ഇസ്രയേലും പലസ്തീനും രണ്ട് രാജ്യങ്ങളാവട്ടെ: മാർപാപ്പ

വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ക്രിസ്മസ് ശുശ്രൂഷയ്ക്കിടെ ഉണ്ണീശോയുടെ രൂപം കയ്യിലെടുത്ത് ഫ്രാൻസിസ് മാർപാപ്പ.

വത്തിക്കാൻ സിറ്റി ∙ ഇസ്രയേലും പലസ്തീനും രണ്ടു സ്വതന്ത്രരാജ്യങ്ങളായി പരസ്പരം അംഗീകരിച്ചുകൊണ്ടു പശ്ചിമേഷ്യൻ പ്രശ്നത്തിനു ശാശ്വതപരിഹാരം കാണാൻ ഫ്രാൻസിസ് മാർപാപ്പ ക്രിസ്മസ് ദിന സന്ദേശത്തിൽ അഭ്യർഥിച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ജറുസലമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ച പശ്ചാത്തലത്തിൽ, സംഘർഷം ഒഴിവാക്കാൻ സമാധാന ചർച്ച പുനരാരംഭിക്കണമെന്നും മാർപാപ്പ നിർദേശിച്ചു.

ജറുസലമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ച യുഎസ് നിലപാട് പിൻവലിക്കണമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ പ്രമേയത്തെ 120 രാജ്യങ്ങൾ പിന്തുണച്ചിരുന്നു. ഈ വിഷയത്തെച്ചൊല്ലി ഇസ്രയേലും പലസ്തീനും തമ്മിൽ സംഘർഷം തുടർന്നാൽ അതു കൂടുതൽ ബാധിക്കുന്നതു പശ്ചിമേഷ്യയിലെ കുഞ്ഞുങ്ങളെയാണെന്നു മാർപാപ്പ ചൂണ്ടിക്കാട്ടി. ‘പശ്ചിമേഷ്യയിലെ കുഞ്ഞുങ്ങളിൽ ഞാൻ യേശുവിനെ കാണുന്നു. അതുകൊണ്ടു രണ്ടു രാജ്യങ്ങളും തമ്മിൽ ചർച്ച ആരംഭിക്കുകയും അത് ആത്യന്തികമായി പ്രശ്നപരിഹാരത്തിനു വഴി തെളിയിക്കുകയും ചെയ്യട്ടെ എന്നു പ്രാർഥിക്കുന്നു’– സെന്റ് പീറ്റേഴ്സ് ബെസ്‍ലിക്കയിൽ എത്തിയ ആയിരങ്ങളോടു മാർപാപ്പ പറഞ്ഞു.

ഈ മാസം ആറിനു ട്രംപ് നടത്തിയ ജറുസലം പ്രഖ്യാപനത്തിനുശേഷം ഇതു രണ്ടാം തവണയാണു മാർപാപ്പ ഈ വിഷയത്തെക്കുറിച്ചു പ്രസംഗിക്കുന്നത്. ‘ലോകമെങ്ങും യുദ്ധഭീഷണിയുടെ കാറ്റുവീശുന്നു. യുദ്ധമാകട്ടെ, സംഘർഷങ്ങളാകട്ടെ, കുടിയേറ്റ പ്രശ്നങ്ങളാകട്ടെ ഇരകളാകുന്നതു കുഞ്ഞുങ്ങളാണ്. നിരാലംബരായ ഈ കുഞ്ഞുങ്ങളുടെ മുഖത്തു ‘സത്രത്തിൽ ഇടംകിട്ടാതെ പോയ’ യേശുവിന്റെ മുഖമാണു നാം കാണേണ്ടത്’– മാർപാപ്പ ഉദ്ബോധിപ്പിച്ചു. ഈയിടെ മ്യാൻമറിലും ബംഗ്ലദേശിലും സന്ദർശനം നടത്തിയപ്പോൾ കണ്ട കുട്ടികളിൽ യേശുവിനെയാണു താൻ കണ്ടതെന്നും മാർപാപ്പ പറഞ്ഞു.