സമരക്കാരേ, നിങ്ങൾക്കറിയുമോ ജീവന്റെ വില?

ഐലിന്റെ അഞ്ചാം പിറന്നാളിനെടുത്ത ചിത്രം

കഴിഞ്ഞ ശിശുദിനത്തിനു സാരിയുടത്തു കണ്ണട വച്ച് ഇന്ദിരാഗാന്ധിയുടെ വേഷത്തിലായിരുന്നു ഐലിൻ. ഇത്തവണത്തെ ശിശുദിനമെത്തും മുൻപേ ഭൂമിയിലെ വേഷങ്ങളെല്ലാം അഴിച്ചു വച്ച് സ്വർഗത്തിലെ മാലാഖയായി മാറി ആ കുഞ്ഞ്.

വഴിമുടക്കി ജനത്തെ പെരുവഴിയിൽ തളച്ചിട്ടാലേ ശക്തി തെളിയൂ എന്നു വിശ്വസിക്കുന്ന മനുഷ്യക്കൂട്ടങ്ങൾക്കിടയിൽപ്പെട്ടു രക്തസാക്ഷിയാകുമ്പോൾ ഐലിനു വയസ് അഞ്ച്. ഐലിന്റെ അമ്മയുടെ ഉദരത്തിൽ വളർന്നിരുന്ന ജീവനും ആ ആഘാതത്തിൽ കൊഴിഞ്ഞു പോയി. ഐലിന്റെ ഓർമകൾക്ക് നവംബർ 21ന് ഒരു വയസു തികഞ്ഞു. വഴിമുടക്കമില്ലാതെ എവിടെയും ചലിക്കാനുള്ള സ്വാതന്ത്ര്യത്തിനു ജീവന്റെ വില കൂടിയുണ്ടെന്ന ഓർമപ്പെടുത്തലിന്റെ ദിനം കൂടിയായിരുന്നു അന്ന്.

∙ അന്ന്; മഴ പെയ്യും വരെ

കോട്ടയം പരുത്തുംപാറ നടുവിലേപ്പറമ്പിൽ റിന്റു – റീനു ദമ്പതികളുടെ ഏക മകളായ ഐലിൻ പാച്ചിറ മാതാ ഇംഗ്ലിഷ് മീഡിയം സ്കൂളിലെ യുകെജി വിദ്യാർഥിനിയായിരുന്നു. വൈകിട്ട് നാലു മണിയോടെ ക്ലാസ് കഴിഞ്ഞു വീട്ടിലെത്തിയ ഐലിനെ കടുത്ത ചുമയെ തുടർന്നു രണ്ടു കിലോമീറ്റർ അപ്പുറം ചിങ്ങവനത്തുള്ള ക്ലിനിക്കിൽ കൊണ്ടു പോകാനായി ഒരുക്കി. അന്നു മൂന്നു മാസം ഗർഭിണിയാണ് ഐലിന്റെ അമ്മ റീനു. ആരോഗ്യ പ്രശ്നങ്ങൾ കാരണം റീനു മാതൃസഹോദരിയുടെ ചിങ്ങവനത്തെ വീട്ടിലായിരുന്നു. മുത്തശി ആലീസിനൊപ്പം ഇവിടെയെത്തിയ ഐലിനുമായി റീനു ഡോക്ടറെ കണ്ട് മരുന്നു വാങ്ങി . കഫ് സിറപ്പുകൾ കുടിക്കാൻ സ്വതവേ മടി കാണിക്കുന്ന ഐലിനു ഡോക്ടർ ഗുളിക എഴുതി നൽകി. മരുന്നു വാങ്ങി അവർ തിരികെ മടങ്ങുമ്പോൾ മാനം കറുത്തിരുണ്ട് പെരുമഴ പെയ്തു. തോരാക്കണ്ണീരിനു മുൻപുള്ള തീരാപെയ്ത്തു പോലെ മഴയൽപ്പം നീണ്ടു നിന്നു. മഴ മാറുന്നതു വരെ ഒരു കടയുടെ സമീപം കയറി നിന്നപ്പോൾ റീനുവിനോട് ഐലിൻ തന്റെ ആഗ്രഹം പറഞ്ഞു.. ‘ അമ്മേ നമുക്കിനി അമേരിക്കയിലൊന്നു പോകണം..’ റീനു മറുപടി പറഞ്ഞില്ല; പക്ഷേ, അവൾ അമ്മയെ കൂട്ടാതെ പോയി..

