എഴുന്നേറ്റുനിൽക്കാനാകില്ല, കാഴ്ചയില്ല; ബിടെക്കിലും എംടെക്കിലും ഒന്നാം റാങ്ക് നേടിയ അവിശ്വസനീയ വിജയ കഥ

സുനു ഫാത്തിമ. ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍ ∙ മനോരമ

'ഇരു വൃക്കകളും തകരാറിലാണ്, ട്രാൻസ്പ്ലാന്റേഷനാണ് ഏകമാർഗം. ഇല്ലെങ്കിൽ ജീവൻതന്നെ അപകടത്തിലാകും’– പരിശോധനാ ഫലം നോക്കി സുനുവിന്റെ മാതാപിതാക്കളോട് ഡോക്ടർ പറഞ്ഞു. ശസ്ത്രക്രിയ ചെയ്താൽ താൻ രക്ഷപ്പെടുമോ എന്നല്ല ഡോക്ടറോട് സുനു ഫാത്തിമ എന്ന എൻജിനീയറിങ് അവസാന വർഷ വിദ്യാർഥി തിരിച്ചു ചോദിച്ചത്, അടുത്ത ആഴ്ച ആരംഭിക്കുന്ന പരീക്ഷ എഴുതാൻ കഴിയുമോ എന്നായിരുന്നു. ഇല്ലെന്നു ഡോക്ടർ. എഴുതണമെന്ന് സുനു. ഒടുവിൽ, ശസ്ത്രക്രിയ നീട്ടിവയ്ക്കാൻ ഡോക്ടർക്കു സമ്മതിക്കേണ്ടി വന്നു. പക്ഷേ, അപ്പോഴും വിധി എതിർസ്വരം മുഴക്കി. അക്ഷരങ്ങൾ വായിക്കാനുള്ള കാഴ്ചയെ തിരിച്ചു വിളിച്ചു. എഴുന്നേറ്റു നിൽക്കാൻ ശരീരത്തിന് ആരോഗ്യവും കണ്ണിനു കാഴ്ചയും ഇല്ലാതിരുന്നിട്ടും ആലുവ, കടുങ്ങല്ലൂർ സ്വദേശി സുനു ഫാത്തിമ തോൽക്കാൻ തയാറായില്ല. ആ നിശ്ചദാർഢ്യത്തെ തോൽപിക്കാൻ വിധിക്കും, സർവകലാശാലയിൽ കൂടെ പരീക്ഷ എഴുതിയ ആർക്കും കഴിഞ്ഞില്ല. എറണാകുളത്തെ ടോക്എച്ച് എൻജിനീയറിങ് കോളജിൽ നിന്ന് ബിടെക്കിലും കുസാറ്റിൽ നിന്ന് എംടെക്കിലും ഒന്നാം റാങ്കു നേടി, ടി.എച്ച്.സുനു ഫാത്തിമ. 

ഉപ്പാ, വേദന സഹിക്കാനാകുന്നില്ല...

ബി.ടെക് പരീക്ഷയുടെ അവസാന സെമസ്റ്റർ മോഡൽ പരീക്ഷ തുടങ്ങുന്നതിനു തൊട്ടടുത്ത ദിവസങ്ങളിലാണു സുനു ഫാത്തിമയ്ക്കു വയറുവേദന അനുഭവപ്പെട്ടത്. ‘ഉപ്പാ വേദന സഹിക്കാനാകുന്നില്ല... നമുക്കൊന്ന് ആശുപത്രിയിൽ പോയാലോ..’ ചെറിയ വേദനയിലൊന്നും പതറാത്ത സുനുവിന്റെ മുഖം പുളയുന്നത് ഉപ്പ, ഹമീദിനെ വല്ലാതെ വേദനിപ്പിച്ചു. ആശുപത്രിയിൽ കിടക്കേണ്ടിവരുമോ, അങ്ങനെ വന്നാൽ പരീക്ഷ എഴുതാൻ കഴിയുമോ തുടങ്ങിയ ഭയം അപ്പോൾ തന്നെ അവൾക്കുണ്ടായിരുന്നു. പക്ഷേ, വേദന സഹിക്കാനാവുന്നില്ല. യൂറിനറി ഇൻഫെക്‌ഷനെന്നാണ് ആദ്യം ‍ഡോക്ടർമാർ പറഞ്ഞത്. എന്നാൽ വേദനയുടെ ശക്തികൂടി. ശരീരത്തിനു വല്ലാത്ത തളർച്ചയും. വീണ്ടും ആശുപത്രിയിലെത്തിയപ്പോൾ വിശദപരിശോധനകൾക്കായി ഡോക്ടർ കുറിപ്പെഴുതി.

