ഓഗസ്റ്റ് 19: ലോക ഫൊട്ടോഗ്രഫി ദിനം. ഈ ദിനത്തിൽ ഫൊട്ടോഗ്രഫർമാരുടെ ലോകത്തേക്ക് ഒരു യാത്ര പോയാലോ! കാഴ്ചകളുടെ ലോകമാണ് അവരുടേത്. കണ്ണുകൾ ക്യാമറ ലെൻസുകളും. നമുക്ക് പോകാൻ കഴിയാത്ത ലോകത്തേക്ക് അവർ കടന്നു ചെല്ലും, വെയിലും മഴയും തീയും പുകയും വകവയ്ക്കാതെ. അവരുടെ ഓരോ ചിത്രത്തിനും ഒന്നിലേറെ കഥ പറയാനുണ്ട്. ആ പടങ്ങളിലേക്ക് എങ്ങനെ എത്തിയെന്ന അനുഭവം പങ്കുവയ്ക്കുകയാണ് മലയാള മനോരമയുടെ ഫൊട്ടോഗ്രഫർമാർ.. Photography

ഓഗസ്റ്റ് 19: ലോക ഫൊട്ടോഗ്രഫി ദിനം. ഈ ദിനത്തിൽ ഫൊട്ടോഗ്രഫർമാരുടെ ലോകത്തേക്ക് ഒരു യാത്ര പോയാലോ! കാഴ്ചകളുടെ ലോകമാണ് അവരുടേത്. കണ്ണുകൾ ക്യാമറ ലെൻസുകളും. നമുക്ക് പോകാൻ കഴിയാത്ത ലോകത്തേക്ക് അവർ കടന്നു ചെല്ലും, വെയിലും മഴയും തീയും പുകയും വകവയ്ക്കാതെ. അവരുടെ ഓരോ ചിത്രത്തിനും ഒന്നിലേറെ കഥ പറയാനുണ്ട്. ആ പടങ്ങളിലേക്ക് എങ്ങനെ എത്തിയെന്ന അനുഭവം പങ്കുവയ്ക്കുകയാണ് മലയാള മനോരമയുടെ ഫൊട്ടോഗ്രഫർമാർ.. Photography

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓഗസ്റ്റ് 19: ലോക ഫൊട്ടോഗ്രഫി ദിനം. ഈ ദിനത്തിൽ ഫൊട്ടോഗ്രഫർമാരുടെ ലോകത്തേക്ക് ഒരു യാത്ര പോയാലോ! കാഴ്ചകളുടെ ലോകമാണ് അവരുടേത്. കണ്ണുകൾ ക്യാമറ ലെൻസുകളും. നമുക്ക് പോകാൻ കഴിയാത്ത ലോകത്തേക്ക് അവർ കടന്നു ചെല്ലും, വെയിലും മഴയും തീയും പുകയും വകവയ്ക്കാതെ. അവരുടെ ഓരോ ചിത്രത്തിനും ഒന്നിലേറെ കഥ പറയാനുണ്ട്. ആ പടങ്ങളിലേക്ക് എങ്ങനെ എത്തിയെന്ന അനുഭവം പങ്കുവയ്ക്കുകയാണ് മലയാള മനോരമയുടെ ഫൊട്ടോഗ്രഫർമാർ.. Photography

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓഗസ്റ്റ് 19: ലോക ഫൊട്ടോഗ്രഫി ദിനം. ഈ ദിനത്തിൽ ഫൊട്ടോഗ്രഫർമാരുടെ ലോകത്തേക്ക് ഒരു യാത്ര പോയാലോ! നാം കാണാത്ത ലോകത്തെ നമുക്ക് കാണിച്ചു തരുന്നത് ഫൊട്ടോഗ്രഫർമാരാണ്. കാഴ്ചകളുടെ ലോകമാണ് അവരുടേത്. കണ്ണുകൾ ക്യാമറ ലെൻസുകളും. ഓരോ ദൃശ്യത്തിലും അവർ ചിത്രങ്ങൾ കാണുന്നു. ഓരോ ചിത്രത്തിലും ജീവിതവും. നമുക്ക് പോകാൻ കഴിയാത്ത ലോകത്തേക്ക് അവർ കടന്നു ചെല്ലും, വെയിലും മഴയും തീയും പുകയും വകവയ്ക്കാതെ. അവരുടെ ഓരോ ചിത്രത്തിനും ഒന്നിലേറെ കഥ പറയാനുണ്ട്. ഒരു പക്ഷേ ആ ചിത്രത്തിലേക്ക് ഫൊട്ടോഗ്രാഫർമാർ എത്തിയതിൽ പോലും പറയാത്ത കഥകളുണ്ട്. പണ്ടു പണ്ട് മലയാള മനോരമയുടെ താളുകളിലൂടെ നിങ്ങളുടെ കണ്ണിൽ ഉടക്കിയതാകാം ഈ ചിത്രങ്ങൾ. ആ പടങ്ങളിലേക്ക് എങ്ങനെ എത്തിയെന്ന അനുഭവം പങ്കുവയ്ക്കുകയാണ് മലയാള മനോരമയുടെ ഫൊട്ടോഗ്രഫർമാർ. നിങ്ങൾക്കായി മാത്രം. നിങ്ങളുടെ സ്വന്തം...

∙ ‘പിന്നിലുണ്ട് പിബി’

ADVERTISEMENT

കേരളത്തിലെ സിപിഎമ്മിന്റെ ഭാവി പ്രവചിച്ച ഫോട്ടോയാണിത്. പാർട്ടിയുടെ സമഗ്രാധികാരം പിണറായി വിജയനിലേക്ക് ഒഴുകിയെത്തുന്നതിന്റെ തുടക്കം അടയാളപ്പെടുത്തിയതാണ് 13 വർഷം മുൻപെടുത്ത ഈ ഫോട്ടോ. അന്ന് കേരളത്തിന്റെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനായിരുന്നു. ലാവ്‌ലിൻ വിവാദത്തെതുടർന്ന് പാർട്ടിയിൽ വിഭാഗീയത രൂക്ഷമായി നിൽക്കുന്ന കാലത്താണ് സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ നവകേരള യാത്ര നടത്താൻ തീരുമാനിച്ചത്. യാത്രയുടെ ഒരു ഘട്ടത്തിലും താൻ പങ്കെടുക്കില്ലെന്ന്് വി.എസ്.അച്യുതാനന്ദൻ തീർത്തു പറഞ്ഞു. എന്നാൽ ലാവ്‌ലിൻ കേസിലുൾ‍പ്പെടെ പിണറായിയെ പിന്തുണച്ച് പൊളിറ്റ്ബ്യൂറോ നിലകൊണ്ടു. കോടിയേരി ബാലകൃഷ്ണൻ പോളിറ്റ്ബ്യൂറോ അംഗമായതും അക്കാലത്താണ്. കാസർകോട് ജില്ലയിലെ ഉപ്പളയിൽ നവകേരള യാത്രയുടെ വേദിയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന പിണറായി വിജയനു പിന്നിലായി പോളിറ്റ് ബ്യൂറോ അംഗങ്ങളായ എസ്. രാമചന്ദ്രൻ പിള്ളയും കോടിയേരി ബാലകൃഷ്ണനും ജനങ്ങളെ അഭിസംബോധന ചെയ്യുന്ന ചിത്രത്തിന് ‘പിന്നിലുണ്ട് പിബി’ എന്നാണ് ക്യാച്ച്‌വേർഡ് നൽകിയിരുന്നത്. പാർട്ടിയെന്നാൽ പിണറായിയെന്ന അവസ്ഥയിലേക്കുള്ള അശ്വമേധമായി ആ യാത്ര മാറി. 13 വർഷങ്ങൾ കഴിയുമ്പോൾ വിഎസ് പക്ഷംതന്നെ തുടച്ചുനീക്കപ്പെട്ടിരിക്കുന്നു!

അബു ഹാഷിം,
ചീഫ് ഫൊട്ടോഗ്രഫർ

∙ പ്രളയത്തിന്റെ ‘മണൽക്കടത്ത്’

ഒരു മുറി നിറയെ മണ്ണ്. അതും മലനാട്ടിൽ. ഇടുക്കിയിൽ. 2018ലെ പ്രളയത്തിന്റെ ഭീകരത കാണിക്കാൻ ഇതിലും വലിയ പടം വേറെയുണ്ടോ. നിങ്ങൾ ഞെട്ടിയോ. ദൃശ്യം ആദ്യം കണ്ടപ്പോൾ ഞാനും അതു ചെയ്തു. ഞെട്ടി. ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നപ്പോൾ ഉണ്ടായ പ്രളയത്തിൽ, പെരിയാറിന്റെ തീരത്തേക്ക് മണ്ണും ചെളിയും അടിച്ചു കയറുകയായിരുന്നു. തീരത്തുണ്ടായിരുന്ന ഒരു വീടിന്റെ അവസ്ഥ പ്രളയത്തിന്റെ ദുരിതഭാവങ്ങളെയാകെ ഉൾക്കൊള്ളിച്ചതായിരുന്നു. ഇടുക്കി അണകെട്ടിൽനിന്ന് വെള്ളം ഒഴുകുന്ന പെരിയാർ തീരത്താണ് ഈ വീട്. മഴ കുറഞ്ഞ് വെള്ളം ഇറങ്ങിക്കഴിഞ്ഞപ്പോൾ വീടുകളിലെ ചിത്രങ്ങൾ പകർത്താനിറങ്ങിയതായിരുന്നു ഞാൻ. പല വീടുകളിലും പാമ്പുകളെ വരെ കാണുന്നു. അങ്ങനെ ഈ വീട്ടിലെത്തി. വാതിൽ തുറക്കാൻ സാധിക്കുന്നില്ല. ജനാലയിൽ ഉള്ള മണൽ നീക്കി തുറന്നപ്പോഴാണ് അന്തംവിട്ടു പോയത്. വീടിനകത്ത് പകുതിയോളം മൂടി നിറഞ്ഞു കിടക്കുന്ന മണ്ണ്! അപ്പോൾത്തന്നെ ചിത്രം പകർത്തി. ദുരിതാശ്വാസ ക്യാംപിൽ ആയിരുന്ന വീടിന്റെ ഉടമസ്ഥൻ പത്രത്തിൽ ഈ ചിത്രം പിറ്റേദിവസം കാണുമ്പോൾ ആണ് തന്റെ വീട് ഇങ്ങനെ ആയി എന്ന് അറിയുന്നത്.

ADVERTISEMENT

അരവിന്ദ് ബാല,
സീനിയർ ഫൊട്ടോഗ്രാഫർ

∙ പാറ രാക്ഷസൻ

പ്രളയത്തിൽനിന്നു നാം എന്തെങ്കിലും പഠിച്ചോ? ഇല്ലെന്ന് തോന്നി. ഈ ചിത്രം എടുത്തപ്പോൾ. പശ്ചിമഘട്ട മലനിരകളിലെ പ്രധാന പാറയായ പത്തനംതിട്ട കലഞ്ഞൂർ രാക്ഷസൻപാറയ്ക്കു മുകളിൽ നിന്നുള്ള കാഴ്ചയാണിത്. യന്ത്രങ്ങളുടെ രാക്ഷസക്കൈകൾ എല്ലാം തുരന്നു മാറ്റിക്കൊണ്ടിരിക്കുകയാണ്. കുറവൻ - കുറത്തിപ്പാറയുടെ വടക്കുകിഴക്ക് ഭാഗമാണ് ഈ പൊടിമൺമല. 2018ലെ പ്രളയത്തിനു ശേഷം മറ്റു ചില ചിത്രങ്ങൾക്കായി കോന്നി രാക്ഷസൻ പാറയുടെ സമീപം എത്തിയപ്പോഴാണ് പാറയുടെ മുകളിൽ കയറിയാൽ എതിർവർശത്ത് ഇല്ലാതായിക്കൊണ്ടിരിക്കുന്ന ആ വലിയ കുന്നിന്റെ ഭീകര ചിത്രം കൂടി ക്യാമറയിൽ പകർത്താൻ സാധിക്കുമെന്ന് മനസ്സിലായത്. രാക്ഷസൻ പാറയോളം പോക്കമുണ്ട് ആ കുന്നിനും. പാറയുടെ മുകളിലേക്കെത്താൻ വഴികൾ ഇല്ല. നല്ല മഴയുണ്ടായിരുന്നു. പാറയിൽ വഴുക്കലും. ഒരുവിധം മുകളിലേക്ക് കയറി. ചിത്രം പകർത്തി. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മികച്ച ഫൊട്ടോഗ്രഫർക്കുള്ള പുരസ്കാരം, ടി.വി. അച്ചുതവാര്യർ പുരസ്കാരം എന്നിവ ഈ ചിത്രത്തിന് ലഭിച്ചു.

