ബൊക്കോ ഹറാം ആക്രമണം: 15 മരണം; 83 പേർക്കു പരുക്ക്

അബുജ∙ നൈജീരിയയിൽ ബൊക്കോ ഹറാം ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികൻ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു. 83 പേർക്കു പരുക്കേറ്റു. സൈന്യം 13 ഭീകരരെ വധിച്ചു. ബൊക്കോ ഹറാം ഭീകരരുമായി നൈജീരിയ സർക്കാർ സമാധാന ചർച്ചകൾ നടത്തുന്നതിനിടയിലുണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്.

ഞായറാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു ഏറ്റുമുട്ടൽ. ബൊക്കോ ഹറാമിനു നല്ല പിന്തുണയുള്ള മൈദുഗുരി പട്ടണത്തിലേക്കു തള്ളിക്കയറാൻ ശ്രമിച്ച ഭീകരരുമായി സൈന്യം ഏറ്റുമുട്ടുകയായിരുന്നു. വെടിവയ്പും സ്ഫോടനങ്ങളുമുണ്ടായി.

നൈജീരിയയെ ഇസ്‌ലാമിക രാജ്യമാക്കുന്നത്തിനായി 2009 മുതൽ പൊരുതുന്ന ബൊക്കോ ഹറാമിന്റെ ആക്രമണത്തിൽ ഇതുവരെ 20,000 പേർ കൊല്ലപ്പെട്ടു. സ്കൂളുകളിൽ നിന്നു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതും ഇവരുടെ രീതിയാണ്.

എന്നാൽ 2016ൽ ബൊക്കോ ഹറാം രണ്ടായി പിളർന്നു. ഇതിൽ ഏതു വിഭാഗമാണു കഴിഞ്ഞ ദിവസം ആക്രമണം നടത്തിയതെന്നു വ്യക്തമായിട്ടില്ല.