ഇന്ത്യൻ കമ്പനികളുടെ എച്ച്1ബി വീസകളിൽ 43% ഇടിവ്

വാഷിങ്ടൻ∙ യുഎസിൽ വിദഗ്ധ ജോലികൾ ചെയ്യുന്നതിനായി ഇന്ത്യൻ ഐടി കമ്പനികൾക്കു ലഭിക്കുന്ന എച്ച്1ബി വീസകളിൽ വൻ ഇടിവ്. ഇന്ത്യയിലെ ഏഴു പ്രമുഖ ഐടി കമ്പനികളുടെ വീസകളിൽ 43% ഇടിവുണ്ടായി. ക്ലൗഡ് കംപ്യൂട്ടിങ്, നിർമിത ബുദ്ധി (എഐ) തുടങ്ങിയവ വ്യാപകമായതോടെ ജീവനക്കാർ കുറച്ചു മതി എന്നതാണ് ഇടിവിനു കാരണമെന്നു ‘നാഷനൽ ഫൗണ്ടേഷൻ ഫോർ അമേരിക്കൻ പോളിസി’ റിപ്പോർട്ടിൽ പറയുന്നു.

2015ൽ ഏഴ് ഇന്ത്യൻ കമ്പനികൾക്കായി 14,729 വീസകൾ ലഭിച്ചപ്പോൾ 2017ൽ ഇതേ കമ്പനികൾക്കു ലഭിച്ചത് 8468 വീസ മാത്രം. ഇതിൽ ടെക് മഹീന്ദ്രയ്ക്കു മാത്രമാണു കൂടുതൽ വീസ ലഭിച്ചത്. കുടിയേറ്റ നിയന്ത്രണം കർശനമാക്കുന്നതോടെ കൂടുതൽ ജോലികൾ യുഎസിനു പുറത്തേക്കു നീങ്ങുന്ന സ്ഥിതിയുണ്ടാകുമെന്നും റിപ്പോർട്ട് പറയുന്നു.

2015, 2017 വീസ കണക്ക് ഇങ്ങനെ

ടിസിഎസ്: 2015 – 4674, 2017 – 2312

ഇൻഫോസിസ്: 2015 – 2830, 2017 – 1218

വിപ്രോ: 2015 – 3079, 2017 – 1210

ടെക് മഹീന്ദ്ര: 2015 – 1576, 2017 – 2233

ഐടി മേഖലയ്ക്ക് എതിർപ്പ്

എച്ച്1ബി വീസയുള്ളവരുടെ പങ്കാളികളെ യുഎസിൽ ജോലിചെയ്യുന്നതു വിലക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തോടു ഫെയ്സ്ബുക് ഉൾപ്പെടെയുള്ള കമ്പനികൾക്ക് എതിർപ്പ്. എച്ച്–4 വീസയുള്ളവർക്കു വർക് പെർമിറ്റ് നിഷേധിക്കാനാണു പുതിയ നീക്കം.

ആയിരക്കണക്കിനു ജോലിക്കാരെ ഒഴിവാക്കാനുള്ള നീക്കം ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നു ഫെയ്സ്ബുക്, ഗൂഗിൾ, മൈക്രോസോഫ്റ്റ് എന്നിവ ഉൾപ്പെടുന്ന സിലിക്കോൺ ആസ്ഥാന ഐടി കമ്പനിക്കൂട്ടായ്മ ‘എഫ്ഡബ്ല്യുഡി യുഎസ്’ മുന്നറിയിപ്പുനൽകി.

പുതിയ നീക്കത്തിനെതിരെ അന്ന ഇഷൂ, രാജാ കൃഷ്ണമൂർത്തി ഉൾപ്പെടെയുള്ള യുഎസ് കോൺഗ്രസ് അംഗങ്ങളും രംഗത്തുവന്നിട്ടുണ്ട്.