ശാന്തരാത്രി തിരുരാത്രി.. ലോകത്തെ ഏറ്റവും പ്രശസ്തമായ ക്രിസ്മസ് ഗാനത്തിന് 200 വയസ്സ്

ഒന്നാം ലോകമഹായുദ്ധത്തിനിടെ വെടിയൊച്ചകളില്ലാത്ത ഒരു രാത്രി സങ്കൽപിക്കാനാവുമോ? പീരങ്കികളുടെ ഹുങ്കാരമില്ലെന്നു മാത്രമല്ല; സ്വർഗീയസംഗീതം നിശയെ സുരഭിലമാക്കുകയും ചെയ്തു.

1914ലെ ക്രിസ്മസ് രാത്രിയിൽ അവർ യുദ്ധം വേണ്ടെന്നുവച്ചു. ബ്രിട്ടന്റെ നേതൃത്വത്തിലുള്ള സഖ്യത്തിലെ ബെൽജിയം, ഫ്രഞ്ച് സൈനികർ ട്രെഞ്ചുകളിൽനിന്നു പുറത്തുവന്നു. വിളിപ്പാടകലെയുള്ള ശത്രുക്കളായ ജർമൻ സൈനികരെ കെട്ടിപ്പുണർന്നു. 

അവർ ഒന്നിച്ചു പാടി. പ്രശസ്തമായ ആ ക്രിസ്മസ് ഗാനം. തർജമകളില്ലാതെ ലോകത്തോടു മുഴുവൻ സംവദിക്കുന്ന പാട്ട്.

‘സൈലന്റ് നൈറ്റ് ഹോളി നൈറ്റ്...’

ചരിത്രകാരന്മാർക്ക് ഇനിയും വിശദീകരിക്കാൻ കഴിഞ്ഞിട്ടില്ല അന്നു രാത്രിയിൽ എന്താണു സംഭവിച്ചതെന്ന്. നെഞ്ചിൻകൂടിനുനേർക്ക് തോക്കിൻകുഴലുകൾ ഉന്നംപിടിച്ചിരുന്നവർ അപസ്മാരബാധിതരെപ്പോലെ തോക്ക് താഴെവച്ച് ‘സൈലന്റ് നൈറ്റ്....’ പാടി സന്തോഷിച്ചു. ഒരു ലക്ഷത്തിലേറെ സൈനികരാണ് ട്രെഞ്ചിൽനിന്നു പുറത്തുവന്നു ‘സൈലന്റ് നൈറ്റ്...’ പാടിയത്. 

വിഖ്യാതമായ ആ ക്രിസ്മസ് ഗാനത്തിന്റെ  200–ാം ജന്മവാർഷികമാണിക്കൊല്ലം. 

ജനിച്ചത് ഓസ്ട്രിയയിൽ

1818 ഡിസംബർ 24. ഓസ്‌ട്രിയയിലെ ഒബേൻഡോർഫ് ഗ്രാമത്തിലെ പള്ളിയിലെ പുരോഹിതൻ ഫാ. ജോസഫ് മോർ ചിന്താക്കുഴപ്പത്തിലായിരുന്നു. അന്നു രാത്രിയിൽ പള്ളിയിൽ പാടാൻ ഒരു നല്ല ക്രിസ്മസ് ഗാനമില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ സങ്കടത്തിനു കാരണം. 

പഴയ ഡയറി പരിശോധിച്ചു. അതിൽ എഴുതിവച്ചിരുന്ന ഒരു പാട്ട് കൊള്ളാമെന്നു തോന്നി. പക്ഷേ, ഈ വൈകിയ വേളയിൽ ആര് ഇതിന് ഈണം നൽകും? സ്‌കൂളിൽ ഓർഗൻ പഠിപ്പിക്കാൻ വരുന്ന ഫ്രാൻസ് സേവർ ഗ്രൂബറെ സമീപിക്കാം. ജോസഫ് അച്ചൻ ഗ്രുബറുടെ വീട്ടിലെത്തി കാര്യം പറഞ്ഞു. 

