ധനമന്ത്രി തന്നെ സമ്മതിക്കുന്നുണ്ട്. ജിഎസ്ടി നികുതി വരുമാനം ഭാവിയിൽ 30% വരെ വർധിക്കുമെന്നു പ്രവചിച്ചയാളാണ് താങ്കൾ. അതു സംഭവിച്ചില്ല. നഷ്ടപരിഹാരം കേന്ദ്രം നിർത്തലാക്കുകയും ചെയ്തു. ജിഎസ്ടിയുടെ കാര്യത്തിലെ പ്രതീക്ഷ പാളിപ്പോയോ? 

ജിഎസ്ടി നിയമപ്രകാരം അത് ഉപഭോക്തൃ സംസ്ഥാനങ്ങൾക്ക് അനുകൂലമാകേണ്ടതാണ്. കേരളം പക്ഷേ പിന്നോട്ടുപോയി. എന്താണ്  സംഭവിച്ചത് എന്നു കൃത്യമായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. നേട്ടം ഉണ്ടാക്കിയ പല സംസ്ഥാനങ്ങളും ഉത്പാദനരംഗത്ത് മുന്നിൽ ഉള്ളവയാണ്. അവർക്കു വേണ്ടത് അവിടെ തന്നെ അവർ ഉത്പാദിപ്പിക്കുന്നു. കേരളത്തിൽ പക്ഷേ പുറത്ത് നിന്നു കൊണ്ടുവരണം. അങ്ങനെ കൊണ്ടുവരുമ്പോൾ അതിന് ഐജിഎസ്ടിയാണ്. അതിനെ ട്രാക്ക് ചെയ്യാൻ തന്നെ ഇപ്പോഴാണ് പറ്റിയത്.  തരുന്നത് വാങ്ങിക്കുക എന്നതായിരുന്നു സ്ഥിതി. അത് ഒരു കാര്യമാകാം. 2006 മുതൽ 2014 വരെ വാറ്റ് കാലത്തെ  സ്ഥിതി ആയിരുന്നെങ്കിൽ കേരളത്തിലെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടേനെ. 20% വച്ചാണ് നികുതി അക്കാലത്ത് പ്രതിവർഷം കൂടിയത്. അത് അഭൂതപൂർവമായ വളർച്ചയായിരുന്നു. ആ ഘട്ടത്തിലാണ് കിഫ്ബി എന്ന സ്ഥാപനം തന്നെ ഞാൻ ബജറ്റിലൂടെ മുന്നോട്ടുവച്ചത്. പക്ഷേ പിന്നീട് ഓരോ തടസ്സങ്ങൾ ഉയർന്നു വന്നു. സംസ്ഥാനത്തിന് ഗുണകരമായ എൻട്രി ടാക്സ് ഈ ഘട്ടത്തിൽ  ഇല്ലാതായി. കേരളത്തിലേക്കുള്ള മിക്ക സാധനങ്ങളും പുറത്ത് നിന്ന് വരികയല്ലേ.അതു വലിയ വരുമാനം ആയിരുന്നു. ഈ സാഹചര്യത്തിലാണ്  ജിഎസ്ടിയെ അംഗീകരിക്കേണ്ടി വന്നത്. വിദഗ്ധരും ജിഎസ്ടിക്ക് അനുകൂലമായിരുന്നു. 

∙ ജിഎസ്ടി കൗൺസിലിൽ കേരളത്തിന്റെ ആവശ്യങ്ങളും ആശങ്കകളും ഉന്നയിക്കുന്നതിൽ ഫലപ്രദമായ ഇടപെടൽ നടത്തിയ ആളായിരുന്നു താങ്കൾ. ഈയിടെ നിത്യോപയോഗ സാധനങ്ങൾക്ക് ജിഎസ്ടി ഏർപ്പെടുത്തിയ യോഗത്തിൽ പോലും കാര്യമായ പ്രതിഷേധങ്ങൾ കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ ഉയർത്തിയില്ല എന്ന ആക്ഷേപമുണ്ട്. പഴയ ജാഗ്രത ഇക്കാര്യത്തിൽ നഷ്ടപ്പെട്ടോ

