സ്നേഹവിളക്ക് തിരി താഴ്ത്തി; സിസ്റ്റർ ആഗ്നസിനു വിട

പാരിസ്∙ ജർമൻ നാത്‌സിപ്പട തോക്കു ചൂണ്ടിയ കനേഡിയൻ സൈനികനു മുന്നിലേക്കു കയറിനിന്ന്, ആ വെടിയുണ്ട തന്നെ തുളച്ചേ പോകൂ എന്നു പറഞ്ഞ സിസ്റ്റർ ആഗ്നസ് മാരി വല്വ ഇനി ഓർമകളിലെ മാലാഖ.

യുദ്ധത്തിന്റെ ചോരപുരണ്ട ഓർമകളിലും മനുഷ്യസ്നേഹത്തിന്റെ പുഞ്ചിരിയും ‘ഡിയെപ്പിലെ വെളുത്ത മാലാഖ’യെന്ന വിളിപ്പേരുമായി നൂറ്റിമൂന്നു വയസ്സുവരെ ജീവിച്ച അവർ സന്യാസിനി മഠത്തിൽവച്ചാണ് അന്ത്യശ്വാസം വലിച്ചത്.

ഫ്രഞ്ച് തുറമുഖ നഗരമാ‌യ ഡിയെപ്പിൽ 1942 ഓഗസ്റ്റ് 19നു ജർമൻ സേനയെ നേരിടുമ്പോൾ പരുക്കേറ്റ രണ്ടായിരത്തോളം കനേഡിയൻ സൈനികരാണു നഴ്സായ സിസ്റ്റർ ആഗ്നസിന്റെ സ്നേഹപൂർണമായ പരിചരണത്തിലും സാന്ത്വനവാക്കുകളിലും ജീവിതം തിരിച്ചുപിടിച്ചത്.

ജർമൻ പടയ്ക്കെതിരെ ബ്രിട്ടിഷ് സേനയുടെ നേതൃത്വത്തിൽ സഖ്യരാഷ്ട്രങ്ങൾ നടത്തിയ മിന്നലാക്രമണത്തിൽ കൂടുതലും കനേഡിയൻ സൈനികരായിരുന്നു. പരുക്കേറ്റ സൈനികർക്ക് ചികിൽസയും ഭക്ഷണവും നൽകണമെന്ന ‌ആഗ്നസിന്റെ അഭ്യർഥനകൾക്കു മുന്നിൽ ജർമൻകാർക്ക് ഒടുവിൽ വഴങ്ങേണ്ടിവന്നു.

രാഷ്ട്രത്തിന്റെ പരമോന്നത ബഹുമതിയായ ലീജൻ ഓഫ് ഓണർ നൽകി ഫ്രാൻസ് ആദരിച്ചിട്ടുണ്ട്.