ടെക്സസിനെ തകർത്തെറിഞ്ഞ് ഹാർവി ചുഴലിക്കാറ്റ്; കനത്ത പ്രളയം

ഹാർവി ചുഴലിക്കാറ്റിന്റെ ദൃശ്യം. രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിൽനിന്നു പകർത്തിയത്.

വാഷിങ്ടൻ ∙ യുഎസ് സംസ്ഥാനമായ ടെക്സസിനെ തകർത്തെറിഞ്ഞ് ഹാർവി ചുഴലിക്കാറ്റ്. വെള്ളിയാഴ്ച മണിക്കൂറിൽ 210 കിലോമീറ്റർ വേഗത്തിൽ ടെക്സസ് തീരത്തെത്തിയ ചുഴലിക്കാറ്റ് രാത്രി കരയിലേക്ക് അടിച്ചുകയറി നാശം വിതച്ചു. ശനിയാഴ്ച രാവിലെയോടെ കാറ്റിന്റെ വേഗം കുറഞ്ഞു. എന്നാൽ, കാറ്റിനു പിന്നാലെ എത്തിയ കനത്ത മഴ ഭയാനകമായ പ്രളയത്തിലേക്കു നയിച്ചേക്കുമെന്നാണു കരുതുന്നത്.

പതിനായിരങ്ങളെ സുരക്ഷിത സ്ഥാനങ്ങളിൽ മാറ്റിപ്പാർപ്പിച്ചു. ദുരന്തത്തിന്റെ ആഴത്തെക്കുറിച്ച് ഒട്ടേറെ അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും ജീവനാശമുണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. യുഎസിന്റെ ‘ഇന്ധന തലസ്ഥാന’മായ ടെക്സസിലെ ഒട്ടേറെ റിഫൈനറികളെ കാറ്റും മഴയും ബാധിച്ചതോടെ ഇന്ധനവില ഉയർന്നിട്ടുണ്ട്. ഹാർവിയെ ദുരന്തമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ട്രംപ് പ്രസിഡന്റ് സ്ഥാനമേറ്റശേഷമുണ്ടാകുന്ന ആദ്യത്തെ വലിയ പ്രകൃതി ദുരന്തമാണിത്.

കാറ്റഗറി നാലിൽ പെട്ട ചുഴലിക്കാറ്റാണ് ഹാർവിയെന്ന് യുഎസ് കാലാവസ്ഥാ ഏജൻസി അറിയിച്ചു. മുൻപ് 2005ലാണ് യുഎസിൽ ഇത്രയും കനത്ത ചുഴലിക്കാറ്റ് വീശിയിട്ടുള്ളത്. ടെക്സസിലാകട്ടെ, 1961നു ശേഷമുണ്ടായ ഏറ്റവും കനത്ത ചുഴലിക്കാറ്റാണിത്. മഴയും കാറ്റുമെത്തിയതോടെ പലയിടത്തും മണ്ണിടിച്ചിലുമുണ്ടായി. ഒരു ലക്ഷത്തോളം വീടുകളിൽ വൈദ്യുതിബന്ധമറ്റു. വാർത്താവിനിമയ ബന്ധവും തകരാറിലാണ്. തെക്കൻ ടെക്സസിൽ പലയിടത്തും വൈദ്യുതിബന്ധം തകരാറിലായിട്ടുണ്ട്.

റോക്പോർട്ട് പട്ടണത്തിലാണ് ഏറ്റവുമധികം നാശനഷ്ടം. 10,000 ആളുകൾ അധിവസിക്കുന്ന ചെറുപട്ടണത്തിലെ മുക്കാൽ പങ്ക് ആളുകളെയും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മൂന്നുലക്ഷത്തിലേറെപ്പേരുള്ള കോർപസ് ക്രിസ്റ്റി നഗരത്തിലും വൻ നാശനഷ്ടങ്ങളുണ്ട്.