∙ മഴ തോർന്ന ശേഷം

മഴയൽപം ശമിച്ചതോടെ ഒരു ഓട്ടോയിൽ ചിങ്ങവത്തെ വീട്ടിലെത്തി. വീട്ടിൽ വന്നു കയറിയതും കളികളുടെ തിരക്കിലേക്കു കടന്ന ഐലിൻ നിർത്താതെ ചുമയ്ക്കുന്നുണ്ടായിരുന്നു. എങ്കിൽ, മരുന്നു കൊടുക്കാമെന്നു കരുതി റീനു വാങ്ങിയ ഗുളികയിലൊരണ്ണമെടുത്തു രണ്ടായി മുറിച്ചു. ഐലിനെ വിളിച്ചു വായിലേക്കിട്ടു കൊടുത്തു വെള്ളം നൽകുന്നതിനു മുൻപ് ഐലിൻ ശക്തിയായി ഒന്നു കൂടി ചുമച്ചു. ഗുളിക ശ്വാസനാളത്തിലേക്കിറങ്ങി കുടുങ്ങിപ്പോയി. ശ്വാസം നിലച്ചതോടെ ആ കുഞ്ഞു മുഖത്തു നീല നിറം പടർന്നു.. മുൻപു നഴ്സായിരുന്ന റീനു പുറത്തും വയറ്റിലും ശക്തമായി അമർത്തുകയും കൃത്രിമമായി ശ്വാസം നൽകാൻ ശ്രമിക്കുകയും ചെയ്തെങ്കിലും ഫലം കണ്ടില്ല. ഐലിൻ മരണത്തിന്റെ പടിവാതിലുകളിലേക്കു നടന്നു നീങ്ങിത്തുടങ്ങി.

∙ ആ ഒരാൾ

അൽപമൊരു കുത്തനെ കയറ്റം കയറി വേണം വീട്ടിൽ നിന്നു റോഡിലേക്കെത്താൻ. ശ്വാസത്തിനു വേണ്ടി പിടയുന്ന കുഞ്ഞിനെ കൈകളിലേന്തി, മൂന്നു മാസം ഗർഭിണിയായ ആ അമ്മ നിലവിളിച്ചു കൊണ്ട് റോഡിലേക്കെത്തി. പാഞ്ഞു പോകുന്ന വാഹനങ്ങളെ നോക്കി സഹായത്തിലായി കേണു. അതിവേഗത്തിൽ മുന്നോട്ടു പോയ ഒരു കാർ റീനുവിന്റെ നിലവിളി കേട്ട് പെട്ടെന്നു ബ്രേക്ക് ചെയ്തു പിന്നോട്ടുരുണ്ടു വന്നു. ഡ്രൈവറുൾപ്പെടെ രണ്ടു പേരുണ്ടായിരുന്നു കാറിൽ. ‘വേഗം കയറൂ’ എന്നാണു കാറിന്റെ മുന്നിലെ യാത്രക്കാരൻ പറഞ്ഞത്. അയാൾക്കൊപ്പമുണ്ടായിരുന്ന ഡ്രൈവർ അതിവേഗം കാർ മുന്നോട്ടു നീങ്ങി. വാടിയ നീലപ്പൂവു പോലെ ഐലിൻ അമ്മയുടെ കണ്ണിലേക്കു നോക്കിക്കിടന്നു..

∙ പാലത്തിനപ്പുറം

അതിവേഗത്തിൽ ഹോണടിച്ച്, ഹെഡ്‌ലൈറ്റ് തെളിച്ചു പാഞ്ഞ കാറിനു വേണ്ടി വാഹനങ്ങൾ വഴി മാറിത്തന്നു. ഇതിനിടെ കോട്ടയം നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ വിളിച്ച് വേണ്ട സജ്ജീകരണങ്ങളും റീനു ഒരുക്കി. നഗരത്തിൽ ഒരു സംഘടനയുടെ പ്രകടനം നടന്ന ദിവസമായിരുന്നു അന്ന്. കോടിമത പാലവും പിന്നിട്ട് കാർ ഐഡ ജംക്‌ഷനിലെത്തിയപ്പോൾ നീണ്ട വാഹനക്കുരുക്ക്. തുടച്ചയായി ഹോണടിച്ചതോടെ ചില വാഹനങ്ങൾ അൽപം നീങ്ങിയെങ്കിലും കുരുക്കഴിഞ്ഞില്ല. ഇതിനിടെ ഹോണും കേടായി.

ഐലിന്റെ ശവകുടീരത്തിൽ റോസാപ്പൂ വയ്ക്കുന്ന മാതാപിതാക്കളായ റിന്റുവും റീനുവും. ചിത്രം: ജിബിൻ ചെമ്പോല ∙ മനോരമ

റീനുവിന്റെ ഉച്ചത്തിലുള്ള നിലവിളി കേട്ട് ചില ബൈക്ക് യാത്രികർ കാറിനു മുൻപേ ഓടി വഴി തെളിച്ചു കൊടുത്തു. കാർ യാത്രക്കാരനും ഉടമയുമായ എറണാകുളം സ്വദേശി ടി.ബി.അബ്ദുൽ സലാമും മുൻപേ ഓടി വാഹനങ്ങളെ വകഞ്ഞു മാറ്റി. പക്ഷേ, അവിടെയും വിധി തുണച്ചില്ല... അവസാനമായി അമ്മയുടെ കണ്ണുകളിലേക്കു മാത്രം നോക്കി ഐലിൻ........ ഒരു വിധത്തിൽ ആശുപത്രിയിലെത്തി കുഞ്ഞിനെ അത്യാഹിത വിഭാഗത്തിലെത്തിക്കുമ്പോൾ ഒരു തുടിപ്പു പോലുമില്ലായിരുന്നു, നീലനിറം പടർന്ന ആ കുഞ്ഞു ശരീരത്തിൽ..

