യുഎസ്–ഉത്തര കൊറിയ ഉച്ചകോടി സിംഗപ്പൂരിലാകാൻ കാരണം സിംഗപ്പൂർ നിഷ്പക്ഷം, പ്രിയങ്കരം, സുരക്ഷിതം

സിംഗപ്പൂർ‌∙ ഉത്തര കൊറിയയ്ക്കു താരതമ്യേന അടുത്തുള്ള രാജ്യം. യുഎസുമായും ഉത്തര കൊറിയയുമായും നല്ല ബന്ധം. രാഷ്ട്രീയ നിഷ്പക്ഷത. മികച്ച സുരക്ഷ. ഈ ഘടകങ്ങളാണു ട്രംപ്–കിം കൂടിക്കാഴ്ചയ്ക്കു സിംഗപ്പൂർ തിരഞ്ഞെടുക്കാൻ കാരണം.

കഴിഞ്ഞ ദിവസം ട്വിറ്റർ സന്ദേശത്തിലൂടെയാണു യുഎസ്–ഉത്തര കൊറിയ ഉച്ചകോടി ജൂൺ 12നു സിംഗപ്പൂരിൽ നടക്കുമെന്നു ട്രംപ് അറിയിച്ചത്. ഉത്തര കൊറിയ–സിംഗപ്പൂർ ദൂരം 4800 കിലോമീറ്റർ. കിമ്മിന്റെ സ്വകാര്യ വിമാനത്തിന് ഒറ്റയാത്രയിൽ ഇവിടെ എത്തിച്ചേരാം. യൂറോപ്പിലെ ഏതെങ്കിലും കേന്ദ്രത്തിലേക്കാണെങ്കിൽ ഇന്ധനം നിറയ്ക്കാനായി ഒന്നോ രണ്ടോ വട്ടം വിമാനം ഇടയ്ക്ക് ഇറക്കേണ്ടി വരും.

സിംഗപ്പൂർ സുരക്ഷാസേനയുടെ പരിചയസമ്പത്തു പ്രധാനഘടകമായി ഇരുരാജ്യങ്ങളും കാണുന്നു. 1965 മുതൽ ഏകകക്ഷി ഭരണം നിലനിൽക്കുന്ന സിംഗപ്പൂരിലേതു ലോകത്തിലെ ഏറ്റവും കാര്യക്ഷമമായ സുരക്ഷാസംവിധാനമാണ്. സിംഗപ്പൂരുമായി 1975 മുതൽ ഉത്തര കൊറിയയ്ക്കു നയതന്ത്ര–വ്യാപാര ബന്ധമുണ്ട്. ഏഷ്യയിൽ അമേരിക്കയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നും സിംഗപ്പൂരാണ്.

ഗൂഗിൾ, ഫെയ്‌സ് ബുക് തുടങ്ങിയ വൻകിട യുഎസ് കമ്പനികളുടെ ഏഷ്യാ മേഖലാ ആസ്ഥാനങ്ങളും ഇവിടെയാണ്. ഏഷ്യ പസിഫിക് മേഖലയിൽ യുഎസിന്റെ സൈനികസാന്നിധ്യത്തിനു പിന്തുണയും സിംഗപ്പൂർ നൽകുന്നുണ്ട്.

അതേസമയം, കിമ്മുമായുള്ള കൂടിക്കാഴ്ചയിൽ സമ്പൂർണവും സുതാര്യവുമായ ആണവ നിരായുധീകരണമാണ് ഉത്തര കൊറിയയിൽനിന്നു ട്രംപ് ആവശ്യപ്പെടുകയെന്നു വൈറ്റ് ഹൗസ് അറിയിച്ചു. ഉച്ചകോടിക്കു മുൻപേ ഉത്തര കൊറിയയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും പ്രകോപനമുണ്ടായാൽ കൂടിക്കാഴ്ച ഒഴിവാക്കുമെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കി.