അരവിന്ദ് വേണുഗോപാൽ,
സീനിയർ ഫൊട്ടോഗ്രഫർ

ADVERTISEMENT

∙ ലേബർ റൂമിൽ, അക്ഷമയോടെ...

പുതുവർഷത്തിലൊരു ചിത്രം. എല്ലാ ഡിസംബറിലും ഫൊട്ടോഗ്രഫർമാരുടെ മനസ്സ് ഇതിലാണ്. 2019 ജനുവരി ഒന്നിനു പുലർച്ചെ 12 മണിക്ക് ജനിക്കുന്ന കുഞ്ഞിനെ പകർത്തിയാലോ? അങ്ങനെ പകർത്താനാകുമോ? കണ്ണൂർ നഗരത്തിലെ പ്രധാനപ്പെട്ട ആശുപത്രികളിലെല്ലാം ഞാൻ നേരിട്ടുപോയി. പ്രസവ വാർഡിലെ ഡോക്ടർമാരുമായും നഴ്സുമാരുമായും സംസാരിച്ചു. അങ്ങനെയൊരു ചിത്രമെടുക്കുന്നതിനെ അവരും പ്രോത്സാഹിപ്പിച്ചില്ല. അങ്ങനെ, ആ ദിവസമെത്തി. 2018 ഡിസംബർ 31. അന്നും പതിവുപോലെ ഞാൻ ജില്ലാ ആശുപത്രിയിലെത്തി. ഡോക്ടറെ കണ്ടു. പുതുവർഷ പുലരിയിൽ മൂന്ന് പ്രസവങ്ങൾക്കു സാധ്യതയുണ്ടെന്ന് ഡോക്ടർ. ഒന്ന് 11.40ന്, മറ്റൊന്ന് 12.00ന് പിന്നൊന്ന് 12.30നും. രാത്രി 11 മണിയോടെ തന്നെ ഞാൻ ജില്ലാ ആശുപത്രി ലേബർ റൂമിനു മുൻപിലെത്തി. നേരത്തേ ഡോക്ടർ പറഞ്ഞ മൂന്നു പ്രസവങ്ങളുമായി ബന്ധപ്പെട്ട യുവതികളുടെ ബന്ധുക്കൾ ആ സമയം ലേബർ റൂമിനു പുറത്തുണ്ടായിരുന്നു. ഞാൻ ഓരോരുത്തരുടെയും അടുത്തെത്തി. എന്റെ ആവശ്യം അറിയിച്ചു. ആരും തയാറല്ല. പെട്ടെന്നാണ്, ലേബർ റൂമിന്റെ വാതിൽ തുറന്ന് ഒരു മാലാഖയെപ്പോലെ ആ നഴ്സ് പുറത്തേക്കു വന്നത്. എന്റെ നോട്ടമത്രയും അവരുടെ കൈകളിലേക്കായിരുന്നു. ആ മാലാഖയുടെ കൈവെള്ളയിലെ കുഞ്ഞിളം കാലിൽ കെട്ടിയ ബർത്ത് ബാൻഡിൽ ഡോക്ടർ എഴുതിയിരിക്കുന്നു– ‘01–01–2019 സമയം 12 മണി’ രണ്ടേ രണ്ടു സ്നാപ്. ചിത്രം ഫോക്കസായോ എന്നുപോലും നോക്കിയില്ല. ക്യാമറയുമായി ഞാൻ ഒറ്റ ഓട്ടം. ‘പിച്ചവയ്ക്കാം നന്മയിലേക്ക്’ എന്നൊരു പിടിവാക്കോടെ പുതുവർഷ ചിത്രമായി അത് പ്രസിദ്ധീകരിച്ചു.

ധനേഷ് അശോകൻ,
സീനിയർ ഫൊട്ടോഗ്രഫർ

∙ കലി തുള്ളിയ രവിപുരം ഗോവിന്ദൻ

കോപാകുലനായ രവിപുരം ഗോവിന്ദൻ എന്ന ആന തന്റെ പാപ്പാൻ ഗോപാല കൃഷ്ണൻ നായരെ കൊച്ചി നഗര മധ്യത്തിൽ ജനക്കൂട്ടം സാക്ഷി നിൽക്കെ വലിച്ചെറിയുന്ന ദൃശ്യം ഇപ്പോഴും മനസ്സിൽനിന്നു മാഞ്ഞിട്ടില്ല. 2003 ജനുവരി 23നായിരുന്നു സംഭവം. കൊച്ചി ഷേണോയീസ് തിയറ്ററിനു പിൻവശത്തുള്ള റോഡിലായിരുന്നു സംഹാര താണ്ഡവം. മുന്നറിയിപ്പില്ലാതെ പാപ്പാനെ ആക്രമിച്ചു കൊലപ്പെടുത്തിയ ആന പിന്നീട് തെരുവിലിറങ്ങി ഗതാഗതം സ്തംഭിപ്പിച്ചു. ഒരു മരണം നടന്ന ഇടമാണെന്നുള്ള കാര്യം എത്ര പെട്ടെന്നാണ് ജനം മറക്കുന്നത് എന്ന് തോന്നിപ്പോവുന്നു സംഭവമാണ് തൊട്ടു പിന്നാലെ നടന്നത്. കലി തുള്ളിയ ആന തൊട്ടടുത്തുള്ള ബ്യൂട്ടി പാർലറിലേക്ക് ഓടി. ആന തിരികെ നടന്നപ്പോൾ കടയിൽ മുഖം മിനുക്കിക്കൊണ്ടിരുന്ന (ഫേഷ്യൽ) ആളും ഇറങ്ങിയോടി. ആ കാഴ്ചയാണ് കണ്ടുനിന്നവരിൽ ചിരി നിറച്ചത്. ഭീതിയുടെയും തമാശയുടെയും അസാധാരണ നിമിഷങ്ങൾ...!

ഇ.വി. ശ്രീകുമാർ,
പിക്ചർ എഡിറ്റർ

∙ അഫീൽ, ഇന്നും നെഞ്ചിലെ തേങ്ങൽ

ആരവങ്ങളും ആർപ്പുവിളികളും മാത്രം ഉയർന്നു കേൾക്കാറുള്ള അത്‌ലറ്റിക് മത്സരവേദി നടുങ്ങിയ ദിനം ആയിരുന്നു അന്ന്. പാലാ നഗരസഭ സ്റ്റേഡിയത്തിൽ ആരംഭിച്ച സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റ് ആണ് സ്ഥലം. രാവിലെ ട്രാക്കിൽ ആരംഭിച്ച മത്സരങ്ങൾ തുടങ്ങി. സമയം 12 മണിയോടടുക്കുന്നു. മറ്റു മത്സരങ്ങൾക്ക് ഒപ്പം ഗ്രൗണ്ടിലെ ഒരു ഭാഗത്ത് ഒരേ സമയത്ത് അടുത്തടുത്തായി രണ്ട് ത്രോ മത്സരങ്ങൾ ആരംഭിച്ചു . വനിതാ ഹാമര്‍ സർക്കിളിന്റെ തൊട്ടടുത്തുതന്നെയായിരുന്നു അണ്ടർ 18 ആൺകുട്ടികളുടെ ജാവലിൻ മത്സരം നടന്നത്. രണ്ട് ത്രോ ഇനങ്ങളുടെയും ഫീൽഡുകൾ ഒരിടം തന്നെയായിരുന്നു. ഹാമര്‍ ത്രോ യിൽ ഒരു ഏറ് കഴിഞ്ഞാൽ ഒരു ജാവലിൻ ത്രോ എന്ന ക്രമത്തിൽ ആയിരുന്നു മത്സരം പുരോഗമിച്ചത്. ഒരേസമയത്ത് രണ്ട് മത്സരങ്ങളും നടന്നതോടെ ഹാമറും ജാവലിനും എടുത്തു കൊടുക്കേണ്ട കുട്ടികൾ ഫീൽഡിൽ ഉണ്ടായിരുന്നു. അതിൽ ഒരാളായിരുന്നു അഫീലും. രണ്ടു മത്സരങ്ങളുടെയും ഫീൽഡ് ഒന്നുതന്നെയായതിനാൽ അതിന്റെ സമീപത്തു നിന്ന് രണ്ടു മത്സരങ്ങളുടെയും ചിത്രങ്ങൾ പകർത്തുകയായിരുന്നു ഞാൻ. ആദ്യം എറിഞ്ഞ കുട്ടിയുടെ ഫിനിഷിങ് എടുത്തു കഴിഞ്ഞപ്പോൾ ജാവലിൻ ത്രോയുടെ ഊഴമായി ഞാനൊരു അൽപം മാറി ഫീൽഡിനോട് ചേർന്ന് നിന്നു . രണ്ടു മത്സരങ്ങളിൽ നിന്ന് ആണെങ്കിലും എറിയുമ്പോൾ ഉണ്ടാകുന്ന മുഖത്തെ എക്സ്പ്രഷൻ ആയിരുന്നു എന്റെ ലക്ഷ്യം അതിനായി 200എംഎം ലൈൽസും ക്യാമറയിൽ ഫിക്സ് ചെയ്തായിരുന്നു നിന്നിരുന്നത്. പിന്നീട് സംഭവിച്ചതെല്ലാം വളരെ പെട്ടെന്നായിരുന്നു.

ഹാമർ ത്രോ എറിയുന്നതിനായി അടുത്ത കുട്ടി ഇരുമ്പ് കമ്പിയിൽ തൂക്കിയിട്ട ലോഹ ഗോളം വായുവിൽ ഒരുതവണ വീശുന്ന കാഴ്ച ക്യാമറയിലെ വ്യൂ ഫൈൻഡറിലൂടെ കണ്ടു. തീരെ ചെറുതല്ലാത്ത ഒച്ചയിൽ എന്തോ ഒന്നു തകരുന്ന ശബ്ദം. ഒച്ച കേട്ട ഭാഗത്തേക്ക് നോക്കുമ്പോൾ ചോരയിൽ കുളിച്ച തലയുമായി ഒരു കുട്ടി ഗ്രൗണ്ടിലേക്ക് മറിഞ്ഞു വീഴാൻ തുടങ്ങുന്ന കാഴ്ചയാണ് കണ്ണിനു മുന്നിൽ. ഒരു നിമിഷം പകച്ചു പോയി. എന്താണ് എന്റെ തൊട്ടടുത്ത് സംഭവിച്ചതെന്ന് എനിക്ക് ഓർമിച്ചെടുക്കാൻ കഴിയുന്നതിനുമുൻപേ ആ കുട്ടി നിലം പതിച്ചു. ഹാമർ പറന്നു വരുന്നത് കണ്ട് സമീപത്തു നിന്നവർ അലറി വിളിച്ചപ്പോൾ അവൻ കുനിഞ്ഞിരുന്നു പക്ഷേ അപ്പോഴേക്കും നെറ്റിയുടെ ഇടതുഭാഗം തകർത്തു ഹാമർ പതിച്ചു കഴിഞ്ഞിരുന്നു. ശരിക്കും എന്റെ തൊട്ടടുത്ത് എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കി എടുക്കുവാൻ മണിക്കൂറുകൾ വേണ്ടിവന്നു. അതുവരെ കണ്ട കാഴ്ചകളിൽ നിന്നുണ്ടായ ഞെട്ടലിനൊപ്പം അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട നിമിഷങ്ങൾ. പാലാ സെന്റ് തോമസ് എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥി അഫീൽ ജോൺസണായിരുന്നു അത്. സ്പോർട്സിനോടുള്ള ഇഷ്ടം കൊണ്ടായിരുന്നു വൊളന്റിയറായി അന്ന് അവിടെ എത്തിയിരുന്നത്. മാതാപിതാക്കൾക്ക് ഒരേയൊരു മകനായിരുന്നു അവൻ.

