ഗ്വാട്ടിമാലയും ജറുസലമിൽ എംബസി തുറന്നു

ജറുസലം∙ യുഎസിന്റെ പാത പിൻതുടർന്നു ഗ്വാട്ടിമാലയും ജറുസലമിൽ എംബസി തുറന്നു. ചടങ്ങിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, ഗ്വാട്ടിമാല പ്രസിഡന്റ് ജിമ്മി മൊറെയ്ൽസ് എന്നിവർ പങ്കെടുത്തു.

ടെൽ അവീവിൽ പ്രവർത്തിച്ചിരുന്ന എംബസി യുഎസ് തിങ്കളാഴ്ചയാണു ജറുസലമിലേക്കു മാറ്റിയത്. ലാറ്റിനമേരിക്കൻ രാജ്യമായ പാരഗ്വായും ടെൽ അവീവിലുള്ള എംബസി ജറുസലമിലേക്കു മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. ഗ്വാട്ടിമാലയെ നെതന്യാഹു മുക്തകണ്ഠം പ്രശംസിച്ചു. 

ഇതിനിടെ, യുഎസ് എംബസി ജറുസലമിലേക്കു മാറ്റിയതിന്റെ ആഘോഷത്തിൽ പങ്കെടുത്ത റുമേനിയ, ഹംഗറി, ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക് എന്നീ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളെ പലസ്തീൻ തിരികെ വിളിച്ചു. ഇസ്രയേൽ–പലസ്തീൻ പ്രശ്നം ചർച്ച ചെയ്യാൻ അറബ്‌ ലീഗും ഇന്നു വിദേശകാര്യ മന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. സൗദി അറേബ്യയുടെ ആവശ്യപ്രകാരമാണിത്. ഗാസ–ഇസ്രയേൽ അതിർത്തിയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തെ യോഗം അപലപിക്കും.  

ഇതേസമയം, ഗാസയിലെ കൂട്ടക്കൊലയെ ഫ്രാൻസിസ് മാർപാപ്പയും അപലപിച്ചു. നീതി, സമാധാനം എന്നിവയാണു പശ്ചിമേഷ്യയുടെ ഇന്നത്തെ ആവശ്യമെന്നു മാർപാപ്പ വത്തിക്കാൻ സിറ്റിയിൽ അഭിപ്രായപ്പെട്ടു. ഇസ്രയേലിന്റെ ആക്രമണത്തിൽ ചൊവ്വാഴ്ച കൊല്ലപ്പെട്ട 60 പലസ്തീൻകാരുടെ സംസ്കാരം ഇന്നലെ നടന്നു.