കാലം കണ്ട കാഴ്ച

കോട്ടപ്പുറം മുസരിസ് ജെട്ടിയിൽ സഞ്ചാരികളെ കാത്തുകിടക്കുന്ന ‘ഹോപ് ഓൺ ഹോപ് ഓഫ്’ ബോട്ടുകൾ

പൈതൃക സംരക്ഷണത്തിൽ ഇസ്താംബുളിനും വാരാണസിക്കും തോളൊപ്പം നിൽക്കുന്ന കേരളത്തിന്റെ പുതിയ വിനോദസഞ്ചാര വിലാസമാണു മുസിരിസ് തുറമുഖപട്ടണം. കൊടുങ്ങല്ലൂരും പറവൂരും ചേർന്നു 2000 വർഷം മണ്ണിനടിയിൽ കാത്തുസൂക്ഷിച്ച ചരിത്രനിക്ഷേപം. ഈ കാഴ്ചകളിലേക്കൊരു ജലപാത തുറക്കപ്പെടുകയാണ്. മുസിരിസ് പൈതൃക പദ്ധതിയുടെ ആദ്യഘട്ടം രാഷ്ട്രപതി ലോകത്തിനു സമർപ്പിക്കുമ്പോൾ വിനോദസഞ്ചാരികൾക്കു വേണ്ടി തയാറായിരിക്കുന്നത് പത്തു ബോട്ടു ജെട്ടികളെ ബന്ധിപ്പിച്ചുള്ള ‘ഹോപ് ഓൺ ഹോപ് ഓഫ്’ ജലയാത്രകൾ. വിദേശ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സഞ്ചാരരീതി അനുസരിച്ചുള്ള ഈ പുതിയ സംവിധാനം തയാറായിക്കഴിഞ്ഞു.

അഴീക്കോടുള്ള അബ്ദുറഹ്മാൻ സാഹിബ് മ്യൂസിയം

എന്താണ് മുസിരിസ് പദ്ധതി?

എട്ടുവർഷം മുൻപാണു സംസ്ഥാന സർക്കാരിന്റെ ചിന്തയിൽ മുസിരിസ് പദ്ധതി ഉദിച്ചത്. 3.67 കോടി രൂപയിൽ തുടങ്ങിയ പദ്ധതി കേന്ദ്രസർക്കാരിന്റെ സഹകരണത്തോടെ വളർന്ന് 140 കോടിയുടെ കെട്ടുറപ്പുനേടി. ലോകചരിത്രത്തിലെ ഏറ്റവും വിപുലമായ പൈതൃക സംരക്ഷണത്തിനാണ് ഇവിടെ തുടക്കമിട്ടത്. പദ്ധതി പൂർത്തിയാകുമ്പോൾ സർക്കാർ വിഹിതം 600 കോടി രൂപ കവിയും. കൊടുങ്ങല്ലൂരിനും പറവൂരിനും ഇടയിൽ 16 കിലോമീറ്റർ ചുറ്റളവിൽ പദ്ധതി പൂർത്തിയാവുമ്പോൾ 29 മ്യൂസിയങ്ങളും അനുബന്ധമായി 10 സൈറ്റ് മ്യൂസിയങ്ങളും അൻപതു നേരമ്പോക്കു കേന്ദ്രങ്ങളുമാണു വളർന്നു പന്തലിക്കാൻ ഒരുങ്ങുന്നത്.

എന്താണ് ‘ഹോപ് ഓൺ ഹോപ് ഓഫ്’ ബോട്ട് സർവീസ്?

വിദേശ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സഞ്ചാരരീതി. ഒരുദിവസത്തേക്കാണു ടിക്കറ്റ് എടുക്കുന്നത്. സഞ്ചാരപാതയിലെ ഒരു കേന്ദ്രത്തിൽ കൂടുതൽ സമയം ചെലവഴിക്കേണ്ടി വന്നാൽ അതുവരെ സഞ്ചരിച്ച ബോട്ട് ഉപേക്ഷിച്ച് സർക്കുലർ സർവീസായി വരുന്ന അടുത്ത ഏതുബോട്ടിലും കയറി യാത്രതുടരാം. 24 പേർക്കു വീതം സഞ്ചരിക്കാവുന്ന ശീതികരിച്ച മൂന്ന് ബോട്ടുകളാണ് ആദ്യഘട്ടത്തിൽ സർവീസ് തുടങ്ങിയത്. ഇത്തരം അഞ്ചു ബോട്ടുകൾ കൂടി ഉടൻവരും. ഇതിനുപുറമെ അതിവേഗത്തിൽ സഞ്ചരിക്കാനുള്ള രണ്ടു വാട്ടർടാക്സികളുണ്ട്. അതിൽ ആറുപേർക്കു സഞ്ചരിക്കാം.

