മുറിവേറ്റ പലസ്തീൻ യുവാവിനെ വെടിവച്ചു കൊന്ന ഇസ്രയേൽ സൈനികനു 18 മാസം തടവ്

ടെൽ അവീവ് (ഇസ്രയേൽ)∙ പരുക്കേറ്റു നിലത്തുകിടന്ന പലസ്തീൻ യുവാവിനെ വെടിവച്ചുകൊന്ന സംഭവത്തിൽ, ഇസ്രയേൽ സൈനികക്കോടതി യുവ സൈനികനെ 18 മാസം തടവിനു ശിക്ഷിച്ചു. സെർജന്റ് എലോർ അസാരിയ 11 മാസം മുൻപ് അധിനിവേശ പലസ്തീനിൽ ജോലിയെടുക്കുമ്പോഴാണു കേസിനാധാരമായ സംഭവം. രണ്ടു പാലസ്തീൻ യുവാക്കൾ ഇസ്രയേൽ സൈനികരെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു.

സൈന്യം നടത്തിയ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റേയാൾക്കു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. മിനിറ്റുകൾക്കുശേഷം അനങ്ങാനാകാതെ നിലത്തു രക്തംവാർന്നു കിടന്ന പലസ്തീൻ യുവാവിനെ പത്തൊൻപതുകാരനായ എലോർ അസാരിയ വെടിവച്ചു കൊല്ലുകയായിരുന്നു. സംഭവം വ്യാപക പ്രതിഷേധത്തിനു കാരണമായതിനെ തുടർന്നാണു സൈനികക്കോടതി യുവസൈനികനെ വിചാരണ ചെയ്തത്.