ഹിലറി ജയിച്ചെങ്കിൽ പുടിൻ സന്തോഷിച്ചേനെ: ട്രംപ്

വാഷിങ്ടൻ∙ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഹിലറി ക്ലിന്റൻ ജയിച്ചിരുന്നെങ്കിൽ, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ സന്തോഷിച്ചേനെയെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കാരണം ഹിലറിയുടെ ജയം അമേരിക്കയെ ദുർബലമാക്കുമായിരുന്നു. പുടിനും താനും അവരവരുടെ രാജ്യത്തിന്റെ താൽപര്യത്തിനു വേണ്ടിയാണു നിലകൊള്ളുന്നത്. പക്ഷേ, ആഗോളതലത്തിൽ സഹകരണത്തിനു സാധ്യതയുണ്ടെന്നും ട്രംപ് വ്യക്തമാക്കി. കഴിഞ്ഞയാഴ്ച ജർമനിയിൽ ജി–20 ഉച്ചകോടിക്കിടെയാണു ട്രംപ്–പുടിൻ ആദ്യ കൂടിക്കാഴ്ച നടന്നത്. ‘നാം ലോകത്തിലെ ഏറ്റവും കരുത്തുറ്റ രാജ്യമാണ്.

കൂടുതൽ കരുത്തരായി മാറിക്കൊണ്ടിരിക്കുന്നു. കാരണം പോരാളിയാണ്. ഹിലറിയാണു ജയിച്ചതെങ്കിൽ നമ്മുടെ വീര്യം ക്ഷയിച്ചുപോയേനെ. പുടിന് എന്നെ ഇഷ്ടമല്ലാത്തത് അതു കൊണ്ടാണ്’– ടിവി അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. ജർമനിയിൽ താനും പുടിനും രണ്ടു മണിക്കൂറിലേറെ സംസാരിച്ചതു പലർക്കും അദ്ഭുതമായിരുന്നുവെന്നു ട്രംപ് പറഞ്ഞു. അതേസമയം, വിക്കി ലീക്‌സ് പുറത്തുവിട്ട രേഖകളുടെ അടിസ്ഥാനത്തിൽ നേരിടേണ്ടി വന്ന വിമർശനങ്ങളാണു ഹിലറി ക്ലിന്റനു തിരഞ്ഞെടുപ്പിൽ ക്ഷീണമായതെന്നു സമൂഹമാധ്യമ പ്രവണതകൾ സംബന്ധിച്ചു നടത്തിയ പഠനം അവകാശപ്പെടുന്നു.

തിരഞ്ഞെടുപ്പിനു തൊട്ടുമുൻപുള്ള രണ്ടുമാസം ട്വിറ്ററിൽ ഏറ്റവുമധികം വിമർശിക്കപ്പെട്ടതു ഹിലറിയായിരുന്നു. ഇതിലേറെയും വിക്കി ലീക്സ് വെളിപ്പെടുത്തലുകളുടെ പേരിലായിരുന്നു. അതേസമയം ട്രംപിനെ എതിർത്തും അനുകൂലിച്ചുമുള്ള ട്വീറ്റുകൾ തുല്യമായിരുന്നു. യുകെ എഡിൻബറ സർവകലാശാലയിലെ ഗവേഷകരാണു പഠനം നടത്തിയത്.