∙ രണ്ടാം ജീവൻ

മടിയിൽക്കിടന്നു സ്വന്തം മകൾ മരണത്തിലേക്കു പോകുന്നതു കണ്ടിട്ടും ഒന്നും ചെയ്യാൻ കഴിയാതിരുന്നെന്ന തോന്നൽ മൂലം റീനുവും മാനസികമായി തളർന്നു. റീനുവിന്റെ ഉള്ളിൽ വളരുന്ന മറ്റൊരു കുഞ്ഞു ജീവനെ ഇതൊന്നും ബാധിക്കാതിരിക്കാൻ ഭർത്താവ് റിന്റു വിഷമങ്ങളെ ഉള്ളിലൊതുക്കിയെങ്കിലും ഇരട്ടി സങ്കടം പകർന്ന് ആ പൂവും വിടരാതെ കൊഴിഞ്ഞു പോയി. മാനസിക സംഘർഷങ്ങൾക്കൊപ്പം റീനുവിന്റെ ആരോഗ്യ പ്രശ്നങ്ങളും ചേർന്നപ്പോൾ അധിക നാൾ പിടിച്ചു നിൽക്കാനായിട്ടുണ്ടാവില്ല ആ ജീവനും. വഴിമുടക്കിയ പ്രകടനമുണ്ടാക്കിയ ഗതാഗതക്കുരുക്കു കാരണം ഒരു കുടുംബത്തിനു നഷ്ടമായതു രണ്ടു ജീവനാണ്.

∙ ഉണങ്ങാത്ത മുറിവ്

നടുവിലേപ്പറമ്പിൽ വീട്ടിലെ ചുമരുകളിൽ ഐലിന്റെ എല്ലാ പിറന്നാളിലും എടുത്ത ചിത്രങ്ങൾ തൂക്കിയിട്ടിട്ടുണ്ട്. ഓരോ തവണയും അവ കാണുമ്പോൾ റിന്റുവിന്റെയും റീനുവിന്റെയും ചങ്കിൽ ചോര പൊടിയും.. 

‘ഇതു കോട്ടയത്തെ മാത്രം അവസ്ഥയല്ല.. ആളാകാൻ.. അധികാരം നേടാൻ ഓരോരുത്തരും വഴി മുടക്കി റോഡ് നിരന്നു നടത്തുന്ന പ്രകടനം കൊണ്ട് നഷ്ടപ്പെട്ടതു ഞങ്ങളുടെ പ്രാണനുകളായിരുന്നു.. ചെയ്തതിൽ പശ്ചാത്താപമുണ്ടെന്ന് പറഞ്ഞ് ഒരാളും വന്നിട്ടില്ല ഇൗ പടി കടന്ന്.. ഇപ്പോഴും കാണാം വഴിയിൽ നിരന്നു വാഹനങ്ങൾ തടഞ്ഞു നടത്തുന്ന പ്രകടനങ്ങളും സമ്മേളനങ്ങളും.. ചെകിടടിച്ചു പൊട്ടിക്കാൻ തോന്നിയിട്ടുണ്ട് ചിലപ്പോൾ.. സ്വന്തം ചോര റോഡിൽ വീഴുമ്പോഴേ വേദനയറിയൂ ഇക്കൂട്ടർക്ക്.. അതു വരെ കൊടികളും മുഷ്ടികളും വാനിലുയർന്നു കൊണ്ടേയിരിക്കും..’ ഒരു മാസത്തെ ഇടവേളയ്ക്കിടയിൽ രണ്ടു ജീവൻ നഷ്ടപ്പെട്ട ആ അമ്മയുടെ നൊമ്പരവും കണ്ണീരും ഇനിയും തോർന്നിട്ടില്ല. ജീവിക്കാനുള്ള രണ്ടു കുഞ്ഞുങ്ങളുടെ അവകാശത്തെ ശ്വാസം മുട്ടിച്ചു കൊന്നവർക്കെന്തു ലാഭം കിട്ടിയെന്ന റീനുവിന്റെ ചോദ്യത്തിന് ഉത്തരം അത്രയെളുപ്പമാവില്ല; ആർക്കും.