ഗിബി സാം,
ഫൊട്ടോഗ്രഫർ

∙ ക്യാമറ ചാടി, ഞാനും ചാടി

ക്യാമറ കൂടെ ചാടട്ടെ എന്നു പറയുമ്പോൾ കളിയാക്കരുത്. ക്യാമറയും ഞാനും ഒരുമിച്ചു കിണറ്റിലേക്ക് ചാടി. അതുകൊണ്ടാണ് ഈ പടം കിട്ടിയത്. കണ്ണൂർ പാതിരിയാടിലാണ് സംഭവം. കുറച്ച് കുട്ടികൾ ചേർന്ന് ആവേശത്തോടെ കിണർ കുഴിക്കുന്ന വിഡിയോയാണ് ആ പടത്തിലേക്ക് എന്നെ എത്തിച്ചത്. കോവിഡ് കാലമാണ്. സ്ഥലത്ത് എത്തി ആദ്യം കാണുന്ന ബോർഡ് കണ്ടെയ്ൻമെന്റ് സോൺ എന്നതും. കണ്ണൂർ പാതിരിയാട് കുറ്റിപ്പുറത്ത് പ്രസീനയുടെ വീട്ടിലാണ് കിണർ. പണിക്കാർ കുട്ടികളും. മൺ കല്ലുകൾകൊണ്ട് നിർമിച്ച വീട്. വീടിനോട് ചേർന്നു തന്നെയാണ് കുട്ടികൾ കിണർ നിർമിച്ചിരിക്കുന്നത്. കണ്ടിട്ട് നല്ല ആഴവും തോന്നുന്നു. ‍കിണറിന് അകത്ത് ഇറങ്ങിയാലേ നല്ല ചിത്രം ലഭിക്കു. വീട്ടുകാർക്കു പേടി. ഒടുവിൽ ഞാൻ ക്യാമറയും ചേര്‍ത്തു പിടിച്ച് കിണറ്റിലേക്ക് ഇറങ്ങി. ഒരു കോൽ വെള്ളമുണ്ട് കിണറ്റിൽ. 10 കോൽ താഴ്ചയുള്ള കിണറിന്റെ അകത്തു നിന്ന് ഞാൻ മുകളിലേക്ക് നോക്കി എല്ലാവരുടെയും മുഖം പേടിച്ച് വിളറി. കുട്ടികളിലൊരാൾ കയറിൽ തൂങ്ങി കിണറ്റിലേക്ക് ഇറങ്ങി. നാലു ടേക്ക്. ചിത്രം റെഡി. പ്രസീനയുടെ മകൻ സിദ്ധാർഥിന്റെ കൂട്ടുകാർ ലോക്ഡൗണിൽ കൂടുതൽ സമയം ചെലവഴിച്ചത് കിണർ നിർമാണത്തിനു വേണ്ടിയായിരുന്നു. കുട്ടികൾ കിണർ നിർമിച്ച ചിത്രം വായനക്കാരിലേക്ക് എത്തിയതോടെ നിരവധി സഹായങ്ങളും പ്രസീനയുടെ കുടുംബത്തെ തേടിയെത്തി. എനിക്കും കിട്ടി സമ്മാനം. ‘തൃശൂര്‍ ഗ്രാഫിക്സ്’ സംഘടിപ്പിച്ച ദേശീയ ഫൊട്ടോഗ്രഫി മത്സരത്തില്‍ മൂന്നാം സ്ഥാനവും കോട്ടയം പ്രസ് ക്ലബ് സംഘടിപ്പിച്ച വിക്ടർ ജോർജ് ഫൊട്ടോഗ്രഫി മത്സരത്തില്‍ പ്രോത്സാഹന സമ്മാനവും.

ഹരിലാൽ,
ഫൊട്ടോഗ്രഫർ

∙ സുരക്ഷ ‘വിട്ട്’ രാഷ്ട്രപതി!

ഉദ്യോഗസ്ഥൻ കാറിന്റെ വാതിൽ തുറന്നപ്പോൾ ചിരിച്ച്, കൈ വീശി സഫാരി സ്യൂട്ടിൽ ഇന്ത്യൻ രാഷ്ട്രപതി റാംനാഥ് കോവിന്ദ് പുറത്തേക്ക്. രാഷ്ട്രപതി സുരക്ഷാ വാഹനം വിട്ട് പുറത്തേക്ക്... അവിശ്വസനീയം. ഈ ചിത്രത്തിലേക്ക് എത്തിയ വഴി ഇതാണ്. കാസർകോട് പെരിയയിലുള്ള കേന്ദ്ര സർവകലാശാലയിലെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാനായി അന്നത്തെ രാഷ്ട്രപതിയായിരുന്ന റാം നാഥ് കോവിന്ദ് എത്തിയപ്പോൾ ലഭിച്ച ചിത്രമാണിത്. ഇന്ത്യൻ പ്രഥമ പൗരന്റെ ചിത്രമെടുക്കുക എന്നത് വളരെ വിരളമായി മാത്രം ലഭിക്കുന്ന ഒരു അവസരമാണ് പക്ഷേ ചടങ്ങിൽ നിന്നല്ലാതെ എങ്ങനെ? രാഷ്ട്രപതിയുടെ വാഹനവ്യൂഹം കടന്നുപോകുന്ന വഴിയിൽ ആളുകളുണ്ടാവും അത് ഒരു സാധ്യത ആണ്. പക്ഷേ കവലയിൽ രാഷ്ട്രപതി ഇറങ്ങാനുള്ള ഒരു സാധ്യതയും ഇല്ല. ഇനി അദ്ദേഹം കാറിന്റെ ഗ്ലാസെങ്കിലും താഴ്ത്തി കൈ വീശിയാലോ? അങ്ങനെയെങ്കിൽ ഏത് ജംക്‌ഷനിൽ നിൽക്കണം തുടങ്ങി നിരവധി ചിന്തകൾ മനസിലൂടെ കടന്നുപോയി.

രാഷ്ട്രപതിയുടെ വാഹനവ്യൂഹം കടന്നു പോകുന്ന വഴിയെക്കുറിച്ചും ഗതാഗത നിയന്ത്രണങ്ങളും ഒക്കെ അന്വേഷിച്ചറിഞ്ഞു. രാവിലെ തന്നെ ഗതാഗത നിയന്ത്രണത്തിനു മുൻപ് ആ വഴികളിലൂടെ ബൈക്കിൽ ഒരു റൗണ്ട് സഞ്ചരിച്ചു. ചട്ടഞ്ചാൽ ജംക്‌ഷനിൽ നിൽക്കുന്നതിനേക്കാൾ സാധ്യത കളനാട് ജംക്‌ഷനിൽ ആണെന്ന് മനസ്സിലാക്കി. ഇടറോഡിലേക്കു കയറുന്നതിനാൽ അവിടെ വാഹനം വേഗത കുറയ്ക്കാനുള്ള സാധ്യത ഉണ്ട്. നേരിട്ടുള്ള വ്യൂവും ഉള്ള സ്ഥലം ആയതിനാൽ വാഹനവ്യൂഹത്തിന്റെ ചിത്രമെങ്കിലും ലഭിക്കും. അവിടെത്തന്നെ നിന്നു. സമയം ഉച്ചതിരിഞ്ഞ് 3 ആയപ്പോൾ പൊലീസ് സുരക്ഷ കടുപ്പിച്ചു ആളുകൾ ആദ്യം നിന്ന സ്ഥലത്തു നിന്നു വീണ്ടും 100 മീറ്റർ പിന്നിലേക്ക് മാറ്റി വടം കെട്ടി നിർത്തി. സമയം 3:33 സുരക്ഷാ വാഹനങ്ങളുടെ അകമ്പടിയോടെ രാഷ്ട്രപതിയുടെ വാഹന വ്യൂഹം ചീറിപ്പാഞ്ഞെത്തി. ഏത് വാഹനത്തിലായിരിക്കും രാഷ്ട്രപതി ഉണ്ടായിരിക്കുക എന്ന് അവിടെ കൂടി നിന്നവരോടൊപ്പം ഞാനും കണ്ണ് കൂർപ്പിച്ചു നോക്കിക്കൊണ്ടിരുന്നു. പെട്ടെന്നതാ വാഹന വ്യൂഹം ബ്രേക്കിട്ട് നിർത്തുന്നു. എല്ലാവരും ആകാംക്ഷയിലും ആശങ്കയിലുമായി. പൊലീസ് തലങ്ങും വിലങ്ങും പാഞ്ഞു. വാഹന വ്യൂഹത്തിൽ നിന്ന് ആദ്യം ചാടിയിറങ്ങിയത് സുരക്ഷാ ഉദ്യോഗസ്ഥരായിരുന്നു. തൊട്ടുപിന്നാലെ ഒരു രാഷ്ട്രപതി അവിടെ കൂടി നിന്നവരെ കൈ ഉയർത്തി അഭിവാദ്യം ചെയ്തു, അവർ ആർത്തു വിളിച്ചു...

ജിബിൻ ജെ. ചെമ്പോല,
സീനിയർ ഫൊട്ടോഗ്രഫർ

∙ അകക്കണ്ണിൽ തൊട്ട്...

സുബീഷിനും മുഹമ്മദ് നിഷാമിലിനും ഈ പടം കാണാൻ കഴിയില്ല. എങ്കിലും ഈ ചിത്രത്തെ കുറിച്ച് അവർ കേട്ടു കാണുമെന്ന് ആഗ്രഹിക്കുന്നു. കാഴ്ച പരിമിതരുടെ ചെസ് മത്സരമായിരുന്നു വേദി. പടമെടുക്കാൻ പോയപ്പോൾ അതൊരു വത്യസ്ത കാഴ്ചയായിരുന്നു. കണ്ടറിയാൻ സാധിക്കാത്തത് കണ്ണിൽ തൊട്ടറിയുന്നു. പാലക്കാട് ലീഡ് കോളജിൽ കേരള ചെസ് അസോസിയേഷൻ ഫോർ ബ്ലൈൻഡ് നടത്തുന്ന കാഴ്ചപരിമിതരുടെ സംസ്ഥാന ചെസ് മത്സരത്തിൽ ഇടക്കൊച്ചി സ്വദേശി എസ്. സുബീഷും (വലത്) കോഴിക്കോട് സ്വദേശി മുഹമ്മദ് നിഷാമിലും (ഇടത്) മത്സരിക്കുന്നതാണ് ഈ ചിത്രം. പൂർണമായും കാഴ്ചയില്ലാത്ത, ലോട്ടറി വിൽപന നടത്തി ജീവിക്കുന്ന എസ്. സുബീഷ് ആദ്യമായാണ് ചെസ് മത്സരത്തിൽ പങ്കെടുക്കുന്നത്. കാഴ്ചപരിമിതർക്കായി പ്രത്യേക രീതിയിൽ സജ്ജീകരിച്ച ചെസ് ബോർഡിൽ കളിക്കാൻ സുബീഷിന് അറിയില്ല. എതിരാളിയായ മുഹമ്മദ് നിഷാമിൽ സ്വന്തം കരുക്കൾ വെട്ടാൻ പോലും ഇടയ്ക്കിടെ സുബീഷിനെ സഹായിച്ചു. സാധാരണ ചെസിൽ നിന്നു വ്യത്യസ്തമായി കരുക്കൾ എത്ര തവണ വേണമെങ്കിലും സ്പർശിക്കാൻ കാഴ്ചപരിമിതരുടെ മത്സരത്തിൽ കളിക്കാർക്ക് അനുവാദമുണ്ട്. കറുത്ത കരുക്കളുടെ മുകളിലുള്ള ചെറിയ മുന ഉപയോഗിച്ചാണു കരുക്കൾ തിരിച്ചറിയുന്നത്. ബോർഡിൽ വെള്ളയും കറുപ്പും കളങ്ങൾ തമ്മിൽ ഉയരവ്യത്യാസവുമുണ്ട്.