അന്നു രാത്രി ഒബേൻഡോർഫ് എന്ന കൊച്ചു ഗ്രാമത്തിലെ പാതിരാകുർബാനയ്‌ക്കിടെ ഉണ്ണിയേശുവിന്റെ പിറവി ആഘോഷിച്ച് അവർ ഇരുവരും ചേർന്ന് ആ ഗാനം പാടി Stille Nacht, Heilige Nacht... ഇംഗ്ലിഷിൽ ‘സൈലന്റ് നൈറ്റ്, ഹോളി നൈറ്റ്....’ ലോകചരിത്രത്തിലെ ഏറ്റവും പ്രശസ്‌തമായ ക്രിസ്‌മസ് ഗാനത്തിന്റെ പിറവി അതായിരുന്നു. (ഗാനത്തിന്റെ കയ്യെഴുത്തു പ്രതി 1995ൽ കണ്ടെത്തി) 

1859ൽ ന്യൂയോർക്കിലെ ട്രിനിറ്റി ദേവാലയത്തിലെ പുരോഹിതൻ ജോൺ ഫ്രീമാൻ ഇത് ഇംഗ്ലിഷിലേക്കു മൊഴിമാറ്റം നടത്തി. (ഏറ്റവും കൂടുതൽ ഭാഷയിലേക്കു തർജമ ചെയ്യപ്പെട്ട ക്രിസ്‌മസ് ഗാനം എന്ന ബഹുമതിയും ഈ ഗാനത്തിനാണ്.–141 ഭാഷയിൽ.) ക്രിസ്‌മസിന്റെ ആത്മീയതയും ആഘോഷവും ഒരുപോലെ ഒന്നിച്ച ഈ ഗാനം പള്ളികളിൽനിന്നു പള്ളികളിലേക്കു  പ്രചരിച്ചു. 

ലോകത്തെ എല്ലാ ക്രിസ്‌മസ് രാവുകളുടെയും ഭാഗമായി ഈ ഗാനം മാറിയത് ഇരുപതാം നൂറ്റാണ്ടിലെ ഗന്ധർവ ഗായകൻ എൽവിസ് പ്രെസ്‌ലിയിലൂടെയാണ്. സംഗീത നിരൂപകരും ആരാധകരും വിശേഷിപ്പിച്ച ‘മാലാഖയുടെ ശബ്‌ദം, ദി ഏയ്‌ഞ്ചൽ വോയ്‌സ് – എൽവിസ് പ്രെസ്‌ലി. അദ്ദേഹത്തിലൂടെ പ്രശസ്‌തിയുടെ പാരമ്യത്തിലെത്തിയ ഈ ഗാനം ‘മനുഷ്യരാശിയുടെ അമൂല്യ സാംസ്‌കാരിക പൈതൃക’മായി 2011ൽ യുനെസ്‌കോ പ്രഖ്യാപിച്ചു. 

എൽവിസ് ക്രിസ്‌മസ് ആൽബം

ജിം റീവ്സ്, ബീറ്റൽസ് തുടങ്ങി ലോകത്തെ എഴുപതോളം പ്രശസ്‌ത ഗായകരും ബാൻഡുകളും ‘സൈലന്റ് നൈറ്റ്...’ ആലപിച്ച് ആൽബങ്ങൾ ഇറക്കിയിട്ടുണ്ട്. പക്ഷേ, ആർക്കും എൽവിസ് പ്രെസ്‌ലിയുടെ ആലാപനത്തിനു ലഭിച്ച സ്വീകാര്യത കിട്ടില്ല. പ്രെസ്‌ലി പാടിയപ്പോൾ  ദൈവസ്‌നേഹം നിലാവായി പെയ്യുന്നത് ആസ്വാദകർ അറിഞ്ഞു. ഇന്റർനെറ്റിൽ പ്രെസ്‌ലിയുടെ എത്രയോ എഡിഷനുകൾക്കു ശേഷമാണ് മറ്റൊരാളുടെ ആൽബം കാണാൻ കഴിയുന്നത്. 

