എയർ ഇന്ത്യ യാത്രാവിമാനം ഇനി സൗദിയിലൂടെ ഇസ്രയേലിലേക്ക്

ടെൽ അവീവ്∙ എയർ ഇന്ത്യയുടെ യാത്രാവിമാനം സൗദി അറേബ്യയുടെ വ്യോമാതിർത്തിക്കുള്ളിലൂടെ കടന്ന് ഇന്നലെ ഇസ്രയേലിൽ ടെൽ അവീവ് വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ അതു ചരിത്ര നിമിഷമായി. സൗദി അറേബ്യ ആദ്യമായാണ് ഇസ്രയേലിലേക്കുള്ള വിമാനത്തെ അവരുടെ വ്യോമാതിർത്തിക്കുള്ളിലൂടെ പറക്കാൻ അനുവദിക്കുന്നത്. ഈ എളുപ്പവഴിയിലൂടെ ഡൽഹി –ടെൽ അവീവ് യാത്രാ സമയത്തിൽ രണ്ടുമണിക്കൂർ പത്തുമിനിറ്റ് ലാഭിക്കാം.

‘ഇതു ചരിത്ര മുഹൂർത്തമാണ്. നാം പുതിയൊരു കാലഘട്ടത്തിലെത്തിയിരിക്കുന്നു. ഇനി ധാരാളം ഇന്ത്യൻ ടൂറിസ്റ്റുകൾ ഇസ്രയേലിലെത്തും. ഒപ്പം ഇസ്രയേലിൽ നിന്നും കൂടുതൽ പേർ ഇന്ത്യയിലേക്കും’– ഇസ്രയേൽ ടൂറിസം മന്ത്രി യാരീവ് ലെവിൻ പറഞ്ഞു. ഇന്ത്യ ഇസ്രയേലുമായി കൂടുതൽ അടുത്തബന്ധം ഉണ്ടാക്കുക മാത്രമല്ല ഇസ്രയേലും അയ‍ൽ രാജ്യങ്ങളും തമ്മിലുള്ള ബന്ധം അടുപ്പമുള്ളതാക്കാൻ ഒരു പാലം പോലെ പ്രവർത്തിക്കുകയുമാണു ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിലായിരിക്കും ഡൽഹി–ടെൽ അവീവ് എയർ ഇന്ത്യ വിമാനം സർവീസ് നടത്തുന്നത്. രണ്ടു മണിക്കൂർ പത്തു മിനിറ്റു ലാഭിച്ചതോടെ യാത്രാസമയം ഏഴു മണിക്കൂർ 25 മിനിറ്റായി. യാത്രക്കൂലിയിലും കുറവുവരാൻ സാധ്യതയുണ്ട്. 

ടെൽ അവീവിലെത്തിയ എയർ ഇന്ത്യ വിമാനത്തിന് ‘വാട്ടർ സല്യൂട്ട്’ നൽകി സ്വീകരിച്ചപ്പോൾ.