പാർലമെന്റിൽ തിരിച്ചടിയേറ്റെങ്കിലും ബ്രെക്സിറ്റുമായി മേ മുന്നോട്ട്

ലണ്ടൻ∙ ബ്രെക്സിറ്റ് നടപടിക്രമങ്ങളുമായി ബന്ധപ്പെട്ടു ബ്രിട്ടിഷ് പാർലമെന്റിലെ നിർണായക വോട്ടെടുപ്പിൽ പരാജയപ്പെട്ട പ്രധാനമന്ത്രി തെരേസ മേ, യൂറോപ്യൻ യൂണിയൻ വിടാനുള്ള നടപടിക്രമങ്ങളുടെ രണ്ടാംഘട്ടത്തിലേക്കു പ്രവേശിക്കാൻ ഒരുങ്ങുന്നു.

എല്ലാ ബ്രെക്സിറ്റ് നടപടികളും പാർലമെന്റിന്റെ അനുമതിക്കു വിധേയമായിരിക്കണമെന്നു നിർദേശിക്കുന്ന, ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയിലെ വിമത എംപിമാരും പ്രതിപക്ഷമായ ലേബർ പാർട്ടിയും ഒരുമിച്ചു കൊണ്ടുവന്ന ഭേദഗതി പ്രമേയമാണു കഴിഞ്ഞ ദിവസം പാസായത്. 305ന് എതിരെ 309 വോട്ടുകൾക്കായിരുന്നു പ്രതിപക്ഷ–വിമത ഗ്രൂപ്പ് ജയം.

യൂറോപ്യൻ യൂണിയനിൽനിന്നുള്ള ബ്രിട്ടന്റെ സുഗമമായ പിന്മാറ്റത്തെ ഇത്തരമൊരു വ്യവസ്ഥ ദോഷകരമായി ബാധിക്കുമെന്നു പ്രധാനമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു. പാർലമെന്റിൽ തോൽവി പിണഞ്ഞതോടെ യൂറോപ്യൻ യൂണിയനുമായുള്ള ബന്ധം സംബന്ധിച്ചു കാബിനറ്റിൽ പൊതുധാരണയില്ലാതെ ഇനി മേയ്ക്കു മുന്നോട്ടുപോകാനാകില്ല. യൂറോപ്യൻ യൂണിയനുമായുള്ള ചർച്ചകളിൽ മേയുടെ നിലപാടുകൾക്കു ശക്തി കുറയാനും ഇത് ഇടവരുത്തും.

എന്നാൽ, നടപടികളുമായി മുന്നോട്ടു പോകാൻതന്നെയാണു മേയുടെ തീരുമാനം. ബ്രസൽസിൽ ഇരുഭാഗത്തെയും നേതാക്കളുടെ വിരുന്നിൽ ബ്രെക്സിറ്റ് രണ്ടാംഘട്ട നടപടികൾ തുടങ്ങാൻ മേ യൂറോപ്യൻ യൂണിയനോട് അഭ്യർഥിച്ചു.