ഇരുട്ടടിപോലെയായിരുന്നു പരിശോധനാ ഫലം. വൃക്കകൾ രണ്ടും ഏതാണ്ടു പ്രവർത്തനം അവസാനിപ്പിക്കാറായി. ട്രാൻസ്പ്ലാന്റേഷൻ ഉടൻ നടത്തണമെന്നു ഡോക്ടർമാർ നിർബന്ധം പിടിച്ചു. ദാദാവിനെ കണ്ടെത്തണം. ഏറ്റവും അടുത്ത ദിവസംതന്നെ ശസ്ത്രക്രിയ നടത്തണം. രോഗം ശരീരത്തെ ആകെ തളർത്തിയിട്ടും തളരാത്ത മനസ്സോടെ, പതിഞ്ഞ ശബ്ദത്തിൽ അവൾ ഡോക്ടറോടു ചോദിച്ചു... എനിക്ക് പരീക്ഷ എഴുതാൻ പറ്റുമോ? ഇല്ലെന്ന് ഉത്തരം. 

എനിക്കു ടീച്ചറാകണം

ടീച്ചറാകണമെന്നായിരുന്നു കുഞ്ഞിലേ മുതൽ സുനുവിന്റെ ആഗ്രഹം. കിട്ടുന്നതും സ്വയം നേടുന്നതുമായ അറിവുകൾ എല്ലാവർക്കും പറഞ്ഞുകൊടുക്കുന്ന ഒരു നല്ല ടീച്ചർ. ഡോക്ടർമാർ പറഞ്ഞതനുസരിച്ച് കിഡ്നി ട്രാൻസ്പ്ലാന്റേഷനുള്ള വഴികൾ തേടി സുനുവിന്റെ മാതാപിതാക്കൾ പരക്കം പായുകയാണ്. പരീക്ഷയെഴുതണം എന്നു മകൾ നിർബന്ധം പിടിക്കുന്നു. പക്ഷേ, ഡോക്ടർമാരുടെ വാക്കിനെ മറികടക്കാനുള്ള ധൈര്യം അവർക്കുണ്ടായിരുന്നില്ല. പരീക്ഷയോടടുക്കുന്തോറും സുനുവിന്റെ നിർബന്ധം കൂടിവന്നു. അവസാന സെമസ്റ്റർ പരീക്ഷയ്ക്ക് ഏതാനും ദിവസങ്ങൾ മാത്രമുള്ളപ്പോൾ സുനു മാതാപിതാക്കളോടു കരഞ്ഞു പറഞ്ഞു, എന്തു സംഭവിച്ചാലും എനിക്കു പരീക്ഷയെഴുതണം. ജീവിതത്തെക്കാൾ പഠനത്തെ സ്നേഹിച്ച അവളുടെ ആഗ്രഹത്തിനു മുന്നിൽ മാതാപിതാക്കൾ തോറ്റു. അവർ ഡോക്ടർമാരോട് കരഞ്ഞപേക്ഷിച്ചു. അങ്ങനെ, ആഴ്ചയിൽ നാലു ഡയാലിസിസ് വീതം നടത്തി പരീക്ഷ കഴിയുന്നതുവരെ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നീട്ടിവയ്ക്കാൻ ഡോക്ടർമാർ സമ്മതിച്ചു. മുഴുവൻ സമയവും കിടക്കയിലാണ്. പരീക്ഷയെഴുതാൻ മാത്രം കോളജിൽ പോയാൽ മതിയെന്നു തീരുമാനിച്ചു. പരീക്ഷാ ടൈം ടേബിൾ അനുസരിച്ച് ആഴ്ചയിലെ നാലു ഡയാലിസിസ് തീയതികൾ തീരുമാനിച്ചു.