അങ്ങനെയില്ല. നമ്മുടെ നിലപാട് എഴുതി തന്നെ കൊടുത്തിട്ടുണ്ട്. അവിടെ എല്ലാ മന്ത്രിമാരും പ്രസംഗിക്കും. അസാമാന്യക്ഷമ ഉണ്ടെങ്കിലെ അവസാനം ബഹളം ഉണ്ടാക്കാൻ പറ്റൂ. പലരും അപ്പോഴേക്കും തളർന്നിരിക്കും. ആ രീതി അവർ ബോധപൂർവം ചെയ്യുന്നതാണ്. അഭിപ്രായം എല്ലാം ആദ്യം പറയുമെങ്കിലും ചർച്ച തീരുമ്പോഴത്തെ സ്ഥിതി പ്രധാനമാണല്ലോ. അല്ലെങ്കിൽ പിന്നെ വക്കാണം തന്നെ ഉണ്ടാക്കണം. ലോട്ടറിക്കേസിലും മറ്റും അതാണ് ചെയ്തത്. സത്യഗ്രഹം ഇരിക്കുമെന്നു വരെ പറയേണ്ടി വന്നു. നമ്മൾ പ്രശ്നം ഉന്നയിക്കുന്നതിലെ കുഴപ്പം കൊണ്ടല്ല. അവിടുത്തെ അന്തരീക്ഷത്തിന്റെ പ്രശ്നമാണ്. മറ്റു സംസ്ഥാനങ്ങളുമായി ചേർന്നും നീങ്ങേണ്ടിവരും. 

എ.കെ. ആന്റണി.

∙ അങ്ങനെയുള്ള ഏകോപന ശ്രമങ്ങൾ നടക്കുന്നില്ലേ എന്നാണ് ചോദ്യം? 

രാഷ്ട്രീയ അന്തരീക്ഷവും മാറിയില്ലേ. നേരത്തെ കോൺഗ്രസിന് നാലഞ്ചു സംസ്ഥാനങ്ങളിൽ സർക്കാർ ഉണ്ട്. ആം ആദ്മിയുടെ മന്ത്രി കുറച്ചു കൂടി ധൈര്യത്തോടെ നിലപാട് എടുക്കുമായിരുന്നു. ഇന്ന്  പ്രാദേശിക കക്ഷികളുടെ മന്ത്രിമാർ പോലും വേണ്ടവിധം കൂടെ നിൽക്കില്ല. സംസ്ഥാനങ്ങളിലെ വസ്തുനിഷ്ഠ സാഹചര്യം അതിൽ ഘടകമാണ്. പണ്ടെല്ലാം എ.കെ. ആന്റണിയെ പോലെ ഉള്ള നേതാക്കന്മാർ തന്നെ കോൺഗ്രസുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ കാര്യങ്ങളിൽ ഇടപെടുമായിരുന്നു. ഇന്ന് അതൊന്നുമില്ല. 

∙ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സർക്കാരിന് വളരെ കടുത്ത നടപടികൾ വേണ്ടിവരുമോ? 

അതു പറയാറായിട്ടില്ല. കിഫ്ബിയുടെ പണം മുഴുവൻ വരവു വച്ച് നമ്മുക്കുള്ള വായ്പ വെട്ടിക്കുറയ്ക്കാൻ നോക്കിയാൽ സ്ഥിതി ഗുരുതരമാകും. അതല്ലെങ്കിൽ  കൈകാര്യം ചെയ്യാവുന്നതേയുള്ളൂ. ശമ്പളത്തെയും പെൻഷനെയും ഒന്നും ബാധിക്കില്ല. പക്ഷേ വികസന പ്രവർത്തനങ്ങളെ ബാധിക്കാം. ഏവിടെയാണ് പിടിക്കേണ്ടത് എന്നു നയപരമായി തീരുമാനിക്കേണ്ടതാണ്. 

∙ ഒരു വശത്ത് കേരളം ശ്രീലങ്ക ആകുമെന്ന് മുന്നറിയിപ്പ്, മറുവശത്ത് സ്വറ്റ്സർലൻഡ് ആകുമെന്ന പ്രതീക്ഷ?

കേരളം ഒരിക്കലും ശ്രീലങ്ക ആകില്ല. 1991 ലെ ഇന്ത്യയുടെ സ്ഥിതി ആയിരുന്നു ശ്രീലങ്കയുടേത്. കാർഷിക, വ്യവസായ മേഖലയുടെ അഭിവൃദ്ധി മൂലം  ഇന്ത്യ ആ നാശത്തിലേക്ക് കൂപ്പു കുത്തിയില്ല. പ്രാദേശിക മാന്ദ്യത്തെ തരണം ചെയ്യാനുള്ള ഉത്തേജക പാക്കേജ് കൂടിയായിരുന്നു കിഫ്ബി. ശരിക്കും കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ താങ്ങിനിർത്തുകയാണ് കിഫ്ബി ചെയ്യുന്നത്. സ്വിറ്റ്സർലൻഡ് ആകുമോ ഇല്ലയോ എന്നതല്ല. ആധുനികമായി മുന്നേറിയ രാജ്യങ്ങളിലെ സാഹചര്യങ്ങളിലേക്ക് ഉയരാൻ നമ്മുക്ക് സാധിക്കും. 