കേരളീയ വാസ്തുശൈലിയിലുള്ള പറവൂർ ജൂതപ്പള്ളിയുടെ തച്ചുശാസ്ത്ര മികവ്

‘നിറ’ക്കാഴ്ചകൾ

പച്ച, വയലറ്റ്, ചുവപ്പ് എന്നിങ്ങനെ മൂന്നു നിറങ്ങളിലാണ് ജലയാത്രകൾ ഒരുക്കുന്നത്. ഗ്രീൻ സർക്യൂട്ട് കൊടുങ്ങല്ലൂർ ശൃംഗപുരത്തെ സന്ദർശക കേന്ദ്രത്തിലും വയലറ്റ് സർക്യൂട്ട് കോട്ടപ്പുറം മാർക്കറ്റിലും റെഡ് സർക്യൂട്ട് പറവൂർ തട്ടുകടവിലെ സന്ദർശക കേന്ദ്രത്തിലും തുടങ്ങും.

ഗ്രീൻ സർക്യൂട്ട്

∙ഒന്നാം ജെട്ടി: മ്യൂസിയം– ചേരമാൻ ഇസ്‌ലാമിക് ചരിത്ര മ്യൂസിയം. പുരാതന ആരാധനാകേന്ദ്രങ്ങൾ – തൃക്കുലശേഖരപുരം ശ്രീകൃഷ്ണക്ഷേത്രം, കൊടുങ്ങല്ലൂർ ഭഗവതിക്ഷേത്രം, കീഴ്ത്തളി ശിവക്ഷേത്രം, തിരുവഞ്ചിക്കുളം മഹാദേവക്ഷേത്രം, ശൃംഗപുരം ശിവക്ഷേത്രം, ചേരമാൻ ജുമാമസ്ജിദ്.

∙കോട്ടപ്പുറം കോട്ട രണ്ടാംജെട്ടി: പോർച്ചുഗീസ്, ഡച്ച് അധിനിവേശ ശേഷിപ്പായ കോട്ട, ക്നാനായ തൊമ്മൻ ചാപ്പൽ.

പാലിയം കോവിലകത്ത് തയാറാക്കിയിരിക്കുന്ന വിളക്കു ഗാലറികളിലൊന്ന്

∙ കോട്ടപ്പുറം മാർക്കറ്റിലെ മൂന്നാം ജെട്ടി: പുരാതന കമ്പോള കാഴ്ചകൾ (ആരംഭം 1790), കായൽതീര നടപ്പാത, ആംഫി തിയറ്റർ, രുചി തെരുവ്. ആരാധനാകേന്ദ്രം: സെന്റ് മൈക്കിൾസ് കത്തീഡ്രൽ.

∙ അഴീക്കോട് നാലാം ജെട്ടി: മ്യൂസിയം–അബ്ദുറഹിമാൻ സാഹിബ് ചരിത്രമ്യൂസിയം, അഴീക്കോട് ക്രൈസ്തവ മ്യൂസിയം. ആരാധനാലയം–പുരാതന മാർത്തോമാ പള്ളി.

