ഇതാ ലോകത്തിന്റെ ഫുട്ബോൾ മ്യൂസിയം!

ഇത് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ നഗരം. ലോകത്തിലെ ഏറ്റവും വലിയ ഫുട്‌ബോൾ മ്യൂസിയം ഇവിടെയാണ്. ഇംഗ്ലിഷ് ഫുട്‌ബോൾ കേന്ദ്രീകരിച്ചിരിക്കുന്നതും ഇവിടെ. ഒരു ഫുട്‌ബോൾ ക്ലബ്ബിനു ലഭിക്കാവുന്ന എല്ലാ കിരീടങ്ങളും കയ്യടക്കി വച്ചിരിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന ‘ചുവന്ന ചെകുത്താന്മാരുടെ നഗരം. സമീപകാലത്തെ മിന്നുന്ന പ്രകടനങ്ങൾ കാഴ്ചവച്ച മാഞ്ചസ്റ്റർ സിറ്റി ക്ലബ്ബും ഈ നഗരത്തിന്റെ സന്തതി. സ്റ്റീലിലും സ്ഫടികത്തിലും തീർത്ത ഭീമാകാരമായ അർബിസ് കെട്ടിടത്തിലാണ് നാഷനൽ ഫുട്ബോൾ മ്യൂസിയം. കെട്ടിടത്തിൽ എഴുതിവച്ചിരിക്കുന്നതുപോലെ ‘ഫുട്‌ബോൾ എന്ന നാടകം, ചരിത്രം, വികാരം, വിശ്വാസം, സൗന്ദര്യം, നൈപുണ്യം, കല’ എന്നിവ കണ്ടും കേട്ടും മനസ്സിലാക്കാൻ ഒരിടം.

മാഞ്ചസ്റ്ററിലെ നാഷനൽ ഫുട്ബോൾ മ്യൂസിയം

ലങ്കാഷറിലെ പ്രെസ്റ്റണിൽ, ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഫുട്‌ബോൾ ലീഗ് മൈതാനമായ ഡീപ് ഡെയിലാണ് ആദ്യം മ്യൂസിയം സ്ഥാപിച്ചത്. 2001 ജൂണിൽ തുറന്നു. പ്രതിവർഷം ഒരു ലക്ഷത്തോളം സന്ദർശകർ എത്തിയെങ്കിലും കടം കയറി. അങ്ങനെ രണ്ടു ദശലക്ഷം പൗണ്ട് വാർഷിക ഗ്രാന്റ് നൽകാമെന്ന നഗരസഭയുടെ ഉറപ്പിൽ മാഞ്ചസ്റ്ററിലേക്കു മാറ്റി. അതോടെ സന്ദർശകർ ആണ്ടിൽ നാലു ലക്ഷത്തോളമായി. പ്രവേശനം സൗജന്യമാണ്. മൂന്നു പൗണ്ടിൽ കുറയാത്ത സംഭാവന നൽകാം. നിർബന്ധമില്ല. നാലു നിലകളിലായിട്ടാണ് മ്യൂസിയം. ഒരു വലിയ മൈതാനത്തിന്റെ പ്രതീതിയാണ് ഉള്ളിൽ.

പോൾ ട്രവലിയൻ എന്ന പ്രമുഖ രേഖാചിത്രകാരൻ വരച്ച ലോക ഫുട്‌ബോളിനെ സമ്പന്നമാക്കിയ പ്രതിഭാധനരായ കളിക്കാരുടെ ചിത്രങ്ങളാണ് നമ്മെ സ്വാഗതം ചെയ്യുന്നത്. പെലെ, മറഡോണ, സിഡാൻ, പ്ലാറ്റിനി, ബെർക്കാമ്പ്,ക്രൈഫ്, ബക്കൻബോവർ അങ്ങനെ കാൽപ്പന്തു കളിയിലെ ഇന്ദ്രജാലക്കാരുടെ നീണ്ട നിര. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എക്കാലത്തെയും മികച്ച താരവും ലോകംകണ്ട മികച്ച ഡ്രിബ്ലറും ആക്രമണകാരിയായ മിഡ്‌ഫീൽഡറുമായ ജോർജ് ബെസ്റ്റ് 2001ൽ 14,000 പൗണ്ട് നൽകി വാങ്ങിയ മിനി കൂപ്പർ എന്ന ചെറിയ കാർ കാണാം.