അവരെല്ലാം നന്നായി പ്രവർത്തിക്കുന്നുണ്ട്. പരിചയക്കുറവിന്റേതായ ചില പ്രശ്നങ്ങളുണ്ട്. പക്ഷേ വളരെ പരിചയസമ്പന്നനായ മുഖ്യമന്ത്രിയുണ്ട്. അതുകൊണ്ട് ഒരു പ്രശ്നവും ഇല്ല.

∙ രണ്ടു  തവണ ധനമന്ത്രി, സാമ്പത്തിക കാര്യങ്ങളിൽ പ്രായോഗികമായും അക്കാദമികമായും തികഞ്ഞ അറിവുള്ളയാൾ. ഇൗ കഴിവുകൾ പ്രതിസന്ധിയുടെ ഈ ഘട്ടത്തിൽ സർക്കാർ ഏതെങ്കിലും തരത്തിൽ പ്രയോജനപ്പെടുത്തുന്നുണ്ടോ?

തീർച്ചയായും. കൂടിയാലോചനകൾ  നടക്കുന്നുണ്ടല്ലോ. നിങ്ങൾ ഓർമിക്കേണ്ടത് അഞ്ചു വർഷം കൂടി കഴിഞ്ഞാൽ ഉള്ള എന്റെ അവസ്ഥയാണ്. പ്രായം കൂടി വരികയല്ലേ. പഴയതു പോലെ ഉണർന്നു പ്രവർത്തിക്കാൻ കഴിയണമെന്നില്ല. എഴുതാനുള്ളതെല്ലാം തീർക്കേണ്ട സന്ദർഭം ഇതു തന്നെയാണ്

ഡല്‍ഹി എകെജി ഭവനില്‍നിന്ന് മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.

∙ തോമസ് ഐസക്കിനെ രണ്ടാം പിണറായി മന്ത്രിസഭ ‘മിസ്’ ചെയ്യുന്നതായി കരുതുന്നവരില്ലേ? 

അങ്ങനെ ഒന്നുമില്ല.അതെല്ലാം അതിന്റെ വഴിക്കു തന്നെ നടന്നുകൊള്ളും. അത്തരത്തിൽ ഒരു പ്രശ്നവും ഇല്ല.  

∙ പുതിയ മന്ത്രിമാരുടെ പ്രവർത്തനം പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ലെന്ന വിമർശനം താങ്കൾ കൂടി പങ്കെടുത്ത സംസ്ഥാനകമ്മിറ്റി വിലയിരുത്തിയ പശ്ചാത്തലത്തിലാണല്ലോ നമ്മൾ സംസാരിക്കുന്നത്? 

അങ്ങനെയുള്ള വിലയിരുത്തൽ ഒന്നുമില്ല. ചില വിമർശനങ്ങൾ ചിലർ പറഞ്ഞു.അതിനെല്ലാം ഉള്ള വിശദീകരണങ്ങൾ നൽകിയിട്ടുണ്ട്. ആളുകൾ താരതമ്യപ്പെടുത്തുന്നത് അഞ്ചാം വർഷത്തെ ഞങ്ങളും ആയിട്ടാണ്. തുടക്കത്തിൽ ഞങ്ങളും പരിചയസമ്പന്നരായിരുന്നോ? അഞ്ചു വർഷം ആയപ്പോൾ പഠിച്ചു. അതു പോലെ ഇവരും മാറും. സിപിഎമ്മിന് അല്ലാതെ മറ്റൊരു പാർട്ടിക്ക് ഇതുപോലെ ധീരമായ തീരുമാനം എടുക്കാൻ സാധിക്കുമോ. മന്ത്രി സ്ഥാനത്ത് നിന്ന് മാറിയാൽ ഞങ്ങളുടെ പ്രവർത്തനം തീരും എന്നില്ലല്ലോ. പാർട്ടി സംഘടനാ രംഗത്ത് പ്രവർത്തിക്കും. 

