മാജിക്കും സർക്കസും ചേർന്നാൽ... മാജിക്കസ്

മാജിക് പ്ലാനറ്റിലെ സർക്കസ് താരങ്ങൾക്കൊപ്പം ഗോപിനാഥ് മുതുകാട്. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ

കീലേരി കുഞ്ഞിക്കണ്ണൻ മാസ്റ്ററെ കേരളം ഒരുപക്ഷേ, മറന്നിരിക്കും. കേരളത്തിലെ സർക്കസിന്റെ പിതാവായിരുന്നു അദ്ദേഹം. നൂറുകണക്കിനു കലാകാരന്മാർ തലശ്ശേരിയിൽ നിന്ന് ഉദയം ചെയ്തതും തലശ്ശേരി സർക്കസിന്റെ ഈറ്റില്ലമായി മാറിയതും കീലേരി കുഞ്ഞിക്കണ്ണൻ മാസ്റ്ററുടെ പാത പിൻതുടർന്നാണ്. ഇപ്പോഴും തലശ്ശേരിയിൽ സർക്കസ് കമ്പനികളുണ്ട്. പക്ഷേ, കലാകാരന്മാരുടെ കണ്ണി മുറിഞ്ഞുപോയിരിക്കുന്നു. തമ്പുകളിലെല്ലാം അന്യസംസ്ഥാനങ്ങളിൽ നിന്നോ വിദേശങ്ങളിൽ നിന്നോ എത്തിയ കലാകാരന്മാർ മാത്രം. സർക്കസു കൊണ്ടു ജീവിക്കാനാകില്ലെന്നു മനസ്സിലാക്കിയ തലമുറയുടെ പിൻവാങ്ങൽ.

സർക്കസ് എന്ന കലയെ പ്രോൽസാഹിപ്പിക്കാൻ സർക്കാർ തലശ്ശേരിയിൽ തുടങ്ങിയ അക്കാദമിയിൽ പഠിക്കാനെത്തിയതു കേവലം ഒരാൾ മാത്രം. അതേസമയം, സർക്കസ് പ്രകടനങ്ങൾ കാണാൻ നാട്ടിൻപുറങ്ങളിലും നഗരങ്ങളിലും ഇപ്പോഴും കാണികൾക്കു കുറവില്ല താനും. സർക്കസ് എന്ന കലാരൂപത്തെ വീണ്ടെടുക്കാൻ മുന്നിട്ടിറങ്ങുകയാണ് കേരളത്തിന്റെ മാന്ത്രികമികവ് രാജ്യാന്തരതലത്തിലേക്കുയർത്തിയ ഗോപിനാഥ് മുതുകാട്. മാജിക് കൈവഴക്കത്തിന്റെ കലയാണെങ്കിൽ സർക്കസ് മെയ്‌വഴക്കത്തിന്റെ കലയാണ്.

കീലേരി കുഞ്ഞിക്കണ്ണൻ മാസ്റ്റർ ഉൾപ്പെടെയുള്ള കേരളത്തിന്റെ സർക്കസ് ഇതിഹാസങ്ങൾക്കുള്ള പ്രണാമം കൂടിയാണ് മുതുകാടിന്റെ കീഴിലുള്ള കഴക്കൂട്ടത്തെ മാജിക് പ്ലാനറ്റിൽ ഉയരുന്ന സർക്കസ് കാസിൽ. ഇന്ത്യയിലെ ആദ്യത്തെ സ്ഥിരം സർക്കസ് വേദി. നമ്മൾ ഇതുവരെ കണ്ട സർക്കസ് അല്ല. മാജിക്കും സർക്കസും ഇണക്കിച്ചേർത്ത ഒരു മാജിക്കസ്.

സർക്കസ് കലാകാരന്മാർക്കു സ്ഥിരം വേദിയൊരുക്കാനുള്ള ആശയം പങ്കുവച്ചപ്പോൾ അടുത്ത സുഹൃത്തുക്കളിൽ പലരുടെയും സ്നേഹപൂർവമുള്ള ചോദ്യം ‘മുതുകാടിനു വട്ടുണ്ടോ’ എന്നായിരുന്നു. വൻ മുതൽമുടക്കും കുറഞ്ഞ വിജയസാധ്യതയും അവർ അക്കമിട്ടു നിരത്തി. പക്ഷേ, പൗലോ കൊയ്‌ലോയുടെ ഈ വാചകങ്ങളായിരുന്നു മുതുകാടിന്റെ മറുപടി: ‘നമ്മൾ ഒരുകാര്യം തീവ്രമായി ആഗ്രഹിച്ചാൽ അതു യാഥാർഥ്യമാക്കാൻ പ്രപഞ്ചം മുഴുവൻ ഗൂഢാലോചന നടത്തും.’

