ബ്രെക്സിറ്റ്: ബ്രിട്ടൻ–യൂറോപ്യൻ യൂണിയൻ വ്യാപാര മാർഗരേഖയിൽ ധാരണ

ബ്രസൽസ്∙ യൂറോപ്യൻ യൂണിയനിൽനിന്നു ബ്രിട്ടൻ പിന്മാറുമ്പോൾ വ്യാപാരരംഗത്ത് ഇരുകൂട്ടരും പിന്തുടരേണ്ട മാർഗരേഖ സംബന്ധിച്ചു ധാരണയായി. 

2019 മാർച്ച് 29ന് ആണു ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്നു പിരിയുന്നത്. അന്നുമുതൽ രണ്ടുവർഷത്തേക്ക് ഇരുകൂട്ടരും വ്യാപാരരംഗത്തു പാലിക്കേണ്ട മാർഗരേഖ സംബന്ധിച്ചാണു ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയും യൂറോപ്യൻ യൂണിയൻ നേതാക്കളും തമ്മിൽ ധാരണയായത്. ‘വേർപിരിയൽ വേദനയാണ്. പിരിഞ്ഞിട്ടും നല്ല ബന്ധം തുടരുക എന്നത് ശ്രമകരവും’ – യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ഡോണൾഡ് ടസ്ക് പറഞ്ഞു. ചർച്ച ഫലപ്രദമായിരുന്നില്ലെങ്കിൽ തേരേസ മേയുടെ രാഷ്ട്രീയഭാവി അനിശ്ചിതത്വത്തിലാവുമായിരുന്നു. 

ലോകത്തെ ഏറ്റവും വലിയ വ്യാപാരസമൂഹവും ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയും സുഗമമായി വഴിപിരിയാൻ ഇതോടെ അവസരമൊരുങ്ങി. 

വേർപിരിയലിന്റെ ആദ്യ രണ്ടുവർഷങ്ങളിൽ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ ഏകവിപണിയുടെ ഭാഗമായിരിക്കും. കസ്റ്റംസ് യൂണിയനിലും തുടരും. എന്നാൽ ബ്രിട്ടനു യൂറോപ്യൻ യൂണിയൻ സംഘടനകളിൽ അംഗത്വമോ വോട്ടവകാശമോ ഉണ്ടായിരിക്കില്ല. യൂറോപ്യൻ യൂണിയനുമായി ധാരണയുണ്ടാക്കിയതിൽ ചർച്ചകളിൽ ബ്രിട്ടിഷ് സംഘത്തെ നയിച്ച വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസൻ പ്രധാനമന്ത്രി മേയെ അഭിനന്ദിച്ചു.

ബ്രെക്സിറ്റ്: ചരിത്രം മാറ്റിയെഴുതുന്ന വേർപിരിയൽ

യൂറോപ്യൻ യൂണിയനിൽനിന്നു ബ്രിട്ടന്റെ വേർപെടൽ. ബെൽജിയം തലസ്ഥാനമായ ബ്രസൽസ് ആസ്ഥാനമായുള്ള യൂറോപ്യൻ യൂണിയന്റെ ചരിത്രവും ‘ഭൂപട’വും മാറ്റിയെഴുതുന്നതാണു ബ്രിട്ടന്റെ വിട്ടുപോക്ക്. 2016 ജൂൺ 23നാണു ബ്രിട്ടനിൽ യൂറോപ്യൻ യൂണിയൻ വിടാൻ തീരുമാനിച്ച ജനഹിതപരിശോധന നടന്നത്. ഔദ്യോഗിക നടപടിക്രമങ്ങൾ 2017 മാർച്ച് 29ന് ആരംഭിച്ചു. കൃത്യം രണ്ടുവർഷം കഴിയുമ്പോൾ, 2019 മാർച്ച് 29നു ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ അംഗമല്ലാതാകും.

1973 ലാണു ബ്രിട്ടൻ യൂണിയനിൽ ചേർന്നത്. 1951ൽ യൂറോപ്പിലെ ആറു രാജ്യങ്ങളുടെ വാണിജ്യക്കൂട്ടായ്‌മയിലായിരുന്നു തുടക്കം. 1957 മാർച്ച് 25നാണ് ആറു രാജ്യങ്ങൾ യൂറോപ്യൻ യൂണിയൻ ധാരണാപത്രം ഒപ്പിട്ടത്. 1967 ൽ സംഘടന യൂറോപ്യൻ കമ്യൂണിറ്റി എന്നായി മാറി. 1993ലാണ് ഇന്നത്തെ രീതിയിൽ യൂറോപ്യൻ യൂണിയൻ നിലവിൽ വന്നത്.

യൂറോപ്യൻ യൂണിയന്റെ ഭാഗമായിരുന്നുവെങ്കിലും അൽപം വിട്ടുനിൽക്കുന്ന നയമാണു ബ്രിട്ടൻ തുടക്കംമുതൽ സ്വീകരിച്ചത്. യൂറോപ്യൻ സാമ്പത്തിക സംഘത്തിൽ തുടരണോ എന്നു നിശ്ചയിക്കാൻ 1975 ലും ബ്രിട്ടനിൽ ഹിതപരിശോധന നടന്നിരുന്നു. അന്ന് 67% പേർ തുടരുന്നതിനെ അനുകൂലിച്ചു.

2012ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം യൂറോപ്യൻ യൂണിയനായിരുന്നു. യൂറോപ്പിൽ ജനാധിപത്യവും സമാധാനവും മനുഷ്യാവകാശങ്ങളും നിലനിർത്താൻ നടത്തിയ പ്രയത്നങ്ങൾക്കായിരുന്നു അംഗീകാരം.