കടലിൽ കരുത്തുകാട്ടാൻ പടക്കപ്പലുകൾ മാത്രമല്ല മത്സ്യബന്ധന യാനങ്ങളടക്കം ചൈന വിന്യസിക്കുന്നതായാണു റിപ്പോർട്ട്. ദക്ഷിണ ചൈനാ കടലിലെ തർക്ക ദ്വീപുകൾക്കിടയിൽ നൂറുകണക്കിനു മത്സ്യബന്ധന ബോട്ടുകൾ – Dangerous Signals on Taiwan ​| US China Taiwan Conflict | China-Taiwan Conflict | US China Tension | Xi Jinping | Manorama News

കടലിൽ കരുത്തുകാട്ടാൻ പടക്കപ്പലുകൾ മാത്രമല്ല മത്സ്യബന്ധന യാനങ്ങളടക്കം ചൈന വിന്യസിക്കുന്നതായാണു റിപ്പോർട്ട്. ദക്ഷിണ ചൈനാ കടലിലെ തർക്ക ദ്വീപുകൾക്കിടയിൽ നൂറുകണക്കിനു മത്സ്യബന്ധന ബോട്ടുകൾ – Dangerous Signals on Taiwan ​| US China Taiwan Conflict | China-Taiwan Conflict | US China Tension | Xi Jinping | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടലിൽ കരുത്തുകാട്ടാൻ പടക്കപ്പലുകൾ മാത്രമല്ല മത്സ്യബന്ധന യാനങ്ങളടക്കം ചൈന വിന്യസിക്കുന്നതായാണു റിപ്പോർട്ട്. ദക്ഷിണ ചൈനാ കടലിലെ തർക്ക ദ്വീപുകൾക്കിടയിൽ നൂറുകണക്കിനു മത്സ്യബന്ധന ബോട്ടുകൾ – Dangerous Signals on Taiwan ​| US China Taiwan Conflict | China-Taiwan Conflict | US China Tension | Xi Jinping | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൈന്യം അട്ടിമറിയിലൂടെ പ്രസിഡന്റ് ഷി ചിൻപിങ്ങിനെ പുറത്താക്കി എന്ന കിംവദന്തി ലോകമാകെ പടരുമ്പോഴും തയ്‌വാനിലെ തീപ്പൊരി ആളിക്കത്തിക്കുന്ന പ്രകോപന കരുനീക്കങ്ങളുമായി സജീവമാണ് ചൈന. തയ്‌‌വാന് ‘തെറ്റായതും അപകടകരവുമായ സിഗ്നലുകൾ’ യുഎസ് അയയ്ക്കുന്നുവെന്നാണു ചൈനയുടെ ആരോപണം. തയ്‌വാനിൽ സമാധാനവും സുസ്ഥിരതയും നിലനിർത്തുന്നതു പ്രധാനമാണെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയോടു പറഞ്ഞതിനു പിന്നാലെയായിരുന്നു മുന്നറിയിപ്പ്. മേഖലയിൽ അശാന്തി തുടരുമെന്ന സൂചനയാണു ചൈനയുടെ വാക്കുകളിൽ. ഉസ്ബെക്കിസ്ഥാനിലെ ഷാങ്‌ഹായ് സഹകരണ ഉച്ചകോടിയിൽ ഷി ചിൻപിങ് പങ്കെടുത്തിരുന്നു. ആ സമയത്ത് അദ്ദേഹത്തെ ചൈനീസ് പട്ടാള മേധാവി സ്ഥാനത്തുനിന്നു നീക്കിയെന്നും തിരിച്ചെത്തിയപ്പോൾ വീട്ടുതടങ്കലിലാക്കി എന്നുമായിരുന്നു പ്രചാരണം. എന്നാല്‍ വിദേശത്തുനിന്നു തിരിച്ചെത്തിയ ഷി, രാജ്യത്തെ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ക്വാറന്റീനിലാണെന്നും റിപ്പോർട്ട് വന്നു. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയോ ഔദ്യോഗിക മാധ്യമങ്ങളോ ഇക്കാര്യത്തിൽ പ്രതികരിച്ചതുമില്ല. ഇതിനിടെ, ‌ഷി ചിൻപിങ്ങിനെതിരെ രാഷ്ട്രീയനീക്കം നടത്തി എന്നാരോപിച്ച്, രാജ്യത്തെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനായ പൊതുസുരക്ഷാ മുൻ സഹമന്ത്രി സൺ ലിജൂണിനു (53) വധശിക്ഷ വിധിച്ചു; ശിക്ഷ നടപ്പാക്കുന്നത് 2 വർഷത്തേക്കു മരവിപ്പിച്ചിട്ടുണ്ട്. ഒക്ടോബർ 16 ന് കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസ് ആരംഭിക്കുന്നതിനു മുന്നോടിയായി, ഷിയുടെ അധീശത്വത്തിന് വെല്ലുവിളി ഉയർത്തുന്നവരെ നിഷ്കാസനം ചെയ്യാനുള്ള യജ്ഞത്തിലാണു ചൈന. തയ്‌വാൻ വിഷയത്തിൽ ചൈന നിലപാട് കടുപ്പിക്കുന്നതും ഇതിന്റെ ഭാഗമായാണോ? ചൈനയുടെ നിരന്തരമായ ‘മുന്നറിയിപ്പു’ണ്ടായിട്ടും എന്തുകൊണ്ടാണ് യുഎസ് തയ്‍‌വാനിൽ കൂടുതലായി ഇടപെടുന്നത്? നവംബറിൽ യുഎസ് കോൺഗ്രസിലേക്കു നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് തയ്‍വാൻ വിഷയവുമായി എന്താണു ബന്ധം? ചൈനീസ് പ്രസിഡന്റായുള്ള മൂന്നാം വരവിന് ഷി ആരംഭം കുറിക്കുമ്പോൾ, അത് ലോകസമാധനത്തെ കെടുത്തുന്ന നീക്കത്തിലൂടെയാകുമോ? വിശദമായറിയാം...

