വിറ്റുപോയി, ഹിറ്റ്ലറുടെ ഷോർട്സ്

ന്യൂയോർക്ക്∙ ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്ലർ ഓസ്ട്രിയയിലെ ഹോട്ടലിൽ ഉപേക്ഷിച്ച ഷോർട്സ് യുഎസിൽ 5500 ഡോളറിനു (ഏകദേശം 3,56,000 രൂപ) ലേലത്തിൽ വിറ്റു. 

അഡോൾഫ് ഹിറ്റ്ലർ എന്ന പേരിന്റെ ആദ്യാക്ഷരങ്ങൾ ചേർത്ത് ‘എഎച്ച്’ രേഖപ്പെടുത്തിയിട്ടുള്ള ഷോർട്സിന് 39 ഇഞ്ച് അരവണ്ണമുണ്ട്. 19 ഇഞ്ച് നീളവും. വസ്ത്രധാരണത്തിൽ വേണ്ടതിലേറെ ശ്രദ്ധ പതിപ്പിച്ചിരുന്ന ഹിറ്റ്ലർക്ക് അയഞ്ഞ വസ്ത്രങ്ങളോടായിരുന്നു പ്രിയം. 

1938 ഏപ്രിൽ മൂന്നിനും നാലിനുമായി ഓസ്ട്രിയയിലെ പാർക്ക്ഹോട്ടൽ ഗ്രാസിൽ തങ്ങിയിരുന്നു. അദ്ദേഹം അവിടെ ഉപേക്ഷിച്ച ഷോർട്സ് ഹോട്ടൽ ഉടമകളായ ഓസ്ട്രിയൻ കുടുംബം പതിറ്റാണ്ടുകളോളം സൂക്ഷിച്ചുവരികയായിരുന്നു.