മക്കയിൽ തകർത്തത് തീർഥാടകരെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണ പദ്ധതി

റിയാദ് ∙ സൗദി അറേബ്യയിലെ മക്കയിൽ സുരക്ഷാ സൈനികർ തകർത്തത് ഉംറ തീർഥാടകരെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണ പദ്ധതി. വിശുദ്ധ ഹറം പള്ളിയായിരുന്നു ഭീകരരുടെ ലക്ഷ്യമെന്ന് സൗദി ആഭ്യന്തര വകുപ്പ് അറിയിച്ചു. ‌റമസാനിലെ അവസാന വെള്ളിയാഴ്ച വിദേശികളടക്കം ലക്ഷക്കണക്കിനു തീർഥാടകരാണു പള്ളിയിൽ ഒത്തുകൂടിയിരുന്നത്.

ഹറം പള്ളിക്കു സമീപം അജ്യാദ് അൽ മസാഫി മേഖലയിലെ മൂന്നുനില കെട്ടിടത്തിൽ ചാവേർ ഭീകരൻ ഒളിച്ചിരിക്കുന്നതായി അറിഞ്ഞു സുരക്ഷാസേന ഇവിടം വളയുകയായിരുന്നു. സൈനികർക്കു നേരെ വെടിവച്ച ഇയാൾ ഒടുവിൽ ബെൽറ്റ് ബോംബ് പൊട്ടിച്ച് ജീവനൊടുക്കുകയും ചെയ്തു. സ്ഫോടനത്തിൽ കെട്ടിടം തകർന്നതിനെത്തുടർന്ന് പരുക്കേറ്റ ആറു വിദേശ തീർഥാടകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചു സുരക്ഷാ സൈനികർക്കും നിസ്സാര പരുക്കേറ്റു. സ്ത്രീ ഉൾപ്പെടെ അഞ്ചു പേർ അറസ്റ്റിലായിട്ടുണ്ടെങ്കിലും സുരക്ഷാ കാരണങ്ങളാൽ ഇവരുടെ പേരുവിവരങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ലെന്ന് അധികൃ‍തർ അറിയിച്ചു.

മക്കയിലെ അൽ അസ്സില മേഖലയിൽ വെള്ളിയാഴ്ച രാവിലെ പിടിയിലായ ഭീകരനിൽനിന്നു ലഭിച്ച വിവരങ്ങളാണു ഭീകരാക്രമണ നീക്കം തകർക്കാൻ സഹായകമായത്. തുടർന്നുള്ള തിരച്ചിലിൽ ജിദ്ദയിലും ഒരാളെ പിടികൂടി. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുക്കുകയും ചെയ്തു.