തോക്കിൻ മുനയിൽനിന്ന് വിശ്വം ജയിച്ച് ഡെമി ലെയ്

ലെയ് നെൽ പീറ്റേഴ്സിനെ മുൻ വിശ്വസുന്ദരി ഐറിസ് മിറ്റെനേർ കിരീടമണിയിക്കുന്നു.

ലാസ് വേഗസ്∙ അഴകൊത്ത ആത്മവിശ്വാസവുമായി വിശ്വം പിടിച്ചടക്കി ദക്ഷിണാഫ്രിക്കൻ സൗന്ദര്യം; ഇരുപത്തിരണ്ടുകാരി ഡെമി ലെയ് നെൽ പീറ്റേഴ്സ് വിശ്വസുന്ദരി. കൊളംബിയൻ സുന്ദരി ലോറ ഗൊൺസാലസിനു രണ്ടാം സ്ഥാനം, ജമൈക്കൻ സുന്ദരി ഡേവിന ബെനറ്റ് മൂന്നാമത്.

ഹൃദയം തുറന്നുള്ള വിടർന്ന ചിരിയുമായി വേദിയിൽ നിന്ന ഡെമി ലെയ്‌യെ കഴിഞ്ഞ വർഷത്തെ വിശ്വസുന്ദരി ഐറിസ് മിറ്റെനേർ കിരീടമണിയിച്ചു.

മിസ് സൗത്ത് ആഫ്രിക്കയായി തിരഞ്ഞെടുക്കപ്പെട്ടശേഷം ഡെമി ലെയ്‌യെ തോക്കു ചൂണ്ടി അക്രമികൾ തട്ടിക്കൊണ്ടുപോയിരുന്നു. ഈ സംഭവത്തിനുശേഷം, സ്വയംപ്രതിരോധ മുറകളിൽ സ്ത്രീകൾക്കു പരിശീലനം നൽകുന്നതിൽ മുഴുകിയിരിക്കുകയാണ് ഈ സുന്ദരി.

ദക്ഷിണാഫ്രിക്കയിലെ വെസ്റ്റേൺ കേപ് പ്രോവിൻസ് സ്വദേശിയാണ്. നോർത്ത്–വെസ്റ്റ് സർവകലാശാലയിൽനിന്നു ബിസിനസ് മാനേജ്മെന്റ് ബിരുദം നേടിയത് ഈയിടെ.