ഇറാഖിൽ ചാവേർ ആക്രമണം; 35 മരണം, 50 പേർക്കു പരുക്ക്

ഇറാഖിലെ ബസ്രയിൽ ഹൈവേയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ തകർന്ന വാഹനം.

ബഗ്ദാദ്∙ ദക്ഷിണ ഇറാഖിലും ബഗ്ദാദിലും സുരക്ഷാ പരിശോധനാ കേന്ദ്രങ്ങളിലുണ്ടായ രണ്ട് ചാവേർ ആക്രമണങ്ങളിൽ 35 പേർ കൊല്ലപ്പെട്ടു. അൻപതിലേറെ പേർക്കു പരുക്കേറ്റു. ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ആക്രമണങ്ങളുടെ ഉത്തരവാദിത്തമേറ്റു.

ബഗ്ദാദിലെ ആക്രമണത്തിൽ 24 പേർ മരിച്ചു. 20 പേർക്കു പരുക്കേറ്റു. രണ്ടു ചാവേറുകളിൽ ഒരാളെ സുരക്ഷാസേന ആദ്യംതന്നെ വെടിവച്ചുകൊന്നു. എന്നാൽ രണ്ടാമത്തെ ചാവേർ കാർ സ്ഫോടനം നടത്തിയാണ് 24 പേരെ വധിച്ചത്.

ദക്ഷിണ ഇറാഖിലെ ബസ്ര നഗരത്തിലായിരുന്നു രണ്ടാമത്തെ ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച കാറുമായി ഇടിച്ചുകയറിയ ചാവേർ 11 പേരെ കൊലപ്പെടുത്തി. 30 പേർക്കു പരുക്കേറ്റു.

കാറുമായി മറ്റൊരു ചാവേർകൂടി എത്തിയെങ്കിലും സേന വെടിവച്ചുവീഴ്ത്തി.