വയലറ്റ് സർക്യൂട്ട്

∙ ഗോതുരുത്തിലെ ഒന്നാം ജെട്ടി: ചവിട്ടുനാടകത്തിന്റേയും പോർച്ചുഗീസ് രുചിക്കൂട്ടുകളുടെയും പ്രാണഭൂമിയായ ഗോതുരുത്ത്. കപ്പലോട്ടനാടക രൂപമായ (മാരിടൈം തിയറ്റർ) ചവിട്ടുനാടകം ദിവസവും അവതരിപ്പിക്കുന്ന കലാകേന്ദ്രം. കായൽ വിഭവങ്ങൾ ഒരുക്കിയ പൈതൃക ഭക്ഷണശാല, പരമ്പരാഗത മത്സ്യബന്ധന രീതികൾ. ആരാധനാലയം- പുരാതന സെന്റ്. സെബാസ്റ്റ്യൻസ് പള്ളി, പള്ളിമേട. ഒന്നേകാൽ നൂറ്റാണ്ടു പിന്നിട്ട പള്ളിക്കൂടം.

∙ പാലിയത്തെ രണ്ടാംജെട്ടി: മ്യൂസിയങ്ങൾ – പാലിയം കേരള ചരിത്ര മ്യൂസിയം, പാലിയം, കോവിലകത്തെ കേരള ജീവിതശൈലീ മ്യൂസിയം. ആരാധനാലയങ്ങൾ– ശ്രീപെരുംതൃക്കോവിൽ ക്ഷേത്രം, ചെന്ത്രിക്കോവ് ശ്രീകൃഷ്ണക്ഷേത്രം.

ചേന്ദമംഗലം പാലിയം കോവിലകത്തിനുള്ളിലെ തുരങ്കപാത

∙ കോട്ടയിൽകോവിലകം മൂന്നാംജെട്ടി: മ്യൂസിയം- ചേന്ദമംഗലം ജൂതപ്പള്ളിയിലെ കേരള ജൂത ജീവിതശൈലീ മ്യൂസിയം. ആരാധനാലയങ്ങൾ- ശ്രീകൃഷ്ണക്ഷേത്രം, ഹോളിക്രോസ് പള്ളി, ചേന്ദമംഗലം മോസ്ക്. മറ്റിടങ്ങൾ- ആദ്യഅച്ചടിശാലയായ വൈപ്പിക്കോട്ട സെമിനാരി, ജൂത സെമിത്തേരി, മാളവനപാറ, കോട്ടയിൽ കോവിലകം കുന്നിൻപുറം.

റെഡ് സർക്യൂട്ട്

∙ പറവൂർ തട്ടുകടവ് ഒന്നാം ജെട്ടി: മ്യൂസിയങ്ങൾ- പറവൂർ ജൂതപ്പള്ളിയിലെ കേരള ജൂതചരിത്ര മ്യൂസിയം, കേസരി ബാലകൃഷ്ണപിള്ള മ്യൂസിയം. ആരാധനാലയങ്ങൾ- കണ്ണൻകുളങ്ങര ക്ഷേത്രം, കോട്ടയിൽകാവ് പള്ളി. സാംസ്കാരിക കേന്ദ്രങ്ങൾ- മുസിരിസ് ഗ്രന്ഥശാല, പറവൂർ കച്ചേരി വളപ്പ്, അംബേദ്കർ പാർക്ക്, പുരാതന കമ്പോളം.

∙ ചെറായിലെ രണ്ടാംജെട്ടി: മ്യൂസിയം- സഹോദരൻ അയ്യപ്പൻ മ്യൂസിയം ആരാധനാലയങ്ങൾ- ശ്രീവരാഹക്ഷേത്രം, ശ്രീഗൗരീശ്വരം ക്ഷേത്രം, സെന്റ് മേരീസ് പള്ളി. മറ്റിടങ്ങൾ- ചെറായി ബീച്ച്, പൊക്കാളി പാടശേഖരവും ചെമ്മീൻകെട്ടും. ചീനവലകൾ

∙ പള്ളിപ്പുറത്തെ മൂന്നാം ജെട്ടി: പള്ളിപ്പുറം കോട്ട, ആയുധപ്പുര. ആരാധനാലയങ്ങൾ- മഞ്ഞുമാത ബസലിക്ക, മാല്യങ്കര സെന്റ്തോമസ് ചാപ്പൽ. മറ്റിടങ്ങൾ- മുനമ്പം പുലിമുട്ട് ബീച്ച്, മത്സ്യബന്ധന തുറമുഖം, മുസിരിസ് ജങ്കാർ സർവീസ്.