1957 ഒക്‌ടോബർ 15നാണ് ‘എൽവിസ് ക്രിസ്‌മസ് ആൽബം’ പുറത്തിറങ്ങിയത്. പ്രെസ്‌ലിയുടെ നാലാമത്തെ ആൽബം. ഹോളിവുഡിലെ റേഡിയോ റെക്കോർഡ്‌സ് സ്‌റ്റുഡിയോയിലായിരുന്നു ആലേഖനം. പ്രെസ്‌ലിയുടെ മാലാഖശബ്‌ദത്തിലുള്ള 12 ഗാനങ്ങളുണ്ടായിരുന്നു ഈ ആൽബത്തിൽ. എല്ലാം സൂപ്പർ ഹിറ്റ്. ആൽബത്തിലെ രണ്ടാമത്തെ വശത്തെ മൂന്നാമത്തെ ഗാനമായിരുന്നു രണ്ട് മിനിറ്റും 25 സെക്കൻഡുമുള്ള ‘സൈലന്റ് നൈറ്റ് ഹോളി നൈറ്റ്...’ ആറ് ഖണ്ഡികകളുള്ള ഗാനത്തിന്റെ രണ്ടെണ്ണം മാത്രമാണ് പ്രെസ്‌ലി ആൽബത്തിൽ ഉൾപ്പെടുത്തിയത്. 

എൽവിസിന്റെ ആൽബം ഈ പാട്ടിനെയും ഈ പാട്ട് എൽവിസിനെയും പ്രശസ്‌തമാക്കിയെന്നു പറയാം. 

എന്തായാലും പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും, ഇന്നും ലോകത്ത് ഏറ്റവും വിറ്റഴിഞ്ഞ ക്രിസ്‌മസ് ആൽബം എന്ന റെക്കോർഡ് ‘എൽവിസ് ക്രിസ്‌മസ് ആൽബത്തിനാണ്’. യുഎസിൽ മാത്രം ഒറിജിനൽ ആൽബം 1.40 കോടി വിൽപന നടന്നെന്ന് റിക്കോർഡിങ് ഇൻഡസ്‌ട്രി അസോസിയേഷൻ ഓഫ് അമേരിക്ക സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. 

യുഎസ് റിക്കോർഡിങ് അസോസിയേഷന്റെ ഡയമണ്ട് സർട്ടിഫിക്കറ്റ് ലഭിച്ച ഏക ക്രിസ്‌മസ് ആൽബവും ആദ്യ എൽവിസ് ആൽബവും ഇതാണ്. ഇന്നുവരെ ഏറ്റവും കൂടുതൽ വിറ്റ ക്രിസ്‌മസ് ആൽബമായി ലോകത്തെ മ്യൂസിക് അസോസിയേഷനുകളെല്ലാം അംഗീകരിച്ചിരിക്കുന്നത് ഈ ആൽബത്തെയാണ്. 

മറ്റു  ഗാനങ്ങൾ

ആൽബത്തിന്റെ ആദ്യ വശത്ത് ആഘോഷ ഗാനങ്ങളും രണ്ടാമത്തെ വശത്ത് ആത്മീയ ഗാനങ്ങളും എന്നു വേർതിരിച്ചിട്ടുണ്ട്. ആൽബത്തിലെ സാന്റാ ക്ലോസ് ഈസ് ബായ്‌ക്ക് ഇൻ ടൗൺ, വൈറ്റ് ക്രിസ്‌മസ്, ബ്ലൂ ക്രിസ്‌മസ്, സാന്റാ ബ്രിങ് മി മൈ ബേബി ബായ്‌ക്ക്, ഐ ബിലീവ്.... തുടങ്ങിയ ഗാനങ്ങളെല്ലാം ആഗോള ഹിറ്റുകളാണ്. ചൂടപ്പം പോലെ വിറ്റുതീർന്ന ഈ ആൽബത്തിന്റെ പിന്നീടുവന്ന പല എഡിഷനുകൾക്കും ഓരോ ഗാനത്തിന്റെ വീതം പേരാണ് നൽകിയത് എന്ന കൗതുകവും ഉണ്ട്. 

