കരുത്തു തെളിയിച്ച് നീരാവി എൻജിൻ; ആവിയാകാത്ത വേഗം മണിക്കൂറിൽ 161 കിലോമീറ്റർ

ലണ്ടൻ∙ ബ്രിട്ടന്റെ പ്രധാന റെയിൽവേ ശൃംഖലയിലൂടെ 50 വർഷത്തിനുശേഷം ആദ്യമായി നീരാവി എൻജിൻ ട്രെയിൻ മണിക്കൂറിൽ 100 മൈൽ (161 കിലോമീറ്റർ) വേഗത്തിൽ കുതിച്ചു. 1968നു ശേഷം ഒരു നിരാവി എൻജിൻ മണിക്കൂറിൽ 100 മൈൽ വേഗത്തിൽ ഓടുന്നത് ബ്രിട്ടനിൽ ആദ്യമാണ്. ടൊർണാഡോ എന്ന നീരാവി എൻജിനാണു കഴിഞ്ഞ ദിവസം നടത്തിയ പരീക്ഷണ ഓട്ടത്തിൽ ചരിത്രംകുറിച്ചത്. പൈതൃക സംരക്ഷണത്തിനായി പ്രവർത്തിക്കുന്നവർ 2008ൽ നിർമാണം പൂർത്തിയാക്കിയ നീരാവി എൻജിൻ ലണ്ടൻ–എഡിൻബറ പാതയിലാണു പരീക്ഷണ ഓട്ടം നടത്തിയത്.

യാത്രാവണ്ടികളിൽ ടൊർണാഡോയുടെ വേഗം നിലവിലുള്ള മണിക്കൂറിൽ 121 കിലോമീറ്ററിൽനിന്ന് ഈ വർഷം അവസാനത്തോടെ 145 കിലോമീറ്ററിൽ എത്തിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരീക്ഷണം. പഴയ ആവി എൻജിനുകൾ യാത്രാവണ്ടിക്ക് ഉപയോഗിക്കുന്നെങ്കിൽ 75 മൈൽ (121 കിലോമീറ്റർ) വേഗമേ ആകാവൂ എന്നു പരിധിയുണ്ടായിരുന്നു. ബ്രിട്ടനിലെ പ്രധാന പാതകളിൽ നിന്നു നീരാവി എൻജിൻ 1960ൽ  പിൻവലിച്ചിരുന്നു. അര നൂറ്റാണ്ടിനുശേഷം ആദ്യമായാണു ബ്രിട്ടനിൽ നീരാവി എൻജിൻ നിർമിക്കുന്നത്.