∙ സംഘടനാ രംഗത്തേക്കാൾ പാർലമെന്ററി– അക്കാദമിക് രംഗങ്ങളിൽ തിളങ്ങുന്ന ആളായാണ് താങ്കൾ അറിയപ്പെടുന്നത്. എന്നാൽ പാർട്ടിയുടെ സംഘടനാ വ്യവസ്ഥ പ്രകാരം സംഘടനാ രംഗത്ത് കേന്ദ്രീകരിക്കേണ്ടി വന്നു. പാർലമെന്ററി രാഷ്ട്രീയം അവസാനിച്ചോ? ഇനി തിരഞ്ഞെടുപ്പുകളിൽ മത്സരിക്കില്ലേ? 

അങ്ങനെ എല്ലാക്കാലത്തേക്കും ഉള്ള തീരുമാനങ്ങളൊന്നും പാർട്ടി എടുത്തിട്ടില്ല. പക്ഷേ ഞാൻ അത് ചിന്തിച്ചുകൊണ്ടിരിക്കുകയല്ല. ഒരു പാട് ജോലി ഉണ്ട്.‘ചിന്ത’യുടെ എഡിറ്ററാണ്. വാരിക ഇതിനകം തന്നെ വളരെ മാറിയിട്ടുണ്ട്. സോഷ്യൽമീഡിയയുമായും  പാർട്ടി വിദ്യാഭ്യാസവുമായും ബന്ധപ്പെട്ട ചുമതലകളുണ്ട്.

മന്ത്രി പി.എ. മുഹമ്മദ് റിയാസ് (ഫയൽ ചിത്രം).

∙ ‘ചിന്ത’യുടെ പത്രാധിപ ചുമതല താങ്കൾ വഹിക്കുന്നുണ്ട്. പക്ഷേ കൂടുതൽ സംഭാവനകൾ നൽകാൻ കഴിയുന്ന ആളാണ്. ആ നിലയിൽ ഉപയോഗിക്കുന്നില്ലെന്ന് പറഞ്ഞാൽ?

ക്ലാസുകൾ, പ്രഭാഷണങ്ങൾ തുടങ്ങിയവ എന്റെ മേഖലയാണ്. അതിനൊന്നും ഒരു കുറവും ഇല്ല. എനിക്ക് ഇല്ലാത്ത വേവലാതി എന്തിനാണ് താങ്കൾക്ക്? 

∙ ഭരണരംഗത്തെ അനുഭവ സമ്പത്ത് കണക്കിലെടുക്കുമ്പോൾ മന്ത്രിമാർ അവരുടെ പ്രവർത്തനത്തിൽ പൊതുവിൽ ശ്രദ്ധിക്കേണ്ടത് എന്തെല്ലാമാണ്? 

അവരെല്ലാം നന്നായി പ്രവർത്തിക്കുന്നുണ്ട്. പരിചയക്കുറവിന്റേതായ ചില പ്രശ്നങ്ങളുണ്ട്. പക്ഷേ  വളരെ പരിചയസമ്പന്നനായ മുഖ്യമന്ത്രിയുണ്ട്. അതുകൊണ്ട് ഒരു പ്രശ്നവും ഇല്ല. ഇതുപോലെ ഉള്ള അവലോകനങ്ങളിലൂടെ പാർട്ടിയും കാര്യങ്ങൾ പറയുന്നുണ്ട്. വളരെ തുറന്ന ചർച്ചകളാണ് നടന്നത്. 

10 വർഷത്തിന് ഉള്ളിൽ കേരളത്തിലെ രണ്ടു വീടുകൾക്ക് ഒരു കാർ എന്ന നില ആകും. ഈ കാറുകൾ  എല്ലാം കൂടി റോഡിലേക്ക് ഇറങ്ങിയാൽ എന്താകും! ദീർഘദൂര യാത്രക്കാർക്കായി പൊതു സഞ്ചാര സൗകര്യം ഒരുക്കിയേ തീരൂ. അതിന് വേണ്ടത് ഈ പദ്ധതി തന്നെയാണ്. ചർച്ചയിലൂടെ അന്തരീക്ഷം കൂടുതൽ മെച്ചപ്പേടേണ്ടി വരും.

∙ പരിചയസമ്പത്തിന്റെയും പുതുമയുടേയും ചേരുവയാണ് വേണ്ടതെന്ന് പറയാറുണ്ടല്ലോ. ഇത്തവണ മന്ത്രിമാരിൽ ഏറിയ പങ്കും പുതുമുഖങ്ങളല്ലേ?. 

