ജിസിസിയിൽ കുറുമുന്നണി; പുതിയ സഖ്യവുമായി സൗദിയും യുഎഇയും

കുവൈത്തിൽ നടന്ന ജിസിസി ഉച്ചകോടിയിൽനിന്ന്.

കുവൈത്ത് സിറ്റി ∙ ഗൾഫ് സഹകരണ കൗൺസിലിലെ (ജിസിസി) ആറ് അംഗരാജ്യങ്ങളിൽ സൗദി അറേബ്യയും യുഎഇയും ചേർന്നു പുതിയ സഖ്യത്തിനു രൂപം നൽകുന്നു. കുവൈത്തിൽ ജിസിസി ഉച്ചകോടി തുടങ്ങുന്നതിനു തൊട്ടുമുൻപായിരുന്നു യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ പ്രഖ്യാപനം. സൗദി, യുഎഇ, ബഹ്റൈൻ രാഷ്ട്രത്തലവന്മാർ ഉച്ചകോടിക്ക് എത്തിയതുമില്ല. രണ്ടുദിവസത്തേക്കു നിശ്ചയിച്ച ഉച്ചകോടി ഇതോടെ ഇന്നലെ തന്നെ അവസാനിപ്പിച്ചു.

ആതിഥ്യം വഹിക്കുന്ന കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനു പുറമേ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി മാത്രമാണ് ഉച്ചകോടിയിൽ പങ്കെടുത്തത്. രോഗബാധിതനായ ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് അൽ സെയ്ദ് പ്രതിനിധിയായി ഉപപ്രധാനമന്ത്രിയെ അയച്ചു. മറ്റു രാജ്യങ്ങൾ മന്ത്രിമാരെയാണ് ഉച്ചകോടിക്ക് അയച്ചത്.

ഖത്തറിനെതിരെ സൗദി, യുഎഇ, ബഹ്റൈൻ എന്നിവയും ജിസിസി ഇതര രാജ്യമായ ഈജിപ്തും ചേർന്നു പ്രഖ്യാപിച്ച ഉപരോധം ഏഴാം മാസത്തിലേക്കു കടക്കുന്നതിനിടെയായിരുന്നു നിർണായകമായ ജിസിസി ഉച്ചകോടി. അതിനിടെ, അപ്രതീക്ഷിതമായാണു സൗദിയും യുഎഇയും ചേർന്ന് പ്രത്യേക സഖ്യ പ്രഖ്യാപനമുണ്ടായത്. ബഹ്റൈൻ ഇവർക്കൊപ്പം ചേരുമോ എന്നു വ്യക്തമല്ല. രാഷ്ട്രീയ, സൈനിക, സാമ്പത്തിക, വ്യവസായ, സാംസ്കാരിക മേഖലകളിൽ സൗദിയുമായി സഹകരിക്കുമെന്നാണു യുഎഇയുടെ പ്രഖ്യാപനം.

ഖത്തറിനെതിരായ ഉപരോധം നീക്കാനോ അതുമായി ബന്ധപ്പെട്ട ചർച്ചകൾക്കോ നീക്കമില്ലെന്ന് അടിവരയിടുന്നതാണു തീരുമാനമെന്നു നിരീക്ഷകർ വിലയിരുത്തുന്നു. ഉപരോധത്തിനു പിന്നാലെ ഉടലെടുത്ത പ്രതിസന്ധി പുതിയ സഖ്യപ്രഖ്യാപനത്തോടെ കൂടുതൽ രൂക്ഷമാകുകയാണ്.