ഇന്ദിര, ഇന്ത്യ

ഫിഡൽ കാസ്ട്രോയ്ക്കൊപ്പം ഇന്ദിര

അതിശക്തയായ ഭരണാധികാരി എന്ന് അറിയപ്പെട്ടിരുന്ന ഇന്ദിരാഗാന്ധി നല്ലൊരു വായനക്കാരിയുമായിരുന്നു. ഭരണത്തിരക്കുകൾക്കിടയിലും അക്ഷരങ്ങളോടുള്ള സ്നേഹം അവർ കെടാതെ സൂക്ഷിച്ചു. ദേശാതിർത്തികൾ പിന്നിട്ട ആ വായനാശീലം അവരെ ഗബ്രിയേൽ ഗാർസിയ മാർക്കേസിന്റെയും മാജിക്കൽ റിയലിസത്തിന്റെയും ആരാധികയാക്കി. ക്യൂബയിലെ ഫിഡൽ കാസ്ട്രോയും ഗബ്രിയേൽ ഗാർസിയ മാർക്കേസും ഉറ്റചങ്ങാതിമാരായിരുന്നു. ഇന്ദിരയാകട്ടെ കാസ്ട്രോയുടെ സുഹൃത്തും.

മാർക്കേസ്

1982 ഒക്ടോബറിൽ ഗബ്രിയേൽ ഗാർസിയ മാർക്കേസിനു സാഹിത്യനൊബേൽ ലഭിച്ചു. തികച്ചും യാദൃശ്ചികമെന്നേ പറയാവൂ–ഇന്ദിരാഗാന്ധി ആ സമയത്താണ് മാർക്കേസിന്റെ ‘ഏകാന്തതയുടെ നൂറു സംവത്സരങ്ങൾ’ എന്ന പുസ്തകം വായിക്കാൻ തുടങ്ങിയത്. മാർക്കേസിനെ ഇന്ത്യയിലെത്തിക്കണമെന്ന് ആഗ്രഹിച്ച ഇന്ദിര ഫിഡൽ കാസ്ട്രോ വഴി ഇക്കാര്യം നടത്താമെന്നു നിശ്ചയിച്ചു. നൊബേൽ പ്രഖ്യാപനത്തിനു തൊട്ടടുത്ത മാസം മോസ്കോയിൽ നടന്ന സോവിയറ്റ് മുൻപ്രധാനമന്ത്രി ബ്രഷ്നേവിന്റെ സംസ്കാരത്തിൽ പങ്കുചേരാൻ ഫിഡൽ കാസ്ട്രോയും ഇന്ദിരാഗാന്ധിയുമെത്തി. ഡൽഹിയിൽ അടുത്ത വർഷം നടക്കുന്ന ചേരിചേരാ പ്രസ്ഥാനത്തിന്റെ ഉച്ചകോടിയിൽ പങ്കെടുക്കാൻ കാസ്ട്രോയെ ക്ഷണിച്ച ഇന്ദിരാഗാന്ധി ഒരു കാര്യംകൂടി ആവശ്യപ്പെട്ടു–‘നിങ്ങളുടെ ഉറ്റസുഹൃത്ത് മാർക്കേസിനെക്കൂടി ഒപ്പം കൂട്ടുക’.

ആ ആഗ്രഹം നിറവേറ്റപ്പെട്ടു. 1983–ൽ ഫിഡൽ കാസ്ട്രോയോടെപ്പം സാക്ഷാൽ ഗബ്രിയേൽ ഗാർസിയ മാർക്കേസും ഡൽഹിയിൽ വിമാനത്തിലെത്തി. വിമാനം ഡൽഹിയിൽ ഇറങ്ങിക്കഴിഞ്ഞിട്ടും മാർക്കേസ് സീറ്റിൽത്തന്നെ ഇരുന്നു–ക്യൂബയുടെ പ്രസിഡന്റ് എന്ന നിലയിൽ ഫിഡൽ കാസ്ട്രോയെ ഒൗദ്യോഗികമായി സ്വീകരിക്കുന്ന തിരക്കുകൾ കഴിഞ്ഞു പുറത്തിറങ്ങാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. എന്നാൽ കാസ്ട്രോയെ വരവേൽക്കാനെത്തിയ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വിമാനത്തിന്റെ ഗോവണിവരെ എത്തി മാർക്കേസിനെ തിരക്കി. ആ നിമിഷം മുതൽ ഇന്ദിരാഗാന്ധിയോടുള്ള ആദരം വർധിച്ചു എന്നാണ് പിന്നീടു മാർക്കേസ് പറഞ്ഞത്.

‘ഇന്ദിരാഗാന്ധി ഫ്രഞ്ച് സംസാരിച്ചു– അവർ ‘അരാക്കാറ്റക്ക’ യിൽ പിറന്നിരുന്നുവെങ്കിൽ എന്നു താൻ ആഗ്രഹിച്ചു’– മാർക്കേസിന്റെ വാക്കുകൾ.

ഡൽഹി സന്ദർശിച്ച വിഖ്യാത എഴുത്തുകാരനോട് പിന്നീടൊരവസരത്തിൽ ഇന്ത്യ മുഴുവൻ കാണാനായി വരണമെന്ന് ഇന്ദിര അഭ്യർഥിച്ചിരുന്നു. എന്നാൽ തൊട്ടടുത്ത വർഷം അവർ വെടിയേറ്റു മരിച്ചു. അരുംകൊലയുടെ വാർത്തയറിഞ്ഞ മാർക്കേസ് തീരുമാനമെടുത്തു– ‘ഇനി ഒരിക്കലും ഇന്ത്യ സന്ദർശിക്കില്ല’.