ഓർമകളുടെ കാവലാൾ

വിനോദ് ഡാനിയൽ. ചിത്രം: വിഷ്ണു സനൽ

തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ സ്ഫോടനത്തിൽ കൊല്ലപ്പെട്ട രാജീവ് ഗാന്ധിയുടെ പൈജാമ, ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടപ്പോൾ ധരിച്ചിരുന്ന സാരി, അസംഖ്യം ഈജിപ്ഷ്യൻ മമ്മികൾ... ചരിത്രത്തിന്റെ ബാക്കിപത്രങ്ങളായ ഇത്തരം നൂറുകണക്കിനു സ്മാരകങ്ങൾ ലോകമെങ്ങുമുള്ള മ്യൂസിയങ്ങളിൽ ഇന്നും തിളക്കത്തോടെ നിലനിർത്തുന്നതിനു പിന്നിൽ ഒട്ടേറെ മലയാളി ബന്ധങ്ങളുള്ള ഒരു ചെന്നൈ സ്വദേശിയുണ്ട്, പേര് വിനോദ് ഡാനിയൽ.

സച്ചിൻ ടെൻഡുൽക്കർ തന്റെ കരിയറിലെ നാഴികക്കല്ലുകളിൽ ശേഖരിച്ച ബാറ്റുകളും ബോളുകളുമുൾപ്പടെയുളള വമ്പൻ സ്വകാര്യശേഖരത്തിന്റെ സംരക്ഷണത്തിന് ഉപദേശം നൽകുന്നതും ഓസ്ട്രേലിയൻ പൗരനായി മാറിയ വിനോദ് തന്നെ. ഡൽഹി ഐഐടിയിൽ നിന്നു കെമിക്കൽ എൻജിനിയറിങ്ങിൽ ബിരുദമെടുത്ത് രാജ്യാന്തര മ്യൂസിയങ്ങളുടെ സംരക്ഷനായി മാറിയ വിനോദ് മ്യൂസിയങ്ങളുടെ രാജ്യാന്തര സംഘടനയായ ഇന്റർനാഷനൽ കൗൺസിൽ ഓഫ് മ്യൂസിയംസിന്റെ (ഐകോൺ) ബോർഡ് അംഗം കൂടിയാണ്. ബന്ധുക്കളിൽ പലരും തിരുവനന്തപുരത്തായതിനാൽ, ബാല്യം മുതൽ തലസ്ഥാനത്തെ നിത്യസന്ദർശകൻ. കേരളത്തിലെ മ്യൂസിയങ്ങൾ കാലത്തിനനുസരിച്ച് എങ്ങനെ മാറണമെന്നതിക്കുറിച്ച് വിനോദ് മനസ് തുറക്കുന്നു.

പുതുതലമുറ വിനോദമാർഗങ്ങളുടെ കാലത്ത് മ്യൂസിയങ്ങളുടെ ഭാവിയെന്താകും?

മാളുകളോടും അമ്യൂസ്മെന്റ് പാർക്കുകളോടുമാണ് ഇനി മ്യൂസിയങ്ങൾ മത്സരിക്കേണ്ടത്. ഒരു തവണ മ്യൂസിയത്തിൽ പോകുന്നത് ശരി, രണ്ടാം തവണ നിങ്ങളെ അവിടെ എത്തിക്കണമെങ്കിൽ പുതിയതായി എന്തെങ്കിലുമുണ്ടാകണം. കുറെ പുരാവസ്തുക്കൾ ചേർത്തുവച്ചാൽ മാത്രമായില്ല, ആളുകൾക്ക് ഒരു ടൂർ അനുഭവം നൽകാൻ കഴിയണം. കഫേകൾ, കുട്ടികൾക്കുള്ള കളിസ്ഥലം, മ്യൂസിക് ഏരിയ, ന്യൂജനറേഷൻ എക്സിബിഷനുകൾ ഒക്കെ വേണ്ടിവരും. 

മ്യൂസിയങ്ങളിൽ ആളുകളെത്തുന്നത് കുറയുന്നില്ലേ?

ചിലയിടങ്ങളിൽ മാത്രം കുറയുന്നുണ്ട്. ഇംഗ്ലണ്ടിൽ 18 മുതൽ 35 വരെയുള്ളവർ മ്യൂസിയത്തിൽ എത്താതായതോടെ അവർ സമീപത്തായി കഫേകൾ, ചെറിയ ബിയർ പാർലറുകൾ ഒക്കെ തുടങ്ങി. ബാർബിക്യു ഉണ്ടാക്കാനായി പ്രത്യേക ഏരിയയുമുണ്ടായിരുന്നു. ബോഡി ആർ‌ട്ട്, ടാറ്റൂ എന്നിവ ഇഷ്ടപ്പെടുന്നവർക്കായി പ്രദർശനങ്ങൾ നടത്തി. ബിസിനസുകാരെ ആകർഷിക്കാർ മ്യൂസിയങ്ങളുടെ ചില ഭാഗങ്ങൾ കോർപറേറ്റ് ഇവന്റുകൾ നടത്താനായി വിട്ടുകൊടുത്തു. 

നമ്മുടെ മ്യൂസിയങ്ങൾ ഏങ്ങനെ മാറണം?

