വിന്നി മണ്ടേല അന്തരിച്ചു

ജൊഹാനസ്ബർഗ്∙ ദക്ഷിണാഫ്രിക്കയുടെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലെ നായികയും ഇതിഹാസ നായകൻ നെൽസൺ മണ്ടേലയുടെ മുൻഭാര്യയുമായ വിന്നി മണ്ടേല (81) അന്തരിച്ചു. 

1963 മുതൽ 1990 വരെ നീണ്ട നെൽസൺ മണ്ടേലയുടെ ജയിൽവാസ കാലത്ത് അദ്ദേഹത്തിന്റെ ശബ്ദവും പ്രതിരൂപവുമായി പുറത്തു പ്രവർത്തിച്ചതു വിന്നിയായിരുന്നു. ദക്ഷിണാഫ്രിക്കൻ പാർലമെന്റ് അംഗം, മന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ‘ദക്ഷിണാഫ്രിക്കയുടെ അമ്മ’ എന്ന് ആദ്യകാലത്തു അറിയപ്പെട്ടിരുന്നുവെങ്കിലും പിന്നീടു വിവാദങ്ങളിലും കേസുകളിലും പെട്ടു. 

1936 സെപ്റ്റംബർ 26നു ജനിച്ച വിന്നി ആഫ്രിക്കൻ നാഷനൽ കോൺഗ്രസ് പ്രവർത്തക എന്ന നിലയിലാണു മണ്ടേലയെ കണ്ടുമുട്ടുന്നത്. 1958ൽ ഇവർ വിവാഹിതരായി.1964ൽ മണ്ടേല ജയിലിലായി. 1996ൽ ഇരുവരും വിവാഹമോചിതരായി. രണ്ടു പെൺമക്കളുണ്ട്. ഒട്ടേറെത്തവണ ജയിലിലടയ്ക്കപ്പെടുകയും വീട്ടുതടങ്കലിലാവുകയും ചെയ്ത വിന്നി ഏകാന്തതടവും അനുഭവിച്ചു. 1975ൽ എഎൻസിയുടെ വിമൻസ് ലീഗിന്റെ നേതാവായി.