ജിൻസ് മൈക്കിൾ,
ഫൊട്ടോഗ്രഫർ

∙ മനസ്സിൽ മായാത്ത ആ സല്യൂട്ട്

നെഞ്ചുലഞ്ഞാലും അച്ഛനൊരു സല്യൂട്ട്– ആ ചിത്രവും അതെടുത്ത നിമിഷവും മനസ്സിൽ നിന്നു മായുന്നില്ല. 2021 മേയ് 7. കശ്മീരിലെ ദ്രാസ് സെക്ടറിലെ മണ്ണിടിച്ചിലിലാണ് വയനാട് പൊഴുതന സ്വദേശി സുബേദാർ സി.പി. ഷിജി കൊല്ലപ്പെട്ടത്. മദ്രാസ് റെജിമെന്റില്‍ ജോലി ചെയ്തുവരികയായിരുന്ന ഷിജി 2020 മാര്‍ച്ചിലാണ് രണ്ടുമാസത്തെ ലീവ് കഴിഞ്ഞു കശ്മീരിലേക്കു തിരിച്ചുപോയത്. കറുകന്‍തോട് വീട്ടുവളപ്പില്‍ സൈനികബഹുമതികളോടെ മൃതദേഹം സംസ്കരിക്കാനെടുത്തപ്പോഴാണു കൂടിനിന്നവരുടെയെല്ലാം ഏങ്ങലടികള്‍ ഉച്ചത്തിലാക്കിയ ആ കാഴ്ച. 13 വയസ്സുകാരന്‍ മകന്‍ അഭിനവ് അച്ഛന്റെ മൃതദേഹത്തിന് അന്ത്യാഭിവാദ്യമര്‍പ്പിക്കുന്നു! മാസ്ക് കൊണ്ടു മുഖം മറഞ്ഞിരുന്നെങ്കിലും അവന്റെ കണ്ണുകളില്‍ നിറയെ വേദന തെളിഞ്ഞുനിന്നിരുന്നു. അടക്കാനാകാത്ത ദുഃഖത്തിലും ആ ബാലന്‍ പിതാവിന് ഒരു സല്യൂട്ട് നല്‍കി. വിതുമ്പലടക്കാനുള്ള ശ്രമത്തില്‍ അവന്റെ കണ്ണുകള്‍ ഇറുങ്ങിയടഞ്ഞുപോയി. ഒരു നൊടിയിട ആ കാഴ്ച കണ്ട് വിറങ്ങലിച്ചുനിന്നെങ്കിലും തൊട്ടടുത്തനിമിഷം തന്നെ ക്യാമറ കയ്യിലെടുത്ത് ക്ലിക്ക് ചെയ്തു. വികാരനിര്‍ഭരമായ ആ രംഗം കണ്ണുനിറ‍ച്ചതിനാല്‍ ചിത്രം നന്നായി പതിഞ്ഞോയെന്നൊന്നും നോക്കാനായില്ല. വലിയൊരു ഹൃദയഭാരത്തോടെയാണു തിരികെ ഓഫിസിലെത്തിയത്. കംപ്യൂട്ടറിലേക്കു ചിത്രങ്ങള്‍ പകര്‍ത്തിയപ്പോള്‍ വീണ്ടും ആ ഫ്രെയിമില്‍ കണ്ണുടക്കി. ആ ചിത്രത്തിനായിരുന്നു 2022ലെ വിക്ടര്‍ ജോര്‍ജ് പുരസ്കാരവും സി.കെ. ജയകൃഷ്ണന്‍ പുരസ്കാരവും.

ജിതിന്‍ ജോയല്‍ ഹാരിം,
ഫൊട്ടോഗ്രഫർ

∙ നക്ഷത്രങ്ങള്‍ കരയാറില്ല

അതെ! വിപ്ലവ നക്ഷത്രത്തിന്റെ മകള്‍ക്ക് അങ്ങിനെയാകാനേ കഴിയൂ... തളര്‍ന്ന ശരീരവുമായി വീല്‍ ചെയറില്‍ ഇരുന്നുപോയിട്ടും പോരാട്ടവീര്യവുമായി ഇന്ത്യ മുഴുവന്‍ ചുറ്റിക്കറങ്ങിയ ആ പോരാളിയുടെ മകള്‍ക്ക് ഇത്രയെങ്കിലും കരുത്തുണ്ടായില്ലെങ്കില്‍ പിന്നെ എങ്ങനെയാണ്? കേരളത്തിൽ സിപിഎമ്മിന്റെ ജിവിക്കുന്ന രക്തസാക്ഷിയായിരിക്കെ അന്തരിച്ച മുന്‍ എംഎല്‍എ സൈമണ്‍ ബ്രിട്ടോയുടെ മകൾ അമ്മയെ ആശ്വസിപ്പിക്കുന്ന ചിത്രത്തെക്കുറിച്ചാണ് ഈ കുറിപ്പ്. 2018 വർഷം വിടപറയുന്ന ഡിസംബർ 31നാണ് ബ്രിട്ടോയും പറന്നകന്നത്. പുതുവർഷത്തെ വരവേൽക്കാൻ കൊച്ചി നഗരം ഒരുങ്ങുമ്പോൾ എറണാകുളം ടൗൺഹാളിൽ ബ്രിട്ടോയുടെ മൃതദേഹം കിടത്താനും പൊതുദർശനത്തിനുമുള്ള സംവിധാനങ്ങൾക്ക് ഒരുക്കം തുടങ്ങിയിരുന്നു. 2019 ജനുവരി 2നു ടൗണ്‍ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചപ്പോഴാണു ഞാന്‍ ചിത്രമെടുക്കാന്‍ പോകുന്നത്. അദ്ദേഹം മരിച്ചത് തൃശൂരിലായതിനാൽ കൊച്ചിയിൽ ജോലി ചെയ്യുന്ന ഞാൻ അവിടെ പോകേണ്ടിവന്നിരുന്നില്ല. ബ്രിട്ടോയെ അറിയാമെന്നല്ലാതെ അദ്ദേഹത്തിന്റെ ഭാര്യയും മകളും എനിക്കത്ര പരിചിതരല്ല. പക്ഷേ മകള്‍ കയീനിയ നിമിഷങ്ങള്‍ക്കുള്ളില്‍ എനിക്ക് അദ്ഭുതമായി മാറി. അച്ഛന്റെ മരണം നന്നായി മനസ്സിലാകുന്ന പ്രായമായിരുന്നിട്ടും അതിന്റെ ദുഃഖമൊക്കെ ഉള്ളിലൊതുക്കി ആളുകള്‍ക്കിടയിലൂടെ ഓടി നടക്കുന്നു. ഇടയ്ക്ക് കൂട്ടുകാരോടു കുശലം പറയുന്നു. മന്ത്രിമാരടക്കമുള്ള നേതാക്കളോടു ചിരിച്ച് കൈകൂപ്പി നന്ദി അറിയിക്കുന്നു. ഇടയ്ക്ക് വിതുമ്പുന്ന അമ്മയെ ആശ്വസിപ്പിക്കുന്നു. അതിനിടെയാണ് സൈമണ്‍ ബ്രിട്ടോയുടെ മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ടുകൊടുക്കുന്ന സമ്മതപത്രം ഭാര്യ സീനയെക്കൊണ്ട് ഒപ്പിടീക്കാന്‍ കൊണ്ടുവന്നത്. വിറയ്ക്കുന്ന കരത്തോടെ സീന അതുകയ്യിലെടുത്ത് ബ്രിട്ടോയുടെ ശരീരം വച്ചിരിക്കുന്ന പെട്ടിയുടെ ചില്ലില്‍ വച്ചു. കണ്ണില്‍ ഉരുണ്ടുകൂടിയ നീര്‍മുത്തുകള്‍ മൂലം ചിലപ്പോള്‍ അവര്‍ക്ക് ഒപ്പിടേണ്ട സ്ഥലം കാണാന്‍ കഴിഞ്ഞില്ലായിരിക്കാം. അവിടെയും ആ മകള്‍ നക്ഷത്രമായി ഉദിച്ചു. അമ്മയുടെ പുറത്തുതട്ടി ആശ്വസിപ്പിച്ചു ഒപ്പിടേണ്ട സ്ഥലം ചൂണ്ടിക്കാണിച്ചു കൊടുത്തു. ആ നിമിഷമാണ് ഈ ചിത്രമായി മാറിയത്. അതെ! നക്ഷത്രങ്ങള്‍ കരയാറില്ല.

ജോസ്കു‌ട്ടി പനയ്ക്കൽ,
ചീഫ് ഫൊട്ടോഗ്രഫർ

∙ കുറിക്കു കൊണ്ട ആ കുറിപ്പ്

വാർത്തയ്ക്കു പിന്നിലെ ചിത്രം എന്നതു പോലെ ചിത്രത്തിനു പിന്നിൽ വാർത്തയുമുണ്ടാകാം. ആ സംഭവം ഇങ്ങനെയാണ്. 2016ല്‍ പിണറായി സര്‍ക്കാറിന്റെ ആദ്യ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ്. സദസ്സിന്റെ മുന്‍നിരയില്‍ ഇരിക്കുന്നത് സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, വി.എസ്.അച്യുതാനന്ദന്‍, മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ ഉമ്മന്‍ചാണ്ടി, മുന്‍ പ്രധാനമന്ത്രി ദേവെഗൗഡ തുടങ്ങിയവര്‍. അതിനിടയിലാണ് ഒരാളെത്തി വിഎസിന്റെ ചെവിയില്‍ എന്തോ പറഞ്ഞത്. അതിനുശേഷം അദ്ദേഹത്തിന്റെ കൈകളില്‍ മടക്കിയ ഒരു കടലാസ് ഏല്‍പ്പിക്കുന്നു. വി.എസ് അതെടുത്തു വായിക്കുന്നു. വി.എസ് വായിക്കുമ്പോള്‍ സീതാറാം യച്ചൂരിയും കടലാസിലേക്കു നോക്കുന്നുണ്ടായിരുന്നു. കുറിപ്പ് വായിച്ചശേഷം വി.എസ്, യച്ചൂരിയെ ഒന്നു നോക്കി. ആ നോട്ടത്തില്‍ എല്ലാമുണ്ടായിരുന്നു. പിന്നെ കുറിപ്പ് മടക്കി വി.എസ് സ്വന്തം പോക്കറ്റിലിട്ടു.

ഓഫിസിലെത്തി കുറിപ്പ് വായിക്കുന്ന ചിത്രം കംപ്യൂട്ടറില്‍ വലുതാക്കിനോക്കി. ഫോട്ടോ, വിഎസിനു മുന്നില്‍ നിന്നെടുത്തതിനാല്‍ കടലാസിലെ അക്ഷരങ്ങള്‍ പിറകില്‍ നിന്ന് നിഴല്‍ പോലെ തലതിരിഞ്ഞതും അവ്യക്തവുമായിരുന്നു. കംപ്യൂട്ടര്‍ സഹായത്തോടെ ചിത്രം തിരിച്ചിട്ടു. അപ്പോഴാണു കുറിപ്പിലെ ഉള്ളടക്കങ്ങള്‍ കുറെയൊക്കെ വായിച്ചെടുക്കാനായത്. അതിങ്ങനെയായിരുന്നു: ‘ക്യാബിനറ്റ് റാങ്കോടെ സര്‍ക്കാറിന്റെ ഉപദേശകന്‍. ഇടതുമുന്നണി അധ്യക്ഷപദവും സംസ്ഥാന സെക്രട്ടേറിയറ്റിലേക്കുള്ള തിരിച്ചുവരവും.’ ആലപ്പുഴ സംസ്ഥാന സമ്മേളനത്തിനു ശേഷം സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്നും വി.എസ്. പുറത്തായിരുന്നെങ്കിലും തിരഞ്ഞെടുപ്പിനുശേഷം രണ്ടാംവട്ടം മുഖ്യമന്ത്രിയാകുമെന്നുവരെ ചിലര്‍ കരുതി. അതില്‍നിന്നു പിന്തള്ളപ്പെട്ടപ്പോള്‍ മറ്റു പദവികള്‍ നല്‍കി വി.എസിനെ തൃപ്തിപ്പെടുത്താന്‍ കേന്ദ്രനേതൃത്വം മുന്‍കൈയെടുക്കുന്നതിനിടയിലാണ് ഈ കുറിപ്പ് പുറത്തുവരുന്നത്. വി.എസിനെ തൃപ്തിപ്പെടുത്താന്‍ കേന്ദ്രനേതൃത്വത്തിന്റെ ഉപാധികളാണിതെന്ന് ആദ്യം കരുതിയെങ്കിലും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കു കൈമാറാന്‍ വി.എസ് തന്നെ എത്തിച്ചതായിരുന്നു കുറിപ്പെന്നു പിന്നീടു തെളിഞ്ഞു. യെച്ചൂരിക്ക് അപ്പോഴും സംശയമായിരുന്നു. തനിക്കു രഹസ്യമായി കിട്ടിയ കുറിപ്പെങ്ങനെ പുറത്തായെന്ന്.