അടുത്തഘട്ടത്തിലെ മ്യൂസിയങ്ങൾ

∙ മുസിരിസ് മാരിടൈം മ്യൂസിയം പട്ടണത്തെ പൊക്കാളി പാടത്താണ് ഒരുങ്ങുന്നത്. യവനരും അറബികളും ചൈനക്കാരും ജൂതന്മാരും കച്ചവടത്തിനെത്തിയ വൻ പായ്ക്കപ്പലുകളുടെ യഥാർഥ മാതൃകയിലാണു മ്യൂസിയങ്ങൾ ഒരുക്കുന്നത്. അന്നത്തെ വസ്ത്രം, ആഭരണങ്ങൾ, ഉരുപ്പടികൾ, കടൽപാതകളുടെ മാപ്പ്, കപ്പലോട്ട ഉപകരണങ്ങൾ ആയുധങ്ങൾ എന്നിവ കപ്പലിനുള്ളിൽ സജ്ജമാക്കും. പദ്ധതിക്കാവശ്യമായ സ്ഥലം ഏറ്റെടുത്തു.

∙ കേരള ചരിത്രഗവേഷണ കൗൺസിലിന്റെ ഉദ്ഖനനത്തിൽ പുരാതനചരിത്രം കണ്ടെത്തിയ പട്ടണത്തു സൈറ്റ് മ്യൂസിയം.

∙ വിദേശ കച്ചവടക്കാർ പിന്നീടു ഭരണാധികാരികളായതോടെ നാടിന്റെ ചരിത്രം വീണ്ടും മാറി. നമ്മളെ തോൽപിച്ച അവരുടെ ആയുധശക്തി തിരിച്ചറിയാൻ പള്ളിപ്പുറത്ത് മിലിറ്ററി മ്യൂസിയം.

∙ ബുദ്ധഭിക്ഷുക്കൾക്കൊപ്പം സിലോണിൽ നിന്നു വിരുന്നെത്തിയ കേരളത്തിന്റെ ചരിത്രം മാറ്റിയ തെങ്ങിനേയും കയറിനേയും അറിയാൻ മൂത്തകുന്നത്ത് കയർ മ്യൂസിയം.

∙ കേരളത്തിന്റെ കച്ചവട ചരിത്രത്തിന്റെ ശേഷിപ്പാണു ചേന്ദമംഗലത്തെ മാറ്റച്ചന്ത, ബാർട്ടർ സമ്പ്രദായം പിന്നിട്ട വാണിജ്യ ചരിത്രത്തിൽ പണം കൊടുത്തു വാങ്ങാൻ തുടങ്ങിയ ആദ്യ ഉൽപന്നം വസ്ത്രമാണ്. കക്ഷപടം(കോണകം) എന്ന ഈ ഉൽപന്നത്തിൽ നിന്നാണു മലയാളത്തിൽ കച്ചവടമെന്ന വാക്കുണ്ടായതെന്നു ഭാഷാചരിത്രം. ഈ ചരിത്രം പറയാൻ ചേന്ദമംഗലത്തു കൈത്തറി മ്യൂസിയം.

∙ തീരദേശ ഗോത്രസംസ്കാരത്തിൽ ഇതരദേശ ബന്ധമുള്ള കലാരൂപമാണ് ചവിട്ടുനാടകം. സ്പെയിനിലെ ഐബീരിയൻ ഡാൻസ്, ഓപ്പറ, തമിഴ്നാട്ടിലെ തെരുക്കൂത്ത്, പാലക്കാട്ടെ മാർത്താണ്ഡൻ നാടകം എന്നിവയുമായി ബന്ധം പുലർത്തുന്ന ചവിട്ടുനാടകം 600 വർഷമായി മുസിരിസിലെ കായലോര ദ്വീപുകളിൽ നിലനിൽക്കുന്നതിന്റെ ചരിത്രം ചവിട്ടുന്ന ഗോതുരുത്തിലെ ചവിട്ടുനാടക മ്യൂസിയം.

∙ കേരളത്തിന്റെ മതസൗഹാർദത്തിന്റെ കഥപറയുന്ന അഴീക്കോട്ടെ ക്രൈസ്തവ ചരിത്ര മ്യൂസിയം.

