ബോക്സിങ് തോൽവി ഫെഡറേഷന്റെ പിടിപ്പുകേട്: കോച്ച്

ന്യൂഡൽഹി ∙ റിയോ ഒളിംപിക്സിൽ ഇന്ത്യൻ ബോക്സിങ് താരങ്ങളുടെ മോശം പ്രകടത്തിനു പിന്നിൽ ബോക്സിങ് ഫെഡറേഷന്റെ അനാസ്ഥയെന്ന ആരോപണവുമായി മുഖ്യ പരിശീലകൻ ഗുർബക്ഷ് സിങ് സന്ധു രംഗത്തു വന്നു. ഫെഡറേഷന്റെ ഭരണതലത്തിലെ പാളിച്ചകളാണു  കാരണമായി സിങ് ചൂണ്ടിക്കാട്ടിയത്. ഒളിംപിക്സിനു മുന്നോടിയായി വിദേശ പരിശീലന സൗകര്യങ്ങളോ രാജ്യാന്തര മൽസരങ്ങളിൽ പങ്കെടുക്കാൻ വേണ്ടത്ര അവസരങ്ങളോ ഫെഡറേഷൻ ഒരുക്കിയില്ലെന്നും ആരോപണമുണ്ട്. തമ്മിലടിമൂലം ബോക്സിങ് ഫെഡറേഷന് നിലവിൽ കേന്ദ്ര സർക്കാരിന്റെ അംഗീകാരമില്ല. 2012ലെ തിരഞ്ഞെടുപ്പിലുണ്ടായ വ്യാപക ക്രമക്കേടുകളെത്തുടർന്ന് സർക്കാർ ഫെഡറേഷൻ പിരിച്ചുവിട്ടിരുന്നു.

മെഡൽ നേടാനായില്ലെങ്കിലും ബോക്സർമാരെ തള്ളിപ്പറയാൻ സന്ധു തയാറായില്ലെന്നു മാത്രമല്ല പൂർണ പിന്തുണ നൽകുന്നുമുണ്ട്. താരങ്ങളുടെ കഷ്ടപ്പാടുകളും മനസ്സിലാക്കണം. മികച്ച പ്രകടനം കാഴ്ചവയ്ക്കാത്തതിനു കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഫെഡറേഷന്റെ പ്രവർത്തനങ്ങൾ ഉൗർജിതമാക്കുക മാത്രമാണു പോംവഴി. ഫെഡറേഷനില്ലെങ്കിൽ രാജ്യാന്തരതലത്തിൽ രാജ്യത്തിന് ഒന്നും ചെയ്യാനാകില്ല, സാങ്കേതിക വിഭാഗത്തിലുള്ള പരിഗണനപോലും ലഭിക്കില്ലെന്നും സന്ധു ചൂണ്ടിക്കാട്ടുന്നു. 1993ൽ ആണ് സന്ധു ദേശീയ സീനിയർ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്.  ശിവ ഥാപ്പ (56 കിലോ വിഭാഗം), മനോജ് കുമാർ (64 കിലോ), വികാസ് കൃഷ്ണൻ (75 കിലോ) എന്നിവരാണ് ഇന്ത്യയ്ക്കായി റിയോയിൽ മൽസരിച്ചത്.