ഇംഗ്ലണ്ടിന്റെ ബോബി മൂറിന്റെ ജഴ്സിയും ബൂട്ടും

മദ്യത്തിനും സുന്ദരിമാർക്കും ആഡംബര സ്‌പോർട്ട് കാറുകൾക്കുംവേണ്ടി പണമൊഴുക്കിയ ബെസ്റ്റ് ജീവിതാവസാനകാലത്ത് വാങ്ങിയതാണ് ഇത്. അമിതമായ മദ്യാസക്തിയിൽ മുങ്ങി, 2005ൽ 59–ാമത്തെ വയസ്സിൽ ബെസ്റ്റ് അന്തരിച്ചു. മ്യൂസിയത്തിലെ പ്രധാന ആകർഷണം, 1863–ൽ എബനിസീർ കോബ് മോർളി സ്വന്തം കൈപ്പടയിൽ എഴുതിയ ലോകത്തെ ആദ്യത്തെ ഫുട്‌ബോൾ നിയമാവലിയുടെ പകർപ്പാണ്. അതിനൊപ്പം വച്ചിരിക്കുന്നത് മാലാവി എന്ന ആഫ്രിക്കൻ രാജ്യത്തിലെ കുട്ടികൾ ഗർഭനിരോധന ഉറ ബ്ലാഡറാക്കി നിർമിച്ച ഒരു ഫുട്‌ബോളും, തൂവെള്ള സിറാമിക്സിൽ പാബ്ലോ പിക്കാസ്സോ 1965ൽ തീർത്ത ഫുട്‌ബോളർ എന്ന ശിൽപവും. മുന്നോട്ടു നടക്കുമ്പോൾ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെൻഡുൽക്കറുടെ ചിത്രം. ഫുട്‌ബോൾ രാജാക്കന്മാരുടെ രേഖാചിത്രങ്ങൾ വരച്ച ട്രെവലിയൻതന്നെ രചയിതാവ്. ഇന്ത്യൻ ബാറ്റിങ് ഇതിഹാസം എങ്ങനെ മ്യൂസിയത്തിൽ ഇടംനേടി? സച്ചിൻ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കടുത്ത ആരാധകനാണ് എന്നതാകുമോ കാര്യം?

സച്ചിൻ തെൻഡുൽക്കറുടെ പെയിന്റിങ്

1966ൽ ലോകകപ്പ് ആദ്യമായി ഇംഗ്ലണ്ടിൽ അരങ്ങേറുന്നതിന്റെ പ്രചരണാർഥം വിജയികൾക്കു നൽകുന്ന യുൾറിമെ കപ്പ് ലണ്ടനിലെ വെസ്റ്റ്‌മിൻസ്റ്റർ സെൻട്രൽ ഹാളിൽ പ്രദർശനത്തിനു വച്ചിരുന്നു. സുരക്ഷാജീവനക്കാരുടെ വേഷമണിഞ്ഞ് എത്തിയ രണ്ടുപേർ കപ്പ് മോഷ്‌ടിച്ചു. ഒരാഴ്‌ചയ്ക്കുശേഷം ദക്ഷിണ ലണ്ടനിലെ ഒരു വീടിന്റെ വേലിക്കരികിൽ പത്രക്കടലാസിൽ പൊതിഞ്ഞനിലയിൽ കപ്പ് കണ്ടെത്തി. തന്റെ യജമാനനൊപ്പം നടക്കാൻ പോയ പിക്കിൾസ് എന്ന നായാണ് ആദ്യം കണ്ടത്. അത്തവണ ഇംഗ്ലണ്ട് ലോകകപ്പ് ഉയർത്തിയപ്പോൾ നടന്ന ആഘോഷച്ചടങ്ങിലും വിരുന്നിലുമൊക്കെ പിക്കിൾസിന് മാന്യസ്ഥാനമായിരുന്നു. 1967–ൽ ഒരു പൂച്ചയെ പിന്തുടർന്ന് ഓടുന്നതിനിടയിൽ കഴുത്തിലെ ബെൽറ്റ് ഒരു മരത്തിന്റെ ശിഖരത്തിൽ കുരുങ്ങി ശ്വാസംമുട്ടി പിക്കിൾസ് മരിച്ചു. ആ കോളർ ഇന്ന് ഇവിടെ മറ്റൊരു പ്രദർശനവസ്തുവാണ്.

