ആമസോൺ ഉൽപന്നങ്ങളിൽ യൂ ട്യൂബ് വിലക്കി ഗൂഗിൾ

ന്യൂയോർക്ക്∙ ആമസോണിന്റെ സ്മാർട് സ്പീക്കറായ ‘ഇക്കോ ഷോ’, ഡിജിറ്റൽ മീഡിയാ പ്ലേയറായ ‘ഫയർ ടിവി’ എന്നീ ഉൽപന്നങ്ങളിൽ യൂട്യൂബ് ആപ്പിനു വിലക്കുമായി ഗൂഗിൾ. തങ്ങളുടെ സഹോദരസ്ഥാപനമായ നെസ്റ്റിന്റെ  ഉൽപന്നങ്ങൾ വിൽക്കുന്നത് ആമസോൺ നിർത്തിയതാണു ഗൂഗിളിനെ ചൊടിപ്പിച്ചത്.

ആമസോൺ ഇക്കോ ഷോയിൽ യൂട്യൂബ് സേവനങ്ങൾ സെപ്റ്റംബറിൽ ഗൂഗിൾ നിർത്തിയിരുന്നു. എന്നാൽ ആമസോൺ വീണ്ടും ഇതിൽ യൂട്യൂബ് പുനഃസ്ഥാപിച്ചു. കഴിഞ്ഞദിവസം ഗൂഗിൾ വീണ്ടും ഇതിലുള്ള യൂട്യൂബ് നിർത്തി. ജനുവരി ഒന്നു മുതൽ ഫയർ ടിവി എന്ന ആമസോണിന്റെ ഉൽപന്നത്തിലും യൂട്യൂബ് നിർത്തുമെന്നു ഗൂഗിൾ അറിയിച്ചു. ഗൂഗിളിന്റെ സ്മാർട് സ്പീക്കറായ ‘ഗൂഗിൾ ഹോമും’ ആമസോൺ ഇക്കോ ഷോയും തമ്മിൽ വിപണിയിൽ മൽസരമുണ്ട്.