മനോജ് ചേമഞ്ചേരി,
ചീഫ് ഫൊട്ടോഗ്രഫർ

∙ പുലി വരുന്നേ പടം വരുന്നേ...

പുലി വരുന്നേ പുലി. എന്നാൽ പറയാം. പടം വരുന്നേ പടാ പടാന്ന്. മാർച്ച് 5, 2017. ഞായർ. ഏകദേശം 3.30 സമയമായിക്കാണും. പുലിയിറങ്ങിയിട്ടുണ്ട് എന്നും രണ്ടും പേരെ ആക്രമിച്ചു എന്നും വിവരം ലഭിച്ചു. കണ്ണൂർ നഗരത്തിലെ തായത്തെരു റെയിൽവേ ട്രാക്കിനടുത്താണ് സംഭവം. ബൈക്ക് നിർത്തി സംഭവ സ്ഥലത്തേക്ക് ഓടിയെത്തി. നാട്ടുകാരെല്ലാവരും കൂടി വടിയും കൊടുവാളുമൊക്കെയായി തിരച്ചിൽ നടത്തുന്നുണ്ടായിരുന്നു. ആളുകൾ തിരയുന്നതിന്റെ ഒക്കെ ചിത്രങ്ങളെടുത്തു. റെയിൽവേ ട്രാക്കിൽ കൂടിയ ആളുകളെ പൊലീസ് ഓടിക്കുന്നുണ്ടായിരുന്നു. തൊട്ടടുത്ത വീടിന്റെ മുകളിൽ കയറി. പുലിയെ കാത്തു നിന്നു.
സമയം അഞ്ചു മണിയാകുന്നു. ഏതോ ഒരാള്‍ വന്ന് പൊന്തക്കാട്ടിനകത്തേക്ക് നോക്കി, ഇവിടെ ഒന്നുമില്ലെന്ന് പറഞ്ഞു പോയി. ഈ സമയത്താണ് മലബാർ അവേർനെസ് ആൻഡ് റെസ്ക്യു സെന്റർ ഫോർ വൈൽഡ് ലൈഫ് സംഘം പുലിയെ തിരഞ്ഞിറങ്ങിയതും. സംഘം പൊന്തക്കാടിനടുത്തെത്തിയതും പൊടുന്നനെ പുലി അവർക്കു നേരെ ചാടി വീണു. സംഘത്തിലുള്ളവർ ചിതറി ഓടി. ഇതിനിടയിൽ ഒരാള്‍ക്കു പരുക്കും പറ്റി. ജനം പരിഭ്രാന്തരായി ഓടി. ജനത്തെക്കണ്ട് പുലിയും പരിഭ്രാന്തനായി. അതു തിരിച്ച് പൊന്തക്കാടിലേക്ക് വീണ്ടും മറഞ്ഞു. എല്ലാം നിമിഷങ്ങൾക്കുള്ളിൽ തീർന്നു. എടുത്ത പടം ഒന്ന് ക്യാമറയിൽ നോക്കി. അതെ, ആ നിമിഷം കൃത്യമായി കിട്ടി. രണ്ടു പേരുടെ പുറത്തേക്ക് പുലി ചാടുന്ന നല്ല വെടിച്ചില്ല് പടം. ആ വർഷത്തെ നിരവധി അവാർഡുകൾ ആ ചിത്രത്തിനായിരുന്നു. വാൻ ഇഫ്ര ഏഷ്യൻ അവാർഡ്, സംസ്ഥാന സാഹസിക ഫൊട്ടോഗ്രഫി അവാർഡ്, മീഡിയ അക്കാദമി അവാർഡ്, സി.കെ. ജയകൃഷ്ണന് അവാർഡ് അങ്ങനെയങ്ങനെ..

എം.ടി. വിധുരാജ്,
സീനിയർ ഫൊട്ടോഗ്രഫർ

∙ ആനന്ദക്കണ്ണീർ അയ്യപ്പ

ശബരിമലയിൽ മണ്ഡലകാലം. ഇവിടെ ഓരോ ഫ്രെയിമും ഓരോ പുതിയ കാഴ്ചയാണ്. അയ്യപ്പൻമാർ ശ്രീകോവിലിനു മുന്നിലെത്തിയാൽ ഭക്തി അതിന്റെ പാരമ്യത്തിലെത്തും. ശരണം വിളിയുടെ ശക്തി കൂടും, ശബ്ദവും. ചിലർ വളരെ സൗമ്യരായിരിക്കും. ചിലർ കണ്ണടച്ച് പ്രാർഥിക്കും. ഭക്തരുടെ ഭാവങ്ങൾ പകർത്താമെന്നുള്ളതാണ് ലക്ഷ്യം; പ്രത്യേകിച്ച് കുട്ടികളുടെ. അയ്യപ്പനെ കാണുമ്പോഴുള്ള അവരുടെ ഭാവം. അവരുടെ ചിരി, ഭക്തി, സന്തോഷം, അതിശയം. രാത്രിയായി ഹരിവരാസനത്തിനു സമയമാകുന്നു. തിരക്ക് കൂടുന്നു. കുഞ്ഞയ്യപ്പൻമാരും കുഞ്ഞുമാളികപ്പുറങ്ങളും ധാരാളമായി വന്നുകൊണ്ടിരിക്കുന്നു. പിൻനിരയിൽ കുട്ടികൾ അയ്യപ്പനെ കാണാനായി മുതിർന്നവരുടെ തോളിലിരുന്നാണ് വരുന്നത്. ഈ പടങ്ങളെല്ലാം ചേർത്ത് സ്ട്രിപ്പാക്കി കൊടുക്കാമെന്ന് വിചാരിച്ച് തിരികെ മുറിയിലേക്ക് പോകാനൊരുങ്ങുമ്പോഴാണ് മധ്യനിരയിൽ അയ്യപ്പൻമാരെ നിയന്ത്രിക്കുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥൻ തിരക്കിനിടയിൽ നിന്ന് ഒരു കുട്ടിയെ ഉയർത്തുന്നത് ശ്രദ്ധയിൽ പെടുന്നത്. കാഴ്ചയുടെ ഭംഗി നോക്കുന്നതിനിനു മുൻപേ എന്റെ ക്യാമറ ക്ലിക്ക് ചെയ്തു. രണ്ടേ രണ്ടു ഫ്രെയിം. അതു മാത്രമേ കിട്ടിയുള്ളൂ. വ്യൂഫൈൻഡറിലൂടെ കണ്ടപ്പോൾ എന്തോ ഒരു ദിവ്യത്വം, ആ കുഞ്ഞിന്റെ കണ്ണുകളിൽ. ഒരു ഫ്രാക്ഷൻ ഓഫ് സെക്കൻഡിൽ എല്ലാം കഴിഞ്ഞു. കുട്ടി കാഴ്ചയിൽ നിന്ന് മറ‍ഞ്ഞു. സ്ക്രീനിൽ പടം ഫോക്കസ് ചെയ്തപ്പോഴാണ് ശരിക്കും ഞെട്ടിയത്. അയ്യപ്പനെ ദർശിച്ച അവന്റെ കണ്ണിൽ നിന്നുതിരുന്ന കണ്ണുനീർ. സന്നിധാനത്ത് അയ്യപ്പനെ ഒരു നോക്കു കണ്ട് കണ്ണ് നിറയുന്നവരെയും കരയുന്നവരെയും ഞാൻ കണ്ടിട്ടുണ്ട്, പകർത്തിയിട്ടുണ്ട്. എന്നാൽ ഏഴോ എട്ടോ വയസ്സുള്ള ആ കൊച്ചയ്യപ്പന്റെ കണ്ണ് നനയണമെങ്കിൽ; ആ കുഞ്ഞു മനസ്സിലെ ഭക്തി, ആനന്ദം, നിർവൃതി, അത് അളക്കാനാവുന്നില്ല. സ്ക്രീനിൽ നിന്ന് കുറച്ചുനേരത്തേക്ക് കണ്ണെടുക്കാനായില്ല. ആ കുട്ടിയെ തിരഞ്ഞ് ആ തിരക്കിനിടയിൽ കുറേ നടന്നു. അപ്പോഴേക്കും അവൻ ആ ജനസാഗരത്തിൽ എവിടെയോ പോയ് മറഞ്ഞു.

നിഖിൽ രാജ്,
സീനിയർ ഫൊട്ടോഗ്രഫർ

∙ ‘കേന്ദ്ര’സ്ഥാനത്ത് രാഹുൽ

കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് നടത്തിയ പ്രക്ഷോഭത്തിനിടെ പൊലീസിനെയും സിആർപിഎഫിനെയും വെല്ലുവിളിച്ച് തെരുവിൽ കുത്തിയിരുന്ന രാഹുൽ ഗാന്ധിയുടെ പ്രതിഷേധച്ചിത്രമാണിത്. രാഷ്ട്രീയ എതിരാളികളെ നേരിടാൻ അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ചായിരുന്നു പ്രക്ഷോഭം. എംപിമാരടക്കമുള്ള നേതാക്കളുമായി രാഷ്ട്രപതി ഭവനിലേക്കുള്ള പ്രതിഷേധ പ്രകടനം നയിച്ചത് രാഹുൽ ആണ്. പാർലമെന്റിനു സമീപം വിജയ് ചൗക്കിൽ പ്രകടനം പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറികടന്ന് മുന്നോട്ടു നീങ്ങാൻ ശ്രമിച്ച എംപിമാരെ പൊലീസ് വലിച്ചിഴച്ച് വാഹനത്തിൽ കയറ്റി. എംപിമാരെ ഒാരോരുത്തരെയായി പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഒടുവിൽ തനിച്ചായ രാഹുൽ വഴിയിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. പൊലീസിനെ പ്രതിരോധിച്ച് രാഹുലിനു ചുറ്റും അദ്ദേഹത്തിന്റെ സുരക്ഷാ ഭടൻമാരും നിന്നു. അതിനു പിന്നിൽ സിആർപിഎഫും പൊലീസും. നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ അവിടെ ഇരിക്കാനാവില്ലെന്നു പൊലീസ് അറിയിച്ചെങ്കിലും രാഹുൽ വഴങ്ങിയില്ല. ഒടുവിൽ അദ്ദേഹത്തെ ബലമായി അറസ്‍റ്റ് ചെയ്തു നീക്കി. കോൺഗ്രസിന്റെ പ്രസിഡന്റുസ്ഥാനം വീണ്ടും ഏറ്റെടുക്കുന്ന കാര്യത്തിൽ രാഹുൽ മൗനം തുടരുകയാണെങ്കിലും പാർട്ടി സമരങ്ങളുടെ നായകൻ അദ്ദേഹം തന്നെ. ഈ ചിത്രം അതിനു തെളിവ്.

