മെക്‌സിക്കോയിൽ ഭൂചലനം, 32 മരണം; ഇർമ ചുഴലിക്കാറ്റ് ഭീതിയിൽ യുഎസ്

മെക്സിക്കോയുടെ തലസ്ഥാനമായ മെക്സിക്കോ സിറ്റിയിൽ ഭൂചലനത്തിൽ കെട്ടിടം തകർന്നു വീണപ്പോൾ.

മെക്‌സിക്കോ സിറ്റി/വാഷിങ്ടൻ∙ വടക്കേ അമേരിക്കൻ രാജ്യമായ മെക്‌സിക്കോയിൽ 8.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 32 മരണം. രാജ്യത്തിന്റെ തെക്കൻ തീരത്തു വ്യാഴാഴ്ച രാത്രിയോടെ ഭൂകമ്പത്തെ തുടർന്നു ചെറു സൂനാമിയും ഉണ്ടായി. 

മെക്‌സിക്കോയിൽ രേഖപ്പെടുത്തിയതിൽ വച്ചേറ്റവും ശക്തമായ ഭൂചലനമാണിത്. ആയിരങ്ങൾ കൊല്ലപ്പെട്ട 1985ലെ ഭൂചലനം ഇതിനെക്കാൾ കുറഞ്ഞ തീവ്രതയാണു രേഖപ്പെടുത്തിയത്. 

സൂനാമിത്തിരകൾ 2.3 അടിയോളം ഉയർന്നെങ്കിലും കാര്യമായ നാശമുണ്ടായില്ല. തീരമേഖലയിൽ ജനങ്ങളെ വ്യാപകമായി ഒഴിപ്പിച്ചു.

ഇതേസമയം, കരീബിയൻ ദ്വീപുകളിൽ നാശംവിതച്ച് യുഎസ് മേഖലയിലേക്കു നീങ്ങുന്ന ഇർമ ചുഴലിക്കാറ്റ് ശനിയാഴ്ച രാത്രിയോടെ ഫ്ളോറിഡ സംസ്ഥാനത്തെത്തും. വൻനാശമുണ്ടാക്കുമെന്നാണു മുന്നറിയിപ്പ്. ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിക്കേണ്ടിവരും. അതിവിനാശകാരിയായ കാറ്റഗറി അഞ്ചിൽ ഉൾപ്പെടുന്ന ഇർമ ഇന്നലെ ആയപ്പോഴേക്കും കാറ്റഗറി നാലിലേക്കു താഴ്ന്നിട്ടുണ്ട്. 1851നു ശേഷം കാറ്റഗറി അഞ്ചിൽപ്പെട്ട ചുഴലിക്കാറ്റ് മൂന്നുവട്ടം മാത്രമാണു യുഎസിലെത്തിയിട്ടുള്ളത്.

കരീബിയൻ ദ്വീപുകളിൽ ഇർമ ചുഴലിക്കാറ്റിൽ കൊല്ലപ്പെട്ടവർ 17 ആയി. ഇതുവരെ പത്തു ലക്ഷത്തിലേറെപ്പേരെ ദുരന്തം ബാധിച്ചതായാണു കണക്ക്. അറ്റ്‌ലാന്റിക് സമുദ്രത്തിൽ ബുധനാഴ്ച രൂപംകൊണ്ട കാറ്റഗറി ഒന്നിൽപ്പെട്ട കാത്യ ചുഴലിക്കാറ്റ് കിഴക്കൻ മെക്‌സിക്കോ തീരങ്ങളിലേക്കു നീങ്ങി. 

ഹോസെ ചുഴലിക്കാറ്റും ഇർമയുടെ പിന്നാലെ ശക്തിപ്രാപിച്ച് കാറ്റഗറി നാലിലേക്കു പ്രവേശിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ ഹോസെയുടെ ശക്തികുറയുമെന്നാണു പ്രവചനം. 

കഴിഞ്ഞ ആഴ്ച യുഎസ് സംസ്ഥാനങ്ങളായ ടെക്‌സസിലും ലൂസിയാനയിലും ഹാർവി ചുഴലിക്കാറ്റിൽ ദുരിതബാധിതരായവർക്കുള്ള ധനസമാഹരണത്തിന് അഞ്ചു മുൻ യുഎസ് പ്രസിഡന്റുമാർ രംഗത്തെത്തി. ജോർജ് ബുഷ് സീനിയർ, ബറാക് ഒബാമ, ജോർജ് ഡബ്ല്യു. ബുഷ്, ബിൽ ക്ലിന്റൻ, ജിമ്മി കാർട്ടർ എന്നിവരാണു ദുരിതാശ്വാസത്തിനു നേതൃത്വംനൽകുന്നത്.