നാലുവർഷം മുൻപ് മാജിക് പ്ലാനറ്റ് എന്ന, ലോകത്തിലെ ആദ്യ മാജിക് തീം പാർക്ക് ആശയവുമായി സമീപിച്ചപ്പോഴും പലരും സ്നേഹപൂർവം നിരുൽസാഹപ്പെടുത്തി. ഇങ്ങനെയൊരു പാർക്കിന് കേരളത്തിൽ എത്രത്തോളം സാധ്യതയുണ്ട് എന്നതായിരുന്നു പലരുടെയും സംശയം. പക്ഷേ, ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം പാതിവഴിയിൽ ഉപേക്ഷിക്കാൻ മുതുകാട് ഒരുക്കമായിരുന്നില്ല. സ്വന്തമായുണ്ടായിരുന്ന വീടുവരെ വിൽക്കേണ്ടിവന്നെങ്കിലും കഴക്കൂട്ടത്തെ കിൻഫ്ര പാർക്കിൽ മാജിക് പ്ലാനറ്റ് യാഥാർഥ്യമായി. കേരളത്തിനും ലോകത്തിനും അതു പുതിയ അനുഭവമായി. രണ്ടുവർഷത്തിനിടെ മാജിക് പ്ലാനറ്റിലെത്തിയത് നാട്ടിൽനിന്നും വിദേശത്തു നിന്നുമായി രണ്ടുലക്ഷത്തിലേറെ പേർ.

മാജിക്കിന്റെ ചരിത്രം മുതൽ ഷേക്സ്പിയറിന്റെ ടെംപെസ്റ്റ് ആസ്പദമാക്കിയുള്ള സ്റ്റേജ് മാജിക്കുവരെ വിസ്മയിപ്പിക്കുന്ന പുതിയ ആകർഷണങ്ങൾ തുടർച്ചയായി കൊണ്ടുവരുന്നതിനാൽ പലവട്ടം വരുന്നവർക്കും മടുക്കില്ല. പക്ഷേ, മാന്ത്രികവിസ്മയങ്ങളെക്കാൾ വലിയ സാമൂഹികദൗത്യമാണു മാജിക് പ്ലാനറ്റിൽ മുതുകാട് ഏറ്റെടുത്തിരിക്കുന്നത്. ഓരോ മാജിക്കിനു പിന്നിലും സമൂഹനന്മയ്ക്കായുള്ള സന്ദേശമുണ്ട്. ലഹരിക്കെതിരെയുള്ള ബോധനവീഥിയും കുട്ടികളെ നേർവഴിക്കു നടത്താൻ രക്ഷിതാക്കൾക്കുള്ള മാർഗനിർദേശങ്ങളും അന്ധവിശ്വാസങ്ങൾക്കെതിരായ ബോധവൽക്കരണവുമൊക്കെ ജാലവിദ്യയുമായി ഇണക്കിച്ചേർത്തിരിക്കുന്നു.

ഇന്ത്യയുടെ പല ഭാഗങ്ങളിലായി തെരുവിൽ ജാലവിദ്യകളുമായി കഴിഞ്ഞ ഇരുപതോളം മാന്ത്രികർക്കാണു മാജിക് പ്ലാനറ്റ് തണലൊരുക്കുന്നത്. മാങ്ങയണ്ടിയിൽ നിന്നു നിമിഷനേരം കൊണ്ട് മാവിൻതൈ മുളപ്പിച്ചു വളർത്തി മാങ്ങ വിളയിക്കുന്ന ചെർപ്പുളശ്ശേരിക്കാരൻ റുസ്തം അലി മുതൽ തൊട്ടടുത്തുനിന്നു നമ്മളറിയാതെ നമ്മുടെ കൺകെട്ടുന്ന മുന്ന വരെ ആ പട്ടിക നീളുന്നു.

