സുരക്ഷയ്ക്ക് മുൻതൂക്കം നൽകി രൂപമാറ്റം അടിമുറി മാറി ജിമെയിൽ

സാൻഫ്രാൻസിസ്കോ∙ ഒട്ടേറെ മാറ്റങ്ങളുമായി ഗൂഗിൾ ജിമെയിൽ രംഗത്ത്. അഞ്ചുവർഷത്തിനു ശേഷമാണു ജിമെയിലിന്റെ പുത്തൻരൂപം. സുരക്ഷയ്ക്കുകൂടി പ്രാധാന്യം നൽകിയാണു പുതിയ രൂപമാറ്റം. 2013ൽ ആണ് അവസാനം രൂപകൽപനയിൽ മാറ്റം വരുത്തിയത്.

നിർമിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) അടിസ്ഥാനമാക്കിയുള്ള സ്മാർട് റിപ്ലേ, ഇമെയിൽ സ്നൂസിങ് പോലുള്ള സൗകര്യങ്ങൾ പുതിയ വെബ് പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവ നേരത്തേ ജിമെയിലിന്റെ ഇൻ ബോക്സ് ആപ്ലിക്കേഷനിൽ ലഭ്യമാക്കിയിരുന്നു.

നിങ്ങൾ അയയ്ക്കുന്ന മെസേജ് സ്വീകരിക്കുന്നയാൾക്ക് അതു ഫോർവേഡ് ചെയ്യാനോ, പ്രിന്റ് ചെയ്യാനോ കഴിയാത്തവിധം ‘രഹസ്യമാക്കുന്ന’ കോൺഫിഡൻഷ്യൽ മോഡ്, അപകട മുന്നറിയിപ്പുകൾ, ഓഫ്‌ലൈൻ സൗകര്യം തുടങ്ങിയ പതിനാലോളം പുതുമകളാണു ജിമെയിൽ അവതരിപ്പിക്കുന്നത്. ഔദ്യോഗികമായി പുറത്തുവിട്ടെങ്കിലും എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകാൻ സമയമെടുക്കും.

∙ സ്നൂസ് ഓപ്ഷൻ: ഇപ്പോൾ കാണാനും പ്രതികരിക്കാനും താൽപര്യമില്ലാത്ത മെയിലുകൾ, പിന്നീടു പരിഗണിക്കാനായി മാറ്റാനുള്ള സംവിധാനം. (എഴുന്നേൽക്കാൻ മടിച്ച് ഫോണിലെ അലാം നീട്ടിവയ്ക്കുന്നതുപോലെ).

∙ സ്മാർട് റിപ്ലേ: ഇമെയിലുകൾക്കുള്ള മറുപടി ജിമെയിൽ തന്നെ നൽകും. നമുക്കു യോജിച്ച സന്ദേശങ്ങൾ തിരഞ്ഞെടുക്കാം.

∙ നഡ്ജ്: പ്രതികരിക്കാൻ വിട്ടുപോയ സന്ദേശങ്ങൾ ഓർമിപ്പിക്കുന്ന നഡ്ജ് സൗകര്യം. ഉദാഹരണം, മൂന്നുദിവസം മുൻപു വന്ന സന്ദേശമാണ്. മറുപടി നൽകുന്നുണ്ടോ എന്നു ജിമെയിൽ അന്വേഷിക്കും.