കോ‍ഡിങ് പിഴവ്: പാസ്‍വേഡ് മാറ്റണമെന്ന് ട്വിറ്റർ

സാൻഫ്രാൻസിസ്കോ∙ സോഫ്റ്റ്‌വെയർ പിഴവു കണ്ടെത്തിയതിനാൽ ഉപയോക്താക്കൾ പാസ്‌വേഡ് മാറ്റണമെന്ന മുന്നറിയിപ്പുമായി ട്വിറ്റർ. പാസ്‌വേഡുകൾ സൂക്ഷിച്ചിട്ടുള്ള ഇന്റേണൽ ലോഗിൽ സോഫ്റ്റ്‌വെയർ പിഴവു കണ്ടെത്തിയതായാണു ട്വിറ്റർ അറിയിച്ചത്. 33 കോടിയിലധികം വരുന്ന ഉപയോക്താക്കളോടാണു പാസ്‍വേഡ് മാറ്റാൻ ആവശ്യപ്പെട്ടത്. പാസ്‌വേഡുകൾ ദുരുപയോഗം ചെയ്തിട്ടില്ലെന്നും തകരാർ വേഗത്തിൽ പരിഹരിച്ചെന്നും മുൻകരുതലിന്റെ ഭാഗമായാണു സന്ദേശമെന്നും ട്വിറ്റർ വ്യക്തമാക്കി.

അതേസമയം, പുറത്തായിരിക്കുന്ന പാസ്‌വേഡുകളുടെ എണ്ണം സാരമുള്ളതാണെന്നും മാസങ്ങളെടുത്തു മാത്രമേ കണ്ടെത്താൻ കഴിയുകയുള്ളൂവെന്നും ട്വിറ്റർ വക്താക്കളിലൊരാൾ പറഞ്ഞു. ട്വിറ്ററിന്റെ ‘ഹാഷിങ്’ ഫീഡിലാണു പിഴവു കണ്ടെത്തിയത്. ഒരാൾ നൽകുന്ന പാസ്‍വേഡിനെ നമ്പറുകളും അക്ഷരങ്ങളുമാക്കി മാറ്റി സൂക്ഷിക്കുന്ന സംവിധാനമാണു ഹാഷിങ്. വാർത്ത പുറത്തുവന്നതിനു പിന്നാലെ ട്വിറ്ററിന്റെ ഓഹരിവിലയിൽ ഒരു ശതമാനം ഇടിവുണ്ടായി.