രാഹുൽ ആർ. പട്ടം,
സീനിയർ ഫൊട്ടോഗ്രഫർ

∙ ‘ഈ ചിത്രം എനിക്ക് ഇഷ്ടമല്ല’

ഈ രണ്ടു ചിത്രങ്ങൾ പ്രകൃതിയുടെ മറ്റൊരു മുഖം പരിചയപ്പെടുത്തുന്നു. ഇടുക്കിയിലെ പെട്ടിമുടിയാണ് സ്ഥലം. ഉരുൾപൊട്ടൽ തൂത്തെറിഞ്ഞ പെട്ടിമുടി. 2020 ജനുവരി 1ന് പ്രതിപക്ഷനേതാവിനൊപ്പം പുതുവൽസര ആഘോഷച്ചടങ്ങിനു പോയപ്പോഴാണ് പെട്ടിമുടിയുടെ ആദ്യ ദൃശ്യം പകര്‍ത്തിയത്. മലഞ്ചെരിവുകളിലൂടെ അസ്തമയ സൂര്യന്റെ വെളിച്ചം ഏറ്റുവാങ്ങുന്ന ലയങ്ങളുടെ കാഴ്ച മനോഹരമായിരുന്നു. ഏതൊരു ഫൊട്ടോഗ്രഫറും പകർത്താൻ കൊതിക്കുന്ന ദൃശ്യം. നിറങ്ങൾ വാരിയണിഞ്ഞ വീടുകൾക്കും തേയിലച്ചെടികൾക്കുമിടയിലൂടെ ചിരിച്ചുകളിച്ച് നടക്കുന്ന കുട്ടികളെയാണ് അന്ന് അവിടെ കണ്ടത്. ഉരുൾപൊട്ടലിനു ശേഷം വീണ്ടും പെട്ടിമുടിയിലെത്തി. ഓഗസ്റ്റ് 7ന് പരിഭ്രമത്തോടെ പെട്ടിമുടിയിലെത്തിയപ്പോൾ അവിടെ അന്നു കണ്ട ലയങ്ങളില്ല. മൺകൂനയും പാറക്കെട്ടുകളും മാത്രം. ജീവനില്ല. ജീവിതമില്ല. ചിരിയില്ല. ഒരിക്കലും എടുക്കാൻ ഇഷ്ടപ്പെടാത്ത ചിത്രങ്ങൾ പകർത്തിയാണ് ഞാനന്നു മടങ്ങിയത്.

റെജു അർണോൾഡ്,
ഫൊട്ടോഗ്രാഫർ

∙ ക്യാമറ പോലും പകച്ച ആ നിമിഷം

ഇതുവരെ കണ്ടതിൽ ഏറ്റവും ദാരുണമായ കാഴ്ച. ആ മുഖവുരയോടെ മാത്രമേ ഈ ചിത്രം എടുത്ത നിമിഷം പങ്കു വയ്ക്കാൻ കഴിയൂ. കോട്ടയം ജില്ലയുടെ മലയോരപ്രദേശമായ മൂന്നിലവ് അഞ്ചുമല പ്രദേശം. വയനാടൻ ചുരം പോലെ വലിയ കുത്തുകയറ്റങ്ങൾ ഉള്ള വഴി. ഒരു കുടുംബത്തിന്റെ നിസ്സഹായാവസ്ഥ റിപ്പോർട്ട് ചെയ്യാനാണ് അവിടെ എത്തിയത്. റോഡിൽനിന്ന് ഒരു കിലോമീറ്ററിൽ അധികം കാടും തോടും നടന്നു കടന്ന് ഒരു ഷെഡിനു സമീപം എത്തി. കഴിഞ്ഞ ആഴ്ചകളിലെ കനത്തമഴയെ തുടർന്ന് മലവെള്ളപ്പാച്ചിലിൽ പൊട്ടിഒഴുകി വന്ന കല്ലുകൾ വീടെന്ന ഷെഡിനു സമീപം കിടക്കുന്നു. വെള്ളാമേൽ തോമസ് കാർലോസ്, ഭാര്യ റോസ, മകൻ സാബു തോമസ് എന്നിവരാണ് അവിടെ താമസിക്കുന്നത്. നല്ല പ്രകാശത്തിൽനിന്ന് കൂരിരുട്ടിലേക്കാണു കാലെടുത്തു വച്ചത്. ഒരു മുറിയിൽ മൂന്നു കട്ടിലാണ് ഉള്ളതെന്നു മനസിലായി. 93 വയസുള്ള തോമസ് ചേട്ടനും മാനസിക സൗഖ്യം ഇല്ലാത്ത 88 വയസ്സുള്ള റോസ അമ്മയും മാനസിക ആരോഗ്യം ഇല്ലാത്തതും അരയ്ക്കു താഴേയ്ക്കു തളർന്നു പോയതുമായ 51 വയസുകാരൻ സാബുവും ഒാരോ കട്ടിലിലായി കിടക്കുന്നു. കട്ടിലുകൾക്കു നടുവിൽ നിലത്ത് എരിഞ്ഞുകത്തുന്ന അടുപ്പ്. അടുപ്പിൽ തീ പിടിപ്പിക്കാനായി ഇവരുടെ മകൾ ഒാമനയുടെ ശ്രമം. വൈദ്യുതി ഇല്ലാത്ത ഷെഡിൽ അടുപ്പിലെ പുക നിറഞ്ഞിരിക്കുന്നു. ആകെ ഉള്ളതു ചിലപ്പോൾ ആളിക്കത്തുന്ന അടുപ്പിലെ തീവെളിച്ചം മാത്രം. ഞാനും കൈയിലെ ക്യാമറയും ഒന്നു പതറി, കണ്ണു നിറഞ്ഞു തുളുമ്പി. ക്യാമറ കൈയിലെടുത്തു.

എന്റെ ഒപ്പം എപ്പോഴുമുള്ള നിക്കോൺ ഡി4എസ് ക്യാമറയ്ക്കു പകരം Z6 II ക്യാമറയാണ് അന്നുണ്ടായിരുന്നത്. മോണിട്ടറിൽ ഇരുട്ടുമാത്രമേ ഉള്ളൂ. മൂന്നു ജീവിതങ്ങളുടെ കലങ്ങിമറിഞ്ഞു വരുന്ന മലവെള്ളപ്പാച്ചിൽ പോലെയുള്ള കാഴ്ച കാണാനാകുന്നില്ല, ക്യാമറയ്ക്കു പോലും സങ്കടമായെന്നു തോന്നുന്നു. ദൈവമേ അൽപം വെളിച്ചം തരണമേ എന്നു പ്രാർഥിച്ചു പോയി!! 8–9 ഫ്രെയിമുകളേ എടുക്കാൻ പറ്റിയുള്ളൂ. പെട്ടെന്നു പുറത്തിറങ്ങി. വീടെന്ന ആ ഷെഡിൽ ‘ജീവിക്കുന്ന’ മൂന്നുപേരുടെയും ഇരുട്ടു നിറഞ്ഞ മുഖങ്ങൾ കഴിഞ്ഞ കുറേ ദിവസങ്ങളായി നെഞ്ചിലെ എരിച്ചിലായി നിൽക്കുന്നു. ചിത്രത്തിനു പിന്നിൽ മറ്റൊരു തീവ്രസ്നേഹത്തിന്റെയും കരുതലിന്റെയും കഥ കൂടിയുണ്ട്. ചിത്രത്തിൽ അടുപ്പിൽ തീ എരിക്കാൻ ശ്രമിക്കുന്ന മകൾ ഒാമനയുടെ ജീവിത കഥയാണിത്. കഴിഞ്ഞ 16 വർഷങ്ങളായി എല്ലാ ദിവസവും മൂന്നിലവിൽ നിന്ന് രാവിലെ അഞ്ചര കിലോമീറ്റർ മലയും കാടും നടന്നു കയറി അപ്പനും അമ്മയ്ക്കും സഹോദരനും ഉള്ള ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളുമായി എത്തുന്ന മകൾ. വരവും മടക്കവുമായി ദിവസവും 11 കിലോമീറ്ററാണ് ഓമന നടക്കുന്നത്. എന്തൊരു സ്നേഹമാണ്, കടമയാണ്, കരുതലാണിത്.

റിജോ ജോസഫ്,
പിക്ചർ എഡിറ്റർ

∙ ഒരു മാസത്തെ യാത്ര, ഒരു സൂര്യാസ്തമയം

അങ്ങു ദൂരെ ദൂരെ. ഇടവിട്ട് തെളിയുന്ന ഒരു ചെറിയ വെളിച്ചം കണ്ട് തോന്നിയ കൗതുകം. അതാണ് ഈ ചിത്രം. പുതുവൈപ്പ് ലൈറ്റ് ഹൗസ്. അതിന്റെ പിന്നിൽ സൂര്യൻ അസ്തമിക്കുന്ന പടത്തിനായി ശ്രമിക്കണം എന്ന് ഒരു ആഗ്രഹം. തുടർന്ന്, ഒരു മാസം എല്ലാ സന്ധ്യകളിലും ആ ഒരു ലക്ഷ്യത്തിനു വേണ്ടിയായിരുന്നു യാത്രകള്‍. എന്നും പടമെടുത്തു കൊണ്ടേയിരുന്നു. കാലാവസ്ഥ മാറി മാറി വന്നു. മഞ്ഞും മേഘവും സൂര്യനെ ലൈറ്റ് ഹൗസിന് അടുത്തെത്തും മുൻപേ മറയ്ക്കുമായിരുന്നു. തുടർച്ചയായ പരാജയങ്ങൾക്കു ശേഷം ഒരു മാസത്തെ തുടർച്ചയായ ശ്രമം മൂലം ആഗ്രഹിച്ച പടങ്ങൾ കിട്ടി, അതിലൊന്ന് 2021 ഡിസംബർ 31 വർഷത്തെ അവസാന ചിത്രമായി ഒന്നാം പേജിലും വന്നിരുന്നു.

റോബർട്ട് വിനോദ്,
ചീഫ് ഫൊട്ടോഗ്രഫർ

∙ ചാലിപ്പുഴ നൽകിയ ‘നീലക്കയാക്ക്’

2018 ജൂലൈ 19 , മഴയിൽ നിറഞ്ഞൊഴുകുന്ന കോടഞ്ചേരിയിലെ ചാലിപ്പുഴ. ഇരു കരകളെയും വെൺനുരകൊണ്ട് തലോടി കോടഞ്ചേരി പുലിക്കയത്തെ ചാലിപ്പുഴ, സ്ഫടികം തോൽക്കും തെളിമയുമായി ഒഴുകുന്നു. ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയമായ കോഴിക്കോട് കോടഞ്ചേരി പുലിക്കയത്ത് നടക്കുന്ന മലബാർ റിവർ ഫെസ്റ്റിവലാണ് വേദി. അഡ്വഞ്ചർ സ്പോർട്ട്സിന് ലോകത്ത് തന്നെ മികച്ച വൈറ്റ് വാട്ടർ മത്സര വേദിയായി വിദഗ്ധർ കാണുന്ന ഇടം. ഇന്റർമീഡിയറ്റ് സ്‍ലാലം വിഭാഗത്തിൽ മത്സരിക്കുന്നവർ 4 മീറ്റർ ഉയരത്തിൽ നിന്നു പ്ലെവുഡ് ബോർഡ് വിരിച്ച് ഒരുക്കിയ റാംപിലൂടെ താഴേക്ക് കുതിക്കുകയാണ്. വെള്ളത്തിൽ പതിക്കുന്ന നിമിഷം തൊട്ട് ചിതറിത്തെറിക്കുന്ന ജലക്കാഴ്ച ആരെയും അമ്പരപ്പിക്കും. പുഴയുടെ മറു കരയിലേക്ക് നടന്ന് ചെങ്കുത്തായ ഇറക്കം ഇറങ്ങി വഴുക്കലുള്ള പാറയിൽ ശ്രദ്ധാപൂർവം കാലുറപ്പിച്ച് ഒരിടത്തിരുന്നു. അവിടിരുന്ന് എടുക്കുന്ന പടം കൊള്ളാം. പക്ഷേ, മനസ്സിൽ ഉദ്ദേശിക്കുന്ന പോലൊരു ഫീൽ അതിനു കിട്ടുന്നില്ല.

