പണമല്ല വിജയത്തിന്റെ മാനദണ്ഡം: മാർപാപ്പ

വത്തിക്കാൻ സിറ്റി ∙ പണവും ജോലിയും ഒരാളുടെ ജീവിതത്തിന്റെ അടിസ്ഥാനമാക്കുന്നതിനെതിരെ ഫ്രാൻസിസ് മാർപാപ്പ. പണത്തിനും അധികാരത്തിനുമായുള്ള ദാഹം ചെറുക്കണമെന്നും ദരിദ്രരെയും ആലംബഹീനരെയും പ്രതിഫലം കാംക്ഷിക്കാതെ സഹായിക്കണമെന്നും മാർപാപ്പ അഭ്യർഥിച്ചു.

ജ്ഞാനികൾക്കു ദൈവികദർശനം ലഭിച്ചത് അനുസ്മരിക്കവേ, കൂടുതൽ പ്രകാശിക്കുന്ന ചില നക്ഷത്രങ്ങൾ ശരിയായ വഴിയായിരിക്കില്ല കാട്ടുന്നതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ മാർപാപ്പ കുർബാന അർപ്പിക്കുകയും ചത്വരത്തിൽ കാത്തുനിന്ന അനേകായിരങ്ങളെ അനുഗ്രഹിക്കുകയും ചെയ്തു.