ക്രിസ്മസ് സമ്മാനം ജീസസ് വക

ലോട്ടറിയടിച്ചതിന്റെ സന്തോഷത്തിൽ വയോജന മന്ദിരത്തിലെ ജീവനക്കാർ.

സൂറിക്∙ മുപ്പതു പേർക്കു ക്രിസ്‌മസ്‌ ലോട്ടറിയടിക്കാൻ നിമിത്തമായത് ദൈവപുത്രന്റെ പേരുള്ള ട്രക്ക് ഡ്രൈവർ. സ്‌പെയിനിലെ ദരിദ്ര ഗ്രാമമായ കാമ്പോ ഡെ ക്രിപ്റ്റാനോയിൽ അൻപത്തിനാലുകാരനായ ജീസസ് മാർട്ടിനെസ് വാങ്ങി നൽകിയ ടിക്കറ്റിലൂടെ 30 പേർക്കാണു നാലു ലക്ഷം യൂറോ വീതം (3.04 കോടി ഇന്ത്യൻ രൂപ) സമ്മാനമായി ലഭിച്ചത്.

യാത്രയ്ക്കിടെയാണു ജീസസ് സ്പെയിനിലെ ക്രിസ്‌മസ്‌ ലോട്ടറിയായ 'എൽ ഗോർഡോയുടെ 30 ടിക്കറ്റുകൾ വാങ്ങുന്നത്. ഒന്നിനു 20 യൂറോ (ഏകദേശം 1500 രൂപ). രണ്ടു ടിക്കറ്റ് തനിക്കായി മാറ്റിവച്ചു. രണ്ടെണ്ണം സഹോദരന്മാർക്കു സമ്മാനിച്ചു. ബാക്കി 26 എണ്ണം വയോജനമന്ദിരത്തിലെ 26 ജോലിക്കാർക്കു 20 യൂറോ വീതം വാങ്ങി നൽകി. വയോജനമന്ദിരത്തിൽ ഇടയ്ക്കു സന്നദ്ധ സേവനത്തിനു പോകുന്ന ആളാണ് ജീസസ്. ലോട്ടറി ഫലം വന്നപ്പോൾ ജീസസ് എടുത്ത 30 ടിക്കറ്റുകൾക്കും നാലു ലക്ഷം യൂറോ (ഏകദേശം മൂന്നുകോടി രൂപ) വീതം സമ്മാനം. ജീസസിനും കിട്ടി രണ്ടു ടിക്കറ്റിൽ എട്ടു ലക്ഷം യൂറോ. 

ലോകത്തെ ഏറ്റവും വലിയ ലോട്ടറി

സ്പെയിനിലെ ‘എൽ ഗോർഡോ'യാണു ലോകത്ത് ഏറ്റവും കൂടുതൽ സമ്മാനത്തുക നൽകുന്ന ലോട്ടറി. ഈ വർഷം 2.38 ലക്ഷം കോടി യൂറോ ( 18 ദശലക്ഷം കോടി ഇന്ത്യൻ രൂപ) ആണു വിജയികൾക്കു നൽകിയത്. സമ്മാനത്തുക വിഭജിച്ച് ഇരുപതിനായിരത്തോളം പേർക്കു നൽകുന്നു. നീണ്ട ടിക്കറ്റ് നമ്പറിൽ നിന്ന് ഇടയ്ക്കുള്ള അഞ്ചു നമ്പറുകളുടെ സീരിസ് തിരഞ്ഞെടുത്താണു സമ്മാനം.