ഷി ചിൻപിങ്. ചിത്രം: AFP

ചൈന തയ്‌വാൻ പിടിച്ചെടുത്താൽ...!

ADVERTISEMENT

2012ൽ അധികാരത്തിൽ വന്ന ഷി, അഴിമതിക്കുറ്റം ചുമത്തി ഇതിനോടകം 5 ലക്ഷത്തിലേറെ ഉദ്യോഗസ്ഥരെ ശിക്ഷിച്ചെന്നാണു റിപ്പോർട്ട്. ഇപ്പോഴത്തെ അട്ടിമറി വാർത്തയും വധശിക്ഷയും ചൈന അറിഞ്ഞുകൊണ്ടുള്ള പ്രചാരണവുമാകാം. ഷിയുടെ പ്രതിഛായയ്ക്കു മങ്ങലേൽപ്പിച്ച്, തയ്‌വാനു നേരിട്ടു സൈനികസഹായം നൽ‌കുന്ന ബിൽ യുഎസ് പാസാക്കിയതാണു പുതിയ പ്രകോപനത്തിനു കാരണം. ‘തയ്‌വാന്റെ സ്വാതന്ത്ര്യ, വിഘടനവാദ ശക്തികൾക്കു ഗുരുതരവും തെറ്റായതുമായ സൂചന നൽകി’ എന്നാണ് ഇതേപ്പറ്റി ചൈനയുടെ ആദ്യപ്രതികരണം.

പതിറ്റാണ്ടുകളായി തയ്‌വാനു യുഎസ് ആയുധങ്ങൾ വിൽക്കുന്നുണ്ട്. എന്നാൽ, പുതിയ നിയമപ്രകാരം 4 വർഷത്തിനുള്ളിൽ 450 കോടി ഡോളറിന്റെ വലിയ സഹായമാണു നൽകുക. തയ്‍വാൻ പിടിച്ചെടുക്കാൻ ശ്രമിച്ചാൽ ചൈനയ്‌ക്കെതിരെ ഉപരോധം ഏർപ്പെടുത്താനും ബില്ലിൽ വ്യവസ്ഥയുണ്ട്.‌

ബില്ലുമായി മുന്നോട്ടു പോകാനാണു തീരുമാനമെങ്കിൽ ചൈന-യുഎസ് ബന്ധത്തിന്റെ രാഷ്ട്രീയ അടിത്തറ ഇളകുമെന്നും, തയ്‌വാൻ കടലിടുക്കിലുടനീളം സമാധാനത്തിനും സ്ഥിരതയ്ക്കും വലിയ പ്രത്യാഘാതങ്ങൾ സംഭവിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് മാവോ നിങ് പറഞ്ഞു. ഇതിനു ശേഷമായിരുന്നു, ന്യൂയോർക്കിൽ യുഎൻ പൊതുസഭാ സമ്മേളനത്തോടനുബന്ധിച്ച് ആന്റണി ബ്ലിങ്കനും വാങ് യിയും തമ്മിൽ 90 മിനിറ്റ് ചർച്ച. ‘ഞങ്ങളുടെ ഏക ചൈനാ നയം മാറിയിട്ടില്ല. അതേസമയം, തയ്‌വാൻ കടലിടുക്കിലുടനീളം സമാധാനവും സ്ഥിരതയും നിലനിർത്തുന്നതു തീർത്തും പ്രധാനമാണ്’ എന്നാണു യോഗാനന്തരം യുഎസ് വ്യക്തമാക്കിയത്. ചൈനയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന പക്ഷേ, രൂക്ഷമായിരുന്നു. തയ്‌വാനിലേക്ക് ‘തെറ്റായതും അപകടകരവുമായ സിഗ്നലുകൾ’ യുഎസ് അയയ്ക്കുകയാണ് എന്നായിരുന്നു വിമർശനം.