വിപണനത്തിലെ  പുതുമ 

ലോക ആൽബം വിപണിയിൽ ഒരു പുതുമ കൂടി ആവിഷ്‌ക്കരിച്ചുകൊണ്ടാണ് ‘എൽവിസ് ക്രിസ്‌മസ് ആൽബം’ പുറത്തിറങ്ങിയത്. ആൽബത്തിന്റെ ആകർഷകമായ പുറംകവറായിരുന്നു പ്രത്യേകത. ഒരു സമ്മാനക്കടലാസ് കൊണ്ടു പൊതിഞ്ഞതുപോലെ. ഇതിൽ ഫ്രം......, ടു........ എന്നിങ്ങനെ വിലാസം എഴുതാനുള്ള സ്‌ഥലവും നൽകിയിരുന്നു. അതായത് ആൽബം ആർക്കും എളുപ്പം സമ്മാനമാക്കാൻ കഴിയും വിധം. ക്രിസ്‌മസ് സമ്മാനമായി പോസ്‌റ്റിൽ അയച്ചുകൊടുക്കാനും ഈ വിപണനവിദ്യമൂലം എളുപ്പമായി. 

എൽപി ഡിസ്‌ക്കിൽ ഇറങ്ങിയിരുന്ന ഈ ആൽബം 1976ൽ കസെറ്റിൽ റിലീസ് ചെയ്‌തപ്പോൾ ‘ബ്ലൂ ക്രിസ്‌മസ് ’ എന്നു പേരുമാറ്റി. 1985ൽ ‘ഇറ്റ് ഈസ് ക്രിസ്‌മസ് ടൈം’ എന്ന് വീണ്ടും പേരുമാറി. ഏറ്റവും ഒടുവിൽ സോണി മ്യൂസിക്കാണ് എൽവിസിന്റെ ക്രിസ്‌മസ് ഗാനങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. സോണിയുടെ ഡിവിഡിയിൽ 1957ലെ ആദ്യ ആൽബത്തിന്റെ കവർ പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജിംഗിൾ ബെൽസ്: ഭൂമി ഏറ്റവുമധികം കേട്ട പാട്ട്

ഈ ഭൂമി ഇന്നുവരെ ഏറ്റവും കൂടുതൽ കേട്ട പാട്ട് ഏതാണ്? കൃത്യമായ ഒരു ഉത്തരം പറയാൻ ആർക്കും കഴിഞ്ഞെന്നു വരില്ല. എങ്കിലും, 19–ാം നൂറ്റാണ്ടിൽ യുഎസിൽ പുറത്തിറങ്ങിയ

ജിംഗിൾ ബെൽസ്, ജിംഗിൾ ബെൽസ് ജിംഗിൾ ഓൾ ദ് വേ... 

ആണ് ലോകത്ത് ഇതുവരെ ഏറ്റവും കൂടുതൽ പ്രാവശ്യംആലപിക്കപ്പെട്ട ഗാനമായി കരുതപ്പെടുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ പ്രാവശ്യം റിക്കോർഡ് ചെയ്യപ്പെട്ട ഗാനമായി ലോക മ്യൂസിക് അസോസിയേഷനുകൾ അംഗീകരിച്ചിരിക്കുന്നതും ഈ ഗാനമാണ്. 

ജിംഗിൾ ബെൽസ് ക്രിസ്‌മസ് ഗാനമല്ല

നമ്മുടെ പ്രിയപ്പെട്ട ക്രിസ്‌മസ് കാരൾ ഗാനമാണിത്. എന്നാൽ, ഈ ഗാനം ക്രിസ്‌മസിനു വേണ്ടി എഴുതിയതല്ല. 1850കളിലാണ് ഗാനം എഴുതപ്പെട്ടത്. എന്നാൽ കൃത്യം ദിവസമോ എഴുതിയ സ്‌ഥലമോ ശരിയായ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ജയിംസ് ലോഡ് പീർപോണ്ട് എന്ന അമേരിക്കൻ  പിയാനോ വാദകൻ മസാച്ചുസെറ്റ്‌സിലെ മെഡ്‌ഫോഡ് നഗരത്തിൽ വച്ചാണ് ഈ ഗാനം എഴുതിയതും ഈണം നൽകിയതെന്നും കരുതുന്നു.  ഇതു സൂചിപ്പിക്കുന്ന ഒരു ഫലകം ഇപ്പോൾ മെഡ്‌ഫോഡിൽ ഉണ്ട്. ഇതു മാത്രമാണു കാര്യമായ തെളിവ്.

