പൂന്തോട്ടത്തിനു നടുവിൽ ഒരു കല്ലറ; അതിൽ നിറയെ കണ്ണീർപൂക്കൾ

ടാൻസനിയയിലെ മൊറോഗൊറോയിലുളള കോമൺവെൽത്ത് വാർ ഗ്രേവ്സ് കമ്മീഷന്‍ സെമിത്തേരി

പത്തനംതിട്ട ജില്ലയിലെ മെഴുവേലി എന്ന ഗ്രാമത്തിൽനിന്നു ടാൻസനിയയിലെ മൊറോഗൊറോയിലേക്ക് എത്രദൂരം വരും എന്ന് ശാലേം മാർത്തോമ്മാ ഇടവക വികാരി റവ. ജോർജ് കെ. ജോൺ കൂട്ടിനോക്കിയിട്ടില്ല. ഇനി അത് എത്ര ദൂരമായാലും അവിടെയെത്താൻ ഈ വൈദികൻ തയാറായിരുന്നു. കാരണം, തനിക്ക് ആറു വയസ്സുള്ളപ്പോൾ ടാൻസനിയയിൽ മരണമടഞ്ഞ പിതാവിന്റെ കല്ലറ എവിടെയാണെങ്കിലും തേടിപ്പിടിച്ച് അതിലൊരു മെഴുകുതിരി കത്തിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു; പിന്നെ അവിടെനിന്ന് ഒരുപിടി മണ്ണ് നാട്ടിലേക്കു കൊണ്ടുവന്ന് തന്റെ കുടുംബാംഗങ്ങളെ കാണിക്കണമെന്നും.

കറുത്ത ഭൂഖണ്ഡത്തിലെ ദരിദ്രരാഷ്ട്രങ്ങളിലൊന്നായ ടാൻസനിയയിൽ അന്ത്യവിശ്രമം കൊള്ളുന്ന പിതാവ് റവ. കെ.എം.ജോണിന്റെ കല്ലറ തേടിപ്പിടിച്ച് അവിടെ പ്രാർഥിക്കാൻ ജോർജ് അച്ചനു വേണ്ടിവന്നത് അറുപതു വർഷത്തെ കാത്തിരിപ്പ്. ഒടുവിൽ ജീവിതകാലം മുഴുവൻ മനസ്സിൽ കൊണ്ടുനടന്ന ആ സ്വപ്നം പൂവണിഞ്ഞതു ലോകമെങ്ങും ക്രിസ്തുവിന്റെ ഉയിർപ്പ് ആഘോഷിച്ച ഒരു ഈസ്റ്റർ ദിനത്തിലും. അന്ന് മറ്റൊരു ‘സർപ്രൈസും’ ജോർജ് അച്ചനായി ദൈവം കരുതിയിരുന്നു– തന്റെ പിതാവിന്റെ 90–ാം ജന്മദിനത്തിന്റെയന്നാണ് അദ്ദേഹം ആ കല്ലറ കണ്ടെത്തിയത്. തന്റെയും സഹോദരങ്ങളുടെയും മനസ്സിൽ ഓർമച്ചിത്രമായി മാത്രം അവശേഷിക്കുന്ന പിതാവ് അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിലേക്കു ദൈവം നയിച്ച വഴിയെ ജോർജ് അച്ചൻ ഒറ്റവാക്കിൽ ഇങ്ങനെ വിശേഷിപ്പിക്കും– ദൈവനിയോഗം!

ആഫ്രിക്കയിലെ ആദ്യ മിഷനറി

സിഎസ്ഐ സഭാംഗമായ പത്തനംതിട്ട കുമ്പളാംപൊയ്ക കണ്ണമ്പാറ കൊളഞ്ഞിക്കൊമ്പിൽ റവ. കെ.എം.ജോൺ 1950കളിലാണ് മിഷനറി പ്രവർത്തനങ്ങളുടെ ഭാഗമായി ടാൻസനിയയിലേക്ക് (അന്ന് ടാങ്കനിക്ക) പോയത്. ഭാര്യ മറിയാമ്മ ജോണും കൈക്കുഞ്ഞുങ്ങളായ മാത്യുവും ജോർജുമായി മുംബൈയിൽനിന്നു ടാൻസനിയയിലേക്കു കപ്പൽ കയറി. ചർച്ച് മിഷനറി സൊസൈറ്റിയുടെ (സിഎംഎസ്) നിർദേശപ്രകാരം കുടിയേറ്റക്കാരായ ഏഷ്യക്കാർക്കിടയിൽ പ്രേഷിതപ്രവർത്തനം നടത്താനും അവിടുത്തെ ആദിമവാസികളുടെ ഇടയിൽ സാമൂഹിക സേവനവുമായിരുന്നു ദൗത്യം.

