അക്കൗണ്ടുകൾ വീണ്ടും പരിശോധിക്കാൻ ട്വിറ്റർ ഒരുങ്ങുന്നു

വാഷിങ്ടൻ∙ അക്കൗണ്ടിന്റെ ആധികാരികത ഉറപ്പാക്കുന്ന സംവിധാനം ഉടച്ചുവാർക്കാനൊരുങ്ങി ട്വിറ്റർ. നീലനിറത്തിലുള്ള ശരി അടയാളമാണ് (നീല ബാഡ്ജ്) ആധികാരികത പരിശോധിച്ച അക്കൗണ്ടുകളുടെ മുഖമുദ്ര. ഇത്തരം ചില അക്കൗണ്ടുകളിൽനിന്നുള്ള ട്വീറ്റുകളുടെ ഉള്ളടക്കത്തെക്കുറിച്ച് ആക്ഷേപങ്ങളുയർന്നതോടെ പരിശോധനാ സംവിധാനത്തിന്റെ വിശ്വാസ്യത സംശയത്തിലായി. അതുകൊണ്ടാണു വെരിഫിക്കേഷൻ മാനദണ്ഡം പുതുക്കാൻ ട്വിറ്റർ തീരുമാനിച്ചത്. നിലവിൽ പരിശോധിച്ച അക്കൗണ്ടുകൾ അവലോകനം ചെയ്യുമെന്നും മാനദണ്ഡങ്ങൾ പാലിക്കാത്തവ നീക്കുമെന്നും ട്വിറ്റർ അറിയിച്ചു. അക്കൗണ്ട് വെരിഫൈ ചെയ്തു നീല ബാഡ്ജ് നൽകുന്നുണ്ടെങ്കിലും ആ അക്കൗണ്ടിനെ തങ്ങൾ അംഗീകരിക്കുന്നതായി അർഥമില്ലെന്നു ട്വിറ്റർ നേരത്തേ വ്യക്തമാക്കിയിരുന്നു.