യൂറോപ്പിൽ രണ്ടിടത്ത് പൊലീസിനു നേരെ ആക്രമണം

ലണ്ടൻ∙ ബക്കിങ്ങാം കൊട്ടാരത്തിനു സമീപം മൂന്നു പൊലീസുകാരെ ആക്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. നിരോധിത മേഖലയിൽ പൊലീസ് വാഹനത്തിനു മുന്നിൽ നിർത്തിയ കാർ പരിശോധിക്കാനെത്തിയപ്പോൾ നാലടി നീളമുള്ള വാളുമായി ആക്രമിക്കുകയായിരുന്നു. പൊലീസുകാർക്കു പരുക്കേറ്റു. പിടിയിലായ ഇരുപത്തിയാറുകാരനു ഭീകരബന്ധമുണ്ടോ എന്നു പരിശോധിച്ചുവരികയാണെന്നു സ്കോട്‌ലൻഡ് യാർഡ് അറിയിച്ചു.

സമാനമായ ആക്രമണമാണു ബൽജിയത്തിന്റെ തലസ്ഥാനമായ ബ്രസൽസിൽ ശനിയാഴ്ച പുലർച്ചെ അരങ്ങേറിയത്. മൂന്നു സൈനികരെ കത്തികൊണ്ടു കുത്തിയ യുവാവിനെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇയാൾക്കു ഭീകരബന്ധമുണ്ടെന്നാണു പ്രാഥമിക നിഗമനം. സ്പെയിനിലെ ബാർസിലോനയിൽ ഒരാഴ്ച മുൻപുണ്ടായ ഭീകരാക്രമണത്തിനു ശേഷം യൂറോപ്പ് അതീവ ജാഗ്രതയിലാണ്.