കുറച്ചു കൂടി ഇടത്തോട്ട് മാറിയാൽ ഏതാണ്ട് എതിർ വശത്തായി നേരെത്തന്നെ വന്നു പതിക്കുന്ന കയാക്കിന്റെ ചിത്രം കിട്ടും. അങ്ങോട്ട് കടക്കണമെങ്കിൽ പുഴയിലൂടെ അൽപം നടന്നാൽ മതി, കനത്ത ഒഴുക്കാണ്. മഴക്കോട്ടും കുടയും പിടിച്ച് ക്യാമറയുമായി പുഴയുടെ അരുകിലൂടെ നടക്കുക അപകടകരമാണ്. മുകളിലേക്ക് തിരിച്ചു കയറി മറ്റൊരു പുരയിടത്തിലൂടെ ഇറങ്ങാൻ നോക്കിയപ്പോൾ വേലി കെട്ടിയ പോലെ നിറയെ മുള്ളുള്ള കാട്ടുവള്ളികൾ. ഒരു കയ്യിൽ ക്യാമറയുണ്ട് മറു കൈ കൊണ്ട് വള്ളിപ്പടർപ്പ് വകഞ്ഞു മാറ്റി താഴേക്കിറങ്ങി. ഇടയ്ക്ക് മഴ ചാറുന്നുമുണ്ട്. പടങ്ങൾ എടുത്തു തുടങ്ങിയപ്പോൾ കൈകളിൽ ചോര പൊടിയുന്നു, നീറ്റൽ കൂടി വരുന്നു. അത് കാര്യമാക്കാതെ ഇരുന്നപ്പോഴതാ മനസ്സിൽ ആഗ്രഹിച്ചതു പോലൊരു നീല കയാക്ക് പതിക്കുന്നു, തുഴക്കാരന്റെ വേഷം വെളുപ്പും തലയിൽ നീല ഹെൽമറ്റും. ചില്ലിന്റെ തിരശീല പോലെ ജലം തുഴക്കാരനു മുന്നിൽ ഒന്നുയർന്നു. സെക്കൻഡിന്റെ 800ൽ ഒന്ന് സമയത്ത് ക്യാമറ അടഞ്ഞു തുറന്നപ്പോൾ ഇഷ്ടപ്പെട്ടരൊരു ‘ജലഛായ’ ചിത്രം. വീണു തുളുമ്പുന്ന പാൽത്തുള്ളി ഒരുക്കുന്ന കീരീടം പോലൊരു രംഗം ക്യാമറയിലാക്കിയ സന്തോഷത്തോടെ തണുത്ത കാറ്റേറ്റ് കാറിന്റെ ചില്ല് തുറന്നിരുന്നു.

ചിത്രം: റസ്സൽ ഷാഹുൽ

റസ്സൽ ഷാഹുൽ,
ചീഫ് ഫൊട്ടോഗ്രഫർ

∙ കൺമുന്നിൽ കാൽപ്പന്തിന്റെ ‘ദൈവം’

സെലിബ്രിറ്റികളെ നന്നായി കവർ ചെയ്യുക ഏറെ ശ്രമകരമാണ്. ആ സെലിബ്രിറ്റി മറഡോണ ആയാലോ. 2012 ഒക്ടോബർ 24നു കണ്ണൂർ സ്റ്റേഡിയത്തിൽ ബോബി ചെമ്മണ്ണൂർ ജ്വല്ലറിയുടെ അതിഥിയായി മറഡോണ എത്തി. കരിയറിൽ കവർ ചെയ്യുന്ന ഏറ്റവും വലിയ സെലിബ്രിറ്റിയുടെ കവറേജ് മോശമാവാതിരിക്കാൻ ഒരുക്കങ്ങൾ നേരത്തേ തുടങ്ങി. ആദ്യം അദ്ദേഹത്തിന്റെ അതുവരെയുള്ള പബ്ലിക് പരിപാടികളുടെ ചിത്രങ്ങളും വിഡിയോകളും മുഴുവനും കാണാൻ ശ്രമിച്ചു. സ്റ്റേജിൽ അദ്ദേഹം എങ്ങനെയാണു പെരുമാറുക എന്നതിനെക്കുറിച്ച് ഒരു ധാരണയുണ്ടാക്കി. കണ്ണൂർ ജവാഹർ സ്റ്റേഡിയത്തിൽ ഒരുക്കുന്ന, 10 അടിയിലേറെ ഉയരമുള്ള വേദിയെക്കുറിച്ചും നന്നായി പഠിച്ചു. പുലർച്ചെ മുതൽ കേരളത്തിലെ ഫുട്ബോൾ പ്രേമികൾ കണ്ണൂരിലേക്ക് ഒഴുകുകയായിരുന്നു. കാത്തു നിൽക്കുന്ന ആരാധകർക്കു നടുവിലേക്ക് ഉച്ചയോടെ, മറഡോണ ഹെലിക്കോപ്റ്ററിലെത്തി. ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തു 11.24ന് വേദിയിൽ. ഇളംനീല കുപ്പായവും നീല ജീൻസുമിട്ട് കാൽപന്തിന്റെ കൺകണ്ട ദൈവം ഇതാ കൺമുൻപിൽ. പിന്നീടുള്ള 20 മിനിറ്റ്! ഒരിക്കലും മറക്കാനാവാത്തൊരു ദൃശ്യവിരുന്നായിരുന്നു ആ നിമിഷങ്ങൾ. വിശ്വവിഖ്യാതമായ ആ പത്താം നമ്പർ ജേഴ്സി കയ്യിലെടുത്തു ചുഴറ്റിവീശുന്ന കാഴ്ചയാണ് അന്നു പകർത്തിയ ഫ്രെയിമുകളിൽ ഏറെ പ്രിയപ്പെട്ടത്.

സജീഷ് ശങ്കർ,
സീനിയർ ഫൊട്ടോഗ്രഫർ

∙ കൊമ്പിൻമുനയിൽ നിന്ന് ജീവൻ ഊരിയെടുത്ത നിമിഷം

പത്തനംതിട്ടയിലും സമീപത്തും ആനകളിടഞ്ഞ ആഴ്‌ചയായിരുന്നു അത്. വെളുത്ത കൊമ്പുകളുമായി വന്ന ഓമല്ലൂർ മണികണ്‌ഠൻ. ആ കൊമ്പുകൾക്കിടയിൽനിന്ന് രാജീവ് എന്ന ചെറുപ്പക്കാരൻ പാപ്പാൻ പിടഞ്ഞു മാറിയ കാഴ്‌ചയാണ് ആ ദിവസം സമ്മാനിച്ചത്. കൊമ്പുകൾക്കും കാലുകൾക്കുമിടയിൽ മരണച്ചൂരു മണത്ത നിമിഷങ്ങൾ. ആ മരണ മുഖത്തേക്കു ക്യാമറക്കണ്ണുകളിലൂടെ നോക്കുമ്പോൾ നെഞ്ചിലൊരു കൊള്ളിയാൻ മിന്നി. പടമെടുക്കണോ വേണ്ടയോ? ഉത്തരത്തിനു വേണ്ടി കളയാൻ ഒരു നിമിഷം പോലും മുന്നിലില്ല. ആനയ്ക്കു മീറ്ററുകൾ മാത്രം അകലെയാണ് എന്റെ നിൽപ്. ഓമല്ലൂർ രക്‌തകണ്‌ഠ സ്വാമി ക്ഷേത്രമുറ്റത്തെ നടപ്പന്തലിൽ ഒരുക്കിയ കല്ല്യാണമണ്ഡപത്തിനരികെ ശാന്തനായി നിൽക്കുന്ന മണികണ്‌ഠനെയാണ് ആദ്യം കണ്ടത്. തളയ്‌ക്കാനുള്ള ശ്രമവുമായി രാജീവ് അടക്കമുള്ള പാപ്പാൻമാരുടെ നെട്ടോട്ടം. ഇടയ്‌ക്കൊന്നു കുറുമ്പുകാട്ടി പേടിപ്പിച്ച് മണികണ്‌ഠനും. അങ്ങനെയങ്ങനെ കല്ല്യാണ മണ്ഡപത്തിനരികെ നിന്ന് മണികണ്‌ഠനെ ആനപ്പന്തിവരെ എത്തിച്ചു. ഇതിനിടയിലൊന്നും മണികണ്‌ഠൻ വലിയ വികൃതികളൊന്നും കാണിച്ചില്ല. ഭാഗ്യം! ഭയപ്പെട്ടതൊന്നും സംഭവിച്ചില്ലല്ലോ എന്ന പ്രാർഥനയായിരുന്നു മനസ്സിൽ.

വെറുതേ ആനക്കുറുമ്പു പകർത്തി ഞാൻ അവന്റെ കൂടെത്തന്നെ നടന്നു. പെട്ടെന്നാണ് ഒരു നിലവിളി കേട്ടത്. ഞെട്ടലോടെ തിരിഞ്ഞപ്പോൾ കണ്ടത് പിന്തുടർന്നെത്തുന്ന മരണത്തിൽ നിന്ന് രക്ഷപ്പെടാനാള്ള രാജീവിന്റെ ഓട്ടമായിരുന്നു. അതൊരു ഭയാനക കാഴ്‌ചയായിരുന്നു. അമ്പലമുറ്റം നിറഞ്ഞിരുന്ന ജനം പേടിച്ചിരമ്പി പല വഴി പാഞ്ഞു. ചെരുപ്പുകളും ഉടുപ്പുകളും ഉരുണ്ടു വീണവരും പിടഞ്ഞെഴുന്നേറ്റോടുന്നവരും. കൺമുന്നിൽ കാഴ്‌ചകൾ മങ്ങിവന്നു. രാജീവിനു പിന്നാലെ ആന കൊലവിളിച്ച് ഓടുന്നതു മുതൽ മരണക്കുരുക്കിൽ നിന്ന് രക്ഷപ്പെട്ട് രാജീവ് ഓടിമറയുന്നത് വരെയുള്ള ചിത്രങ്ങൾ ക്യാമറയിൽ പതിഞ്ഞു. മികച്ച വാർത്താ ചിത്രത്തിനുള്ള സംസ്ഥാന മാധ്യമ പുരസ്കാരം (2010), തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ സംസ്ഥാന ന്യൂസ് ഫൊട്ടോഗ്രഫി അവാർഡ് (2010) എന്നിവയും ആ ചിത്രത്തിനായിരുന്നു.

സമീർ എ. ഹമീദ്,
ചീഫ് ഫൊട്ടോഗ്രഫർ

∙ ഒരു ചെറുപുഞ്ചിരി

ഒത്തുകളി വിവാദത്തെ തുടർന്ന് ബിസിസിഐയുടെ ആജീവനാന്ത വിലക്കിലായിരുന്നു എസ്. ശ്രീശാന്ത്. ഒരു മാസത്തോളം തിഹാർ ജയിലിലും കിടക്കേണ്ടി വന്നു മലയാളികളുടെ അഭിമാനമായ ഈ ക്രിക്കറ്റർക്ക്. വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ, ഏഴു വർഷങ്ങൾക്കു ശേഷമാണ് ശ്രീശാന്തിന് വീണ്ടും കളത്തിലിറങ്ങാൻ കഴിഞ്ഞത്. 2015ൽ ഒത്തുകളിക്കേസിൽ ഡൽഹി കോടതിയിൽനിന്ന് കുറ്റവിമുക്തനായി തിരിച്ചെത്തിയെങ്കിലും വിലക്കു നീങ്ങാൻ വീണ്ടും വർഷങ്ങളെടുത്തു. 2021ൽ കേരളത്തിനു വേണ്ടി മുസ്താഖ് അലി ട്രോഫിയിലും വിജയ ഹസാരെ ട്രോഫിയിലും കളിച്ചെങ്കിലും 2022 മാർച്ചിൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. കുറ്റവിമുക്തനായി ശ്രീശാന്ത് കൊച്ചിയിലെ വീട്ടിലെത്തുമ്പോൾ അവിടെ നല്ല തിരക്കാണ്. വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും സന്തോഷ പ്രകടനങ്ങൾക്കിടയിൽ, യാതൊന്നും അറിയാതെ, മുത്തശ്ശിയുടെ കൈയിൽ സുഖ സുഷുപ്തിയിലായിരുന്നു ശ്രീശാന്തിന്റെ ഇളയമകൾ ശ്രീക്കുട്ടി. അമ്മയിൽ നിന്ന് ശ്രീശാന്ത് ശ്രീക്കുട്ടിയെ വാരിയെടുത്തപ്പോൾ, ഉറക്കത്തിലും അവൾ ചിരിച്ചു. ആ സന്തോഷനിമിഷമാണീ ചിത്രം.

ടോണി ഡൊമിനിക്,
പിക്‌ചർ എഡിറ്റർ

∙ മറക്കില്ല ആ കരച്ചിൽ...

