അണ്വായുധങ്ങളുടെ രഹസ്യ കോഡുകൾ; ന്യൂക്ലിയർ ഫുട്ബോൾ എന്ന ‘ആണവപ്പെട്ടി’

വാഷിങ്ടൻ∙ യുഎസ് സംയുക്തസേനയുടെ സർവസൈന്യാധിപനായ പ്രസിഡന്റിനു വേണ്ടി ആക്രമണസജ്ജമായ അണ്വായുധങ്ങളുടെ രഹസ്യ കോഡുകളും മറ്റും സൂക്ഷിച്ചിട്ടുള്ള പെട്ടിയാണിത്. ആക്രമണ സാഹചര്യമുണ്ടായാൽ അടിയന്തര ഉത്തരവു നൽകുന്നതിനു പ്രസിഡന്റ് ഒപ്പം കൊണ്ടുനടക്കുന്നു. പ്രസിഡന്റിന്റെ ഒപ്പമുള്ള സൈനിക സംഘമാണ് ഇതിന്റെ സൂക്ഷിപ്പുകാർ.

ലോഹ ബ്രീഫ്കേസിനു കറുത്ത തുകൽ ആവരണമാണ്. പിടിയുടെ സമീപം ചെറിയ ആന്റിന. 20 കിലോ തൂക്കമുള്ള പെട്ടി ആദ്യം ഉപയോഗിച്ചതു ജോൺ എഫ്. കെന്നഡിയാണ്. ക്യൂബയിൽ സോവിയറ്റ് യൂണിയൻ മിസൈലുകൾ സ്ഥാപിക്കാൻ തീരുമാനിച്ചതിനെ തുടർന്ന് അണ്വായുധങ്ങളുടെ പൂർണ നിയന്ത്രണം പ്രസിഡന്റിന്റെ കീഴിലാക്കാനാണു കെന്നഡി ഈ സംവിധാനം സ്ഥാപിച്ചത്.

സമാനമായ പെട്ടി സോവിയറ്റ് യൂണിയനും ഉപയോഗിച്ചിരുന്നു ‘ചിഗറ്റ്’ എന്ന പേരിൽ. യൂറി യൂറി ആന്ദ്രപ്പോവിന്റെ കാലത്ത് ഈ സംവിധാനത്തിനു തുടക്കംകുറിച്ചെങ്കിലും മിഹയിൽ ഗൊർബച്ചോവ് കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി ആയതിനു ശേഷം 1985ലാണ് പൂർണസജ്ജമായത്.