ആന്റണി ബ്ലിങ്കനും വാങ് യിയും. ചിത്രം: Xinhua

തയ്‌വാനിൽ സ്വാതന്ത്ര്യത്തിനായുള്ള പ്രവൃത്തികൾ കൂടുമ്പോൾ സമാധാനപരമായ ഒത്തുതീർപ്പിനുള്ള സാധ്യത കുറവാണെന്നും ചൈന ചൂണ്ടിക്കാട്ടി. തയ്‌വാനു ബില്യൻ കണക്കിനു ഡോളർ സൈനിക സഹായം നേരിട്ടു നൽകുകയും ബന്ധം കൂടുതൽ ഔദ്യോഗികമാക്കുകയും ചെയ്യുന്നതിനുള്ള ആദ്യപടിയാണു യുഎസ് സെനറ്റ് കമ്മിറ്റി സ്വീകരിച്ചത്. ബെയ്ജിങ്ങുമായുള്ള പിരിമുറുക്കം കൂട്ടുന്നതിനേ തീരുമാനം സഹായിക്കൂവെന്നാണു നിരീക്ഷണം. പതിറ്റാണ്ടുകളായി തയ്‌വാനു യുഎസ് ആയുധങ്ങൾ വിൽക്കുന്നുണ്ട്. എന്നാൽ, പുതിയ നിയമപ്രകാരം 4 വർഷത്തിനുള്ളിൽ 450 കോടി ഡോളറിന്റെ വലിയ സഹായമാണു നൽകുക. തയ്‍വാൻ പിടിച്ചെടുക്കാൻ ശ്രമിച്ചാൽ ചൈനയ്‌ക്കെതിരെ ഉപരോധം ഏർപ്പെടുത്താനും ബില്ലിൽ വ്യവസ്ഥയുണ്ട്.

∙ ‘ആഭ്യന്തര കാര്യത്തിൽ ഇടപെടേണ്ട’

ADVERTISEMENT

ലോകമാകെ ഉറ്റുനോക്കുന്ന തയ്‌വാൻ പ്രശ്‌നം ആഭ്യന്തര കാര്യമാണെന്നും അതു പരിഹരിക്കാൻ ഏത് രീതിയാണ് ഉപയോഗിക്കേണ്ടതെന്നതിൽ ഇടപെടാൻ യുഎസിന് അവകാശമില്ല എന്നുമാണു ചൈനയുടെ നിലപാടെന്നു വാങ് യി പറയുന്നു. യുഎസ് ജനപ്രതിനിധി സഭാ സ്പീക്കറും പ്രസിഡന്റ് ജോ ബൈഡന്റെ കക്ഷിയായ ഡമോക്രാറ്റിക് പാർട്ടിയിലെ മുതിർന്ന നേതാവുമായ നാൻസി പെലോസി ഓഗസ്റ്റിൽ സന്ദർശിച്ചതിനു ശേഷമാണു തയ്‌വാനുമായുള്ള ചൈനയുടെ സംഘർഷം കൂടിയത്. പ്രതികരണമെന്ന നിലയിൽ വൻതോതിലുള്ള സൈനിക അഭ്യാസങ്ങൾ ചൈന നടത്തി; തയ്‌വാനു പിന്തുണയുമായി യുഎസും നിലകൊണ്ടു.

ദ്വീപ് രാജ്യമായ ത‌യ്‌വാന്റെ പ്രതിരോധത്തിനു യുഎസ് സൈനികരെ നിയോഗിക്കുമെന്ന തരത്തിലുള്ള ബൈഡന്റെ പ്രസ്താവന വന്നത് ഈ സമയത്തായിരുന്നു. തയ്‌വാനിനെതിരായ ആക്രമണത്തിൽ യുഎസ് സൈനികമായി പ്രതികരിക്കുമോ എന്നു വ്യക്തമാക്കാത്ത, ‘തന്ത്രപരമായ അവ്യക്തത’യാണ് ഇക്കാലമത്രയും അമേരിക്ക പിന്തുടർന്നത്. യുഎസിന്റെ ഈ ‘പരമ്പരാഗത നയത്തെ’ മറികടന്നായിരുന്നു ബൈഡന്റെ പ്രസ്താവന; രാജ്യത്തിന്റെ തയ്‌വാൻ നയം മാറിയിട്ടില്ലെന്ന‌ു വൈറ്റ് ഹൗസ് പിന്നീട് വിശദീകരിച്ചെങ്കിലും. സ്വതന്ത്ര തയ്‌വാൻ ആഗ്രഹിക്കുന്നവർക്കു ബൈഡന്റെ പരാമർശം തെറ്റായ സൂചന നൽകിയെന്നു ചൈന തിരിച്ചടിച്ചു.

ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങും യുഎസ് പ്രസിഡന്റ് ജോ ബൈഡനും ചർച്ച നടത്തുന്നു. ചിത്രം: AFP

ജൂലൈയിൽ ബൈഡനുമായുള്ള ഫോൺ സംഭാഷണത്തിൽ, ഷി ചിൻപിങ് തയ്‌വാനെ സൂചിപ്പിച്ചു പറഞ്ഞ വാക്കുകളും കുറിക്കുകൊള്ളുന്നതായി: ‘തീ കൊണ്ടു കളിക്കുന്നവർ തീയാൽ നശിക്കും’! സംഘർഷാവസ്ഥ ലഘൂകരിക്കുന്നതിന്റെ ഭാഗമായിരുന്നു വാങ്ങും ബ്ലിങ്കനും തമ്മിലുള്ള കൂടിക്കാഴ്ച. ആഗോളതലത്തിൽ ആശങ്കയുള്ള കാര്യങ്ങളിൽ ചൈനയുമായി സഹകരിക്കാനുള്ള യുഎസിന്റെ തുറന്ന മനസ്സ് ബ്ലിങ്കൻ ആവർത്തിച്ചു. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനു ചൈന ഭൗതികപിന്തുണ നൽകുകയോ മൊത്തവ്യാപാര ഉപരോധത്തിൽ ഏർപ്പെടുകയോ ചെയ്താലുള്ള പ്രത്യാഘാതങ്ങളും ചൂണ്ടിക്കാട്ടി.

അധീശത്വത്തിനു കോട്ടം തട്ടുന്ന ഒരു പ്രവൃത്തിയും ചൈന സമ്മതിക്കില്ല. കടലിൽ കരുത്തുകാട്ടാൻ പടക്കപ്പലുകൾ മാത്രമല്ല മത്സ്യബന്ധന യാനങ്ങളടക്കം ചൈന വിന്യസിക്കുന്നതായാണു റിപ്പോർട്ട്.

യുക്രെയ്ൻ അധിനിവേശത്തിന്റെ പ്രത്യാഘാതങ്ങളെ ചെറുക്കാനും കൂടുതൽ പ്രകോപന നടപടികളിൽനിന്ന് റഷ്യയെ പിന്തിരിപ്പിക്കാനുമുള്ള ബാധ്യത യുഎസിനും ചൈനയ്ക്കും രാജ്യാന്തര സമൂഹത്തിനും ഉണ്ടെന്നും അമേരിക്ക വ്യക്തമാക്കി. കൂടിക്കാഴ്‌ചയ്ക്കുശേഷം മുന്നറിയിപ്പുമായി ചൈന രംഗത്തെത്തിയതിനെ തയ്‍വാൻ വിമർശിച്ചു. യാഥാർഥ്യത്തിനു വിരുദ്ധമായ വാദങ്ങളും വിമർശനങ്ങളുംകൊണ്ട് രാജ്യാന്തര സമൂഹത്തെ ആശയക്കുഴപ്പത്തിലാക്കാനാണു ചൈന ശ്രമിക്കുന്നത് എന്നായിരുന്നു പ്രതികരണം. പെലോസിയുടെ സന്ദർശനത്തെ തുടർന്നുണ്ടായ പ്രക്ഷുബ്ധാവസ്ഥയ്ക്കു ശേഷം ബ്ലിങ്കനും വാങ്ങും കണ്ടുമുട്ടിയതു സുപ്രധാനമാണെന്നും, നവംബറിലെ ജി20 ഉച്ചകോടിയിൽ ഷിയും ബൈഡനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കുള്ള സാധ്യത വർധിച്ചെന്നും മുതിർന്ന യുഎസ് നയതന്ത്രജ്ഞൻ ഡാനിയേൽ റസ്സൽ അഭിപ്രായപ്പെട്ടു.

ADVERTISEMENT

∙ സിവിലിയൻ കപ്പലുമായി ‘പടയൊരുക്കം’

തയ്‌വാൻ എന്ന ദ്വീപിനെക്കുറിച്ച് കൂടുതലറിയാൻ എഡി 239ൽ ചൈനീസ് ചക്രവർത്തി പര്യവേക്ഷണ സംഘത്തെ അയച്ചതായി ചരിത്രരേഖകളിലുണ്ട്. അതാണു തയ്‌വാനിൽ ചൈന അവകാശവാദം ഉന്നയിക്കുന്നതിന്റെ മുഖ്യകാരണം. 1624 മുതൽ 1661 വരെ തയ്‌വാൻ ഡച്ചുകാരുടെ കോളനിയായിരുന്നു. 1683 മുതൽ യുദ്ധത്തിൽ ജപ്പാനോടു പരാജയപ്പെട്ടു. 1895 വരെ ചൈനയിലെ ക്വിങ് രാജവംശം തയ്‌വാൻ ഭരിച്ചു. രണ്ടാം ലോകയുദ്ധത്തിനുശേഷം തയ്‌വാനുമേലുള്ള അധികാരം ജപ്പാൻ ചൈനയ്ക്കു തിരിച്ചുനൽകി. മാവോ സെദുങ്ങിന്റെ കമ്യൂണിസ്റ്റ് സേനയോട് 1949ലെ ആഭ്യന്തരയുദ്ധത്തിൽ പരാജയപ്പെട്ട ചിയാങ് കൈഷക്കും അദ്ദേഹത്തിന്റെ കുമിന്റാങ് (കെഎംടി) സർക്കാരിൽ അവശേഷിച്ചിരുന്നവരും ചൈനവിട്ട് തയ്‌വാനിലേക്കു രക്ഷപ്പെട്ടു. ഇങ്ങനെയെത്തിയ കുമിന്റാങ്ങുകാരുടെ സ്വേച്ഛാധിപത്യത്തിനെതിരെ തയ്‌വാനിൽ പലതവണ ജനാധിപത്യ പ്രക്ഷോഭങ്ങൾ അരങ്ങേറി.