മ്യൂസിയത്തിന്റെ ചെലവു മുഴുവൻ സർക്കാർ നൽകുന്ന രീതി അവസാനിപ്പിക്കണം. ചെറിയൊരു ശതമാനം നൽകിയിട്ട്, ബാക്കി സ്വയം കണ്ടെത്താൻ പറയുക. കിടിലൻ ബിസിനസ് മാതൃകകൾ ഉയർന്നുവരുന്നതു കാണാം. ഇത്തരത്തിൽ മാത്രമേ മുന്നോട്ടു പോകാൻ കഴിയൂ. സർക്കാരിനു പകരം ഒരു സ്വതന്ത്രമായ സ്ഥാപനം വേണം മേൽനോട്ടം വഹിക്കാൻ. ഡയറക്ടർമാർ ആറുവർഷമെങ്കിലും മാറ്റമില്ലാതെ തുടരണം. ഏറ്റവും പ്രധാനം, സന്ദർശകരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനുള്ള സംവിധാനമാണ്.

വെർച്വൽ റിയാലിറ്റി, ത്രീഡി പോലെയുള്ള സങ്കേതങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ച്?

സാങ്കേതികവിദ്യകൾ നമ്മുടെ മാധ്യമം മാത്രമാണ്. ആളുകളെ വലിച്ചുകൊണ്ടുവരാൻ കഴിയുന്ന ഒരു ആശയം മ്യൂസിങ്ങളിലുണ്ടാകണം. ക്രിക്കറ്റ് ഇഷ്ടപ്പെടുന്ന ഒരു തലമുറയ്ക്ക് കാണാൻ ആഗ്രഹമുള്ളത് സച്ചിന്റെ ബാറ്റുകളും ഹെൽമെറ്റുകളും ഒക്കെയാകും. ഒരു വംശഹത്യയുടെ ചരിത്രം പറയാൻ അതിൽ ബാക്കിയായ ഒരു കൂട്ടം ഷൂസുകൾ മാത്രം മതിയാകും. ഗംഭീരമായി കഥ പറയാൻ കഴിയണമെന്നു ചുരുക്കം. കാണികൾ തിരിച്ചിറങ്ങുമ്പോൾ കണ്ട കാഴ്ചകളിൽ രണ്ടെണ്ണമെങ്കിലും മനസിൽ നിന്നു മായാതിരുന്നാൽ വിജയമെന്നുറപ്പ്.

സച്ചിന്റെ സ്വകാര്യശേഖരം മ്യൂസിയമാക്കുന്നതിനു പിന്നിൽ താങ്കളുണ്ടോ?

ഒന്നും പറയാറായിട്ടില്ല, സച്ചിന്റെ പ്രധാനപ്പെട്ട എല്ലാ കളികളിലെയും ബാറ്റും ബോളും ഹെൽമെറ്റുകളുമൊക്കെയായി വലിയ ശേഖരം വീട്ടിലെ ഒരു മുറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഇവ ഇതുവരെ പ്രദർശിപ്പിച്ചിട്ടില്ല, ബ്രാഡ്മാൻ ചെയ്തതുപോലെ ഭാവിയിൽ ഇതൊരു മ്യൂസിയമായി മാറ്റിയേക്കും. അതുവരെ ഇവ കേടുകൂടാതെ സൂക്ഷിക്കുക ശ്രമകരമാണ്. ഇതിനുള്ള സഹായം നൽകുന്നുണ്ട്. 

ഇന്ദിര ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും വസ്ത്രങ്ങളെപ്പറ്റി?

ഡൽഹിയിലെ ഇന്ദിരാ ഗാന്ധി മെമ്മോറിയൽ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന ഇവയുടെ പല ഭാഗങ്ങളും നശിച്ച നിലയിലായിരുന്നു ആദ്യം. ഒരു ചട്ടക്കൂട് നൽകാനായി ആസിഡ് ഫ്രീ ലിനൻ ഇരുവശത്തും തുന്നിപ്പിടിപ്പിച്ചു. രക്തം ഉൾപ്പടെ പടർന്നതിനാൽ നശിക്കാനുള്ള സാധ്യത കൂടുതലാണ്. വായു ഒട്ടും കടക്കാത്ത തരത്തിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്.

ഈജിപ്ഷ്യൻ മമ്മികളെ മ്യൂസിയത്തിൽ സൂക്ഷിക്കുന്നതിനെപ്പറ്റി?

ലൊസാഞ്ചലസിലെ ജെ പോൾ ഗെറ്റി മ്യൂസിയത്തിൽ ഒട്ടേറെ മമ്മികളെ സൂക്ഷിക്കുന്നതിൽ കെമിക്കൽ എൻജിനിയറെന്ന നിലയിൽ സഹകരിച്ചിട്ടുണ്ട്. ഒടുവിൽ തെലങ്കാന സ്റ്റേറ്റ് മ്യൂസിയത്തിലൊരണ്ണവും പുതിയ ഡിസ്പ്ലേ കേസിലേക്കു മാറ്റി. മമ്മിയെ ചുറ്റിയിരുന്ന ബാൻഡേജുകൾ പലതും അഴുകിത്തുടങ്ങിയിരുന്നു. ഇവയ്ക്കു ചുറ്റും ശക്തമായ ഒരു വലയിട്ടാണ് സംരക്ഷിച്ചിരിക്കുന്നത്.