വിധിയുടെ കൺകെട്ടിക്കളി

ഉമ്മാ ഈ ലൈറ്റൊന്നിട്ടേ... പഠനത്തിനിടയിൽ കാഴ്ച മങ്ങുന്നതായി തോന്നിയ സുനു ഉമ്മയെ വിളിച്ചു പറഞ്ഞു. നെഞ്ചോടു ചേർത്തുവച്ച പുസ്തകത്താളിലെ അക്ഷരങ്ങൾ കാണാൻ കഴിയുന്നില്ല. നട്ടുച്ചയ്ക്ക് ട്യൂബ് ലൈറ്റിടാൻ പറഞ്ഞ മകളെ ഉമ്മ അദ്ഭുതത്തോടെ നോക്കി. ആകെ ഒരു മങ്ങൽ പോലെ... വീണ്ടും വായിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു. ട്യൂബ് ലൈറ്റിട്ടുനോക്കി. പുസ്തകം കൂടുതൽ ചേർത്തുപിടിച്ചു. പക്ഷേ, വായിക്കാൻ കഴിയുന്നില്ല. അക്ഷരങ്ങൾ കാണുന്നില്ല. രക്തസമ്മർദം ഉയർന്ന് മകളുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയാണെന്ന തിരിച്ചറിവ്, മാതാപിതാക്കളെ തകർത്തുകളഞ്ഞു. അതിനൊപ്പം ചെറുതായി സ്ട്രോക്കും വന്നു. ശരീരത്തിനാകെ തളർച്ച. പരീക്ഷയെന്ന ലക്ഷ്യത്തിലേക്കുള്ള ദൂരം വീണ്ടും കൂടിക്കൂടി വരുന്നത് സുനു അറിഞ്ഞു. വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഉടൻ നടത്താനുള്ള തീരുമാനത്തിലേക്കു വീണ്ടും ഡോക്ടർമാരും മാതാപിതാക്കളും എത്തി. അകത്തും പുറത്തും മങ്ങിമങ്ങി വരുന്ന വെളിച്ചത്തിലേക്കു മിഴികൾ വെറുതെ തുറന്നുവച്ച്, നേർത്ത ബോധമണ്ഡലത്തിൽ പരീക്ഷയെഴുതണമെന്നു മാത്രം വിതുമ്പുന്ന മകളെ നോക്കി ആ മാതാപിതാക്കൾ മുഖം പൊത്തിക്കരഞ്ഞു, നിശ്ശബ്ദരായി. 

പകരക്കാരി

സുനുവിനു വായിക്കാനും എഴുതാനും പറ്റാതായി. കാഴ്ച ഏതാണ്ടു പൂർണമായി നഷ്ടപ്പെട്ടു. കിടക്കയ്ക്കു സമീപത്തിരുന്നു വിതുമ്പുന്ന ഉപ്പയുടെ കൈ തപ്പിയെടുത്ത് സുനു പറഞ്ഞു, എനിക്കു പരീക്ഷ എഴുതണം. എന്തുചെയ്യണമെന്നറിയാതെ ആ പിതാവു മകളെ നോക്കി. ‘എനിക്കു പരീക്ഷ എഴുതാൻ പകരം ഒരാളെ കണ്ടെത്തണം. സർവകലാശാലയിൽ നിന്ന് ഇതിനു പ്രത്യേക അനുമതി എടുക്കേണ്ടിവരും’. ഭ്രാന്തമെന്നു തോന്നിക്കുന്ന വിധം പരീക്ഷയോടു മകൾ കാണിക്കുന്ന അഭിനിവേശത്തെ ഞെട്ടലോടെയാണ് ആദ്യം ആ പിതാവ് കേട്ടത്. ഓപ്പറേഷന്റെ നടപടികൾ ഏതാണ്ടു ശരിയായിക്കഴിഞ്ഞു. ഇനി ഡോക്ടറോട് എന്തുപറയും. സംശയങ്ങൾ പലവിധമായിരുന്നു. പക്ഷേ, മകളുടെ ആഗ്രഹത്തിനൊപ്പം നിൽക്കാൻ ആ പിതാവു തീരുമാനിച്ചു. കോളജിൽ ജൂനിയറായ കീർത്തിയുടെ പേരു നിർദേശിച്ചതും സുനു തന്നെയാണ്. ചോദിച്ചപ്പോൾതന്നെ കീർത്തി നൂറുമനസ്സോടെ സമ്മതിച്ചു. സർവകലാശാലയുടെ സമ്മതം വാങ്ങലായിരുന്നു അടുത്തപടി. ടോക്ക് എച്ച് കോളജും വകുപ്പു മേധാവി ഷേർളിയും മറ്റ് അധ്യാപകരും സുനുവിന് ആത്മധൈര്യം പകർന്ന് കൂടെനിന്നു. ഉറ്റസുഹൃത്തുക്കളായ രേഷ്മയും റാണിയും എപ്പോഴും സുനുവിനൊപ്പമുണ്ടായിരുന്നു. 

ആശുപത്രിയിലും സർവകലാശാലയിലും കോളജിലുമെല്ലാമായി ഹമീദ് പാഞ്ഞുനടക്കുകയായിരുന്നു. കടുങ്ങല്ലൂരിനു സമീപം ഹമീദ് നടത്തിയിരുന്ന ചെറിയ ബിസിനസ് പോലും ഈ ഓട്ടപ്പാച്ചിലിനിടെ പൂട്ടേണ്ടതായി വന്നു.

മരുന്നായി പാഠങ്ങൾ

സുഹൃത്തുക്കൾ വായിച്ചു കൊടുക്കുന്ന പാഠങ്ങൾ കേട്ടുപഠിക്കുകയായിരുന്നു സുനുവിന്റെ മുൻപിലുണ്ടായിരുന്ന ഏകവഴി. പക്ഷേ, മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ഡയാലിസിസ് കഴിഞ്ഞുണ്ടാകുന്ന ശരീരവേദന അസഹനീയമായിരുന്നു.