∙ പോരാട്ടങ്ങളുടെയും ജയപരാജയങ്ങളുടെയും പീരങ്കി മുഴങ്ങുന്ന സൈറ്റ് മ്യൂസിയങ്ങൾ കോട്ടപ്പുറം കോട്ട, പള്ളിപ്പുറം കോട്ട.

∙ കോട്ടപ്പുറത്തെ മണിഗ്രാമത്തിന്റെയും കമ്പോള സംസ്കാരത്തിന്റെയും നേർകാഴ്ച ഒരുക്കുന്ന കോട്ടപ്പുറം മ്യൂസിയം.

പദ്ധതി കാണാതെ പോയത്

മുസിരിസ് പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട നാട്ടുചരിത്രങ്ങൾ ഇനിയും ഏറെയുണ്ട്. ഇവയും പദ്ധതിയുടെ ഭാഗമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അവയിൽ ചിലത് –

∙ മുസിരിസ് പ്രദേശത്തെ ‘മുക്കോട്ട’കളിലെ പ്രധാന കോട്ടയാണു വടക്കേക്കര മടപ്ലാതുരുത്ത് പ്രദേശത്തെ കുര്യാപ്പിള്ളി കോട്ട. അഴിമുഖത്തു പള്ളിപ്പുറം കോട്ടയ്ക്കും കോട്ടപ്പുറം കോട്ടയ്ക്കും ഒപ്പം തന്ത്രപരമായി അടുപ്പുകല്ലുപോലെ ഒരുക്കിയ കുര്യാപ്പിള്ളി കോട്ട. ഇതിന്റെ ഭാഗങ്ങൾ ഇപ്പോൾ പൂർണമായും മണ്ണിനടിയിലാണ്.

∙ നെടുംങ്കോട്ട തുടങ്ങുന്ന കൃഷ്ണൻകോട്ട.

∙ പണ്ടുകാലത്ത് മണൽതൊഴിലാളികൾക്കു പുരാതന ബുദ്ധവിഗ്രഹങ്ങളും ആയുധഭാഗങ്ങളും ലഭിക്കാറുള്ള കൊടുങ്ങല്ലൂർ കായലിലെ ഉദ്ഖനനം. മുക്കോട്ടകളെ പരസ്പരം ബന്ധിപ്പിക്കുന്ന തുരങ്കം കായലിനടിയിലുണ്ടെന്നാണു കരുതുന്നത്,

∙ ഇളങ്കോവടികൾ ചിലപ്പതികാരം രചിച്ച മതിലകം.

∙ കേരളത്തിന്റെ സാംസ്കാരിക നവോഥാനത്തിനു സാഹിത്യ പ്രസിദ്ധീകരണത്തിലൂടെ 17–ാം നൂറ്റാണ്ടിൽ തുടക്കം കുറിച്ച മാളയിലെ സാമ്പാളൂരും പുത്തൻചിറയും.

∙ ശ്രീനാരായണഗുരു വിജ്ഞാനത്തിന്റെ വിളക്ക് കൊളുത്തിയ മൂത്തകുന്നം.

∙ യഹൂദ–ഇസ്‌ലാമിക സഹവർത്തിത്വത്തിന്റെ സൂചനകൾ നൽകുന്ന വെടിമറ (വെടിമുറ).

∙ റോമൻസ്വർണ നാണയങ്ങൾ നിധിയായി ലഭിക്കുന്ന വള്ളുവള്ളി, സ്ത്രീശാക്തീകരണത്തിന്റെ അലകൾ രാജ്യത്ത് ആദ്യം ഉയർന്ന കൂനമ്മാവും വരാപ്പുഴയും

∙ കായൽജീവിതത്തിന്റെ നേർകാഴ്ച ഒരുക്കുന്ന വലിയപണിക്കൻ തുരുത്ത്, കുറുമ്പത്തുരുത്ത്, സത്താർ ഐലന്റ്.

(കൂടുതൽ സാധ്യതകളും പ്രാദേശിക ചരിത്രപഠനവും ഗ്രാമസഭകൾ വഴി ഉണ്ടാവണം.)