പടമെടുത്തിട്ടും മനസ്സിൽനിന്നു മായാത്ത ചിത്രമാണ് ശരണ്യയുടെ മുഖം. കവളപ്പാറ ദുരന്തം നടന്നത് രാത്രി. പിറ്റേ ദിവസം രാവിലെ സ്ഥലത്തെത്തി.അവിടെ വച്ചാണ് ഈ ചിത്രം കണ്ടെത്തിയത്. നിലമ്പൂർ ഭൂദാനം കവളപ്പാറ മുത്തപ്പൻ കുന്നിലുണ്ടയ ഉരുൾപൊട്ടലിൽ കാണാതായ ശാന്തകുമാരിയുടെ മക്കളായ സുജിതയും ശരണ്യയും. ഭൂദാനം സെന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളിയിലെ ദുരിതാശ്വാസ ക്യാംപിലായിരുന്നു അവർ. ഇവരുടെ സഹോദരൻ സുജിത്തിനെയും ഉരുൾപൊട്ടലിൽ കാണാതായി. രക്ഷാപ്രവർത്തനത്തിനു പോയ അച്ഛൻ, അമ്മയെയും സഹോദരനെയും കൂട്ടികൊണ്ടു വരുമെന്ന പ്രതീക്ഷയിൽ കുഞ്ഞു ശരണ്യ കരയുമ്പോൾ കണ്ടുനിന്നവരുടെയും മനസ്സില്‍ നൊമ്പരം. 

ടി. പ്രദീപ് കുമാർ,
ചീഫ് ഫൊട്ടോഗ്രഫർ

∙ ‘ആകാശത്തു’ നിന്നു കണ്ട തൃശൂര്‍ പൂരം

തൃശൂരിലെ ഒാരോ പ്രസ് ഫോട്ടോഗ്രാഫര്‍മാരും നേരിടുന്ന ഒരു വര്‍ഷത്തിലെ എറ്റവും വലിയ വെല്ലുവിളി മത്സരബുദ്ധിയോടെ പാറമേക്കാവ് - തിരുവമ്പാടി വിഭാഗങ്ങള്‍ പരസ്പരം കുടമാറ്റം നടത്തുമ്പോള്‍ രണ്ടും ഒരേ പ്രാധാന്യത്തോടെ പകര്‍ത്തുക എന്നതാണ്. ഇൗ ജനസഹസ്രങ്ങള്‍ക്കിടയില്‍നിന്ന് എങ്ങിനെ വേറിട്ട ഒരു ചിത്രം, അതായിരുന്നു ഒരോ വര്‍ഷവും ചിന്ത. അടുത്ത വര്‍ഷത്തേക്കുള്ള അലോചന ഒരുവര്‍ഷം മുന്‍പേ തുടങ്ങും. എഷ്യയിലെ എറ്റവും വലിയ ടവറായ തൃശൂരിലെ 250 അടി ഉയരമുള്ള ബൈബിള്‍ ടവറില്‍ ഒരിക്കല്‍ സന്ദര്‍ഭവശാല്‍ കയറിപ്പോള്‍ ഒരു കോണില്‍ നിന്ന് തെക്കേ ഗോപുരനട കാണാന്‍ ഇടയായി. അപ്പോള്‍ മനസ്സില്‍ കണ്ട ഫ്രെയിം, അതായിരുന്നും 2017 മേയ് 5ലെ തൃശൂര്‍പൂര ചിത്രം. നിരന്നുനില്‍ക്കുന്ന ആനകളുടെ സ്ഥാനം കുറച്ചെങ്കിലും മുന്നോട്ട് മാറിയിരുന്നെങ്കില്‍ ഇൗ ചിത്രം സാധ്യമാകുമായിരുന്നില്ല. ആളും ആരവവും ഇല്ലാത്ത പൂരചിത്രം. പച്ചമരച്ചില്ലകള്‍ക്കിടയില്‍ തെക്കേ ഗോപുരവും കുടമാറ്റവും...

ഉണ്ണി കോട്ടക്കൽ,
പിക്ചർ എഡിറ്റർ

∙ കയ്യിൽ ഷൂസുമായി നമ്മുടെ കലാം

മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിന്റെ എളിമ വെളിപ്പെടുത്തുന്നതായിരുന്നു ആ ചിത്രം. അതെടുക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യവും. 2005 ജൂലൈയിലെ കേരള സന്ദർശനത്തിനിടയിലാണ് രാഷ്ട്രപതി എ.പി.ജെ.അബ്ദുൽ കലാം തൃശൂർ കൊടുങ്ങല്ലൂരിലെ ചേരമാൻ ജുമാ മസ്ജിദ് സന്ദർശിച്ചത്, 2005 ജൂലൈ 29ന് രാത്രി എട്ടു മണിക്കു ശേഷമാണ് രാഷ്ട്രപതി എത്തിയത്. പള്ളിയിലേക്കു കയറുമ്പോൾ പ്രത്യേകതയുള്ള ചിത്രങ്ങളൊന്നും ലഭിച്ചില്ല. അദ്ദേഹം പ്രാർഥനയ്ക്കു ശേഷം പുറത്തിറങ്ങുമ്പോൾ കുറച്ചു ചിത്രങ്ങൾ കൂടി പകർത്താനായി കാത്തു നിന്നു. വാതിലിനു സമീപം നിന്നിരുന്ന സുരക്ഷാ ഉദ്യോസ്ഥരും മറ്റും പൊടുന്നനെ ജാഗരൂകരായപ്പോൾ പത്രഫോട്ടോഗ്രഫർമാരും തയാറെടുത്തു, ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ രാഷ്ട്രപതിയുടെ വെളുത്ത മുടി കണ്ടു. വാതിലിനു പുറത്തേക്കു കടക്കുന്നതിനിടെ, കൂടെ നടന്നിരുന്നയാൾ അദ്ദേഹത്തിന്റെ കൈയ്യിൽനിന്ന് എന്തോ വാങ്ങാ‍ൻ ശ്രമിക്കുന്നതും കലാം അതു തടയുകയും ചെയ്യുന്നത് കണ്ടു. അപ്പോഴാണ് ഞാൻ രാഷ്‌ട്രപതിയുടെ കൈയിലേക്കു നോക്കിയത്, പള്ളിയിലേക്കു കയറുമ്പോൾ ഊരിവച്ചിരുന്ന തന്റെ ഷൂസ് അദ്ദേഹം തന്നെ കയ്യിൽ പിടിച്ചിരിക്കുന്നു! അതു വാങ്ങാനാണ് ഉദ്യോഗസ്ഥൻ ശ്രമിച്ചത്. പക്ഷേ കലാം സമ്മതിച്ചില്ല. പിന്നെ ഒന്നും നോക്കിയില്ല, ക്യാമറയുടെ ക്ലിക്ക് ബട്ടണിൽ വിരൽ പതിഞ്ഞു. ഒരു കൈയ്യിൽ തന്റെ ഷൂസും പിടിച്ച് അദ്ദേഹം തന്നെ കാണാനെത്തിയ ജനങ്ങളെ കൈവീശി അഭിവാദ്യം ചെയ്യുന്ന ചിത്രം എന്റെ ക്യാമറയിൽ പതിഞ്ഞു. രാജ്യത്തെ ജനങ്ങൾ, പ്രത്യേകിച്ച് കുട്ടികൾ ഏറെ സ്നേഹിച്ചിരുന്ന എ.പി.ജെ.അബ്ദുൾ കലാമിന്റെ മനസ്സിന്റെ എളിമ വെളിവാക്കുന്ന ചിത്രം ഇന്നും എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്.

വിബി ജോബ്,
ചീഫ് ഫൊട്ടോഗ്രഫർ

∙ മകളുടെ കൺമുന്നിൽ അമ്മയെ വലിച്ചിഴച്ച്..

2022 മാർച്ച് 17നു ചങ്ങനാശേരി മാടപ്പള്ളിയിൽ വച്ചാണ് ഈ ചിത്രമെടുത്തത്. മാടപ്പള്ളിയിൽ സിൽവർലൈൻ വിരുദ്ധ സമരം ശക്തമാണ്. തുടർനടപടികൾക്കായി ഉദ്യോഗസ്ഥർ എത്തിയപ്പോൾ,‍ ജനിച്ചു വളർന്നും അധ്വാനിച്ച് നേടിയതുമായ ഭൂമി കൈവിട്ടു പോകും എന്നായപ്പോൾ ചെറുത്തു നിൽക്കാൻ വീട്ടമ്മമാരും കുട്ടികളും ഉൾപ്പെടെയുള്ളവർ മുന്നിട്ടിറങ്ങി. നിർദേശം ലഭിച്ചതിനെ തുടർന്ന് ഇവരെ തടയാനായി പൊലീസ് സേന രംഗത്തെത്തി. സ്ത്രീകളെയും കുട്ടികളെയും വയോധികരെയും ഉൾപ്പെടെയുള്ളവരെ പുരുഷ പൊലീസ് വലിച്ചിഴച്ചു. മകൾ സോമിയയുടെ മുന്നിലൂടെ അമ്മ റോസ്‌ലീനെ പൊലീസ് വലിച്ചിഴച്ചു കൊണ്ടു പോകുന്ന ചിത്രം ഏറെ ചർച്ചയായി.

വിഷ്ണു സനൽ,
ഫൊട്ടോഗ്രാഫർ

∙ നാടിന് താങ്ങായ ആ കിണർ

മുംബൈ നഗരത്തിന് സമീപമുള്ള ഷഹാപു‍ര്‍ താലൂക്കില്‍ പല്‍ഹാര്‍ മേഖലയിലെ താഡാചാ പാഡ ഗ്രാമത്തില്‍ വെള്ളം ശേഖരിക്കാനായി കിണറിനു ചുറ്റും കാത്തു നില്‍ക്കുന്ന ഗ്രാമീണര്‍. കടുത്ത വേനലില്‍ ഗ്രാമത്തിലെ കിണര്‍ വറ്റിവരണ്ടു, വരണ്ടുണങ്ങിയ കിണറില്‍ എല്ലാ ദിവസവും രാവിലെ ടാങ്കറില്‍ ജലമെത്തിച്ച് നിറക്കും. ടാങ്കര്‍ വരാന്‍ വൈകിയാല്‍ ദിവസവേതനക്കാര്‍ക്ക് അന്ന് ജോലിക്ക് പോകാനോ കുട്ടികള്‍ക്ക് ക്ലാസ്സില്‍ പോകാനോ സാധിക്കില്ല, ടാങ്കറില്‍ നിന്ന് ജലം കിണറില്‍ നിറച്ച് അരമണിക്കുറിനുള്ളില്‍ അത് കാലിയാകും. വേനല്‍ കടുത്തതോടെ മഹാരാഷ്ട്രയുടെ ഗ്രാമപ്രദേശങ്ങളില്‍ വരള്‍ച്ച രൂക്ഷമായിരുന്നു. മുംബൈ നഗരത്തിലേക് ജലമെത്തിക്കുന്ന അണക്കെട്ടുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളില്‍ ഒന്നാണ് ഷഹാപുര്‍ താലൂക്ക്. എന്നിട്ടും ഇവിടുത്തെ ഗ്രാമങ്ങള്‍ ടാങ്കര്‍ ലോറിയെ തന്നെ ആശ്രയിക്കണം. 2016നുശേഷം മഹാരാഷ്ട്രയിലെ എറ്റവും രൂക്ഷമായ വരള്‍ച്ചയായിരുന്നു 2022ലേത്. അതിനാല്‍ തന്നെ അതിന്റെ രൂക്ഷത മനസ്സിലാകുന്ന ചിത്രത്തിനായുള്ള യാത്രയിലാണ് നൂറുകണക്കിനാളുകള്‍ ഒരു ബക്കറ്റ് വെള്ളത്തിനായി കാത്തുനില്‍ക്കുന്ന ഇൗ കിണറിന്റെ ചിത്രം കിട്ടുന്നത്. മുംബൈ നഗരത്തില്‍ നിന്ന് 200 കിലോമീറ്ററിലേറെ അകലെ ഇൗ ഗ്രാമത്തിലേക്ക് 40 ഡിഗ്രി ചൂടില്‍ ബൈക്കില്‍ സഞ്ചരിച്ചതിന്റെ തളര്‍ച്ചയെല്ലാം മാറ്റുന്നതായിരുന്നു ഇൗ ഒരു നല്ല വാര്‍ത്താചിത്രം.

വിഷ്ണു വി.നായർ,
സീനിയർ ഫൊട്ടോഗ്രഫർ

English Summary: World Photography Day: Manorama Photographers Tells the Story behind their Unforgettable News Pictures