സുനു ഫാത്തിമ ക്ലാസ് മുറിയിൽ.

ഡയാലിസ് ടേബിളിൽ മണിക്കൂറുകളോളം കിടക്കുമ്പോൾ അവൾ കണ്ണടച്ചു ക്ലാസ്മുറികൾ ഓർമിച്ചു. ഓരോ അധ്യാപകരെയും അവർ പറഞ്ഞുതന്ന പാഠങ്ങളുമെല്ലാം മനസ്സിലേക്കു കൊണ്ടുവന്നു. വേദന മാറ്റുന്ന മരുന്നുപോലെ ഓരോ സമവാക്യങ്ങളും കൺമുൻപിൽ തെളിഞ്ഞുനിന്നു. ഇവയെല്ലാം തലച്ചോറിന്റെ ഓരോരോ ഭാഗങ്ങളിൽ അടുക്കിവച്ചു. മാതാപിതാക്കളുടെ കരുതലും അധ്യാപകരുടെയും സുഹൃത്തുക്കളുടെയും സ്നേഹവും അവൾക്കു സാന്ത്വനമേകി. 

പരീക്ഷണങ്ങൾ

പരീക്ഷകളോരോന്നും പരീക്ഷണങ്ങളായിരുന്നു. മണിക്കൂറുകളോളം നീളുന്ന ഡയാലിസിസ് കഴിഞ്ഞുവന്ന് രാത്രി തളർന്നുറങ്ങും. ദേഹം മുഴുവൻ നുറുങ്ങുന്ന വേദനയുമുണ്ട്. പിറ്റേന്ന് കോളജിലേക്ക്. മാതാപിതാക്കൾ പരീക്ഷാഹാളിലേക്ക് എത്തിക്കും. കാഴ്ച ഇല്ലാത്തതിനാലും പകരം പരീക്ഷയെഴുതാൻ ജൂനിയർ വിദ്യാർഥിയായതിനാലും കോളജിൽ സുനുവിനു പ്രത്യേക പരീക്ഷാ മുറിയായിരുന്നു. ടേബിളിലേക്കു തല ചായ്ചു വച്ച്, തളർന്ന സ്വരത്തിൽ അവൾ കീർത്തിക്ക് ഓരോ ഉത്തരവും പറഞ്ഞുകൊടുത്തു. കീർത്തി വേഗത്തിൽ ഉത്തരങ്ങൾ എഴുതിത്തീർത്തു. പരീക്ഷ കഴിഞ്ഞ് സുനു വീണ്ടും ആശുപത്രിയുടെ മരവിച്ച ഡയാലിസിസ് യൂണിറ്റിലേക്ക്... 

ഒന്നാം റാങ്കിന്റെ മധുരം

ബി.ടെക് പരീക്ഷ കഴിഞ്ഞ് ഉടൻ ആശുപത്രിയിലേക്കായിരുന്നു. വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി. മാസങ്ങളോളം മരുന്നുകഴിച്ചപ്പോൾ കാഴ്ച പതിയെപ്പതിയെ തിരികെ വന്നു തുടങ്ങി. ഭക്ഷണം പോലെ മരുന്നു കഴിച്ചുള്ള ജീവിതചര്യയിലേക്കു മാറുകയായിരുന്നു സുനു, പിന്നീട്. അങ്ങനെ മരുന്നും ആശുപത്രിയുമായി ജീവിതം ചുരുങ്ങിയെന്നു വിശ്വസിച്ചിരിക്കുന്ന സമയത്താണ് ബി.ടെക് ഫലം വന്നത്. ഒന്നാം റാങ്ക്. വേദനകളൊക്കെ ഉരുകിത്തീരുന്നതുപോലെ തോന്നി, സുനു ഫാത്തിമയ്ക്ക്. മകളുടെ വിശ്വാസം എത്ര ശരിയായിരുന്നു എന്നു മാതാപിതാക്കൾക്കും തോന്നി.

കാഴ്ച തിരിച്ചുവന്നതോടെ, മരുന്നിലൂടെ ജീവിതം സാധാരണഗതിയിലേക്ക് എത്തുന്നു എന്നു തോന്നിയതോടെ സുനു എം.ടെക്കിനു ചേർന്നു. കുസാറ്റിൽ. എം.ടെക് പരീക്ഷയിലും സുനുവിന് ഒന്നാം റാങ്ക്. ഇപ്പോൾ, എം.ടെക് പഠിച്ച കുസാറ്റ് ക്യാംപസിൽ തന്നെ സുനു ടീച്ചറായി ജോലിക്കു കയറി. വേദനതിന്നു സ്വന്തമാക്കിയ അറിവുകളെല്ലാം കുട്ടികൾക്കു പകർന്നുകൊടുക്കാൻ...