പ്രഥമ വനിതയാര്? ട്രംപിന്റെ ഭാര്യമാർ തമ്മിൽ അടി

വാഷിങ്ടൻ∙ പ്രഥമ വനിതയാരെന്നതിനെച്ചൊല്ലി യുഎസ് പ്രസിഡന്റിന്റെ ഭാര്യമാർ തമ്മിൽ വാക്‌പോര്. ഡോണൾഡ് ട്രംപിന്റെ ആദ്യഭാര്യ ഇവാനയും ഇപ്പോഴത്തെ ഭാര്യ മെലനിയയും തമ്മിലാണു പൊരിഞ്ഞ അടി. ‘റെയ്സിങ് ട്രംപ്’ എന്ന സ്മരണകൾ പുറത്തിറങ്ങുന്നതിനു മുന്നോടിയായി എബിസി ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് ഇവാന പ്രഥമ വനിതയെന്നു സ്വയം വിശേഷിപ്പിച്ചത്.

ട്രംപിനു നേരിട്ടു വിളിക്കാനുള്ള നമ്പർ തനിക്കുണ്ടെന്നും രണ്ടാഴ്ച കൂടുമ്പോൾ വൈറ്റ്ഹൗസിലേക്കു വിളിക്കാറുണ്ടെന്നും ഇവാന അവകാശപ്പെട്ടു. പക്ഷേ, അങ്ങോട്ടുവിളിക്കാൻ തനിക്കു താൽപര്യമില്ല. കാരണം മെലനിയ അവിടെയുണ്ടല്ലോ. അസൂയ തോന്നിയാലോ. എന്തൊക്കെയായാലും ആദ്യഭാര്യ താൻ തന്നെയാണല്ലോ. അപ്പോൾ പ്രഥമ വനിതയുമാണ് – ഇവാന അഭിമുഖത്തിൽ പറഞ്ഞു.

ഇതിനു മറുപടിയുമായി മെലനിയ രംഗത്തെത്തിയതോടെ വിവാദം കനത്തു. മാധ്യമശ്രദ്ധ കിട്ടാൻ വേണ്ടിയും പുസ്തകം വിറ്റുപോകാനും ഇവാന ഓരോന്നു പറയുകയാണെന്നാണു മെലനിയയുടെ ആരോപണം. മുൻഭാര്യമാർ പറയുന്നതിനൊന്നും വിലകൽപിക്കേണ്ടതില്ല. പ്രഥമ വനിതയെന്ന ബഹുമാന്യപദവി ദുരുപയോഗം ചെയ്യാൻ താൽപര്യമില്ലെന്നും മെലനിയ വ്യക്തമാക്കി.

ഡോണൾഡ് ജൂനിയർ, ഇവാൻക, എറിക് എന്നിവരാണു ട്രംപിന് ആദ്യഭാര്യ ഇവാനയിൽ പിറന്ന മക്കൾ. മൂന്നാം ഭാര്യ മെലനിയയിൽ പിറന്നതു ബാരൺ എന്ന മകൻ. രണ്ടാം ഭാര്യ മാർല മേപ്പിൾസിൽ ടിഫനിയെന്ന മകളുണ്ട്.

ട്രംപിന് എല്ലാം കച്ചവടം

താനുമായി വിവാഹമോചനം ബിസിനിസ് കരാർ പോലെയാണു ട്രംപ് കണ്ടതെന്ന് ഇവാന പുസ്തകത്തിൽ പറയുന്നു. കാരണം അതിലും അദ്ദേഹത്തിനു ജയിക്കണമായിരുന്നു. കുട്ടികളെയും കൊണ്ടു വൈകിട്ടു പാർക്കിൽ പോകുകയോ അവർക്കൊപ്പം ബേസ്ബോൾ കളിക്കുകയോ ചെയ്യുന്ന തരം അച്ഛനല്ലായിരുന്നു ട്രംപ്. പിള്ളേർക്കു പതിനെട്ടു വയസ്സായ ശേഷമാണ് അവരോടു സംസാരിക്കാൻ തുടങ്ങിയതു തന്നെ. കാരണം, ബിസിനസ് കാര്യങ്ങൾ പറഞ്ഞാൽ മനസ്സിലാകുമല്ലോ!