അറിയേണ്ടത് ജിസിസിയുടെ സാമ്പത്തിക, രാഷ്ട്രീയ ഭാവി

കുവൈത്തിൽ നടന്ന ജിസിസി ഉച്ചകോടിയിൽ പങ്കെടുക്കുന്ന സൗദി വിദേശകാര്യ മന്ത്രിയും ഡപ്യൂട്ടി പ്രധാനമന്ത്രിയും.

കുവൈത്ത് സിറ്റി ∙ സൗദി അറേബ്യയും യുഎഇയും ചേർന്നു പുതിയ സാമ്പത്തിക, രാഷ്ട്രീയ സഖ്യം പ്രഖ്യാപിച്ചതോടെ ജിസിസിയുടെ സാമ്പത്തിക ഭാവി എന്തെന്ന ചോദ്യമുയരുന്നു. പ്രവാസി വിഷയങ്ങളിലടക്കം പിന്തുടർന്നുവന്ന പൊതുനയങ്ങളുടെ ഇനിയുള്ള സ്ഥിതിയും അറിയേണ്ടതുണ്ട്.

∙ സാമ്പത്തിക നയങ്ങൾ

ജിസിസി രാജ്യങ്ങളിലൊന്നാകെ വരുന്ന ജനുവരി ഒന്നുമുതൽ മൂല്യവർധിത നികുതി (വാറ്റ്) നടപ്പാക്കുമെന്നായിരുന്നു മുൻ പ്രഖ്യാപനമെങ്കിലും സമയപരിധി പാലിച്ച് തുടർനടപടികളായതു സൗദിയിലും യുഎഇയിലും മാത്രം. ബഹ്റൈനിലും നിയമത്തിന് അംഗീകാരമായെങ്കിലും പ്രാബല്യത്തിലാകുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ല. എണ്ണ സമ്പദ്‌വ്യവസ്ഥയിൽനിന്നു മാറി വൈവിധ്യവൽകരണത്തിനുള്ള കൂട്ടായ ശ്രമത്തിലായിരുന്നു അംഗരാജ്യങ്ങൾ ഇതുവരെ. യൂറോപ്യൻ യൂണിയൻപോലെ പൊതു സമ്പദ്‌വ്യവസ്ഥയായി മുന്നേറുകയെന്ന ജിസിസി സ്വപ്നം ഇനിയെങ്ങോട്ട് എന്ന ചോദ്യവുമുയരുന്നു.

∙ രാഷ്ട്രീയ ഭാവി

ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ജിസിസിയുടെ നിലപാട് നിർണായകമായിരുന്നു. മേഖലയെ അസ്ഥിരപ്പെടുത്തുന്നവർക്കെതിരെ ഒറ്റക്കെട്ടായാണു നിലപാടെടുത്തിരുന്നത്. ഇതിലുണ്ടാകുന്ന മാറ്റം ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. യുഎസും റഷ്യയും യൂറോപ്യൻ രാജ്യങ്ങളും വിവിധ വിഷയങ്ങളിൽ ഗൾഫ് രാജ്യങ്ങളുടെ നിലപാടിനു കാതോർക്കുന്നുണ്ട്. ഇറാൻ, യെമൻ, സിറിയ, ലബനൻ, പലസ്തീൻ വിഷയങ്ങളിൽ ഉൾപ്പെടെ ഇതു പ്രതിഫലിക്കാനിടയുണ്ട്.

∙ പ്രവാസികൾക്കും നിർണായകം

ജിസിസി രാജ്യങ്ങൾക്കിടയിൽ യാത്ര ചെയ്യുന്നതിന് അംഗരാജ്യങ്ങളിലെ പൗരൻമാർക്കും പ്രവാസികൾക്കും വീസ ആവശ്യമുണ്ടായിരുന്നില്ല. ഗൾഫ് പ്രതിസന്ധി രൂപപ്പെട്ടതോടെ ഉപരോധ രാജ്യങ്ങൾ ഖത്തറിൽ നിന്നുള്ളവർക്കു വീസ വേണമെന്ന നിബന്ധന ഏർപ്പെടുത്തി. പുതിയ സൗദി– യുഎഇ സഖ്യത്തിന് ഇക്കാര്യത്തിൽ മറ്റു രാജ്യങ്ങളോടുള്ള സമീപനം എന്തായിരിക്കുമെന്ന ചോദ്യമുയരുന്നു. പ്രവാസികൾ ഒരു രാജ്യത്തു കരിമ്പട്ടികയിൽ പെട്ടാൽ മറ്റ് അംഗരാജ്യങ്ങളിലും പ്രവേശനമില്ലെന്നതാണു നിലവിലെ വ്യവസ്ഥ.

∙ ഇന്ത്യയും ജിസിസിയും

ഇന്ത്യയുടെ പ്രകൃതിവാതക (എൽഎൻജി) ഇറക്കുമതിയുടെ 65 ശതമാനവും ഖത്തറിൽ നിന്നാണ്. എല്ലാ രാജ്യങ്ങളിലും ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണ്. സൗദിയിൽ മാത്രം ഇന്ത്യക്കാരുടെ എണ്ണം 32 ലക്ഷത്തിലേറെ. നിലവിൽ, എല്ലാ രാജ്യങ്ങളോടും ഇന്ത്യയ്ക്ക് ഒരേ സമീപനം.