ഗ്രാമത്തിലെ  സൺഡേ സ്‌കൂളിൽ കൃതജ്‌ഞതാദിനത്തിൽ (താങ്ക്‌സ് ഗിവിങ് ഡേ) പാടാൻ വേണ്ടി എഴുതിയതാണ് ഇത്. പിന്നീട് ഉല്ലാസഗാനമായി 1857ൽ ഒരു ആൽബത്തിൽ ഇറക്കിയെങ്കിലും വലിയ സ്വീകാര്യത കിട്ടിയില്ല. കുറേനാൾ മദ്യപാന സദിരുകളുടെ പ്രിയപ്പെട്ട പാട്ടായിരുന്നു ഇത്. ‘ജിംഗിൾ ബെൽസ്’ എന്നത് മദ്യചഷകത്തിൽ ഐസ്‌ക്യൂബുകൾ കൂട്ടിമുട്ടുന്നതിന്റെ ശബ്‌ദമായി വ്യാഖ്യാനിച്ച് ആഘോഷിച്ചു. പിൽക്കാലത്ത് ക്രിസ്‌മസ് കാരൾ  ആൽബത്തിൽ ഉൾപ്പെട്ടതോടെയാണ് ഗാനം ആഗോളപ്രശസ്‌തമായത്.

ക്രിസ്‌മസ് കാരൾ ഗാനമായി ഉപയോഗിക്കുന്നുണ്ടെങ്കിലും ഇതിൽ മതവുമായി ബന്ധപ്പെട്ട ഒരു സൂചനപോലും ഇല്ല. ഇതും ഈ ഗാനത്തിന്റെ സ്വീകാര്യത വർധിപ്പിച്ചു. ലോകത്ത് ഇന്നുവരെ എഴുതപ്പെട്ട ഏറ്റവും മതനിരപേക്ഷമായ ഉല്ലാസഗാനമെന്ന ബഹുമതിയും ഈ ഗാനത്തിനാണ്. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. 1890 മുതൽ 1954 വരെ തുടർച്ചയായി 64 വർഷം ആഗോള ഹിറ്റ് ചാർട്ടിൽ ഈ ഗാനം ഉണ്ടായിരുന്നു. ഇങ്ങനൊരു നേട്ടം ലോകത്ത് മറ്റൊരു പാട്ടിനും കൈവരിക്കാനായിട്ടില്ല.

ഒരു ബഹിരാകാശ വാഹനത്തിൽനിന്നു ഭൂമിയിലേക്ക് ആദ്യമായി എത്തിയ പാട്ട് എന്ന ബഹുമതിയും കൗതുകവും ഈ ഗാനത്തിനുണ്ട്. 1965ലെ ക്രിസ്‌മസ് കാലത്ത് (ഡിസംബർ 16) ജെമിനി–6 എന്ന ബഹിരാകാശ വാഹനത്തിലെ യാത്രികരായിരുന്ന തോമസ് സ്‌റ്റഫോർഡും വാൽട്ടർ സ്‌കിറയുമാണ് ഈ കുസൃതി ഒപ്പിച്ചത്. അവർ നാസയിലെ നിയന്ത്രണ നിലയവുമായി ബന്ധപ്പെട്ടിട്ട് ഇതുവരെ നൽകാതിരുന്ന ഒരു പ്രധാന സന്ദേശം ഉണ്ടെന്നു പറഞ്ഞു. സുപ്രധാന സന്ദേശത്തിനായി കാതു കൂർപ്പിച്ച നാസ ശാസ്‌ത്രജ്‌ഞർ കേട്ടത് ബഹിരാകാശത്തുനിന്ന് ഒഴുകി വന്ന ‘ജിംഗിൾ ബെൽസ്...’ എന്ന ഗാനമായിരുന്നു.