മുന്നയുടെ കഥ

പട്ടിണി മൂലം അസമിലെ വീടുവിട്ടിറങ്ങി മുംബൈയിലും ഗോവയിലുമുൾപ്പെടെ കറങ്ങിത്തിരിഞ്ഞാണ് മുന്നയെന്ന ചെറുപ്പക്കാരൻ തിരുവനന്തപുരത്തെത്തുന്നത്. കെട്ടിടനിർമാണത്തൊഴിലാളിയായി പണി പഠിച്ചു. ആയിടെയാണു മാജിക് പ്ലാനറ്റിന്റെ പണി തുടങ്ങുന്നത്. എന്തു കെട്ടിടമാണെന്നറിയാതെ മുന്നയും കൂട്ടത്തിലൊരു തൊഴിലാളിയായി. പണിയുടെ ഇടവേളയിൽ കൂട്ടുകാരെ രസിപ്പിക്കാൻ ചെറിയ കല്ലും മറ്റുമുപയോഗിച്ചു മുന്ന നടത്തുന്ന പ്രകടനങ്ങൾ അവിചാരിതമായാണു മുതുകാടിന്റെയും സഹോദരൻ ഉണ്ണിയുടെയും ശ്രദ്ധയിൽപെട്ടത്. മുന്നയിലെ മജീഷ്യനെ നിമിഷനേരം കൊണ്ടു മുതുകാട് തിരിച്ചറിഞ്ഞു. പണി തീരുന്നതുവരെ മുന്നയറിയാതെ അവനെക്കൊണ്ടു പല ജാലവിദ്യകളും മുതുകാട് കാണിപ്പിച്ചു. ലോകത്തൊരിടത്തും നടന്നിട്ടില്ലാത്ത ഒരുതരം ഇന്റർവ്യു.

കെട്ടിടം പണി പൂ‍ർത്തിയായതിന്റെ പിന്നാലെ മുന്ന മജീഷ്യനായി. ഇപ്പോൾ മാജിക് പ്ലാനറ്റിലെ ഇന്റിമേറ്റ് മാജിക് വിഭാഗത്തിന്റെ തലവനാണു മുന്ന. വെള്ളം വെള്ളം പോലെ ഇംഗ്ലിഷ് പറഞ്ഞ് നിങ്ങളറിയാതെ നിങ്ങളുടെ കൈവശമുള്ള വാച്ചും പഴ്സും മോതിരവുമെല്ലാം ‘അടിച്ചുമാറ്റുന്ന’ ഭയങ്കരൻ. മുന്നയുടെ കയ്യടക്കത്തിനു വലിയ മാന്ത്രികർ വരെ കയ്യടി നൽകുന്നു. മുന്ന മാത്രമല്ല, ഉത്തരാഞ്ചൽകാരൻ ഹിമാൻഷു ഉൾപ്പെടെയുള്ള കലാകാരന്മാർക്കെല്ലാം മാജിക് പ്ലാനറ്റ് അവരുടെ സ്വന്തം ജീവിതമായി മാറിക്കഴിഞ്ഞു. ജാലവിദ്യക്കാരുടെ വലിയ കുടുംബം. ഒന്നിച്ചു താമസിച്ച്, സന്തോഷങ്ങളും സങ്കടങ്ങളും പങ്കിട്ട് ആ കുടുംബം വലുതാവുകയാണ്.

മാജിക്കസ്

മാജിക് പ്ലാനറ്റിന്റെ ഒന്നാം വാർഷികത്തിനു കുട്ടികളുടെ ചിന്താശേഷി ശാസ്ത്രീയമായി വർധിപ്പിക്കാനുള്ള റെയിൻബോ പ്ലാനറ്റിനു തുടക്കമിട്ട മുതുകാട് രണ്ടാംവാർഷികത്തിലെത്തുമ്പോഴാണ് സർക്കസ് കലാകാരന്മാരെക്കൂടി മാജിക് പ്ലാനറ്റിലേക്കു ക്ഷണിക്കുന്നത്. മാജിക് പ്ലാനറ്റിൽ ഇതിനായി ലക്ഷക്കണക്കിനു രൂപ ചെലവിട്ടു പുതിയ സർക്കസ് തമ്പ് നിർമിച്ചു. കലാകാരന്മാരെ തേടിനടന്നപ്പോഴാണ് അവരുടെ ദുരിതജീവിതം മുന്നിൽതെളിഞ്ഞത്. മലയാളികളായ താരങ്ങൾ പലരും സർക്കസ് ഉപേക്ഷിച്ചു പുതിയ ജീവിതവഴികൾ തേടിപ്പോയി. ഇതരസംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നുമുള്ള താരങ്ങളെ കണ്ടെത്തിയത് കോടിയേരിയിലെ ഗ്ലോബൽ സർക്കസ് മാനേജ്മെന്റിന്റെ സഹായത്തോടെയാണ്.