ഒരു കുഴപ്പവും അതുകൊണ്ട് ഉണ്ടാകില്ലേന്നേ. 1957 ൽ ഞങ്ങളുടെ മന്ത്രിമാർ എല്ലാം പുതുമുഖങ്ങൾ ആയിരുന്നില്ലേ! 

∙ എഴുത്ത്–വായന എന്നിങ്ങനെ അക്കാദമിക് രംഗത്തേയ്ക്ക് പൂർണമായും മാറുകയാണോ? 

പണ്ട് സമയം കിട്ടിയിരുന്നില്ല.ഇപ്പോൾ അതു ലഭിക്കുന്നത് ഉപയോഗപ്പെടുത്തുന്നു. പത്രത്തിൽ ലേഖനം എഴുതുന്നതു പോലെ അല്ല അക്കാദമിക് എഴുത്ത്. അതിന് കുറച്ചു സമയം വേണം. അതു ചെയ്യുന്നു, ഒപ്പം പാർട്ടി ഏൽപ്പിക്കുന്ന ജോലികളും  ചെയ്യുന്നു. 

ബർലിൻ കുഞ്ഞനന്തൻ നായരെ വി.എസ്. അച്യുതാനന്ദൻ വീട്ടിലെത്തി സന്ദർശിച്ചപ്പോൾ. (ഫയൽ ചിത്രം)

∙ വിഎസ് സർക്കാരിന്റെ കാലത്ത് സർക്കാരിനെയും പാർട്ടിയെയും പരിഷ്കരണപാതയിൽ കൊണ്ടുവരാൻ എറ്റവും ശ്രമിച്ച നേതാവായിരുന്നു താങ്കൾ. അന്നു പക്ഷേ തടസ്സങ്ങൾ നേരിട്ടു.ഇപ്പോൾ രണ്ടാം പിണറായി സർക്കാർ പൂർണമായും ആ പാതയിലാണോ?   

ഇതുവരെ കൂടുതൽ കേരളം  ഊന്നിയിരുന്നത് പുനർവിതരണത്തിലായിരുന്നു. ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പു വരുത്താനുള്ള ഒരു പാട് കാര്യങ്ങൾ അതിന്റെ ഭാഗമായി ഉണ്ടായി. പക്ഷേ നേട്ടങ്ങൾ പുതിയ വെല്ലുവിളികൾ സൃഷ്ടിക്കുന്നുണ്ട്. ഉത്പാദനക്ഷമത, തൊഴിൽ സാധ്യതകൾ, അടിസ്ഥാന സൗകര്യ വികസനം ഇവയിൽ എല്ലാം വെല്ലുവിളി ഉണ്ടായി. അവ തരണം ചെയ്യാൻ നവലിബറൽ നയങ്ങളെ ആശ്രയം ഉള്ളൂവെന്നും  അല്ലാതെ  കയ്യിൽ എവിടെ നിന്നാണ് പണം എന്നും ഉള്ളത് സ്വാഭാവികമായ ചോദ്യമാണ്. സ്വകാര്യമേഖലയെ കൂടി ആശ്രയിക്കേണ്ടിവരും. പക്ഷേ അപ്പോഴും ഒരു ബദൽ സാധ്യതയാണ് കേരളം അന്വേഷിച്ചത്. സ്വകാര്യസ്ഥാപനങ്ങളെ ഇവിടേക്ക് ക്ഷണിക്കുമ്പോൾ തന്നെ അവരിൽ മാത്രമായി  കണ്ണും നട്ട് ഇരിക്കാൻ പോകുന്നില്ല. സ്റ്റാർട്ടപ്പുകളിലൂടെ നമ്മുടെതായ സംരഭങ്ങൾ തുടങ്ങും. 