ആഫ്രിക്കയിൽ മിഷനറി പ്രവർത്തനത്തിനെത്തിയ ആദ്യത്തെ ഏഷ്യൻ വൈദികൻ എന്ന ബഹുമതിയോടെ അദ്ദേഹം അവിടെ കപ്പലിറങ്ങി. വോളിബോൾ, ടെന്നിസ് എന്നിവയിലും മിടുക്കുകാട്ടിയ റവ. ജോൺ വളരെ വേഗത്തിൽ നാട്ടുകാരുടെ പ്രിയപ്പെട്ടവനായി. ഇതിനിടയിൽ മൂന്നാമതൊരു കുട്ടികൂടി അവിടെവച്ചു ജനിച്ചു– ജോസഫ്. അപ്പൻഡിസൈറ്റിസ് ശസ്ത്രക്രിയയെത്തുടർന്ന് 1958 ഫെബ്രുവരി 23ന് അദ്ദേഹം മരിച്ചു. മരിക്കുമ്പോൾ അദ്ദേഹത്തിനു പ്രായം 33 വയസ്. മൃതദേഹം നാട്ടിലെത്തിക്കാൻ സൗകര്യമില്ലാതിരുന്നതിനാൽ ടാൻസാനിയയിൽതന്നെ സംസ്കാരം നടത്തി. ഭാര്യ മറിയാമ്മയും ഒന്ന്, ആറ്, ഒൻപത് വയസ്സുള്ള കുട്ടികളും നാട്ടിൽ തിരിച്ചെത്തി. ഇതോടെ ടാൻസനിയയുമായുള്ള കുടുംബത്തിന്റെ ബന്ധം അറ്റു.

പിതാവിന്റെ വഴിയേ

കേരളത്തിൽ തിരിച്ചെത്തിയ മറിയാമ്മയും മക്കളും മറിയാമ്മയുടെ കുടുംബമായ പത്തനംതിട്ട ഇടയാറൻമുള ആനിക്കാട്ട് വീട്ടിലാണ് പിന്നീടു താമസിച്ചത്. രണ്ടാമത്തെ മകൻ ജോർജ് മാർത്തോമ്മാ സഭയിലെ വൈദികനായി– റവ. ജോർജ് കെ. ജോൺ. കുട്ടിക്കാലംമുതൽതന്നെ തന്റെ പിതാവ് നിത്യവിശ്രമം കൊള്ളുന്ന രാജ്യത്തേക്കു പോകണമെന്നും ആ കല്ലറ തേടിപ്പിടിക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു. അമേരിക്കയടക്കം വിവിധ പ്രദേശങ്ങളിൽ ശുശ്രൂഷയ്ക്കായി പോകുമ്പോഴും ടാൻസനിയയിലേക്ക് ഒരു യാത്ര അദ്ദേഹം കൊതിച്ചു.

പിതാവിനെ എവിടെയാണ് അടക്കിയിരിക്കുന്നതെന്നോ അതിന്റെ ശേഷിപ്പ് എന്തെങ്കിലും കാലം തനിക്കായി ബാക്കിവച്ചിട്ടുണ്ടാവുമോ എന്നൊന്നും ഇദ്ദേഹത്തിന് അറിയില്ലായിരുന്നു. ആകെയുള്ളതു പിതാവിന്റെ പേരും ജനന–മരണദിനങ്ങളും ആഫ്രിക്കയിലെ ആദ്യ ഏഷ്യൻ മിഷനറി എന്ന വിശേഷണവും പിച്ചള ഫലകത്തിൽ രേഖപ്പെടുത്തിയ കല്ലറയുടെ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം മാത്രം. 1960കളിൽ അധ്യാപകനായി ടാൻസാനിയയിൽ എത്തിയ ജോർജ് അച്ചന്റെ ഒരു ബന്ധു പിതാവിന്റെ കല്ലറയുടെ ഫോട്ടോ എടുത്ത് അയച്ചിരുന്നു. എന്നാൽ പിതാവിന്റെ കല്ലറ എവിടെയാണെന്ന് അന്വേഷിക്കാൻ ബന്ധു ജീവനോടെയില്ലായിരുന്നു. ഇതിനിടയിൽ ടാൻസനിയ സന്ദർശിക്കണമെന്ന ആഗ്രഹവുമായി അദ്ദേഹം അവിടെ ജോലിയിലുണ്ടായിരുന്ന പല മലയാളികളെയും ബന്ധപ്പെട്ടിരുന്നു. എന്നാൽ കല്ലറ എവിടെയാണെന്ന് അറിയാതെ അവിടെ ചെന്നിട്ടു കാര്യമില്ലെന്നായിരുന്നു അവരുടെയെല്ലാം അഭിപ്രായം.

