ലണ്ടൻ അഗ്നിബാധ: മരണസംഖ്യ 100 കടന്നേക്കും

ലണ്ടൻ∙ പടിഞ്ഞാറൻ ലണ്ടനിലെ ഗ്രെൻഫെൽ ടവർ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 30 ആയി. ദുരന്തത്തിൽ 100 പേരിൽ കൂടുതൽ മരിച്ചിട്ടുണ്ടാകുമെന്നാണു പൊലീസ് ഇപ്പോൾ പറയുന്നത്. 74 പേരെ അഗ്നിബാധയ്ക്കു ശേഷം കാണാനില്ലെന്നു വ്യക്തമായിട്ടുണ്ട്.

പൂർണമായും അഗ്നിക്കിരയായ കെട്ടിടത്തിനുള്ളിൽ കൂടുതൽ മൃതദേഹങ്ങളുണ്ടെന്നാണു കരുതുന്നത്. 24 നിലകളിലായി 120 ഫ്ലാറ്റുകളാണു കെട്ടിടത്തിലുള്ളത്. കെട്ടിടം മുഴുവൻ ഇപ്പോഴും പരിശോധിച്ചു തീർന്നിട്ടില്ല. കണ്ടെടുത്ത മൃതദേഹങ്ങളിൽ പലതും തിരിച്ചറിയാൻ കഴിയാത്ത നിലയിലാണ്. ചൊവ്വാഴ്ച അർധരാത്രിക്കു ശേഷമാണു കെട്ടിടം അഗ്നിക്കിരയായത്. ലണ്ടൻ നഗരം കണ്ട ഏറ്റവും വലിയ അഗ്നിബാധകളിലൊന്നാണിത്.

കാരണം കണ്ടെത്താനുള്ള അന്വേഷണം പൂർത്തിയാക്കാൻ ആഴ്ചകൾ വേണ്ടിവരുമെന്നാണു ലണ്ടൻ പൊലീസ് പറയുന്നത്. ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസാ മേ സംഭവത്തെക്കുറിച്ചു ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇടത്തരക്കാർ താമസിക്കുന്ന ഫ്ലാറ്റുകളാണു കെട്ടിടത്തിലുള്ളത്.

എലിസബത്ത് രാജ്ഞിയും പേരമകൻ വില്യം രാജകുമാരനും ഇന്നലെ സ്ഥലം സന്ദർശിച്ചു. താമസസ്ഥലം നഷ്ടപ്പെട്ടവരെ സമീപപ്രദേശങ്ങളിൽ പുനരധിവസിപ്പിക്കുമെന്നു പുതിയ സർക്കാരിലെ ഭവനമന്ത്രി, ഇന്ത്യൻ വശംജനായ അലോക് ശർമ പറഞ്ഞു.