നാലു വർഷമെടുത്ത് ബൈബിൾ പഠിച്ചും 41 ദിവസം നോമ്പു നോറ്റും ജന്മമേകിയ ചിത്രം

പരമേശ്വര്‍ ഇല​ഞ്ഞിയുടെ ‘ഹോളി വിക്ടറി’ എന്ന പെയിന്റിങ്.

ലോക രക്ഷയ്ക്കുവേണ്ടി ജീവൻ വെടിഞ്ഞ യേശുദേവനെക്കുറിച്ച് അറിയാൻ ഒന്നുകിൽ വേദപുസ്തകം വായിക്കാം. അല്ലെങ്കിൽ, പരമേശ്വർ ഇലഞ്ഞി വരച്ച ഇൗ ചിത്രം കാണാം. എട്ടടി ഉയരത്തിലും ആറടി നീളത്തിലും ഗാഗുൽത്താമല പോലെ ഉയർന്നു നിൽക്കുന്ന ക്യാൻവാസിൽ, ജീവൻ വെടിയുന്ന ക്രിസ്തുവിന്റെ ക്രൂശിത രൂപം.

നാലു വർഷമെടുത്ത് ബൈബിൾ പഠിച്ചും 41 ദിവസം നോമ്പു നോറ്റും ജന്മമേകിയ ചിത്രത്തിനായി പരമേശ്വർ നടത്തിയതു പീഡാനുഭവ യാത്ര തന്നെയായിരുന്നു. ആ കുരിശിന്റെ വഴിയിൽ കൂട്ടായത് ഒന്നുമാത്രം; ദൈവാനുഗ്രഹം.

മദർ തെരേസയുടെ കാരുണ്യം വിഷയമാക്കി വരച്ച തണൽ എന്ന ചിത്രത്തിനു ശേഷമാണ് തീവ്രമായ ഒരുൾക്കാഴ്ചയോടെ പരമേശ്വർ ഹോളി വിക്ടറി എന്ന പേരിട്ട് ക്രൂശിത രൂപത്തിന്റെ രചന തുടങ്ങിയത്. സ്വന്തം രക്തത്താൽ ലോകത്തിന്റെ മുഴുവൻ പാപക്കറ കഴുകിക്കളഞ്ഞ യേശുക്രിസ്തു. അതായിരുന്നു പെയിന്റിങ്ങിന്റെ ആശയം.

പക്ഷേ, ഹിന്ദുമത വിശ്വാസിയായ പരമേശ്വർ ക്രിസ്തുവിനെ വരയ്ക്കുമ്പോൾ ഒരു ചെറിയ തെറ്റു മതി വലിയ വിവാദമുയരാൻ. അങ്ങനെയാണ് യേശുക്രിസ്തുവിനെ അറിയാൻ തീരുമാനിച്ചത്. ബൈബിളും അതിന്റെ വ്യാഖ്യാനങ്ങളും മനസ്സിരുത്തി വായിച്ചു പഠിച്ചു. പിന്നെയാണ് ബ്രഷ് കൈയിലെടുത്തത്.

ക്രൂശിതനായ ക്രിസ്തുവിന്റെ ചിത്രം ലോകത്താകെ പലതരത്തിൽ വരയ്ക്കപ്പെട്ടിട്ടുണ്ട്. എന്നാൽ പരമേശ്വറിന്റെ ചിത്രത്തിൽ കുരിശിനു പകരം നമ്മൾ കാണുന്നതു മുള്ളുകൾ നിറഞ്ഞ വൃക്ഷമാണ്. കൈകളിലും കാലുകളിലും ഇരുമ്പാണികൾ തറച്ചും ശരീരത്തിൽ മുള്ളുകൾ തുളച്ചുകയറിയും തീവ്രവേദനയിൽ പുളയുന്ന ശരീരത്തിൽനിന്ന് ഇറ്റുവീഴുന്ന തിരുരക്തം പതിയുന്നതു താഴെ മോക്ഷം തേടി ഉയരുന്ന ലക്ഷക്കണക്കിനു കൈകളിലേക്കാണ്.

വസ്ത്രത്തിനു പകരം ഇലകൾ കൊണ്ടാണ് നഗ്നത മറച്ചിരിക്കുന്നത്. പരിശുദ്ധാത്മാവിന്റെ അനുഗ്രഹം വെള്ളരിപ്രാവിൽനിന്നു ദിവ്യവെളിച്ചമായി എത്തുന്നു. ക്രിസ്തുവിന്റെ മുഖത്തെ തിളങ്ങുന്ന വിയർപ്പുതുള്ളികളും, ലോകരാഷ്ട്രങ്ങളുടെ പ്രതീകമായി ഹൃദയത്തിന്റെ രൂപത്തിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന ഇലകളും ഒക്കെ അതിസൂക്ഷ്മമായി വരച്ചിരിക്കുന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

പരമേശ്വര്‍ ഇലഞ്ഞി

പാതിരാത്രി പോലും ഞെട്ടിയെഴുന്നേറ്റ് ചിത്രത്തിനടുത്തേക്ക് ഓടിപ്പോയി ബ്രഷ് എടുത്തു കുറവുകൾ തീർത്താണ് രചന നീങ്ങിയത്. മറ്റൊരു ചിത്രവും വരയ്ക്കുമ്പോൾ കാട്ടാത്ത പരമേശ്വറിന്റെ ഇൗ അസ്വസ്ഥതകളിൽ ഭാര്യ തുളസി പോലും പലപ്പോഴും ആശ്ചര്യപ്പെട്ടു.

ഇൗ അപൂർവ ചിത്രം കാണാൻ പരമേശ്വർ ഇലഞ്ഞിയുടെ കുമാരപുരം തോപ്പിൽനഗറിലെ വീട്ടിൽ ഒട്ടേറെപ്പേർ എത്തുന്നു. ബിഷപ്പുമാരും വിശ്വാസികളും അവിശ്വാസികളും ഒക്കെ അക്കൂട്ടത്തിലുണ്ട്. പ്രപഞ്ച സൃഷ്ടി മുതൽ ഏദൻതോട്ടത്തിൽ നിന്ന് ആദവും ഹവ്വയും പുറത്താക്കപ്പെടുന്നതു വരെയുള്ള മുഹൂർത്തങ്ങൾ കോർത്തിണക്കിയുള്ള ‘ഉൽപത്തി’ എന്ന ചിത്രമാണ് ഇനി ഇൗ കൊച്ചി ഇലഞ്ഞിക്കാരനിൽനിന്നു വരാനിരിക്കുന്ന അദ്ഭുതം. അതു മനസ്സിൽ എപ്പോഴേ വരച്ചു കഴിഞ്ഞു. ഇനി ക്യാൻവാസിലേക്കു പകർത്തണം.