ചിയാങ് കൈഷക്ക് (File Photo: Wikimedia Commons)

അധീശത്വത്തിനു കോട്ടം തട്ടുന്ന ഒരു പ്രവൃത്തിയും ചൈന സമ്മതിക്കില്ല. കടലിൽ കരുത്തുകാട്ടാൻ പടക്കപ്പലുകൾ മാത്രമല്ല മത്സ്യബന്ധന യാനങ്ങളടക്കം ചൈന വിന്യസിക്കുന്നതായാണു റിപ്പോർട്ട്. ഇന്ത്യയെ ഉൾപ്പെടെ ലക്ഷ്യമിട്ട് നിരീക്ഷണ ഉപകരണങ്ങളുമായി ശ്രീലങ്കൻ തുറമുഖത്ത് ചൈനീസ് ചാരക്കപ്പൽ നങ്കൂരമിട്ടത് അടുത്തിടെയാണ്. ‌ദക്ഷിണ ചൈനാ കടലിലെ തർക്ക ദ്വീപുകൾക്കിടയിൽ നൂറുകണക്കിനു മത്സ്യബന്ധന ബോട്ടുകൾ മാസങ്ങളോളമാണു നങ്കൂരമിട്ടിരുന്നത്. പ്രത്യക്ഷത്തിൽ ഇവ സിവിലിയൻ ബോട്ടുകളും കപ്പലുകളുമാണെങ്കിലും ചൈനീസ് പട്ടാളത്തിന്റെ ‘സിവിൽ-മിലിറ്ററി ഫ്യൂഷൻ’ തന്ത്രത്തിന്റെ ഭാഗമാണെന്നു നയതന്ത്ര വിദഗ്ധർ പറയുന്നു. ഇക്കാര്യം മറച്ചുവയ്ക്കുന്ന ചൈന, സൂത്രത്തിൽ അവരുടെ സമുദ്രശേഷി വർധിപ്പിക്കുകയാണെന്നാണു നിരീക്ഷണം.

കപ്പലുകളുടെ എണ്ണത്തിൽ ലോകത്തിലെ ഏറ്റവും വലുപ്പമുള്ള സേനയാണു ചൈനയുടേത്. അതിവേഗം പുതിയ യുദ്ധക്കപ്പലുകൾ നിർമിക്കുന്നുമുണ്ട്. തദ്ദേശീയമായി രൂപകൽപ്പന ചെയ്തു നിർമിച്ച ആദ്യത്തെ വിമാനവാഹിനിക്കപ്പൽ ജൂണിലാണു നീറ്റിലിറക്കിയത്. പുതിയ അഞ്ചെണ്ണം കൂടി പണിപ്പുരയിലാണ്. തയ്‍വാൻ ഉൾപ്പെടുന്ന മേഖലയിൽ വിശാലമായ സ്വാധീനം ഉറപ്പിക്കുന്നതിന്റെ ഭാഗമാണ് ഈ നീക്കങ്ങൾ. യുഎസും സഖ്യകക്ഷികളും വെല്ലുവിളി ഉയർത്തുന്ന ദക്ഷിണ ചൈനാ കടലിലെ അവകാശവാദങ്ങൾ അരക്കിട്ടുറപ്പിക്കാൻ പസഫിക് ദ്വീപുകളുമായി ചൈന പുതിയ സുരക്ഷാകരാറുകൾ തേടുന്നുമുണ്ട്.

തയ്‌വാൻ നാവികസേനയുടെ സൈനികാഭ്യാസത്തിൽനിന്ന്. ഫയൽ ചിത്രം: Sam Yeh / AFP

ദക്ഷിണ ചൈനാ കടലിലെ സ്‌പ്രാറ്റ്‌ലി ദ്വീപുകളിൽ, വർഷത്തിൽ കുറഞ്ഞത് 280 ദിവസമെങ്കിലും നങ്കൂരമിടാൻ വാണിജ്യ ട്രോളറുകൾക്കു ചൈന പണം നൽകുന്നുണ്ടെന്നു സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷനൽ സ്റ്റഡീസിന്റെ ഏഷ്യ മാരിടൈം ട്രാൻസ്‌പെരൻസി ഇനിഷ്യേറ്റീവ് ഡയറക്ടർ ഗ്രിഗറി പോളിങ് പറഞ്ഞു. മത്സ്യബന്ധനത്തിലൂടെ ലഭിക്കുന്നതിനേക്കാൾ കൂടുതൽ പണമാണു ട്രോളറുകൾക്കു ചൈനീസ് സർക്കാർ കൈമാറുന്നത്. ‘‘അയൽദേശങ്ങളുടെ പരമാധികാരം കവർന്നെടുക്കാൻ, സർക്കാരിന്റെ നിർദേശപ്രകാരം സിവിലിയൻ കപ്പലുകൾ ഉപയോഗിക്കാൻ ചൈനയ്ക്ക് കഴിയും. പതിറ്റാണ്ടുകളായി സൈനിക ആവശ്യങ്ങൾക്കു ചൈന മത്സ്യബന്ധന ട്രോളറുകൾ ഉപയോഗിക്കുന്നുണ്ട്. സ്പ്രാറ്റ്ലിയിൽ 300 മുതൽ 400 വരെ കപ്പലുകൾ ഏത് സമയത്തും വിന്യസിക്കാനാകും. മത്സ്യബന്ധന കപ്പലുകൾ ആയതിനാൽ എതിരാളികളുടെ നാവികസേനയ്ക്ക് അവ കൈകാര്യം ചെയ്യാനാവില്ല’’– ഗ്രിഗറി വ്യക്തമാക്കി.