സഹായവുമായി അധ്യാപക ദമ്പതികൾ


മൂന്നുവർഷം മുൻപു ജോർജ് അച്ചന്റെ മൊബൈലിലേക്ക് ഒരു സന്ദേശമെത്തി. മരുമകനും പത്തനംതിട്ട ജില്ലയിലെ ഉളനാട് മാർത്തോമ്മാ പള്ളി വികാരിയുമായിരുന്ന റവ. റെനി കെ. ഏബ്രഹാമിന്റെ വിളിയായിരുന്നു അത്. ടാൻസനിയയിൽ അധ്യാപകരായി ജോലിനോക്കുന്ന തന്റെ ഇടവകയിലെ അംഗം ഉളനാട് ഒലിപ്പിൽ വിൽസൻ ജോർജും ഭാര്യ മൗസ്നിയും കുട്ടിയുടെ മാമോദീസയ്ക്കായി നാട്ടിലെത്തിയിട്ടുണ്ട്. ജോർജ് അച്ചൻ ഉളനാട്ടിലെ ഒലിപ്പിൽ വീട്ടിലെത്തി വിൽസനോടു കാര്യങ്ങൾ തിരക്കി.

ടാൻസനിയയിൽ എത്തി അവിടെ കല്ലറയെക്കുറിച്ച് അന്വേഷണം നടത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ചെല്ലാം വിൽസൻ ജോർജ് അച്ചനെ അറിയിച്ചു. അവർ ടാൻസനിയയിലേക്കു മടങ്ങിപ്പോവുകയും ചെയ്തു. എന്നാൽ പിതാവിന്റെ അന്ത്യവിശ്രമസ്ഥാനം കാണാനുള്ള ഒരു മകന്റെ ആഗ്രഹം വിൽസനെ വല്ലാതെ അലട്ടി. അച്ചൻ അവിടെ എത്തിയാലും കല്ലറ കണ്ടെത്തുക പ്രയാസം. ഏതായാലും അന്വേഷണം നടത്താമെന്ന് വിൽസനും തീരുമാനിച്ചു

ദൗത്യം ഏറ്റെടുത്ത പ്രഫ. കെന്നത്ത്

സ്കൂൾ അധ്യാപകനായ വിൽസൻ ഇക്കഥ തന്റെ സ്നേഹിതനും മൊറോഗൊറോ അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റിയിലെ അധ്യാപകനും ഗവേഷകനുമായ പ്രഫ. കെന്നത്ത് മുപ്പുണ്ടയെ അറിയിച്ചു. ടാൻസനിയക്കാരനായ അദ്ദേഹം ഇതുസംബന്ധിച്ച് അന്വേഷണം നടത്താനും ആവശ്യമായ രേഖകൾ കണ്ടെത്താനും തീരുമാനിച്ചു. സെമിത്തേരികളെ സംബന്ധിച്ച രേഖകൾ അന്വേഷിച്ച് അദ്ദേഹം പല ഓഫിസുകൾ കയറിയിറങ്ങി. 1970കൾക്കു മുൻപുള്ള കല്ലറകൾ സംബന്ധിച്ച രേഖകൾ ഒന്നും ലഭ്യമായില്ല.

പ്രത്യാശയുടെ കഷ്ടാനുഭവ ആഴ്ച


അങ്ങനെയിരിക്കെ ജോർജ് അച്ചനെ തേടി ടാൻസനിയയിൽനിന്നു വിളിയെത്തി – 2014ലെ കഷ്ടാനുഭവ ആഴ്ച ടാൻസനിയയിലെ മലയാളികൾക്കൊപ്പമാകണമെന്ന നിയോഗം. ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ പ്രത്യേകാനുമതിയോടെ അദ്ദേഹം ടാൻസനിയയിലേക്കു പറന്നു. ഏപ്രിൽ 12നു ടാൻസനിയയുടെ മുൻ തലസ്ഥാനമായ ദാറസ്സലാമിലെത്തി. പെസഹ, ദുഃഖവെള്ളി, ഈസ്റ്റർ ശുശ്രൂഷകൾക്ക് അദ്ദേഹം നേതൃത്വം നൽകി.