കൃഷിയും പരമ്പരാഗത വ്യവസായവും പൂർണമായും നവീകരിക്കുകയാണ്. വിദേശ കമ്പനി ഇങ്ങോട്ടു വന്നില്ലെങ്കിൽ വിദേശത്തുള്ള ജോലി ഇവിടെ വീട്ടിൽ ഇരുന്ന് ചെയ്യാൻ അവസരം ഒരുങ്ങും. ഈ പുതിയ കാഴ്ച്ചപ്പാട് ഫലപ്രദമായി നടക്കണമെങ്കിൽ പ്രതിപക്ഷം അടക്കം സഹകരിക്കണം. വർഗസമരത്തിന്റെ മുന മാത്രം പ്രയോഗിച്ചിരിക്കേണ്ട സാഹചര്യമല്ല ഉള്ളത്. കാലം മാറി. വ്യവസായികളും രാഷ്ട്രനിർമാണത്തിന്റെ ഭാഗമാണ്. എല്ലാവരെയും യോജിപ്പിച്ചുകൊണ്ടു പോകുക എന്നതിലാണ് പക്ഷേ മർമം. അതിൽ വേണ്ടത്ര വിജയിക്കുന്നില്ല. പ്രതിപക്ഷത്തിന്റെയും സമീപനത്തിൽ വലിയ മാറ്റം വന്നു. സാധാരണ തിരഞ്ഞെടുപ്പ് വർഷം ആകുമ്പോഴാണ് ഏറ്റുമുട്ടലുകൾ ശക്തമാകുക. ഇതിപ്പോൾ ഒന്നാം വർഷം മുതൽ തന്നെ തുടങ്ങി. ആദ്യത്തെ മൂന്നു വർഷം ഒന്നും ചെയ്യില്ല എന്ന് പണ്ട് പ്രതിപക്ഷ നേതാവായിരിക്കെ എ.കെ.ആന്റണി പറഞ്ഞിട്ടുണ്ട്. അതൊരു മര്യാദയാണ്. കിഫ്ബിയുടെ നടത്തിപ്പിനെക്കുറിച്ച് അഭിപ്രായ വ്യത്യാസം ഉണ്ടാകാമെങ്കിലും ആ പദ്ധതികൾ പ്രതിപക്ഷത്തിനും വേണ്ടേ? എല്ലാവരും ഓരോന്ന്  ആവശ്യപ്പെടാറുണ്ട്. അതു പോലെ ഓരോ കാര്യത്തിലും സമവായത്തിന്റെ വഴി  നോക്കണം. 

ഡോ. ടി.എം. തോമസ് ഐസക് (ഫയൽ ചിത്രം).

∙ പാർട്ടിയുടെ നയം മാറ്റത്തിന്റെ ഭാഗമായി സ്വകാര്യസർവകലാശാലകളും കേരളത്തിലേക്ക് വരുമോ? ആ നിർദേശം സർക്കാരിനു മുന്നിൽ ഉണ്ടല്ലോ? 

ചർച്ച ചെയ്ത് തീരുമാനിക്കേണ്ടതാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ നിക്ഷേപം വേണ്ടിവരും. സാങ്കേതിക നവീകരണം സമ്പദ് ഘടനയിൽ ആകെ കൊണ്ടുവരണമെങ്കിൽ പുതിയ അറിവ് ഉത്പാദിപ്പിക്കണം. അറിവ് പകർന്നു കൊടുക്കൽ മാത്രമേ നടക്കുന്നുളളൂ  എന്നതാണ് നമ്മുടെ ഉന്നതവിദ്യാഭ്യാസമേഖലയുടെ പരിമിതി. വലിയ ഗവേഷണകേന്ദ്രങ്ങൾ അതിനായി കേരളത്തിൽ വരണം. അതിന് എന്തെല്ലാം വേണം എന്ന് എല്ലാവരുമായും ചർച്ച ചെയ്യണം. പ്രതിപക്ഷവുമായും ആലോചിക്കണം. അഭിപ്രായ സമന്വയത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കണം. ചില കാര്യങ്ങൾ ഇപ്പോൾ തന്നെ തുടങ്ങേണ്ടിവരും. 250 കോടി രൂപയാണ് കൊച്ചി സർവകലാശാലയിലെ പുതിയ സയൻസ് ലാബിന്റെ മുതൽമുടക്ക്. അങ്ങനെ ഒരു ലാബ് ഉണ്ടാകില്ല. ഏറ്റവും മികച്ചവരെ ഇങ്ങോട്ടേയ്ക്ക് ആകർഷിക്കാൻ വേണ്ടിയാണ് ഇത്. അതിന് പുതുമയുളള കാഴ്ച്ചപ്പാടുകൾ വേണം. സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസ് (സിഡിഎസ്) ലോകം മുഴുവൻ അറിയപ്പെടുന്ന സാമ്പത്തിക ഗവേഷണ സ്ഥാപനമാണ്. എന്നാൽ നമ്മുടെ സർവകലാശാലകളിലെ സാമ്പത്തിക ശാസ്ത്ര വിഭാഗങ്ങൾ എന്ത് മാറ്റമാണ് ഉണ്ടാക്കിയത്? അതു പഴയതു  പോലെ തന്നെ നടക്കുന്നു. വരാൻ പോകുന്ന സംരംഭങ്ങൾക്ക് സർവകലാശാല സംവിധാനത്തിൽ പ്രവർത്തിച്ചുകൊണ്ടു തന്നെ കാര്യമായ സ്വാധീനം സമൂഹത്തിൽ ചെലുത്താൻ കഴിയണം. 