∙ പുതുലോകത്തിന്റെ ആധിപത്യമാർക്ക്?

അഫ്ഗാനിസ്ഥാനിലെ പരാജയം, കോവിഡ് മഹാമാരിയുടെ കെടുതികൾ, യുക്രെയ്ൻ യുദ്ധത്തിന്റെ അനിശ്ചിതാവസ്ഥ മുതലായ തിരിച്ചടികളിൽ പതറിനിൽക്കുകയാണു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. നവംബറിൽ കോൺഗ്രസിലേക്കു നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഡെമോക്രാറ്റിക് പാർട്ടിക്കു നിർണായകമാണ്. ചൈനയും റഷ്യയുമായുണ്ടായ കരാറും അമേരിക്കയെ തളർത്തിയിരിക്കുന്നു. എന്തു പ്രകോപനമുണ്ടായാലും ചൈന യുദ്ധത്തിനു പുറപ്പെടില്ല എന്ന വിശ്വാസത്തോടെ അമേരിക്ക കണക്കുകൂട്ടി തയാറാക്കിയ പെലോസിയുടെ സന്ദർശനം പക്ഷേ, വിചാരിച്ചപോലെ കലാശിച്ചില്ല. ലോകത്തു വീണ്ടും ആധിപത്യമുറപ്പിക്കാനുള്ള യുഎസ് നീക്കം മനസ്സിലാക്കിയ ചൈന പ്രതികരണം കടുപ്പിക്കുന്നതാണു കണ്ടത്.

തിരഞ്ഞെടുപ്പു വിജയത്തിനായി ലോകസമാധാനത്തെ തകർക്കുന്ന തരത്തിലുള്ള ബൈഡന്റെയും അമേരിക്കയുടെയും നീക്കം തീക്കളിയാണ്. പ്രവചനത്തിന് അതീതമായ അനന്തരഫലങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.

‘‘പരമാധികാര റിപ്പബ്ലിക് അല്ലെങ്കിലും ലോകത്തെ പ്രബലശക്തിയായ ജനാധിപത്യ പ്രദേശമാണു തയ്‌വാൻ. സാങ്കേതികവിദ്യയിൽ ലോകത്ത് ഏറ്റവും മുൻപന്തിയിലാണ് അവർ. സെമി കണ്ടക്ടറുകളുടെ നിർമാണത്തിൽ ഒന്നാമത്തെ ശക്തി. ചൈനയ്ക്കാണെങ്കിൽ തയ്‌വാനുമായുള്ള വ്യാപാരവും സാമ്പത്തിക സഹകരണവും ഏറ്റവും അനിവാര്യമാണ്. ആ സ്ഥിതിക്ക് അവിടെ സംഘർഷം ഉണ്ടാകാതിരിക്കുകയാണ് എല്ലാവർക്കും നല്ലത്. എന്നാൽ, തിരഞ്ഞെടുപ്പു വിജയത്തിനായി ലോകസമാധാനത്തെ തകർക്കുന്ന തരത്തിലുള്ള ബൈഡന്റെയും അമേരിക്കയുടെയും നീക്കം തീക്കളിയാണ്. പ്രവചനത്തിന് അതീതമായ അനന്തരഫലങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്’’– വിവിധ രാജ്യങ്ങളിൽ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയായിരുന്ന ടി.പി.ശ്രീനിവാസൻ ചൂണ്ടിക്കാട്ടി.