ഇതിനിടെ പിതാവിന്റെ കല്ലറ കണ്ടെത്താനുള്ള അന്വേഷണവും നടന്നു. പ്രഫ. കെന്നത്ത്, വിൽസൻ എന്നിവർക്കൊപ്പം പലയിടത്തും അലഞ്ഞു. ദേവാലയങ്ങൾ, സെമിത്തേരികൾ, ഫ്യൂണറൽ ഹോമുകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു ആദ്യ അന്വേഷണം. സാധാരണക്കാരെ അടക്കിയിരിക്കുന്ന സെമിത്തേരികൾ മുതൽ വിശിഷ്ടവ്യക്തികൾ അന്തിയുറങ്ങുന്ന സെമിത്തേരികൾ വരെ സന്ദർശിച്ചു. ഓരോ കല്ലറയിലെയും ഫലകങ്ങൾ വായിച്ച് തന്റെ പിതാവിന്റേതാണോ എന്ന് പരിശോധിച്ചു. നിരാശയിലേക്കു കൂപ്പുകുത്തുമെന്നായപ്പോൾ ദൗത്യത്തിൽനിന്നു പിൻവാങ്ങേണ്ടി വരുമോ എന്ന് അച്ചൻ ഭയപ്പെട്ടു.

ഇതിനിടയിൽ പ്രഫ. കെന്നത്ത് സ്വന്തം നിലയ്ക്കും അന്വേഷണം നടത്തുന്നുണ്ടായിരുന്നു. ഒടുവിൽ ആ സന്തോഷ വാർത്തയെത്തി. പെസഹാ ശുശ്രൂഷയ്ക്കു നേതൃത്വം നൽകാൻ ഒരുങ്ങവേയാണ് ജോർജ് അച്ചനെ ദൈവം അതിശയിപ്പിച്ചത്. ദാറസ്സലാമിൽനിന്നു കൃത്യം 200 കിലോമീറ്റർ മാറി മൊറോഗൊറോ എന്ന ചെറുപട്ടണത്തിൽ സ്ഥിതിചെയ്യുന്ന കോമൺവെൽത്ത് വാർ ഗ്രേവ്സ് കമ്മിഷന്റെ മേൽനോട്ടത്തിലുള്ള സെമിത്തേരിയിൽ ആ കല്ലറ അദ്ദേഹം കണ്ടെത്തി.
ഒന്നാം ലോകമഹായുദ്ധകാലത്ത് ടാൻസനിയയിൽ ജീവൻ വെടിഞ്ഞ കോമൺവെൽത്ത് രാജ്യങ്ങളിൽനിന്നുള്ള 384 പേരുടെ മൃതദേഹങ്ങൾ അടക്കം ചെയ്തതാണ് ആ സെമിത്തേരി.

യുദ്ധഭടൻമാരുടെ കല്ലറകൾ നന്നായി പരിപാലിച്ചിരുന്നു. സെമിത്തേരിയുടെ മറ്റൊരു ഭാഗത്തായി തദ്ദേശീയരായ ഏതാനുംപേരെ അടക്കിയിരുന്നു. പുല്ലുപിടിച്ചുകിടന്ന ആ കല്ലറകളിലൊന്നിലെ കുറ്റിച്ചെടികൾ വകഞ്ഞുമാറ്റി നോക്കിയപ്പോഴാണ് റവ. കണ്ണമ്പാറ മത്തായി ജോൺ എന്നെഴുതിയ കല്ലറ കണ്ടെത്തിയത്. ആഫ്രിക്കയിലെ പട്ടത്വം സ്വീകരിച്ച ആദ്യ ഏഷ്യൻ മിഷനറി എന്ന് കല്ലറയിലെ ഫലകത്തിൽ വ്യക്തമായി രേഖപ്പെടുത്തിയതിനാലാവാം റവ. ജോണിനു കോമൺവെൽത്ത് സെമിത്തേരിയിൽതന്നെ മാന്യമായ അന്ത്യവിശ്രമസ്ഥാനം ഒരുക്കിയത്.

