‘യുനെസ്കോ ഇസ്രയേൽ വിരുദ്ധം’: യുഎസ് പിന്മാറുന്നു; പിന്നാലെ ഇസ്രയേലും

വാഷിങ്ടൻ∙ ഐക്യരാഷ്ട്ര സംഘടനയുടെ സാംസ്കാരിക വിഭാഗമായ യുനെസ്കോയിൽനിന്നു പിന്മാറുന്നതായി യുഎസ് പ്രഖ്യാപനം. ഇസ്രയേൽ വിരുദ്ധ നിലപാട് ആരോപിച്ചാണു തീരുമാനം. യുഎസ് പ്രഖ്യാപനം വന്നു മണിക്കൂറുകൾക്കകം,  ഇസ്രയേലും യുനെസ്കോയില്‍ൽനിന്നു പിന്മാറുന്നതായി പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു അറിയിച്ചു. 

യുഎസ് തീരുമാനത്തെ ധീരമെന്നും ധാർമികമെന്നും വിശേഷിപ്പിച്ചാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം. യുനെസ്കോ വിടാനുള്ള നടപടികള്‍ക്കായി വിദേശകാര്യ മന്ത്രാലയത്തിനു നിര്‍ദേശം നല്‍കിയെന്നും പറഞ്ഞു.

2018 ഡിസംബർ 31 വരെ മാത്രം യുനെസ്കോയിൽ തുടരുമെന്നാണ് യുഎസ് അറിയിച്ചത്. തുടർന്ന്  നിരീക്ഷക പദവിയിൽ തുടരും. 

യുനെസ്കോ വിടാനുള്ള തീരുമാനം സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് ഹെതർ നൗർട്ടാണു പ്രഖ്യാപിച്ചത്. തീരുമാനം യുനെസ്കോ അധ്യക്ഷ ഐറീന ബൊകോവയെ അറിയിച്ചിട്ടുണ്ട്. തീരുമാനത്തിൽ യുനെസ്കോ ഖേദമറിയിച്ചു. പലസ്തീനു പൂർണ അംഗത്വം നൽകാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചു 2011ൽ സംഘടനയ്ക്കുള്ള സഹായം യുഎസ് നിർത്തലാക്കിയിരുന്നു.