പാക്ക് ‘മദർ തെരേസ’ ഡോ. റൂത്ത് ഫാ വിടവാങ്ങി

ഇസ്‌ലാമാബാദ് ∙ കുഷ്ഠരോഗികളെ ശുശ്രൂഷിക്കാനായി ജീവിതം സമർപ്പിച്ച, പാക്കിസ്ഥാന്റെ മദർ തെരേസ എന്നറിയപ്പെടുന്ന ജർമൻ കന്യാസ്ത്രീ ഡോ. റൂത്ത് ഫാ (87) കറാച്ചിയിൽ അന്തരിച്ചു. 1960ൽ പാക്കിസ്ഥാനിലെത്തുമ്പോൾ ഡോ. റൂത്ത് ഫായ്ക്ക് 29 വയസ്സാണ്.

ഇന്ത്യയിൽ ജീവകാരുണ്യ പ്രവർത്തനത്തിനു പോകാനാണു ഡോ. റൂത്ത് ഫാ സന്യാസ സഭയിൽ ചേർന്നതെങ്കിലും വീസാ പ്രശ്നങ്ങൾ കാരണം കുറച്ചു ദിവസത്തേക്കു കറാച്ചിയിൽ ഇറങ്ങുകയായിരുന്നു. ആ ദിവസങ്ങളിൽ കറാച്ചിയിലെ കുഷ്ഠരോഗികളുടെ ദയനീ‌യ സ്ഥിതി കണ്ടു മനസ്സലിഞ്ഞാണു പാക്കിസ്ഥാനിൽ തുടരാൻ തീരുമാനിച്ചത്.

1962ൽ കറാച്ചിയിൽ മേരി അദലേഡ് ലെപ്രസി സെന്റർ സ്ഥാപിച്ചു. തുടർന്നു പാക്കിസ്ഥാനിലെ എല്ലാ പ്രവിശ്യകളിലും ശാഖകൾ സ്ഥാപിച്ചു. അരലക്ഷത്തിലേറെ കുടുംബങ്ങളെയാണു ഡോ. ഫാ ചികിൽസിച്ചത്. 1996ൽ ലോകാരോഗ്യ സംഘടന പാക്കിസ്ഥാനെ കുഷ്ഠരോഗവിമുക്തമായി പ്രഖ്യാപിച്ചു.

ഈ നേട്ടത്തിനു പിന്നിൽ പ്രധാനമായും ഡോ. ഫായുടെ അവിശ്രാന്തമായ സേവനമായിരുന്നു. 1988ൽ ഡോ. ഫായ്ക്കു പാക്ക് പൗരത്വം ലഭിച്ചു. പാക്കിസ്ഥാനിലെ രണ്ടാമത്തെ വലിയ ബഹുമതിയായ ഹിലാലെ ഇംതിയാസ് 1979ലും ഹിലാലെ പാക്കിസ്ഥാൻ 1989ലും ലഭിച്ചു.

ഡോ. റൂത്ത് ഫായുടെ സംസ്കാരച്ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്നു പാക്ക് പ്രധാനമന്ത്രി ഷാഹിദ് ഘഖാൻ അബ്ബാസി പ്രഖ്യാപിച്ചു. ‘‘അവർ ജനിച്ചതു ജർമനിയിലാണെങ്കിലും അവരുടെ ഹൃദയം എന്നും പാക്കിസ്ഥാനിലായിരുന്നു.’’ – അബ്ബാസി പറഞ്ഞു. 19നു കറാച്ചി സെന്റ് പാട്രിക്‌സ് കത്തീഡ്രലിലാണു സംസ്കാരം.