ടി.പി.ശ്രീനിവാസൻ

‘‘ലോകരംഗത്തേക്ക് അമേരിക്കയെ തിരിച്ചുകൊണ്ടുവരാനുള്ള ബൈഡന്റെ ശ്രമമാണു പെലോസിയുടെ സന്ദർശനത്തിനു പിന്നിലെന്നു മനസ്സിലാക്കിയാണു ചൈന പ്രതികരിച്ചത്. യുക്രെയ്ൻ യുദ്ധം ചൈനയുടെ തയ്‌വാൻ നയത്തിൽ വ്യതിയാനം സൃഷ്ടിച്ചിട്ടുണ്ട്. ചൈന ഇപ്പോൾ യുദ്ധത്തിനു തയാറാകില്ലെന്നാണു വിലയിരുത്തൽ. വരാനിരിക്കുന്ന ലോകക്രമത്തിൽ പ്രധാന സ്ഥാനം നേടണമെന്ന മോഹം ചൈനയ്ക്കുണ്ട്. യുക്രെയ്ൻ യുദ്ധത്തിൽ റഷ്യ വിജയിച്ചാൽ തയ്‌വാനെതിരായ നടപടികൾ ചൈന ശക്തമാക്കിയേക്കും. തയ്‌വാനിൽ യുദ്ധമുണ്ടായാൽ അത് ഇന്ത്യയെയും ബാധിക്കും. പ്രസിഡന്റായുള്ള മൂന്നാം വരവിന് ഷി ആരംഭം കുറിക്കുമ്പോൾ അദ്ദേഹം യുദ്ധത്തിനു പകരം സമാധാനവഴി തേടുമെന്നും, യുഎസ് നവംബറിനു ശേഷം ശാന്തിയുടെ വഴി സ്വീകരിക്കുമെന്നും ലോകം പ്രത്യാശിക്കുകയാണ്’’– ടി.പി.ശ്രീനിവാസൻ അഭിപ്രായപ്പെട്ടു.

∙ യുദ്ധവിമാനങ്ങളും കപ്പലുകളും സജ്ജം

തയ്‌വാനെതിരായ ചൈനയുടെ നീക്കം യുദ്ധത്തിലേക്കു നീങ്ങുമോ എന്ന ആശങ്കയാണ് അന്തരീക്ഷത്തിൽ. തയ്‌വാനു യുഎസിന്റെ പിന്തുണയുള്ളതിനാൽ എടുത്തുചാടിയുള്ള സൈനിക നടപടിക്കു ചൈന മുതിരില്ലെന്നാണു കണക്കുകൂട്ടൽ. പക്ഷേ, തയ്‌വാൻ കടലിടുക്കിൽ യുദ്ധവിമാനങ്ങളും കപ്പലുകളും ചൈന സജ്‍ജമാക്കിയിട്ടുണ്ട്. വ്യോമ– നാവിക പ്രതിരോധവും മിസൈൽ സംവിധാനവുമായി തിരിച്ചടിക്കാൻ തയ്‌വാനും ഒരുങ്ങിയിരിക്കുന്നു. ദീർഘകാല സുരക്ഷാപങ്കാളി എന്ന നിലയിൽ തയ്‌വാന്റെ പ്രതിരോധം ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം യുഎസിന് ഉണ്ടെന്ന കാര്യം ചൈനയ്ക്കു ബോധ്യമുണ്ട്. 1979ൽ യുഎസ് കോൺഗ്രസ് പാസാക്കിയ നിയമമനുസരിച്ച്, ചൈന തയ്‌വാനിൽ അധിനിവേശം നടത്തിയാൽ യുഎസ് സൈന്യം ഇടപെടും.

ചൈന–തയ്‌വാൻ സമുദ്രാതിർത്തിയിലെ ദ്വീപുകളിലൊന്നിൽ റോന്തു ചുറ്റുന്ന ചൈനീസ് സൈനിക ഹെലികോപ്റ്റർ. ചിത്രം: Hector RETAMAL / AFP

യുഎസ് ഇടപെടലുകൾ ഭാവിയിൽ ഉണ്ടാകുന്നത് ഏതു വിധേനയും തടയാനാണു ചൈന നോക്കുന്നത്. ലോകത്ത് ചൈനീസ് ഭാഷ സംസാരിക്കുന്ന ഏക ജനാധിപത്യ രാഷ്ട്രമായ തയ്‌വാൻ ചൈനയെ ഭയപ്പെടുന്നില്ലെന്നു മാത്രമല്ല, അവരെ പ്രതിരോധിക്കാനും തയാറാണ്. ‘തയ്‌വാൻ സ്ട്രെയ്റ്റ് പ്രതിസന്ധി’ എന്നറിയപ്പെട്ട 1995–96ലെ സംഘർഷസമയത്തേക്കാൾ വിപുലമായ പടയൊരുക്കമാണ് ഇപ്പോഴത്തേത് എന്നതാണ് പ്രസിഡന്റ് സായ് ഇങ് വെന്നിന്റെ ഭരണകൂടത്തെ ആശങ്കപ്പെടുത്തുന്നത്. അത്തവണ കടലിടുക്കിൽ തയ്‌വാനു സൈനിക മേൽക്കൈ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ ചൈനയ്ക്കാണു മുൻതൂക്കം. 1995ലെ പ്രതിസന്ധി ഘട്ടത്തെക്കാൾ അമേരിക്കയുടെ പിന്തുണ തയ്‌വാനുണ്ട് എന്നതു സായ് ഇങ് വെന്നിന് ആശ്വാസമേകുന്നു.

∙ ഇനി വരുമോ ‘പുനരേകീകരണം’?