ദൗത്യം പൂർണതയിൽ

കല്ലറ കണ്ടെത്തിയതു പെസഹാവ്യാഴാഴ്ചയായിരുന്നു. പിന്നീടുള്ള ദിവസങ്ങൾ ദുഃഖവെള്ളിയും ദുഃഖശനിയുമായിരുന്നതിനാൽ ജോർജ് അച്ചന് മൊറോഗൊറോയിലേക്കു പോകാനായില്ല. ഈസ്റ്റർ ദിവസം വെളുപ്പിനെ ഉയിർപ്പിന്റെ ശുശ്രൂഷയും കുർബാനയും കഴിഞ്ഞയുടൻ ജോർജ് അച്ചനും വിൽസനും പ്രഫ. കെന്നത്തും മൊറോഗൊറോയിലേക്ക് പോയി. യുദ്ധഭടൻമാരുടെ അന്ത്യവിശ്രമസ്ഥാനം എന്ന നിലയിലും ചരിത്രഭൂമി എന്ന നിലയിലും സെമിത്തേരി നല്ല രീതിയിൽതന്നെ പരിപാലിച്ചിരുന്നു.

മനോഹരമായ ഒരു പൂന്തോട്ടമായിരുന്നു അത്. ചുറ്റുമതിലും ഗേറ്റുമൊക്കെയായി നന്നായി സംരക്ഷിച്ചിരുന്നു. സെമിത്തേരിയുടെ പ്രധാന വാതിൽ താഴിട്ടു പൂട്ടിയിരുന്നെങ്കിലും പ്രത്യേക അനുമതിയോടെ കല്ലറകളിലൊന്നിൽ പ്രാർഥന നടത്താനെത്തിയ ഒരു നീഗ്രോ സ്ത്രീയുടെ സഹായത്തോടെ ജോർജ് അച്ചനും കൂട്ടരും സെമിത്തേരിയിൽ കടന്നു. തന്റെ പിതാവിന്റെ കല്ലറയ്ക്കടുത്തെത്തിയ ജോർജ് അച്ചൻ ചുറ്റുമുണ്ടായിരുന്ന കുറ്റിച്ചെടികൾ പിഴുതുമാറ്റി വെടിപ്പാക്കി.

 കല്ലറയോടു ചേർന്നുള്ള കല്ലിൽ സ്ഥാപിച്ചിരുന്ന പിച്ചള ഫലകങ്ങളിലൂടെ പലകുറി കണ്ണോടിച്ചു. അതിലെ അക്ഷരങ്ങൾക്കൊന്നും പഴക്കം തോന്നിയില്ല. പിച്ചളയുടെ നിറത്തിനുമാത്രം മങ്ങൽ. അദ്ദേഹം പൊട്ടിക്കരഞ്ഞുപോയി. അറുപതു വർഷത്തെ കാത്തിരിപ്പിന്റെ സാഫല്യം. തന്നെ വിട്ടുപോയ പിതാവിനു കണ്ണീരുകൊണ്ട് അശ്രുപൂജ അർപ്പിച്ചു. കൈയിൽ കരുതിയിരുന്ന മെഴുകുതിരികൾ കല്ലറയ്ക്കുചുറ്റും കത്തിച്ചു. അപ്പോഴാണ് അദ്ദേഹം പിച്ചള ഫലകത്തിൽ രേഖപ്പെടുത്തിയിരുന്ന ജനനത്തീയതി ശ്രദ്ധിച്ചത്.

പിതാവിന്റെ തൊണ്ണൂറാം ജന്മദിനമായിരുന്നു അന്ന്.

കല്ലറയ്ക്കു സമീപത്തുനിന്ന് ഒരുപിടി മണ്ണ് വാരിയെടുത്തു ചുംബിച്ചു. പിന്നീട് അതുമായി നാട്ടിലേക്കു പറന്നു. പിതാവിന്റെ കല്ലറ കണ്ടെത്തിയതും അവിടെ പ്രാർഥിച്ചതും ദൈവത്തിന്റെ കരുതലായി കാണുമ്പോഴും ഒരു സങ്കടം മാത്രം ബാക്കിയാവുന്നു– 2008ൽ തന്നെ വിട്ടുപോയ തന്റെ പ്രിയപ്പെട്ട അമ്മ മറിയാമ്മയെ ഈ വിവരം അറിയിക്കാൻ സാധിച്ചില്ലല്ലോ എന്നത്.