ഉത്തര കൊറിയ റോക്കറ്റ് എൻജിൻ പരീക്ഷിച്ചെന്ന് യുഎസ്

വാഷിങ്ടൺ ∙ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ഐസിബിഎം) പദ്ധതിയുടെ ഭാഗമെന്നു കരുതുന്ന റോക്കറ്റ് എൻജിൻ ഉത്തര കൊറിയ വിജയകരമായി പരീക്ഷിച്ചെന്ന വെളിപ്പെടുത്തലുമായി യുഎസ് രംഗത്ത്. ഉത്തര കൊറിയ നേരത്തേ പരീക്ഷിച്ച ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിനു വേണ്ടിയുള്ള റോക്കറ്റ് എൻജിനാണ് ഇപ്പോൾ പരീക്ഷിച്ചതെന്നാണ് യുഎസിന്റെ വിലയിരുത്തൽ.

എന്നാൽ, ഇതിന്റെ വിശദാംശങ്ങൾ പുറത്തുവിടാൻ വാഷിങ്ടൺ തയാറായില്ല. യുഎസിനെ വരെ ആക്രമിക്കാൻ കെൽപുള്ളതാണ് ഉത്തര കൊറിയയുടെ ഐസിബിഎം പദ്ധതി എന്നാണു കരുതപ്പെടുന്നത്.

അതേസമയം, ആയുധപരീക്ഷണ വിവരങ്ങൾ അപ്പപ്പോൾ പുറത്തുവിടാറുള്ള ഉത്തര കൊറിയ റോക്കറ്റ് എൻജിൻ പരീക്ഷണത്തെക്കുറിച്ചു മൗനംപാലിക്കുകയാണ്. ഉത്തര കൊറിയയുടെ ആയുധപരീക്ഷണം സസൂക്ഷ്മം നിരീക്ഷിച്ചുവരുന്ന, അയൽക്കാരായ ദക്ഷിണ കൊറിയയ്ക്ക് ഇതേപ്പറ്റി വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.