അങ്ങനെ ജാർഖണ്ഡ്, അസം, ഗുജറാത്ത് മുതൽ എത്യോപ്യ വരെയുള്ള നാടുകളിൽ നിന്ന് കലാകാരന്മാർ മാജിക് പ്ലാനറ്റിലെത്തി. പ്രധാന താരങ്ങളിലൊരാളായ അസംകാരി സോണിയ നാലാംക്ലാസുവരെ മാത്രമേ പഠിച്ചിട്ടുള്ളൂ. പത്താം വയസ്സിൽ കുടുംബം പോറ്റാൻ സർക്കസ് റിങ്ങിലെത്തിയ കലാകാരി. ചെറിയ സർക്കസ് കമ്പനികളിലെ അംഗമായി നാടുചുറ്റുന്നതിനിടെയാണു സോണിയ മാജിക് പ്ലാനറ്റിലെത്തുന്നത്. അത്യന്തം അപകടം പിടിച്ച കയർ അഭ്യാസത്തിൽപോലും സദാ പുഞ്ചിരിയോടെ മാത്രമേ സോണിയയെ കാണാൻ കഴിയൂ.

എത്യോപ്യക്കാരൻ ബെക്കാലു വളയം കൊണ്ട് അദ്ഭുതം തീർക്കുന്ന ചെറുപ്പക്കാരനാണ്. ദക്ഷിണകൊറിയയിലും റഷ്യയിലും ദുബായിലുമുള്ള ചെറുകിട വേദികളിൽ അഭ്യാസം കാണിച്ചു ലോകം ചുറ്റുന്നതിനിടെയാണു കേരളത്തിലെത്തിയത്.

ഗുജറാത്തിൽ നിന്നുള്ള മനീഷ് ജാദവും ഭാര്യ റോഷ്നി ജാദവും സ്കൂൾ വിദ്യാഭ്യാസമില്ലാത്തവർ. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിലെ കരാർ ജോലിയിൽ നിന്നാണ് അസംകാരനായ മാലേംഗബയുടെ നേതൃത്വത്തിലുള്ള ജിംനാസ്റ്റിക്സ് സംഘം എത്തുന്നത്. കണ്ണൂരുകാരൻ സുധീറാണു സർക്കസ് മാസ്റ്ററായി ടീമിനെ ഒരുക്കുന്നത്.

പരമ്പരാഗത സർക്കസ് അവതരണങ്ങളിൽ നിന്നു മാറി രാജകൊട്ടാരത്തിൽ അഭ്യാസം കാണിക്കാനെത്തുന്ന കലാകാരന്മാരും അവരെ കോർത്തിണക്കുന്ന മാന്ത്രികനുമൊക്കെയായി വേറിട്ട പ്രകടനമാണ് മാജിക് പ്ലാനറ്റിൽ. സർക്കസ് താരങ്ങളുടെ അമ്പരപ്പിക്കുന്ന പ്രകടനത്തിനു കൂട്ടായി ജാലവിദ്യയുടെ വിസ്മയവുമുണ്ട്.

 സ്വപ്നക്കൂട്ട്

മാജിക് പ്ലാനറ്റിലെ മാജിക്, സർക്കസ് കലാകാരന്മാർക്കും കുടുംബത്തിനുമായി ഒരു കലാഗ്രാമമാണ് മുതുകാടിന്റെ മനസ്സിലെ പുതിയ സ്വപ്നം. പ്രകൃതിക്കിണങ്ങിയ വീടുകളും ജൈവകൃഷിയും പ്രാഥമികവിദ്യാഭ്യാസകേന്ദ്രവും ഉൾപ്പെടെ സ്വയംപര്യാപ്തമായൊരു കലാഗ്രാമം.

തെരുവിൽ നിന്ന് അഭിമാനവേദിയിലെത്തിയ കലാകാരന്മാരെ വീണ്ടും തെരുവിലേക്ക് ഇറക്കിവിടരുതെന്ന തീരുമാനമാണ് ഈ സ്വപ്നത്തിന് ഊർജം പകരുന്നത്. അസാധ്യമെന്നു കരുതിയ മാജിക് പ്ലാനറ്റും സർക്കസ് കാസിലും യാഥാർഥ്യമാക്കാൻ സർക്കാരും നൂറുകണക്കിനു മലയാളികളും കൂടെനിന്നെങ്കിൽ ഈ സ്വപ്നത്തിനും അതേപിന്തുണ ഉണ്ടാകുമെന്നു മുതുകാട് പ്രതീക്ഷിക്കുന്നു. സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടുന്നതിനെക്കാൾ വലിയ മാജിക് വേറെന്തുണ്ട്?