സംഘർഷാവസ്ഥയും പ്രകോപനവും തുടരുമ്പോഴും തയ്‌വാനുമായി ‘സമാധാനപരമായ പുനരേകീകരണ’ത്തിനു തയാറാണെന്നും ചൈന പറയുന്നുണ്ട്. ജനാധിപത്യ ഭരണമുള്ള തയ്‌വാൻ സ്വന്തം പ്രദേശമാണെന്നാണ് ചൈനയുടെ അവകാശവാദം. ഇതു തയ്‌വാൻ സർക്കാർ നിരസിക്കുന്നു. ദ്വീപിലെ ജനങ്ങൾക്കു മാത്രമെ അവരുടെ ഭാവി തീരുമാനിക്കാൻ കഴിയൂ എന്നാണു തയ്‌വാന്റെ നിലപാട്. ‘‘മാതൃരാജ്യത്തെ അനിവാര്യമായും പുനരുജ്ജീവിപ്പിക്കണം, ഏകീകരിക്കണം. സ്വന്തം പ്രദേശം സംരക്ഷിക്കാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയം അചഞ്ചലമാണ്. സമാധാനപരമായ പുനരേകീകരണത്തിനു വൻ ശ്രമങ്ങൾ നടത്താൻ ചൈന തയാറാണ്’’– പാർട്ടി കോൺഗ്രസിനു മുന്നോടിയായി ബെയ്‍ജിങ്ങിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ചൈനയുടെ തയ്‌വാൻകാര്യ ഓഫിസ് വക്താവ് മാ സിയാവുഗ്വാങ് പറഞ്ഞു.

ചൈനയുടെ തയ്‌വാൻകാര്യ ഓഫിസ് വക്താവ് മാ സിയാവുഗ്വാങ്. ചിത്രത്തിനു കടപ്പാട്: Global Times

‘‘മുൻ ബ്രിട്ടിഷ് കോളനിയായ ഹോങ്കോങ് 1997ൽ ചൈനീസ് ഭരണത്തിലേക്കു തിരിച്ചുവന്നതിനു സമാനമായി ‘ഒരു രാജ്യം, രണ്ട് സംവിധാനം’ എന്ന മാതൃക തയ്‍വാനു സ്വീകരിക്കാം. മതസ്വാതന്ത്ര്യം ഉൾപ്പെടെയുള്ള അവരുടെ ജീവിതരീതിയെ ആദരിക്കുന്നുവെന്ന് ഉറപ്പാക്കുന്ന, ചൈനയിൽനിന്നു വ്യത്യസ്തമായ സാമൂഹിക സംവിധാനം തയ്‌വാന് ഉണ്ടായിരിക്കും. എന്നാൽ ദേശീയ പരമാധികാരം, സുരക്ഷ, വികസന താൽപ്പര്യങ്ങൾ എന്നിവ ഉറപ്പാക്കുമെന്ന വ്യവസ്ഥ പാലിക്കണം’’– മാ സിയാവുഗ്വാങ് വിശദീകരിച്ചു. എല്ലാ മുഖ്യധാരാ തയ്‌വാനീസ് രാഷ്ട്രീയ പാർട്ടികളും ഈ നിർദേശം തള്ളി. അഭിപ്രായ വോട്ടെടുപ്പുകളിലും പൊതുജന പിന്തുണയില്ല. 2020ൽ ഹോങ്കോങ്ങിൽ ദേശീയ സുരക്ഷാ നിയമം ചൈന ഏർപ്പെടുത്തിയതാണു തയ്‍വാൻകാരുടെ ഓർമയിൽ നിറഞ്ഞത്.

2016ൽ തയ്‌വാൻ പ്രസിഡന്റായി സായ് ഇങ് വെൻ അധികാരമേറ്റതു മുതൽ അവരുമായി സംഭാഷണത്തിനു ചൈന തയാറിയിട്ടില്ലെന്നതു കൗതുകമുണർത്തുന്നതാണ്. സമത്വത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും അടിസ്ഥാനത്തിൽ സംസാരിക്കാമെന്നു പലകുറി വാഗ്ദാനം ചെയ്തെങ്കിലും, സായ് വിഘടനവാദിയാണെന്നാണു ചൈനയുടെ പക്ഷം. സായിയുടെ മുൻഗാമിയായ മാ യിങ് ജിയോ 2015ൽ സിംഗപ്പൂരിൽ ചൈനീസ് പ്രസിഡന്റുമായി സുപ്രധാന കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഷി–മാ കൂടിക്കാഴ്ച തയ്‌വാനോടുള്ള ചൈനയുടെ ‘തന്ത്രപരമായ വഴക്കം’ പ്രതിഫലിപ്പിച്ചു എന്നാണ് അന്നു ചൈനീസ് വിദഗ്ധർ വിശേഷിപ്പിച്ചത്. 2027ൽ ഷിക്ക് 74 വയസ്സും ചൈനീസ് വിപ്ലവത്തിന് 100 വയസ്സും ആകും. തയ്‌വാന്റെ പുനരേകീകരണം ആ അവസരത്തിലേക്കാണു ഷി കണ്ടുവച്ചിട്ടുള്ളതത്രെ. സമീപകാല സംഭവവികാസങ്ങൾ നോക്കുമ്പോൾ അത്രയുംകാലം കാത്തിരിക്കാൻ ഷി തയാറാകുമോ എന്നു കണ്ടറിയണം.

English Summary: China says US sending 'very wrong, dangerous signals' on Taiwan; War tension intensifies- Explained