ബഹിരാകാശത്തു തന്നെ സൂക്ഷ്മജീവികളെ തിരിച്ചറിഞ്ഞ് ഗവേഷകർ

പെഗ്ഗി വിറ്റ്സൻ (ട്വിറ്റർ ചിത്രം)

ന്യൂയോർക്ക്∙ ബഹിരാകാശത്തു കണ്ടെത്തുന്ന സൂക്ഷ്മജീവികളെ തിരിച്ചറിയാനുള്ള സാങ്കേതികവിദ്യ രാജ്യാന്തര ബഹിരാകാശ നിലയം വികസിപ്പിച്ചു. സൂക്ഷ്മജീവികളുടെ ജനിതകഘടന വേർതിരിച്ചു വിലയിരുത്തിയുള്ള ഗവേഷണത്തിനു പ്രമുഖ ഗവേഷക പെഗ്ഗി വിറ്റ്സനാണു നേതൃത്വംവഹിച്ചത്. നാസയിൽ നിന്നുള്ള സഹായവുമുണ്ടായിരുന്നു. ബഹിരാകാശത്തു സൂക്ഷ്മജീവികളുടെ ജനിതകഘടന വിലയിരുത്തിയതിന്റെ വിവരങ്ങൾ നാസയുടെ ഭൂമിയിലുള്ള സ്റ്റേഷനിലേക്ക് അയച്ചുകൊടുത്തു.

നിലയത്തിലെ ഗവേഷണ ഫലങ്ങൾ ശരിവയ്ക്കുന്നതായിരുന്നു നാസയുടെ നിഗമനങ്ങൾ. ബഹിരാകാശത്തു സൂഷ്മജീവികൾ കുറവാണ്. എന്നാൽ കഴിഞ്ഞ നവംബറിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിന്നു ബാക്ടീരിയയെ കണ്ടെത്തിയതു വാർത്തയായിരുന്നു. ഇവ മൂലം ബഹിരാകാശയാത്രികർക്കു രോഗങ്ങൾ പിടിപെടുന്ന സ്ഥിതി വന്നാൽ, ചികിൽസയ്ക്കു പുതിയ ഗവേഷണം ഉപകാരപ്പെടുമെന്നാണു വിദഗ്ധാഭിപ്രായം.