∙ സിഡിഎസിന്റെ പഴയ പ്രതാപം നഷ്ടപ്പെട്ടോ? പഴയ സിഡിഎസ് ഇല്ല ഇന്നത്തെ സിഡിഎസ് എന്നു കരുതുന്നവരുണ്ടല്ലോ? 

ആ താരതമ്യത്തിൽ ഒരു പ്രസക്തിയും ഇല്ല. അതൊരു ഗംഭീരമായ തലമുറ ആയിരുന്നു. ഡോ: കെ. എൻ.രാജിനെയും ഡോ: ഐ.എസ്. ഗുലാത്തിയെയും പോലുള്ളവർ. അവരൊന്നും റാഡിക്കൽ മാർക്സിസ്റ്റുകാർ ആയിരുന്നില്ല. പക്ഷേ ശക്തമായ ദേശീയ വികാരം ഉള്ളവരായിരുന്നു. രാജിനെ പോലെ ഒരാൾ മുൻകൈ എടുത്തപ്പോൾ സിഡിഎസിലേക്ക് അതു പോലെ തന്നെ പ്രഗത്ഭർ വന്നു. എം.എസ്. വല്യത്താൻ മുൻകൈ എടുത്തപ്പോൾ ശ്രീചിത്ര യാഥാർഥ്യമായി. അങ്ങനെ ഉള്ള ആളുകളെ കൊണ്ടുവരണം. ഇവിടെ പ്രമോഷൻ കൊടുക്കുന്നവരെ കൊണ്ട് ഒരു വലിയ സ്ഥാപനം ഉണ്ടാക്കാൻ കഴിയില്ല. മറിച്ചു ചെയ്യാനുള്ള ധീരത മുഖ്യമന്ത്രി സി.അച്യുതമേനോന് ഉണ്ടായിരുന്നു. സിഡിഎസിൽ ഒരു സർക്കാർ ഉദ്യോഗസ്ഥനും പറ്റില്ല എന്നതായിരുന്നു അച്യുതമേനോന് മുന്നിൽ വച്ച ഡോ: രാജ് വച്ച  ഉപാധി. അത് അംഗീകരിച്ചു. പ്ലാനിങ് സെക്രട്ടറി മാത്രമേ ഇപ്പോഴും അവിടെ സർക്കാർ ഉദ്യോഗസ്ഥനായി ഉള്ളു. പൂർണമായ സ്വയംഭരണാവകാശമായിരുന്നു ഡോ: വല്യത്താന്റെയും ആവശ്യം. ഉന്നത വിദ്യാഭ്യാസ മേഖലയിൽ വരുത്തേണ്ട പുതിയ ചിന്തകൾ നടപ്പാക്കുന്നതിന്റെ ഭാഗമായി ഉയരുന്ന ആശയമാണ് കൽപിത സർവകലാശാലയും സ്വകാര്യ സർവകലാശാലയും മറ്റും. എന്തു വേണം, വേണ്ട എന്നു ഞാൻ പറയുന്നില്ല. പക്ഷേ ചർച്ച നടക്കണം. അസീം പ്രേംജി സർവകലാശാല കാണാൻ ഞാൻ പോയിരുന്നു. മികച്ചത്! ഒറ്റ സർവകലാശാലയ്ക്കു വേണ്ടി അസീം പ്രേംജി മുടക്കുന്നത് 1500 കോടി രൂപയാണ്. നമ്മുടെ കോളജുകളേക്കാൾ കൂടുതലാണെങ്കിലും അമിതമായ ഫീസ് ഇല്ല. സ്കോളർഷിപ്പുകൾ ധാരാളമുണ്ട്. അങ്ങനെ ഒരാൾ മുന്നോട്ടുവന്നാൽ എന്തുകൊണ്ട് മടിച്ചു നിൽക്കണം?  സാമൂഹിക നിയന്ത്രണങ്ങൾ വേണ്ടിവരും. പക്ഷേ സ്കൂൾ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാട് ഉന്നത വിദ്യാഭ്യാസത്തിനു ചേരില്ല. വിദേശ സർവകലാശാലകളിൽ, ലാബുകളിൽ ഉന്നത വിദ്യാപീഠങ്ങളിൽ ജോലി എടുക്കുന്ന മലയാളികളാണ് കേരളത്തിന്റെ ഏറ്റവും വലിയ മൂലധനം. അവരെ