മോഷണഭയംമൂലം 1966ൽ തന്നെ ഇംഗ്ലണ്ടിലെ ഫുട്‌ബോൾ അസോസിയേഷൻ ഗ്രീക്ക് പുരാണത്തിലെ വിജയത്തിന്റെ ദേവതയായ നൈക്കിയുടെ രൂപത്തിലുള്ള യുൾറിമേ കപ്പിന്റെ ഒരു പകർപ്പ് നിർമിച്ചു. അസ്സൽ ഏത് അനുകരണം ഏത് എന്ന് തിരിച്ചറിയാനാവാത്തവിധം നിർമിച്ച ആ കപ്പാണത്രേ ഇംഗ്ലണ്ട് ലോക ഫുട്‌ബോൾ ചാംപ്യൻമാരായിരുന്ന 1966 മുതൽ 1970 വരെ പല ആഘോഷങ്ങൾക്കും ഉപയോഗിച്ചത്. 1970ൽ മെക്സിക്കോ ലോകകപ്പിൽ ബ്രസീൽ മൂന്നാംതവണയും ചാംപ്യൻമാരായപ്പോൾ, ലോക കപ്പ് ഫുട്‌ബോൾ മത്സരം എന്ന ആശയം ഒരു യാഥാർഥ്യമാക്കിയ ഫിഫ പ്രസിഡന്റായിരുന്ന ഫ്രഞ്ചുകാരൻ യുൾറിമേയുടെ പേരിലുള്ള ആ കപ്പ് അവർക്ക് സ്വന്തമായി. പക്ഷേ, 1983ൽ റിയോയിൽ വച്ച് കപ്പ് വീണ്ടും മോഷണം പോയി. ഇന്നും ലോകഫുട്‌ബോളിന്റെ ചരിത്രത്തിലെ അമൂല്യസ്വത്തായ ആ കപ്പ് കണ്ടെത്താനായിട്ടില്ല. യഥാർഥ യുൾറിമേ കപ്പ് എന്നന്നേക്കുമായി അപ്രത്യക്ഷമായതോടെ ഇംഗ്ലണ്ടിലെ അതിന്റെ തനിപ്പകർപ്പിന് മൂല്യവും പ്രാധാന്യവും വർധിച്ചു. 1997ൽ ഫിഫ 2,54,000 (രണ്ടുലക്ഷത്തി അൻപത്തിനാലായിരം) പൗണ്ടിന് അത് ലേലത്തിൽ പിടിച്ചു. അതും ഇവിടെ പ്രദർശനത്തിനു വച്ചിരിക്കുന്നു.

പിക്കാസ്സോ തീർത്ത ശിൽപം

1966ൽ ഇംഗ്ലണ്ട് ലോകകപ്പ് നേടിയതിന്റെ മധുരസ്‌മരണകളുടെ അയവിറക്കലാണ് മ്യൂസിയത്തിന്റെ ഒരു പ്രധാന ഭാഗം. അന്നത്തെ ടീമിലെ കളിക്കാരുടെ ജഴ്‌സികൾക്കു പുറമേ ഫുട്‌ബോൾ കണ്ട ഏറ്റവും മികച്ച ഗോൾകീപ്പർ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഗോർഡൻ ബാങ്ക്‌സിന്റെ സുരക്ഷിതമായ കൈകളുടെ ലോഹത്തിൽ തീർത്ത രൂപങ്ങളും കാണാം. ആ ലോകകപ്പ് ഫൈനലിന്റെ വീഡിയോ കാണുന്ന ആരാധകരെയും കാണാം. ഇംഗ്ലണ്ട് പശ്ചിമജർമനിയെ തോൽപിച്ച് ലോകഫുട്‌ബോളിന്റെ നെറുകയിലെത്തിയ അന്നത്തെ കലാശക്കളിയിൽ ഉപയോഗിച്ച പന്ത്, വിവിധ മത്സരങ്ങളുടെ വിവരങ്ങൾ നൽകുന്ന പരസ്യം, ടിക്കറ്റ് അങ്ങനെ 2,500ൽ പരം വസ്തുക്കളാണ് ഒരു സമയം മ്യൂസിയത്തിൽ പ്രദർശിപ്പിക്കപ്പെടുന്നത്.

പെലെയുടെ ജഴ്സിയും യുൾറിമേ കപ്പിന്റെ പകർപ്പും

ബിബിസിയിലെ പ്രമുഖരായ ഫുട്‌ബോൾ കമന്റേറ്റർമാരുടെ കളിവിവരണങ്ങളും പ്രശസ്ത ഫുട്‌ബോൾ ജേണലിസ്റ്റുകളുടെ ചിത്രങ്ങളും വിവരണങ്ങളുമൊക്കെ മീഡിയ വിഭാഗത്തിലുണ്ട്. 1930–ലെ ആദ്യ ലോകകപ്പിലെ ആദ്യ പകുതിയിൽ ഉപയോഗിച്ച പന്ത്, 1986–ലെ മെക്സിക്കോ ലോക കപ്പിൽ ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിൽ മറഡോണ ‘‘ദൈവത്തിന്റെ കൈ’’കൊണ്ട് ഗോൾ നേടിയപ്പോൾ അണിഞ്ഞിരുന്ന ജഴ്‌സി, 2002–ൽ ജപ്പാനിൽ അർജന്റീനയ്ക്കെതിരെ ഡേവിഡ് ബക്കാം പെനൽറ്റി ഗോൾ നേടിയ പന്ത്, അങ്ങനെ പോകുന്നു കൗതുകങ്ങൾ. സന്ദർശകരുടെ ഫുട്‌ബോൾ കഴിവുകൾ പരീക്ഷിക്കാനും മെച്ചപ്പെടുത്താനുമുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.