കേരളത്തിന്റെ പുരോഗതിക്ക് പ്രയോജനപ്പെടുത്തണം. കേരളത്തിലെ ഓരോ പിജി വിദ്യാർഥിക്കും ആശയവിനിമയം നടത്താൻ കഴിയുന്ന ഒരു മെന്റർ വിദേശത്ത് ഉണ്ടാകണം. നമ്മുടെ സമർഥരായ വിദ്യാർഥികൾക്ക് ലോകത്തിന്റെ വാതിൽ അതുവഴി തുറന്നു കൊടുക്കാൻ സാധിക്കണം. ഇതെല്ലാം മുന്നിൽ കണ്ടുള്ള പൊളിച്ചെഴുത്ത് ഉന്നതവിദ്യാഭ്യാസ രംഗത്ത് ഉണ്ടാകണം. 

∙ കെ–റെയിൽ വേണം എന്ന വാദം ഉന്നയിച്ച് താങ്കൾ പുസ്തകം എഴുതി. പദ്ധതിയുടെ കാര്യത്തിൽ ഇപ്പോൾ ഒരു അനിശ്ചിതത്വം ആണല്ലോ? ഇനി അതു യാഥാർഥ്യമാകുമോ? 

ജനങ്ങളുടെ അംഗീകാരം ഇല്ലാതെയോ, ഏറെക്കുറെ ഒരു അഭിപ്രായ സമന്വയം ഉണ്ടാകാതെയോ കേരളത്തിൽ ഒരു കാര്യം ചെയ്യാൻ കഴിയില്ല. അടിച്ചേൽപ്പിക്കാൻ സാധിക്കില്ല. അങ്ങനെ അടിച്ചേൽപ്പിച്ചു ചെയ്യേണ്ടതല്ല വികസനപ്രവർത്തനങ്ങൾ. ചർച്ച തന്നെയാണ് വഴി. അതിലൂടെ ഒരു ധാരണയിൽ എത്തണം. ഇപ്പോൾ  കെ–റെയിലിന്റെ  ആവശ്യം ഉണ്ടോ എന്നാണ് എല്ലാവരും ചോദിക്കുന്നത്. ഇന്ന് വേണ്ട, പക്ഷേ ഇപ്പോൾ തുടങ്ങിയാലെ 10–15 വർഷം കഴിയുമ്പോൾ അവിടെ എത്തൂ. 15 വർഷം കഴിയുമ്പോൾ വേണോ എന്നതാണ് അപ്പോൾ ആലോചിക്കേണ്ടത്. 10 വർഷത്തിന് ഉള്ളിൽ കേരളത്തിലെ രണ്ടു വീടുകൾക്ക് ഒരു കാർ എന്ന നില ആകും. ഈ കാറുകൾ  എല്ലാം കൂടി റോഡിലേക്ക് ഇറങ്ങിയാൽ എന്താകും! ദീർഘദൂര യാത്രക്കാർക്കായി പൊതു സഞ്ചാര സൗകര്യം ഒരുക്കിയേ തീരൂ. അതിന് വേണ്ടത് ഈ പദ്ധതി തന്നെയാണ്. ചർച്ചയിലൂടെ അന്തരീക്ഷം കൂടുതൽ മെച്ചപ്പേടേണ്ടി വരും. പക്ഷേ പദ്ധതി  വേണം എന്നതിൽ സംശയമില്ല.ഇപ്പോഴത്തെ എതിർപ്പിൽ കുറച്ചെല്ലാം ബോധപൂർവം ഉണ്ടാക്കുന്നതാണ്. കേന്ദ്രവും എതിരാണെന്ന് വന്നു. എല്ലാം കലങ്ങിത്തെളിയട്ടെ.അപ്പോൾ ആളുകൾക്ക് മനസ്സിലാകും. സിപിഎമ്മിന് വീണ്ടും ജയിക്കാൻ ഒന്നുമല്ല ഈ പദ്ധതി. അതിന് ആറുവരിപ്പാത തീർന്നാൽ മാത്രം മതി. 

 

English Summary: Dr, T.M. Thomas Issac opens up about ED questioning and government in Cross Fire